പാകിസ്താനിലെ ആബട്ടാബാദിലെ വീട്ടിലേക്ക് അമേരിക്കന്‍ കമാന്‍ഡോകള്‍ ഇരച്ചുകയറി ഉസാമ ബിന്‍ലാദനെ വെടിവെച്ചുകൊന്നത് 2011 മേയ് രണ്ടിന് പുലര്‍ച്ചെയാണ്. ലോകത്തെ അമ്പരപ്പിച്ച ആ ഓപ്പറേഷനെക്കുറിച്ച് പ്രസിദ്ധ മാധ്യമപ്രവര്‍ത്തകന്‍ പീറ്റര്‍ ബെര്‍ഗന്‍ 'മാന്‍ഹണ്ട്' എന്ന പുസ്തകമെഴുതി. ഒട്ടേറെ സിനിമകള്‍ വന്നു. എന്നാല്‍, ആ ഓപ്പറേഷന്‍ തീരുമാനിച്ച് നടപ്പാക്കിയ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ അതേക്കുറിച്ച് ഒന്നും പറഞ്ഞിരുന്നില്ല. എന്നാലിപ്പോള്‍ ഒബാമയുടെ 'A PROMISED LAND' എന്ന ആത്മകഥയില്‍ ഒരു ത്രില്ലറിനെ വെല്ലുന്നതരത്തില്‍ ആ ഓപ്പറേഷനെ അദ്ദേഹം വിവരിച്ചിരിക്കുന്നു

രാക് ഒബാമ, 2009-ല്‍, അമേരിക്കയുടെ നാല്‍പ്പത്തിനാലാമത് പ്രസിഡന്റായി സ്ഥാനമേറ്റെടുക്കുമ്പോഴേക്കും ഉസാമ ബിന്‍ ലാദന്‍, കിഴക്കന്‍ അഫ്ഗാനിസ്താനിലെ തണുപ്പുറഞ്ഞ ഗോത്രമേഖലയായ തോറാബോറാ ഗുഹകളിലെ തന്റെ ഒളിവുജീവിതം മറ്റേതോ അജ്ഞാതകേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. അവിടെനിന്ന് അയാളുടെ ആഹ്വാനങ്ങളും വീഡിയോകളും വന്നുകൊണ്ടേയിരുന്നു. അതിനനുസരിച്ച് ലോകമെമ്പാടും ഏതൊക്കെയോ നിഷ്‌കളങ്കരായ മനുഷ്യര്‍ ചിതറിത്തെറിച്ച് മരിച്ചു. അപ്പോഴേക്കും എട്ടുവര്‍ഷങ്ങള്‍ പിന്നിട്ടിരുന്നെങ്കിലും അമേരിക്കയുടെ നെഞ്ചില്‍ ഒരു ഉണങ്ങാവ്രണമായി വേള്‍ഡ് ട്രേഡ് സെന്റര്‍ നിന്ന് കത്തിയെരിയുന്നുണ്ടായിരുന്നു. അത് അമേരിക്കയുടെ പൊതുദുഃഖം എന്നതുപോലെ ഒബാമയുടെ സ്വകാര്യദുഃഖവുമായിരുന്നു.

