ഇരുപതാം നൂറ്റാണ്ട് ദര്‍ശിച്ച ഏറ്റവും ഊര്‍ജജ്ജ്വസലനും ആധുനികനും മാനുഷികനുമായ ആത്മീയ ഗുരുവായിരുന്നു ഓഷോ. 1990 ജനുവരി 19 നാണ് ഓഷോ മരണപ്പെടുന്നത്. 'ഓഷോ ഒരിക്കലും ജനിച്ചില്ല, ഒരിക്കലും മരിച്ചില്ല. ഭൂമിയെന്ന ഗ്രഹം സന്ദര്‍ശിക്കുക മാത്രമാണു ചെയ്തത്-1931 ഡിസംബര്‍ 11 മുതല്‍ 1990 ജനുവരി 19 വരെ'. പുണെ കൊറഗാവ് പാര്‍ക്കിലെ ആശ്രമത്തിലെ ഓഷോ സമാധിയില്‍ കൊത്തിവച്ചിരിക്കുന്ന ഈ വാക്കുകളിലുണ്ട് അദ്ദേഹത്തിന്റെ ജീവിതവും കാഴ്ചപ്പാടുകളും. മരിച്ച് മൂന്ന് പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ഓഷോയുടെ പ്രസംഗങ്ങളും പുസ്തകങ്ങളും ഇന്നും ലോകത്തോട് സംവദിക്കുന്നു.
മനുഷ്യന്‍ അവനവനിലേക്ക് നോക്കിത്തുടങ്ങുന്നിടത്താണ് ആത്മീയതയുടെ ആരംഭം. യഥാര്‍ഥ ആത്മീയത എന്നാല്‍, മതാതീതമായ വിശ്രാന്തിയാണ്. അതില്‍ വാക്കുകളും സംഗീതവും ഫലിതവും മൗനവുമെല്ലാം ഉള്‍ച്ചേരുന്നു. ഓഷോയുടെ അത്തരം ചില കഥകള്‍ വായിക്കാം.
ഭാഷ
വിദൂരദേശത്തേക്കൊരു വള്ളം പോവുകയായിരുന്നു. വള്ളപ്പലകയില്‍ ഒരു താപസന്‍ ഇരിപ്പുണ്ടായിരുന്നു. വിവരദോഷികളായ ചില സഹയാത്രികര്‍ അയാളെ ശല്യം ചെയ്യാന്‍ തുടങ്ങി. ഒരുത്തന്‍ ചെരിപ്പൂരി അയാളുടെ തലയ്ക്കിട്ടുകൊട്ടി. പ്രാര്‍ഥനയില്‍ മുഴുകിയിരുന്ന താപസന്റെ കണ്ണുകളില്‍നിന്ന് മിഴിനീര്‍ ധാരയായൊഴുകി.
മാനത്തുനിന്നൊരു അശരീരി മുഴങ്ങി: 'എന്റെ കുഞ്ഞേ, നീയൊന്നു മൂളിയാല്‍ ഞാനീ വള്ളംതന്നെ മറിച്ചിടാം.'കുരുത്തംകെട്ട സഹയാത്രികര്‍ക്ക് അതോടെ ഇരിക്കപ്പൊറുതിയില്ലാതായി. കുറ്റബോധം സഹിക്കവയ്യാതെ അവര്‍ താപസന്റെ കാല്‍ക്കല്‍വീണ് മാപ്പിരന്നു.
പ്രാര്‍ഥന കഴിഞ്ഞുണര്‍ന്ന താപസന്‍ പറഞ്ഞു: 'പേടിക്കേണ്ട.' പിന്നെ മാനത്തേക്ക് മുഖമുയര്‍ത്തി അയാള്‍ തുടര്‍ന്നു 'എന്റെ ദൈവമേ, ഏത് സാത്താന്റെ ഭാഷയിലാണ് നീ ഇപ്പോള്‍ സംസാരിച്ചത്?
മറിച്ചിടണമെന്നാണെങ്കില്‍ ഈ സഞ്ചാരികളുടെ കുറുമ്പുകാട്ടുന്ന മനോഭാവത്തെ മറിച്ചിടൂ! അല്ലാതെ ഈ വള്ളത്തെ മറിച്ചിട്ടിട്ടെന്തു ഫലം?'
അതിന് മറുപടിയെന്നോണം അശരീരി മുഴങ്ങിക്കേട്ടു: 'കുഞ്ഞേ എനിക്ക് തൃപ്തിയായി. നീ സാത്താന്റെ ഭാഷയെ തിരിച്ചറിഞ്ഞല്ലോ!'
