വാദ്യത്തില്‍ മാത്രമായിരുന്നില്ല പല്ലാവൂര്‍ അപ്പുമാരാരുടെ തലപ്പൊക്കം- ജീവിതത്തിലും നിലപാടുകളിലുമെല്ലാം അതുണ്ടായിരുന്നു. സാധാരണക്കാരനായി ജീവിച്ച് അസാധാരണ പ്രതിഭയുടെ മേഘവിതാനത്തില്‍ തൊട്ട് അപ്പുമാരാര്‍ ശിരസ്സുയര്‍ത്തിനിന്നു. പല്ലാവൂരിനോട് അടുത്തിടപഴകുകയും അദ്ദേഹത്തിന്റെ ആത്മകഥ തയ്യാറാക്കുകയും ചെയ്ത ലേഖകന്‍ ഈ പൂരക്കാലത്ത് വീണ്ടും ആ വാദ്യകുലപതിയുടെ വിയോഗത്തിന്റെ വലുപ്പം ഓര്‍മിപ്പിക്കുന്നു.

ര്‍ഷങ്ങള്‍ക്കുമുമ്പ് ഒരു ദിവസം പല്ലാവൂര്‍ അപ്പുമാരാരുടെ വീട്ടില്‍ച്ചെന്നപ്പോള്‍ അദ്ദേഹം സ്റ്റൂളില്‍ കൊട്ടിക്കൊണ്ടിരിക്കുകയാണ്. ഇടയ്ക്ക് നിര്‍ത്തി വിരലിലെണ്ണി താളംപിടിക്കുന്നു. എന്നെ കണ്ടതും അദ്ദേഹം പറഞ്ഞു: ''കുഞ്ഞുക്കുട്ടനുമായി (അപ്പുമാരാരുടെ സഹോദരന്‍) ഒരു ഡബിള്‍ തായമ്പകയുണ്ട്. അടന്തക്കൂറില്‍ ചില എണ്ണങ്ങള്‍ ഉണ്ടാക്കുകയാണ്. ഇനി ഇത് അവന് ഫോണില്‍ പറഞ്ഞുകൊടുക്കണം. താന്‍ ഒന്നു താളം പിടിച്ച് തര്യാ''. അപ്പുമാരാര്‍ ചെണ്ടക്കോല്‍ എടുത്തുതന്നു. പല്ലാവൂരിന്റെ പുതിയ സര്‍ഗസൃഷ്ടി ആസ്വദിക്കുന്നതിനിടയില്‍ എനിക്ക് താളംതെറ്റി. ''തനിക്ക് കേള്‍ക്കാന്‍ വേറെ കൊട്ടിത്തരാം'' കൊട്ടിലേക്ക് ശ്രദ്ധിച്ചുള്ള താളത്തിലെ അശ്രദ്ധ അപ്പുമാരാര്‍ വേഗത്തില്‍ തിരിച്ചറിഞ്ഞു. ഞാന്‍ മിശ്ര ചായ്പില്‍ ധ്യാനിച്ചിരുന്നു.

ഇത് ഈ ലൈനില്‍, അതേപ്‌ളാനില്‍ കൊട്ടാന്‍ കുഞ്ഞൂട്ടനേ കഴിയൂ'' അപ്പുമാരാര്‍ പറഞ്ഞ ഈ പഴുതില്‍ ഇഷ്ടപ്പെട്ട ഇരട്ടത്തായമ്പകയെക്കുറിച്ച് ചോദിച്ചു.  ''മലമക്കാവ് സമ്പ്രദായക്കാരില്‍, വിളിച്ചാല്‍ ഈ ലൈനില്‍ വരാന്‍ ബുദ്ധിയുള്ള ഒരാളേ ഉണ്ടായിട്ടുള്ളൂ -തൃത്താല കേശവന്‍''