2001 സെപ്റ്റംബര്‍ 11-ന് ഇരട്ട ഗോപുരം എരിഞ്ഞുവീഴുമ്പോള്‍ ഒബാമയുടെ ഭാര്യ മിഷേല്‍, മകള്‍ മലിയയെ അവളുടെ ആദ്യ പ്രീ-സ്‌കൂള്‍ ദിനത്തിലേക്ക് കൊണ്ടുവിടാന്‍ പോയതായിരുന്നു. ഒബാമ ഷിക്കാഗോവിലെ ഇല്ലിനോയ്സ് കെട്ടിടത്തില്‍ സ്തംഭിതനും വിമൂകനുമായി നില്‍ക്കുകയും. ഭാര്യയും മകളും സുരക്ഷിതരാണോയെന്ന് ഒരു ഭര്‍ത്താവിന്റെയും പിതാവിന്റെയും പരിഭ്രമത്തോടെ വിളിച്ചുചോദിച്ചതും അന്നുരാത്രി മൂന്നുവയസ്സുകാരിയായ മകള്‍ സാഷയെ ഇരുട്ടുനിറഞ്ഞ മനസ്സോടെ നെഞ്ചില്‍ കിടത്തിയുറക്കിയതും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അദ്ദേഹത്തിന്റെ മനസ്സില്‍ ശേഷിച്ചു. മായാത്ത മുറിവിന്റെ ആ ഓര്‍മകാരണമാവണം പ്രസിഡന്റായി അധികാരമേറ്റയുടന്‍ വൈറ്റ് ഹൗസിലെ സിറ്റ്വേഷന്‍ റൂമില്‍െവച്ച് ഒബാമ സഹപ്രവര്‍ത്തകരോട് പറഞ്ഞു: ''ബിന്‍ ലാദനെ വേട്ടയാടിപ്പിടിക്കുക എന്നതാണ് പ്രസിഡന്റ് എന്നനിലയില്‍ എന്റെ ഏറ്റവും മുന്തിയ പരിഗണനാവിഷയം. എങ്ങനെ അയാളെ കണ്ടെത്തുമെന്നതിന് എനിക്കൊരു പദ്ധതി വേണം. പദ്ധതിയുടെ പുരോഗമനത്തെക്കുറിച്ച് ഓരോ മുപ്പതുദിവസത്തിനുള്ളിലും എനിക്ക് റിപ്പോര്‍ട്ടുതരണം. ഇത് പ്രസിഡന്റിന്റെ നിര്‍ദേശമായിക്കരുതുക...''

അന്വേഷണം തുടങ്ങുന്നു

ബിന്‍ ലാദന്റെ വിശ്വസ്തനും അല്‍ ഖായിദയുടെ സന്ദേശവാഹകനുമായ അബു അഹമ്മദ് അല്‍ കുവൈത്തിയുടെ ഫോണും ചലനങ്ങളും നിരീക്ഷിച്ചതില്‍നിന്ന് ഒരുകാര്യം ആദ്യഘട്ടത്തില്‍ത്തന്നെ അന്വേഷണസംഘത്തിന് മനസ്സിലായി: ഗോത്രവര്‍ഗമേഖലയായ തോറാബോറയിലല്ല ലാദനുള്ളത്. മറിച്ച്, സമ്പന്നമായ അയല്‍പക്കങ്ങളുള്ള പാകിസ്താനി നഗരമായ ആബട്ടാബാദിലാണ്. ഇസ്ലാമബാദില്‍നിന്ന് 35 മൈല്‍ അകലെ. സംശയാസ്പദമായ ഒരു വലിയ വീടുണ്ട് അവിടെ. ഉന്നതനായ ഒരു അല്‍ ഖായിദക്കാരന്‍ അവിടെ പാര്‍ക്കുന്നുമുണ്ട്. അത് ബിന്‍ ലാദനാണോ എന്നറിയില്ല.

അന്വേഷണത്തിന്റെ റിപ്പോര്‍ട്ടുകള്‍ മുപ്പതുദിവസങ്ങള്‍ക്കുള്ളില്‍ ഒബാമയുടെ മേശപ്പുറത്ത് വന്നുകൊണ്ടേയിരുന്നു: വ്യാജപേരില്‍ അല്‍ കുവൈത്തിയാണ് അത് വാങ്ങിയിരിക്കുന്നത്, അയല്‍പക്ക ഗൃഹങ്ങളെക്കാള്‍ എട്ടുമടങ്ങ് വലുപ്പം ആ വീടിനുണ്ട്, 10-18 അടി വലുപ്പമുള്ള ചുറ്റുമതിലില്‍ മുള്ളുവേലികള്‍ ചുറ്റിപ്പിണഞ്ഞുകിടപ്പുണ്ട്, ഉള്ളില്‍ വീണ്ടും ചെറുമതിലുകള്‍... വിശകലനവിദഗ്ധര്‍ (Analysts) കണ്ടെത്തി: സ്വന്തം അസ്തിത്വം മറച്ചുവെക്കാന്‍ വെമ്പുന്ന ആരോ ആണ് അവിടെ പാര്‍ക്കുന്നത്. ആ വീട്ടില്‍ ഫോണില്ല, ഇന്റര്‍നെറ്റില്ല, മാലിന്യം അതതുദിവസങ്ങളില്‍ ശുചീകരണത്തൊഴിലാളികള്‍ക്ക് എടുക്കാന്‍ പുറത്തുവെക്കാതെ മതിലകത്തുതന്നെ കത്തിക്കുകയാണ് അവരുടെ പതിവ്. ആ വീട്ടിലെ കുട്ടികളുടെ പ്രായവും ബിന്‍ ലാദന്റെ കുട്ടികളുടെ പ്രായവും തമ്മില്‍ സാമ്യമുണ്ട്. ആകാശനിരീക്ഷണത്തില്‍നിന്ന് ഒരു കാര്യംകൂടി വ്യക്തമായി: 'ഒരിക്കലും ആ മതില്‍ക്കെട്ടിന് പുറത്തുപോവാത്ത ഒരു നീണ്ട മനുഷ്യന്‍ ചിട്ടയായി ചില നേരങ്ങളില്‍ ആ വീടിനുപിറകിലെ ചെറിയ പൂന്തോട്ടത്തില്‍ നടക്കാനെത്താറുണ്ട്.'

