കഴിഞ്ഞദിവസം ഈ ലോകം വിട്ടുപോയ സ്വാമി സുന്ദരാനന്ദന്‍ വെറുമൊരു ഹിമാലയന്‍ സന്ന്യാസി മാത്രമായിരുന്നില്ല?. തപോവനസ്വാമികളുടെ ശിഷ്യനും സന്തതസഹചാരിയുമായിരുന്ന സുന്ദരാനന്ദന്റെ ക്യാമറ ഒപ്പിയെടുത്ത ഹിമാലയന്‍ ചിത്രങ്ങള്‍ ലോകത്തെയാകെ വിസ്മയിപ്പിച്ചവയാണ്.
നശിച്ചുകൊണ്ടിരിക്കുന്ന ഹിമാലയപ്രകൃതിയെക്കുറിച്ചുള്ള ഓര്‍മപ്പെടുത്തലുകള്‍കൂടിയാണ് ആ ചിത്രങ്ങള്‍
1980കളില്‍, ലോകത്തെ പ്രശസ്തരായ പര്‍വതാരോഹകരിലൊരാളായ സര്‍ എഡ്മണ്ട് ഹിലാരി ഗംഗോത്രിയിലെത്തി. ഭാഗീരഥീതടങ്ങള്‍ ഹിലാരി ഏറെ ഇഷ്ടപ്പെട്ടിരുന്നു. ഉത്തരകാശിയില്‍നിന്നുള്ള ഗാംഗോത്രീമാര്‍ഗങ്ങള്‍ അസാധാരണമായ പ്രകൃതിലാവണ്യം നിറഞ്ഞതാണ്. സാഹസികനായ ഈ സഞ്ചാരി ആത്മീയമായ ഉള്‍വെളിച്ചങ്ങള്‍ സൂക്ഷിക്കുന്നയാള്‍കൂടിയാണ്. അദ്ദേഹത്തിന് പ്രിയപ്പെട്ട ഒരാള്‍ ഗംഗോത്രിയിലെ സൂര്യകുണ്ഡ് എന്ന ജലപാതത്തിനടുത്ത് ഇക്കഴിഞ്ഞ ഡിസംബര്‍ 23 വരെ പാര്‍ത്തിരുന്നു . തപോവനസ്വാമികള്‍ ഗംഗോത്രിയിലായിരുന്നപ്പോള്‍ പാര്‍ത്തിരുന്ന കേരളീയച്ഛായയുള്ള കൊച്ചുകുടിലില്‍. തപോവന്‍കുടീരമെന്നാണ് അതിന്റെ പേര്. തപോവനസ്വാമികളുടെ അന്ത്യകാലങ്ങളില്‍ കുറെ വര്‍ഷങ്ങള്‍ അദ്ദേഹത്തോടൊപ്പം കഴിഞ്ഞിരുന്ന, അസാമാന്യയോഗിയും ഫോട്ടോഗ്രാഫറും ഹിമാലയസ്‌നേഹിയുമായ സ്വാമി സുന്ദരാനന്ദനെ കാണാനാണ് അന്ന് ഹിലാരി എത്തിയത്. ഹിമാലയത്തെ തന്റെ ഹൃദയപ്രകാശമായി കരുതിയ മറ്റൊരാള്‍കൂടിയുണ്ട്, സാക്ഷാല്‍ ടെന്‍സിങ്. ഹിലാരിക്കും ടെന്‍സിങ്ങിനുമൊപ്പം ഗംഗോത്രീപ്രാന്തത്തിലെ ചില ഗിരിനിരകളിലേക്ക് സുന്ദരാനന്ദനും സഞ്ചരിച്ചു . അതിനുമെത്രയോ കാലംമുമ്പ് ഉത്തരാഖണ്ഡിലെ എത്രയോ പര്‍വതങ്ങളിലൂടെ സുന്ദരാനന്ദന്‍ സഞ്ചരിച്ചുകഴിഞ്ഞു. എഴുപതുകൊല്ലംമുമ്പ് ഗംഗോത്രീഹിമധാരയിലേക്ക് നടന്നെത്തിയ സ്വാമി ഇങ്ങനെ പറഞ്ഞിട്ടുണ്ട്: ''1949-ല്‍, ഈ ഹിമധാര ആദ്യം കണ്ടപ്പോള്‍ എന്റെ പാപങ്ങള്‍ ആകെ കഴുകിക്കളയപ്പെടുന്നതുപോലെ തോന്നി. ഒരു പുനരുജ്ജീവനംപോലെ.'' എന്നാല്‍, വര്‍ഷങ്ങള്‍ക്കുശേഷം സ്വാമി പറഞ്ഞു: ''ആ ഭൂതകാലഗംഗാനുഭവം ഇപ്പോള്‍ അനുഭവിക്കാന്‍ കഴിയില്ല.''