അപ്പുമാരാര്‍ താളംപിടിക്കാന്‍തന്ന ചെണ്ടക്കോലിന്റെ ആകൃതിവ്യത്യാസത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ (ആത്മ) കലാതന്ത്രം കൊട്ടിക്കാണിച്ചുതന്നു. ''ചെണ്ടക്കോല്‍ മുറുക്കിപ്പിടിച്ച് പ്രയോഗിച്ചാല്‍ 'ടി', അതൊന്ന് മീഡിയത്തില്‍ പിടിച്ചാല്‍ 'ഡും', വക്കുംനടുവുമല്ലാത്ത സ്ഥലത്ത് കൊട്ടുമ്പോള്‍ 'ഢിം', നടുക്ക് കോല്‍ അയച്ചിട്ടാല്‍ 'ഡിം' -ചെണ്ടക്കോലിന്റെ അഗ്രത്തിനും മധ്യത്തിനുമിടയിലുള്ള ഭാഗംകൊണ്ടുള്ള പ്രയോഗരഹസ്യം അദ്ദേഹം വെളിപ്പെടുത്തി.

എന്റെ കൈയില്‍ പല തായമ്പകകളുണ്ട്. ഏതാണ് വേണ്ടത് എന്ന് അപ്പുമാരാര്‍ ചോദിച്ചതായി കേട്ടതിനെക്കുറിച്ച് അന്വേഷിച്ചപ്പോഴുള്ള ഉത്തരത്തിലെ കലാനീതി കൗതുകമുള്ളതായിരുന്നു.

''ഞാനേ, തായമ്പക വില്‍ക്കാന്‍ നടക്ക്ണ്ല്യ. ഞാന്‍ പറഞ്ഞ പ്രതിഫലത്തിന് കൊട്ടുന്ന ദിക്കില്‍ അവര് എന്നെ വിലയ്ക്ക് വാങ്ങാന്‍ വന്നപോലെയാവും. നിസ്സാരകാശിന് തായമ്പക ഏറ്റ സ്ഥലത്ത് അവര് എന്റെ കലയ്ക്കുവേണ്ടി യാചിച്ചുവന്നവരാകും അവടെയാവും ഞാന്‍ നന്നായി കൊട്ടുക.''

മറ്റൊരു ദിവസം അപ്പുമാരാര്‍ ചലച്ചിത്രഗാനങ്ങള്‍ കേള്‍ക്കുകയാണ്. ജയചന്ദ്രന്‍ പാടിയ 'കരിമുകില്‍ കാട്ടിലെ' എന്ന പാട്ടില്‍ അദ്ദേഹം ലയിച്ചിരിക്കുന്നതുകണ്ടു. ഇഷ്ടഗാനങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍ കായലരികത്ത്, മംഗളം നേരുന്നു ഞാന്‍, തെച്ചിമന്ദാരം തുളസി, ആത്മവിദ്യാലയമേ, കേശാദിപാദം തൊഴുന്നേന്‍, ഭക്തിഗാനത്തില്‍ ശബരിഗിരീശ്വര സൗഭാഗ്യദായക -പല്ലവി പാടിത്തന്നു. ഈ സമയത്ത് അപ്പുമാരാരുടെ ശിഷ്യപ്രധാനിയായ മായന്നൂര്‍ രാജു എത്തി. അപ്പോള്‍ അപ്പുമാരാര്‍ യേശുദാസിനെ കേള്‍ക്കുകയായിരുന്നു. യേശുദാസിനോടൊപ്പം റഷ്യക്കുപോയ കഥ അപ്പുമാരാര്‍ ഓര്‍മിച്ചപ്പോള്‍ അനുബന്ധകഥ മായന്നൂര്‍ രാജു കൂട്ടിച്ചേര്‍ത്തതില്‍ അപ്പുമാരാരുടെ അപൂര്‍വവ്യക്തിത്വം നിറഞ്ഞുനിന്നിരുന്നു. തിരുവനന്തപുരം സ്വാതിതിരുന്നാള്‍ സംഗീത കോളേജില്‍ അപ്പുമാരാരുടെ ഇടയ്ക്കകച്ചേരി നടക്കുകയാണ്. ആഘോഷത്തില്‍ പങ്കെടുക്കാനായി യേശുദാസ് വരുന്നു. യേശുദാസ് പല്ലാവൂരിന്റെ ശ്രോതാവായി. കച്ചേരി കഴിഞ്ഞതും അപ്പുമാരാര്‍ ഇടയ്ക്ക രാജുവിനെ ഏല്പിച്ച് യേശുദാസിന്റെ അടുത്തുചെന്നു. അന്നത്തെ സാംസ്‌കാരിക വകുപ്പുമന്ത്രി ജി. കാര്‍ത്തികേയന്‍ അവിടെ ഉണ്ടായിരുന്നു. അപ്പുമാരാര്‍ ഔപചാരികതയില്ലാതെ പാലക്കാടന്‍ ഭാഷയില്‍ യേശുദാസിനോട് ചോദിച്ചു:

''താന്‍ പ്പൊ എവടെടോ താമസം?''