''നമുക്കയാളെ പേസര്‍ (ചുവടുവെക്കുന്നവന്‍) എന്ന് വിളിക്കാം. അത് ബിന്‍ ലാദനാണെന്ന് നമുക്കൂഹിക്കാം'' -വിദഗ്ധര്‍ പറഞ്ഞു. ഒബാമയുടെ മനസ്സില്‍ സംശയങ്ങള്‍ പെരുകി. അദ്ദേഹം ലീഡ് ഓഫീസറോട് ചോദിച്ചു:

''എന്താണ് നിങ്ങളുടെ വിശ്വാസം?''

പരിചയസമ്പന്നനായ അയാള്‍ പറഞ്ഞു:

''അത് നാം അന്വേഷിക്കുന്നയാള്‍തന്നെയാവാനാണ് സാധ്യത. പക്ഷേ, ഉറപ്പില്ല.''

ഇനി ഉറപ്പുണ്ടെങ്കില്‍ത്തന്നെ തന്റെമുമ്പില്‍ പ്രതിസന്ധികള്‍ ഏറെയായിരുന്നുവെന്ന് പറയുന്നു ഒബാമ. പദ്ധതിയുടെ അതിരഹസ്യാത്മകത സൂക്ഷിക്കുകയായിരുന്നു ഏറ്റവും മുഖ്യം. സ്വന്തം കുടുംബംപോലും അറിയരുത്. പാകിസ്താന്റെ മണ്ണിലാണ് ആബട്ടാബാദ്. എന്നാല്‍, പാകിസ്താന്‍ അറിയാതെ കാര്യം നടക്കണം. കാരണം, അഫ്ഗാനിസ്താനിലെ ഭീകരവിരുദ്ധപ്രവര്‍ത്തനത്തിന് പാകിസ്താന്‍ അമേരിക്കയെ സഹായിക്കുന്നുണ്ടെങ്കിലും അല്‍ ഖായിദയോടും ബിന്‍ലാദനോടുമുള്ള അവരുടെ ബന്ധം പരസ്യമായ രഹസ്യമാണ്. മാത്രമല്ല, ലാദന്റേതെന്ന് കരുതുന്ന വീട് പാകിസ്താനി സൈനികകേന്ദ്രത്തിന് തൊട്ടടുത്തുമാണ്. ഏതുതരത്തിലുള്ള ഓപ്പറേഷന്‍ നടത്തിയാലും അത് നയതന്ത്രബന്ധങ്ങളെ ബാധിച്ചേക്കാം, യുദ്ധസമാനമായ തീപ്പൊരികള്‍ സൃഷ്ടിച്ചേക്കാം. ഒബാമയുടെ മനസ്സില്‍ ആശങ്കകള്‍ കുമിഞ്ഞു.