ആദ്യംകേട്ട ആ അശരീരി ദൈവത്തിന്റേതല്ലായിരുന്നു. സാത്താന്റെ ഭാഷ മനസ്സിലാവുന്നവനേ ദൈവഭാഷ മനസ്സിലാവൂ.
സ്നേഹം
ജ്ഞാനി ദൈവത്തെത്തേടി ഒരു വിശുദ്ധന്റെ അടുക്കലെത്തി. തലയില്‍ പേറിനടന്നിരുന്ന മഹദ്ഗ്രന്ഥങ്ങളുടെ ഭാരം സഹിക്കവയ്യാതെ അയാള്‍ ഏതാണ്ട് ചത്തിരുന്നു.
'ദൈവത്തെ കാണാന്‍ ഞാനിനി എന്തുചെയ്യണം?'
അയാളുടെ തലയില്‍ ഗ്രന്ഥങ്ങളുടെ മാറാപ്പ് അപ്പോഴുമുണ്ടായിരുന്നു. 'അതിനാദ്യം തലയിലെ ആ ഭാണ്ഡമൊന്ന് ഒഴിവാക്കൂ' വിശുദ്ധന്‍ പറഞ്ഞു.
വിജ്ഞാനഭാണ്ഡം പേറിനടന്നിരുന്ന ആ യുവാവിന് അത് ഇറക്കിവെക്കാന്‍ മടിതോന്നി. പാതിമനസ്സോടെ അത് ഇറക്കിവെച്ചു. എന്നിട്ടും അയാളുടെ ഒരു കൈപ്പത്തി അതിന്‍മേല്‍ത്തന്നെ വിശ്രമിച്ചു.
'സുഹൃത്തേ, ആ കൈപ്പത്തികൂടി എടുത്തുമാറ്റിയേക്കൂ.'
സകലധൈര്യവും സംഭരിച്ച് അയാള്‍ കൈപ്പത്തി എടുത്തു.
'നിനക്ക് സ്നേഹത്തിന്റെ വഴിയറിയാമോ?' വിശുദ്ധന്‍ യുവാവിനോട് ചോദിച്ചു. 'ഇല്ലെങ്കില്‍ സ്നേഹത്തിന്റെ ആരാധനാലയത്തിലേക്ക് വേഗം ചെല്ലൂ. സ്നേഹത്തില്‍ ജീവിക്കൂ, അതിനെ അറിയൂ, എന്നിട്ടിങ്ങുവാ! ദൈവത്തെ കാണിച്ചുതരുന്നകാര്യം അപ്പോള്‍ ആലോചിക്കാം.'
ജ്ഞാനിയായ യുവാവ് തിരിച്ചുപോയി; അതുവരെ ജീവിതത്തില്‍ ആര്‍ജിച്ച സകലമാന അറിവുകളെയും അവിടെ ഉപേക്ഷിച്ചുകൊണ്ട്.
വര്‍ഷങ്ങള്‍ ഒരുപാടു കഴിഞ്ഞു. യുവാവിന്റെ തിരിച്ചുവരവും കാത്തിരുന്ന വിശുദ്ധന് ക്ഷമനശിച്ചു. അയാള്‍ തിരിച്ചുവന്നതേയില്ല. ഒടുവില്‍ വിശുദ്ധന്‍ അയാളെ തേടിയിറങ്ങി. ഒരു ഗ്രാമത്തില്‍, ഉന്മാദിയെപ്പോലെ നൃത്തംചെയ്യുന്ന അവനെ കണ്ടു. അലൗകികമായൊരു ആനന്ദം അവനെ അടിമുടി മാറ്റിക്കളഞ്ഞിരുന്നു.
'നീ എന്തേ പിന്നെ മടങ്ങിവന്നില്ല?' വിശുദ്ധന്‍ ചോദിച്ചു. 'നിന്നെ കാത്തിരുന്നുമടുത്ത ഞാന്‍ ഒടുവില്‍ നിന്നെ തേടിയിറങ്ങി. എന്തേ നിനക്ക് ദൈവത്തെ കാണണ്ടേ?'
'ഓ, വേണമെന്നില്ല' യുവാവു പറഞ്ഞു, 'സ്നേഹമെന്തെന്ന് അറിഞ്ഞനിമിഷം ഞാന്‍ ദൈവത്തെയും കണ്ടെത്തിക്കഴിഞ്ഞിരുന്നു.'