''കുറച്ചുകാലം അമേരിക്കയില്‍. കുറച്ചുകാലം കേരളത്തിലുണ്ടാവും'' -യേശുദാസിന്റെ മറുപടി.

''താന്‍ പ്പൊ പാലക്കാട്ടൊന്നും വരാറില്ലേ?''

''സമയം കിട്ടാറില്ല.''

യേശുദാസ് ജി. കാര്‍ത്തികേയനോട് പഴയ റഷ്യന്‍ യാത്രയിലെ പരിചയസൗഹൃദം വിവരിച്ചതും രാജു ഓര്‍മിച്ചു. വര്‍ത്തമാനം സംഗീതസംബന്ധിയായി. മധുരെ മണി അയ്യരുടെ ശ്രുതിശുദ്ധതയെക്കുറിച്ച് അപ്പുമാരാര്‍ വാചാലനായി. എം.എസ്. സുബ്ബലക്ഷ്മി, ഡി.കെ. പട്ടാമ്മാള്‍ എന്നിവര്‍ പല്ലാവൂരിന്റെ പാട്ടുകാരായിരുന്നു. കലാമണ്ഡലം നീലകണ്ഠന്‍ നമ്പീശന്‍ 'അരവിന്ദ മിഴിമാരേ' പാടിക്കേട്ടപ്പോള്‍ കോരിത്തരിച്ചുനിന്നതും പല്ലാവൂരിന് നിനവില്‍വന്നു. വിദേശത്തുവെച്ച് ഉണ്ണികൃഷ്ണക്കുറുപ്പും ഹൈദരലിയും ചേര്‍ന്ന് 'അജിത ഹരേ'യും, 'വിജനേബത'യും പാടിയതിന് ഇടയ്ക്കവായിച്ച സന്ദര്‍ഭവും വിശദീകരിച്ചു. തമിഴ് സിനിമകള്‍ കാണാനും ഗാനങ്ങള്‍ കേള്‍ക്കാനുമുള്ള ആഗ്രഹവും അദ്ദേഹം തുറന്നുപറയുകയുണ്ടായി. ഗീതഗോവിന്ദത്തിലെ പ്രളയപയോധിജലേ, ചന്ദന ചര്‍ച്ചിത, സഖിഹേ ഇഷ്ടപ്പെട്ടതിനാല്‍ നിത്യവും പ്രാര്‍ഥനപോലെ പാടുന്നതിനെക്കുറിച്ച്, വിവിധതരം ഫ്‌ളൂട്ടുകളില്‍ സാധകം ചെയ്യുന്നതിനെക്കുറിച്ച്, അങ്ങനെയങ്ങനെ...

അപ്പുമാരാര്‍ ഇടയ്ക്കയുടെ നാല് ജീവക്കോലുകളില്‍ രണ്ടെണ്ണം അഴിച്ചുവെച്ച്‌ കൊട്ടിയത് വിവാദമായ സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ മറുപടി നിസ്സാരമായിരുന്നു.

''എനിക്കന്ന് ദേഹസുഖം ഉണ്ടായിരുന്നില്ല. കുറെനേരം തോളിലിട്ട് നില്‍ക്കണ്ടതല്ലേ; കനംകുറയ്ക്കാന്‍വേണ്ടി ചെയ്തതാ. ശബ്ദത്തിനോ ശ്രുതിക്കോ കുഴപ്പംകൂടാതെ കഴിക്കാനറിയാം''

തൃശ്ശൂര്‍പൂരം ഇലഞ്ഞിത്തറമേളത്തിന്റെയും പഞ്ചവാദ്യത്തിന്റെയും (ഇടയ്ക്ക) പ്രമാണസ്ഥാനം സ്വയം ഒഴിഞ്ഞുപോന്നതിനെക്കുറിച്ചും പല്ലാവൂര്‍ നിര്‍മമനായിട്ടാണ് വ്യാഖ്യാനിച്ചത്.