ഓപ്പറേഷന്‍ രീതിയും കൃത്യമാവേണ്ടതുണ്ടായിരുന്നു: ആകാശത്തുനിന്ന് ബോംബുകളുതിര്‍ത്ത് ആ വീട് തകര്‍ക്കുകയാണെങ്കില്‍ അതില്‍ ബിന്‍ലാദന്‍ ഉണ്ടായിരുന്നുവെന്ന കാര്യം എങ്ങനെയറിയും? ബിന്‍ ലാദന്‍ മരിച്ചിട്ടില്ല എന്ന് അല്‍ ഖായിദ അവകാശപ്പെട്ടാല്‍ വീടുതകര്‍ത്തതിനെ എങ്ങനെ ന്യായീകരിക്കും? മാത്രമല്ല, ആ വീട്ടില്‍ നാലുപുരുഷന്മാരും അഞ്ച് സ്ത്രീകളും ഇരുപത് കുട്ടികളുമാണുള്ളത്. സ്‌ഫോടനത്തില്‍ ഇവരെല്ലാം മരിക്കും. ''ബിന്‍ ലാദന്‍ ആ മതില്‍ക്കെട്ടിനകത്തുണ്ട് എന്ന കാര്യത്തില്‍ ഉറപ്പില്ലാതെ നടത്തുന്ന ആക്രമണത്തില്‍ മൂപ്പതോളം ആളുകള്‍ കൊല്ലപ്പെടുന്നതിനോട് എനിക്ക് യോജിപ്പില്ല. ആക്രമണം കൂടുതല്‍ സൂക്ഷ്മമാവണം'' -ഒബാമ പറഞ്ഞു.

അമ്പതുവയസ്സ് പിന്നിട്ട, നടന്‍ ടോം ഹാങ്ക്സിനെ ഓര്‍മിപ്പിക്കുന്ന വില്യം ഹാരി മക്‌റാവന്‍ എന്ന നേവി ഫോര്‍ സ്റ്റാര്‍ അഡ്മിറലിനായിരുന്നു ഓപ്പറേഷന്റെ ചുമതല. സി.ഐ.എ. നിര്‍മിച്ച ആബട്ടാബാദ് വീടിന്റെ മാതൃകയ്ക്കുമുന്നില്‍നിന്ന് മക്‌റാവന്‍ ഒബാമയോട് പറഞ്ഞു:

''മിസ്റ്റര്‍ പ്രസിഡന്റ്, തിരഞ്ഞെടുക്കപ്പെട്ട നമ്മുടെ നേവി സീല്‍ കമാന്‍ഡോകള്‍ അഫ്ഗാനിസ്താനിലെ ജലാലാബാദ് എയര്‍ബേസില്‍നിന്ന് ഇരുട്ടിന്റെ മറപറ്റി പറന്നുയര്‍ന്ന്, അതിര്‍ത്തികടന്ന്, ആബട്ടാബാദിലെ ആ മതില്‍ക്കെട്ടിനകത്ത് ഇടിച്ചിറങ്ങും. വീടിനകത്ത് ഇരച്ചുകയറി എല്ലാം തീര്‍ക്കും. പാകിസ്താനില്‍ എവിടെയെങ്കിലുംവെച്ച് വിമാനത്തില്‍ എണ്ണ നിറച്ച് തിരിച്ചുപറക്കും.''

ഇതുകേട്ടപ്പോള്‍ ഒബാമ തിരിച്ചുചോദിച്ചു: ''നിങ്ങള്‍ക്കിത് ഭംഗിയായി പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന് ഉറപ്പുണ്ടോ?''

''സര്‍, ആശയംമാത്രമാണിത്. ഇനി ഹോംവര്‍ക്കുകളും റിഹേഴ്സലുകളും നടത്തണം. കുറച്ചുകൂടി വലിയ ടീം വേണം. ഇപ്പോള്‍ ഞാനീപ്പറഞ്ഞതാണോ ഇതിനുള്ള ഏറ്റവും നല്ല വഴി എന്നെനിക്കറിയില്ല. അകത്തെങ്ങനെ കടക്കുമെന്നും പുറത്തേക്കെങ്ങനെ വരുമെന്നുമുള്ളതിനെക്കുറിച്ച് എനിക്കിപ്പോള്‍ ഒന്നും പറയാന്‍ സാധിക്കില്ല. ഒരു കാര്യംമാത്രമേ ഇപ്പോള്‍ പറയാന്‍ സാധിക്കൂ, അവിടെയെത്തിയാല്‍ റെയ്ഡ് ഭംഗിയായി നടത്താം. മറ്റുകാര്യങ്ങള്‍ വിശദമായ ഹോംവര്‍ക്കുകള്‍ക്കുശേഷം പറയാം.''

''ഹോംവര്‍ക്കും റിഹേഴ്സലും തുടങ്ങൂ'' -ഒബാമ നിര്‍ദേശിച്ചു.