വിശുദ്ധന്‍മാര്‍
ഒരു ഗ്രാമമുണ്ടായിരുന്നു. ശുദ്ധന്‍മാരായ കുറേ പാവങ്ങള്‍ പാര്‍ത്തിരുന്ന ഗ്രാമം. ഗ്രാമാതിര്‍ത്തിക്കുവെളിയില്‍ അവരുടെ ദൈവത്തിന്റെ ഒരു പ്രതിമയുണ്ടായിരുന്നു.
ഒരുനാള്‍ ഒരു വിശുദ്ധന്‍ ഗ്രാമത്തിലെത്തി. 'അയ്യോ കഷ്ടംതന്നെ കഷ്ടം!' അയാള്‍ ഗ്രാമവാസികളോടു പറഞ്ഞു. 'നിങ്ങളൊക്കെ ഒരു മേല്‍ക്കൂരയ്ക്കുകീഴില്‍ കഴിയുന്നു. നിങ്ങളുടെ ദൈവമതാ വെയിലേറ്റുനിന്ന് പൊള്ളുന്നു. ദേ, നോക്കൂ! ദൈവം ദേഷ്യത്തിലാണെന്ന് കണ്ടില്ലേ?'
പാവം ഗ്രാമവാസികള്‍ കുടിലുമേയാന്‍ വെച്ചിരുന്ന വൈക്കോലെല്ലാമെടുത്ത് അവര്‍ ദൈവത്തിനൊരു മേല്‍ക്കൂര പണിതു. അതുകണ്ട് സമാധാനമായതോടെ വിശുദ്ധന്‍ അടുത്ത ഗ്രാമത്തിലേക്കുപോയി. നിരവധി ഗ്രാമങ്ങളിലായി ഒരുപാടു ദൈവങ്ങളുണ്ടായിരുന്നു. അവര്‍ക്കെല്ലാം മേല്‍ക്കൂര പണിയാന്‍ തുനിഞ്ഞിറങ്ങിയിരിക്കുകയായിരുന്നു അയാള്‍.
ദിവസങ്ങള്‍ ചിലത് കഴിഞ്ഞു. ഗ്രാമത്തിലേക്ക് മറ്റൊരു വിശുദ്ധന്‍ വന്നു. മേല്‍ക്കൂരയ്ക്കുകീഴില്‍ നില്‍ക്കുന്ന ഈശ്വരപ്രതിമകണ്ടതോടെ അയാള്‍ക്ക് കലിയും വന്നു. 'എന്തൊരു മണ്ടത്തരം' അയാള്‍ ഗ്രാമവാസികളോടു കയര്‍ത്തു. 'ദൈവത്തിനെന്തിനാ മനുഷ്യന്റെ വകയൊരു വൈക്കോല്‍ക്കൂര? നല്ല വേനലില്‍ ആ വൈക്കോലിനെങ്ങാനും തീപിടിച്ചാല്‍ ദൈവത്തിന്റെ ഗതിയെന്താവും?'
വിശുദ്ധന്റെ വാക്കുകേട്ട് പാവം ഗ്രാമീണര്‍ അപ്പോള്‍ത്തന്നെ മേല്‍ക്കുരയെല്ലാം വലിച്ചുപറച്ചുകളഞ്ഞു. അല്ലാതെന്തുചെയ്യാന്‍? വിശുദ്ധന്‍മാരുടെ വാക്കുകള്‍ അവര്‍ക്ക് വേദവാക്യമായിരുന്നു. ദൈവം അവരുടെ കൈയിലാണല്ലോ! അവരെ ധിക്കരിച്ചാല്‍ ജീവിതംതന്നെ നരകമായാലോ? അതുകൊണ്ടവര്‍ ഉടനടി അതനുസരിച്ചു. തന്റെ വാക്കുകള്‍ അനുസരിക്കുന്നതുകണ്ട് സന്തുഷ്ടനായ വിശുദ്ധന്‍ അടുത്ത ഗ്രാമംതേടി യാത്രയായി.
മറ്റൊരു വിശുദ്ധന്‍ ഗ്രാമത്തിലെത്തി. വിശുദ്ധന്‍മാരുടെ വാക്കുകള്‍ ഭയന്ന് ഗ്രാമവാസികള്‍ പക്ഷേ, അവരുടെ ഈശ്വരപ്രതിമയെത്തന്നെ ശ്രദ്ധിക്കാതായിക്കഴിഞ്ഞിരുന്നു. അവര്‍ തങ്ങളുടെ ആരാധനാമൂര്‍ത്തിയെ അതിന്റെപാട്ടിന് വിട്ടു.