''ഞാനന്ന് കല്ലമ്പാടുവേല ഏറ്റു. പിന്നെ 'തെരക്ക്' സഹിക്കണ്ല്യ.''

പൂരത്തിന്റെ തിരക്കല്ല വാദ്യമേഖലയിലെ ചില 'അനിഷ്ട'ങ്ങളെക്കുറിച്ചായിരുന്നു 'തെരക്ക്' എന്ന പ്രയോഗത്തിലൂടെ പല്ലാവൂര്‍ ധ്വനിപ്പിച്ചത്.

വാഹനപ്രിയന്‍കൂടിയായിരുന്നു അപ്പുമാരാര്‍. ചെറുപ്പത്തില്‍ സൈക്കിളോടിച്ച് കൊട്ടാന്‍പോകുന്ന ശീലമുണ്ടായിരുന്നു. കാറിനോടും ഓട്ടോറിക്ഷയോടും പ്രത്യേകതാത്പര്യം പറയും. ഒരിക്കല്‍ തിരുവില്വാമലയില്‍നിന്ന് അപ്പുമാരാര്‍ എന്റെ മോട്ടോര്‍സൈക്കിളിന്റെ പിന്നിലിരുന്ന് യാത്രചെയ്യുകയുണ്ടായി. ''ഇപ്പോള്‍ ഏതു ഗിയറിലാണ് ഓടിക്കുന്നത്?'' -അദ്ദേഹംചോദിച്ചു. നാലാമത്തേത് എന്നുപറഞ്ഞപ്പോള്‍ 'തായമ്പകയിലെ ഇരികിടപോലെ. ഈ സ്പീഡാണ് പാകം' എന്നായിരുന്നു പല്ലാവൂരിന്റെ പ്രതികരണം.

എഴുപത്തഞ്ചാം പിറന്നാള്‍ ആഘോഷിക്കേണ്ടതിനെക്കുറിച്ച് ഒരിക്കല്‍ ഞാന്‍ സൂചിപ്പിച്ചപ്പോള്‍ ഇങ്ങനെയായിരുന്നു മറുപടി: ''എന്റെ പേരുവെച്ച് റസീറ്റ് പിരിവ്, ആഘോഷം, വീരശൃംഖല വാങ്ങല്‍ ഇതൊന്നും നമുക്ക് ചേര്‍ന്നതല്ല. അതിനൊന്നും നിന്നുകൊടുക്കാന്‍ നേരോല്യ. ഞങ്ങള് ഈ മനക്കാരുടെയൊന്നും ആശ്രിതരായിവന്നതല്ല. അവിടെ ചെന്നാല്‍ ഊണുകിട്ടും, വിസ്തരിച്ച് തേച്ചുകുളിക്കാം, കിടക്കാന്‍ പായകിട്ടും. തലയണയുണ്ടാവില്ല. പല്ലാവൂര്‍ക്കാര്‍ക്ക് അങ്ങനെയൊരു ചരിത്രമില്ല. ആരുടെയും പിന്നാലെ നടന്നിട്ടുമില്ല.''

അപ്പുമാരാരുടെ ആത്മകഥ-ഒരു വാദ്യകലാകാരന്റെ ആദ്യത്തെ ആത്മകഥ-യുടെ പ്രകാശനം കൊല്ലങ്കോട്ടുവച്ചായിരുന്നു. വരാമെന്ന് സമ്മതിച്ച അപ്പുമാരാര്‍ വരില്ലെന്നായി. ഏറെ നിര്‍ബന്ധിച്ചശേഷമാണ് എത്തിയത്. പുസ്തകംനോക്കി ഒന്നു പുഞ്ചിരിച്ചു.അത്രമാത്രം. സഹോദരന്മാര്‍ മണിയന്‍മാരാരുടെയും കുഞ്ഞുകുട്ടമാരാരുടെയും വിയോഗവേളയില്‍മാത്രമാണ് പല്ലാവൂര്‍ അപ്പുമാരാര്‍ ദുഃഖിച്ചുകണ്ടിട്ടുള്ളത്. എന്റെ ഇടവും വലവും പോയി എന്നതായിരുന്നു ആ സങ്കടധ്വനി.