നോര്‍ത്ത് കരോലൈനയിലെ രഹസ്യകേന്ദ്രത്തില്‍ പരിശീലനംതുടങ്ങി. പദ്ധതി അതിരഹസ്യമായി തുടരേണ്ടതുകാരണം മക്‌റാവന്‍ ക്ഷണിച്ചിട്ടും ഒബാമ അത് കാണാന്‍ പോയില്ല.

മക്‌റാവന്റെ കുട്ടികളും പ്രസിഡന്റിന്റെ മനസ്സും

മക്റാവന്റെ കുട്ടികള്‍ ആബട്ടാബാദ് ഓപ്പറേഷന് പരിശീലനം നടത്തുമ്പോഴും തന്റെ മനസ്സ് അശാന്തമായിരുന്നുവെന്ന് ഒബാമ എഴുതുന്നു.

ഒരു തീരുമാനമെടുക്കാനാവുന്നില്ല. രാവും പകലും മനസ്സില്‍ നിറയെ ചോദ്യങ്ങള്‍, ചോദ്യങ്ങള്‍... വരുമ്പോഴോ പോകുമ്പോഴോ പാകിസ്താന്‍ ഇടപെട്ടാല്‍? ബിന്‍ ലാദന്‍ ഏതെങ്കിലുംവിധത്തില്‍ രക്ഷപ്പെട്ടാല്‍? റെയ്ഡിനിടെ പാകിസ്താന്‍ പട്ടാളമോ പോലീസോ വീടുവളഞ്ഞാല്‍? കമാന്‍ഡോകള്‍ പിടിക്കപ്പെട്ടാല്‍? കമാന്‍ഡോകള്‍ പിടിക്കപ്പെട്ട്, ജയിലിലടയ്ക്കപ്പെട്ട് ലോകംമുഴുവന്‍ അറിഞ്ഞുകൊണ്ടുള്ള ഒരു വിലപേശലിന് താന്‍ തയ്യാറല്ലെന്ന് അദ്ദേഹം തീരുമാനിച്ചു; അത് തുറന്നുപറയുകയും ചെയ്തു. പദ്ധതിയെക്കുറിച്ചറിയുമായിരുന്ന സെക്രട്ടറി ഓഫ് സ്റ്റേറ്റ്സ് ഹില്ലരി ക്ലിന്റണും നിറയെ സംശയങ്ങളായിരുന്നു. ഭാര്യക്കും മക്കള്‍ക്കുമൊപ്പം ഡിന്നറിനിരിക്കുമ്പോഴും താന്‍ മൂകനായിരുന്നുവെന്ന് ഒബാമ ഓര്‍ക്കുന്നു. അവരുടെ കളിയാക്കലുകള്‍ തലയ്ക്കുമുകളിലൂടെ പറന്നുപോയി. വേഗം ഭക്ഷണംകഴിച്ച് അദ്ദേഹം വൈറ്റ്ഹൗസിലെ ട്രീറ്റി മുറിയില്‍ തനിച്ചിരുന്നു. പിന്നെ, ബാസ്‌കറ്റ്‌ബോള്‍ കളിക്കാന്‍ ശ്രമിച്ചു. 'എന്റെ മനസ്സ് കറങ്ങുന്നതുപോലെ എന്റെ കണ്ണുകളും ചലിക്കുന്ന ബാസ്‌കറ്റ് ബോളിനുപിറകെ കറങ്ങി'-അദ്ദേഹം എഴുതുന്നു.

2011 ഏപ്രില്‍ 29-ന് ഒബാമയ്ക്ക് രണ്ടുപരിപാടികളുണ്ടായിരുന്നു. അലബാമയില്‍ ടൊര്‍ണാഡോ നാശനഷ്ടങ്ങള്‍ വിലയിരുത്തണം, കുടുംബസമേതം സ്‌പേസ് ഷട്ടിലായ എന്‍ഡവറിന്റെ ഫൈനല്‍ ലോഞ്ച് കാണണം. അതിന് പോവുന്നതിനുമുമ്പ് അദ്ദേഹം സഹപ്രവര്‍ത്തകരോട് നയതന്ത്രമുറിയില്‍ വരാന്‍പറഞ്ഞു. അവര്‍ വന്നു. മുറിക്കുപുറത്ത് പ്രസിഡന്റിനുപോവാനുള്ള ഹെലി കോപ്റ്ററുകള്‍ മുരണ്ടുനിന്നു. അതിലിരുന്ന് കുഞ്ഞുങ്ങള്‍ ഡാഡിയെ വിളിച്ചുകൊണ്ടേയിരുന്നു. ആ ബഹളങ്ങള്‍ക്കിടയില്‍ നിന്നുകൊണ്ട് ബരാക് ഒബാമ പറഞ്ഞു:

''GO AHEAD.. മക്‌റാവനായിരിക്കണം ഓപ്പറേഷന്‍ നിയന്ത്രണം. ദിവസവും സമയവും റെയ്ഡിന്റെ രീതികളും അദ്ദേഹത്തിന് നിശ്ചയിക്കാം.'' ഉസാമ ബിന്‍ലാദന് 'ജെറോനിമോ' എന്ന പേരും നല്‍കി. ഹെലികോപ്റ്റര്‍ പ്രസിഡന്റിനെയും കുടുംബത്തെയും വഹിച്ച് പറന്നുയര്‍ന്നു.

A Promised Landമക്റാവനും സീല്‍ കമാന്‍ഡോകളും നിലാവില്ലാത്ത രാത്രിയുംകാത്ത് ജലാലാബാദിലെ എയര്‍ബേസിലിരിക്കെ താന്‍ യാന്ത്രികമായി ഏതൊക്കെയോ പരിപാടികളില്‍ പങ്കെടുത്തുകൊണ്ടിരിക്കയായിരുന്നു എന്ന് ഒബാമ എഴുതുന്നു. പത്രപ്രവര്‍ത്തകരോടൊപ്പം അമേരിക്കന്‍ പ്രസിഡന്റ് തന്റെ കാലയളവില്‍ ഒരിക്കലെങ്കിലും നടത്തുന്ന വൈറ്റ് ഹൗസ് കറസ്‌പോണ്ടന്‍സ് ഡിന്നര്‍ ആയിരുന്നു അതില്‍ പ്രധാനം. രണ്ടായിരത്തിലധികം പത്രവര്‍ത്തകര്‍ക്കും പ്രമുഖ രാഷ്ട്രീയക്കാര്‍ക്കും വ്യവസായപ്രമുഖര്‍ക്കും മുന്നില്‍, ഈ ലോകത്ത് വിശേഷപ്പെട്ട ഒന്നുമേ സംഭവിക്കുന്നില്ല എന്നമട്ടില്‍ ഒബാമ ഇരുന്നു. 'എല്ലാം ശാന്തമാണ് എന്ന മട്ടില്‍ അഭിനയിച്ചുകൊണ്ട് ഞാനിരുന്നു' -അദ്ദേഹം എഴുതുന്നു. പിറ്റേന്ന് ഉച്ചകഴിഞ്ഞപ്പോഴേക്കും മക്‌റാവനെ പ്രസിഡന്റ് വിളിച്ചു. പാകിസ്താനില്‍ മഞ്ഞ് കനത്തതിനാല്‍ ഓപ്പറേഷന്‍ ഞായറാഴ്ചയ്ക്ക് മാറ്റിവെച്ചു എന്നായിരുന്നു മറുപടി:

''എല്ലാവരോടും ഞാന്‍ അവരെ അഭിനന്ദിക്കുന്നു എന്നുപറയൂ'' -അദ്ദേഹം പറഞ്ഞു. തുടര്‍ന്നുള്ള ദിവസം രാവിലെ മനസ്സിനെ വഴിതിരിച്ചുവിടാന്‍ ഗോള്‍ഫ് കളിക്കാനിറങ്ങിയ ഒബാമ അടിച്ച പന്തുകളില്‍ പലതും ലക്ഷ്യംതെറ്റി മരക്കൂട്ടങ്ങള്‍ക്കിടയിലാണ് ചെന്നുവീണത്. അതുമുപേക്ഷിച്ച് അദ്ദേഹം തിരിച്ചുനടന്നു, തനിച്ചിരുന്നു. പക്ഷേ, മനസ്സടങ്ങിയില്ല.