കുറുക്കുവഴി
ഇംഗ്ലണ്ടിലെ ഒരു മഹാനഗരം. അവിടെ ഷേക്സ്പിയറുടെ ഒരു നാടകത്തിന്റെ പ്രദര്‍ശനം അരങ്ങേറുന്നുണ്ടായിരുന്നു. യാഥാസ്ഥിതിക മതവിശ്വാസികള്‍ക്ക്, വിശേഷിച്ചും പുരോഹിതന്‍മാര്‍ക്ക് നാടകങ്ങളൊന്നും കാണാന്‍ പാടില്ലാത്ത കാലഘട്ടം! മതം മാത്രമായിരുന്നു അവര്‍ക്കുള്ള ഏകലോകം.
ഒരു പുരോഹിതന് നാടകം കാണാന്‍ കലശലായ മോഹമുണ്ടായി. അയാള്‍ നാടകശാലയുടെ മാനേജര്‍ക്ക് ഒരു കത്തെഴുതി, 'ദയവായി നാടകശാലയുടെ പിന്‍വശത്തെ വാതിലിലൂടെ കയറാന്‍ എനിക്കൊരു സൗകര്യമൊരുക്കിത്തരണം.'
മാനേജരുടെ മറുപടി വന്നു: 'ക്ഷമിക്കണം. ദൈവത്തിന് കാണാനാവാത്ത കവാടങ്ങളൊന്നും ഇവിടെയില്ല!'
മരണഭയം
മരംവെട്ടുകാരന്‍ നിര്‍ധനനും വൃദ്ധനും ഏകാകിയുമായിരുന്നു. പതിവുപോലെ വനത്തില്‍ മരംവെട്ടുകഴിഞ്ഞ് വിറകുതടികള്‍ കെട്ടുമ്പോള്‍ അയാള്‍ പിറുപിറുത്തു: 'മരണത്തിനുപോലും എന്നെ വേണ്ട. വാര്‍ധക്യത്തിന്റെ ഈ നരകയാതനയില്‍നിന്ന് എന്നെ രക്ഷിക്കാന്‍ കാലന്‍പോലും വരാതായിരിക്കുന്നു.' പൊടുന്നനെ തണുത്തൊരു അദൃശ്യകരങ്ങള്‍ അയാളുടെ തോളില്‍ പതിഞ്ഞു. ഞെട്ടലോടെ തിരിഞ്ഞുനോക്കിയപ്പോള്‍ ആരെയും കണ്ടില്ല. എന്നാല്‍, ആരുടെയോ അദൃശ്യസ്പര്‍ശം അപ്പോഴും അയാളുടെ തോളുകളില്‍ ഉണ്ടായിരുന്നു.
'ഞാന്‍ മരണമാകുന്നു. പറയൂ, എന്താണ് താങ്കള്‍ക്കുവേണ്ടി ചെയ്യേണ്ടത്?'
വൃദ്ധന്റെ തൊണ്ടയിടറി. മഞ്ഞുകാലമായിരുന്നിട്ടും ശരീരം വിയര്‍ത്തു. എങ്ങനെയോ ധൈര്യം സംഭരിച്ച് സംസാരിച്ചു: 'ഈ വയസ്സനോടു പൊറുക്കണം. എന്തിനാണാവോ അങ്ങ് എന്റെ അടുക്കല്‍ വന്നത്?'
'താങ്കള്‍ കുറച്ചുമുമ്പ് എന്നെ ഓര്‍ത്തു. അതുകൊണ്ട് ഞാന്‍ വന്നു' മരണം പറഞ്ഞു.
മരംവെട്ടുകാരന്‍ വിറയലോടെ മറുപടിയേകി, 'ക്ഷമിക്കണം. ഞാന്‍ എന്നെത്തന്നെ മറന്നുപോയി. ഈ വിറകുകെട്ട് എടുക്കാന്‍ ഐന്നയൊന്നു സഹായിക്കാമോ... അതിനായിരുന്നു ഞാന്‍ താങ്കളെ വിളിച്ചത്. ഇനിമേല്‍ ഞാന്‍ അറിയാതെ വിളിച്ചാലോ വിളിക്കാതിരുന്നാലോ താങ്കള്‍ വരണമെന്നില്ല. ദൈവകൃപയാല്‍ ഞാന്‍ സന്തോഷവാനാണ്.
Content Highlights: Osho Rajaneesh Malayalam stories