അമ്പത്തിയാറ് വിളിച്ചുള്ള ശീട്ടുകളി പല്ലാവൂരിന് ഹരമായിരുന്നു. തോല്‍ക്കാതെ കളിക്കാനുള്ള കരുതലെടുത്തിരുന്നു. യേശുദാസിനൊപ്പം റഷ്യക്കുപോയത്, അള്ളരഖയ്ക്കും ഉമയാള്‍പുരത്തിനും ശിവമണിക്കുമൊപ്പം കൊട്ടിയത്, സാക്കിര്‍ഹുസൈന്‍ തന്റെ തായമ്പകയ്ക്കുമുമ്പില്‍ വിസ്മയ വിസ്മിതനായിരുന്ന് തന്നെ ആശ്ലേഷിച്ച് വന്ദിച്ചത്, ഭാരതി ശിവജി തനിക്ക് ശിഷ്യപ്പെട്ടത്, തൃശ്ശൂര്‍പ്പൂരത്തിന് കാലങ്ങളായി പ്രമാണിയായത്... സത്യത്തില്‍ ഇതൊന്നും പല്ലാവൂരിന് ജീവിതത്തില്‍ ഉജ്ജ്വലമുഹൂര്‍ത്തങ്ങളായി തോന്നിയിട്ടില്ല. വൈകുന്നേരം പോക്കറ്റില്‍ കുറച്ച് പണവുമായി അദ്ദേഹം പഴമ്പാലക്കോട്ടേക്കിറങ്ങും. കടല വില്‍ക്കുന്ന ഒരു സുഹൃത്തിനെ 'പതിനഞ്ച് നായും പുലിയും' കളിക്കാന്‍ വിളിക്കും (18 ചെറിയ കല്ലുകളില്‍ 15 എണ്ണം നായ്ക്കളായും മൂന്നെണ്ണം പുലികളായും സങ്കല്പിച്ച് സമപാര്‍ശ്വ ത്രികോണത്തില്‍ ദീര്‍ഘചതുരം വരച്ച് കളിക്കളം സൃഷ്ടിച്ച് അതില്‍ ബുദ്ധിപൂര്‍വമായ നീക്കങ്ങളിലൂടെ നായ്ക്കള്‍ പുലികളെ ബന്ധിക്കുന്ന ഗ്രാമീണവിനോദമാണ് പതിനഞ്ച് നായും പുലിയും കളി). കടലവില്‍പ്പനസമയത്ത് കളിക്കാനിരിക്കുന്നതിന്റെ നഷ്ടം അയാള്‍ക്ക് മുന്‍കൂര്‍ പണമായി അപ്പുമാരാര്‍ നല്‍കും. കളികാണാന്‍ ആളുകളെ വിളിച്ചുവരുത്തും. കാണികള്‍ക്ക് ചായ വാങ്ങിക്കൊടുക്കും. ആ കളിയില്‍ ജയിക്കുക, എതിരാളിയെ തോല്‍പ്പിക്കുക എന്നത് ജീവിതത്തിലെ ആനന്ദവേളയായി ഒരിക്കല്‍ അപ്പുമാരാര്‍ തുറന്നുപറഞ്ഞിട്ടുണ്ട്. തോളിലിട്ട ഏതുവാദ്യത്തിലും ജയം മാത്രമായിരുന്നല്ലോ അപ്പുമാരാരുടെ ലക്ഷ്യവും ആനന്ദവും. കേരളീയവും അകേരളീയവുമായ ഏതുവാദ്യമായും വരുന്നവരെ ചെണ്ടകൊണ്ടും ഇടയ്ക്കകൊണ്ടും അദ്ഭുതപ്പെടുത്തി അഭിനന്ദിപ്പിച്ച ചരിത്രമേ അപ്പുമാരാര്‍ക്കുണ്ടായിട്ടുള്ളൂ. ആ ജയം അദ്ദേഹം ആഗ്രഹിച്ചുമിരുന്നു; ഒപ്പം വാദ്യലോകവും.

Content Highlights: Pallavur Appu Marar Memory