നിലാവൊഴിഞ്ഞ രാവില്‍ ഓപ്പറേഷന്‍

ഒടുവില്‍ അഫ്ഗാനിസ്താന്റെയും പാകിസ്താന്റെയും ആകാശത്തുനിന്ന് നിലാവൊഴിഞ്ഞു. നിതാന്തമായ ഇരുട്ട് പരന്നു. പുലര്‍ച്ചെ രണ്ടുമണിക്ക് 23 സീല്‍ കമാന്‍ഡോകളും ഒരു പാകിസ്താനി അമേരിക്കന്‍ സി.ഐ.എ. പരിഭാഷകനും കയ്റോ എന്ന മിലിട്ടറി നായയും ആബട്ടാബാദിലേക്ക് പറന്നു. ഒന്നരമണിക്കൂര്‍ പറക്കാനുണ്ടായിരുന്നു, ആബട്ടാബാദിലേക്ക്. ഓപ്പറേഷന്‍ നെപ്റ്റിയൂണ്‍സ്ഫിയര്‍ ആരംഭിച്ചു. അതുകാണാന്‍ വൈറ്റ് ഹൗസിലെ സിറ്റ്വേഷന്‍ റൂം വാര്‍റൂമായി. അവിടെ ഒബാമയും ഹില്ലരി ക്ലിന്റണും വളരെ അടുത്ത ഓഫീസര്‍മാരും ഒത്തുചേര്‍ന്നു. അവര്‍ ഒരുകാര്യം തീരുമാനിച്ചു: റെയ്ഡില്‍ ബിന്‍ ലാദന്‍ കൊലചെയ്യപ്പെട്ടാല്‍ ഫോട്ടോകള്‍ എടുക്കാന്‍പാടില്ല, മൃതദേഹം പരമ്പരാഗത ഇസ്ലാമികരീതകളെല്ലാം അനുസരിച്ച് കടലില്‍ അടക്കണം. മറിച്ചായാല്‍ ലാദന്റെ കുഴിമാടം ഒരു തീര്‍ഥാടനസ്ഥലമാക്കിയേക്കാം, ഭീകരര്‍. ഇരുട്ടുകനത്തപ്പോള്‍ സീല്‍ കമാന്‍ഡോകള്‍ ആ വീടിന്റെ മതില്‍ക്കെട്ടിനകത്ത് പറന്നിറങ്ങി. ഒബാമ എഴുതുന്നു: 'പ്രസിഡന്റ് എന്നനിലയില്‍ ഇതാദ്യമായും അവസാനമായുമാണ് ഞാന്‍ ഒരു മിലിട്ടറി ഓപ്പറേഷന്‍ നേരിട്ടുകാണുന്നത്'. അവര്‍ ഇറങ്ങി, ഇരച്ചുകയറി, വെടിവെച്ചുതീര്‍ത്തു, ഫയലുകളും കംപ്യൂട്ടറുകളും പിടിച്ചെടുത്തു, ബിന്‍ലാദന്റെ ശരീരം വലിച്ചിഴച്ച് കൊണ്ടുപോയി, സ്ത്രീകളെയും കുട്ടികളെയും ചോദ്യംചെയ്തു. മക്റാവന്‍ അറിയിച്ചു:

'GERONIMO ID'd...GERONIMO EKIA'

പോരാട്ടത്തില്‍ ശത്രു കൊല്ലപ്പെട്ടു.

''അത് ബിന്‍ ലാദന്‍ തന്നെയാണെന്ന് ഉറപ്പുണ്ടോ?'' -ഒബാമ മക്‌റാവനോട് ചോദിച്ചു.

''പൂര്‍ണവിവരത്തിന് ഡി.എന്‍.എ. ടെസ്റ്റ് ഫലം വരണം. ആറടി രണ്ടിഞ്ചാണ് ലാദന്റെ ഉയരം. എന്റെ സംഘത്തില്‍ അതേ ഉയരമുള്ള ഒരാളെ മൃതദേഹത്തിനടുത്ത് കിടത്തി ഞാന്‍ അളക്കുകയാണ്'' -മക്‌റാവന്‍ മറുപടികൊടുത്തു ''ശരിക്കും? ഇത്രയൊക്കെ പ്ലാനിങ് നടത്തിയ നിങ്ങള്‍ അളവെടുക്കാനുള്ള ഒരു ടേപ്പ് കരുതാന്‍ മറന്നോ?'' -ഒബാമ ചോദിച്ചു. '''ഒരുപാട് ദിവസങ്ങള്‍ക്കുശേഷം ഞാന്‍ പറഞ്ഞ ലഘുവായ ഒരു തമാശ'' -ഒബാമ എഴുതുന്നു.

ഓപ്പറേഷന്‍ കഴിഞ്ഞപ്പോള്‍ താന്‍ ആദ്യം വിളിച്ചത് മുന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷിനെയും ബില്‍ ക്ലിന്റനെയുമായിരുന്നു എന്ന് എഴുതുന്നു ഒബാമ. ബുഷാണ് തുടങ്ങിവെച്ചത്, താന്‍ തീര്‍ത്തു. ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍, പാകിസ്താന്‍ പ്രസിഡന്റ് അസിഫ് അലി സര്‍ദാരി എന്നിവരെയും വിളിച്ചറിയിച്ചു. തന്റെ മണ്ണില്‍ താനറിയാതെനടന്ന ഓപ്പറേഷനെക്കുറിച്ചറിഞ്ഞ സര്‍ദാരി പറഞ്ഞു:

'എന്തൊക്കെ തെറ്റുകുറ്റങ്ങളുണ്ടെങ്കിലും ഇതൊരു നല്ല വാര്‍ത്തയാണ്.' തന്റെ പത്‌നി ബേനസീര്‍ ഭൂട്ടോ ഭീകരരാല്‍ വധിക്കപ്പെട്ടതിനെക്കുറിച്ചും അദ്ദേഹം അപ്പോള്‍ ഓര്‍ത്തു. ഒടുവില്‍ ഒബാമയ്ക്ക് മാധ്യമങ്ങള്‍ക്കുമുന്നില്‍വന്ന് ബിന്‍ ലാദന്റെ മരണം ഔദ്യോഗികമായി ലോകത്തോട് പറയാനുള്ള സമയമായി. പലതവണ മിനുക്കലുകള്‍ വരുത്തിയ തന്റെ പ്രസ്താവനയില്‍ അവസാനം അദ്ദേഹം വ്യക്തമായി എഴുതി:

'അല്‍ ഖായിദയ്ക്ക് എതിരായ യുദ്ധം ഇസ്ലാമിനെതിരായ യുദ്ധമല്ല. മാത്രമല്ല, അമേരിക്ക ഒന്ന് തീരുമാനിച്ചാല്‍, അത് ചെയ്തിരിക്കുമെന്ന് ലോകത്തെ ഓര്‍മപ്പെടുത്താനും ഞാന്‍ ആഗ്രഹിക്കുന്നു. ഒരു രാജ്യമെന്നനിലയില്‍ വലിയ കാര്യങ്ങള്‍ ചെയ്യാന്‍ അമേരിക്കയ്ക്ക് സാധിക്കും'.

ഓപ്പറേഷന്‍ വിജയത്തിനുശേഷം തനിക്കുവന്ന ഒരു ഇ-മെയില്‍ സന്ദേശത്തെക്കുറിച്ചും ഒബാമ ഓര്‍ക്കുന്നുണ്ട്. പേയ്ടണ്‍ വാള്‍ എന്ന കൗമാരക്കാരിയായിരുന്നു അത് എഴുതിയത്. വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ക്കപ്പെടുമ്പോള്‍ അവള്‍ക്ക് നാലുവയസ്സായിരുന്നു. അവളുടെ അച്ഛന്‍ ആ ടവറുകളിലൊന്നിലുണ്ടായിരുന്നു. അത് എരിഞ്ഞുവീഴുമ്പോള്‍ അച്ഛന്‍ വിളിച്ച അവസാനഫോണ്‍കോള്‍ അവള്‍ ഓര്‍ക്കുന്നു, അതുകേട്ട് കരഞ്ഞ അമ്മയെയും. അവള്‍ പ്രിയപ്പെട്ട പ്രസിഡന്റിന് എഴുതി:

'അച്ഛന്റെ ആ അവസാനവിളി എനിക്കും കുടുംബത്തിനും മറക്കാനാവില്ലെങ്കിലും അമേരിക്ക ഞങ്ങളെ മറന്നില്ല എന്ന് ഞങ്ങളിപ്പോള്‍ മനസ്സിലാക്കുന്നു. നന്ദി'

Content Highlights: Osama Bin Laden, commando operation, Barack Obama, A PROMISED LAND