ആഗോളതാപനവും പാരിസ്ഥിതികവിനാശങ്ങളും ഹിമാലയത്തില്‍ വരുത്തിയ പരിണാമങ്ങള്‍ ഏറ്റവും അടുത്തറിഞ്ഞ പ്രകൃതിസ്‌നേഹിയുടെ ദുഃഖമൊഴിയാണത്. തന്റെ ആദ്യകാലയാത്രകളില്‍ ഗംഗോദ്ഭവമായ ഗോമുഖിലേക്കുള്ള യാത്രയുടെ ഇടത്താവളമായ ഭോജ്വാസയില്‍നിന്ന് ഒരു കിലോമീറ്റര്‍മാത്രം നടന്നാല്‍ എത്രയും ആകൃതിയൊത്ത ഗോമുഖമായി, എന്നദ്ദേഹം പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ നാലുകിലോമീറ്റര്‍നടന്നാല്‍മാത്രമേ അവിടെയെത്തുകയുള്ളൂ. ഗോമുഖിന് ആ പഴയ ഭംഗി ഇപ്പോഴില്ല. ഗംഗോത്രീഹിമധാര ചുരുങ്ങിവരികയാണ്. ഞാന്‍ ആദ്യമായി ഗോമുഖിലെത്തിയത് 1992-ലാണ്. അന്ന് ഗോമുഖം മനോഹരമായിരുന്നു.എന്നാല്‍, 2017-ല്‍ അവിടെയെത്തവേ, ആകെയും ശിലകളിടിഞ്ഞുവീണ് അടുത്തെത്താന്‍ കഴിയാത്ത നിലയിലായിരുന്നൂ ഗോമുഖം. എത്രയോ തവണ ഗോമുഖിലേക്കും അതിനുമുകളില്‍ തപോവനം, നന്ദനവനം എന്നിവിടങ്ങളിലേക്കും ഭഗീരഥ പര്‍വതനിരകളിലേക്കും ഗംഗോത്രീഹിമധാരയിലേക്കും ക്യാമറയുമായി അലഞ്ഞുനടന്നിട്ടുള്ള സ്വാമിക്ക് ഈ അനുഭവം എത്രമേല്‍ സങ്കടകരമായിരിക്കും.
അന്ന്, സൂര്യകുണ്ഡിലെ ഗംഗാപ്രഘോഷംകണ്ട് അല്പം മുകളിലേക്കുകയറി തടികൊണ്ടുള്ള കൊച്ചുവാതില്‍ തുറന്ന് ആപ്പിള്‍മരങ്ങളും ദേവദാരുവും നില്‍ക്കുന്ന ആശ്രമാങ്കണത്തില്‍ ഹിലാരി നിന്നിരിക്കണം. തടികൊണ്ടും മണ്ണുകൊണ്ടും നിര്‍മിതമായ ചെറിയൊരു ഒറ്റമുറിക്കുടില്‍. മുന്നില്‍ ചെറിയൊരു ഇറയം. ഉള്ളില്‍നിന്ന് ദൃഢഗാത്രനായ, താടിയും മുടിയും നീട്ടിയ, കറുത്ത ശരീരമുള്ള, യോഗബലത്താല്‍ തേജസ്വിയായ ഒരാള്‍ ഇറങ്ങിവന്നിരിക്കണം. അസാധാരണമായ സവിശേഷതകളുള്ള രണ്ടു ഹിമാലയസഞ്ചാരികളുടെ സമാഗമമായിരുന്നൂ അത്.
മുപ്പതുകൊല്ലംമുമ്പ് ഗംഗോത്രീതടങ്ങളിലലയവേയാണ് കുടില്‍കണ്ട് കൗതുകംതോന്നി കയറിച്ചെന്ന് സ്വാമിയെ കണ്ടത്. ഞങ്ങള്‍ കേരളത്തില്‍നിന്നുള്ളവരാണ് എന്നുപറയവേ, കുടിലിന്റെ ചുവരിലെ ചിത്രത്തിലേക്ക് സ്വാമി വിരല്‍ചൂണ്ടി. തപോവനസ്വാമികളുടെ ചിത്രം. യോഗയിലും ഹിമാലയജീവിതത്തിലും സ്വാമികളായിരുന്നു സുന്ദരാനന്ദന്റെ വഴികാട്ടി. ഹിമാലയന്‍ ഫോട്ടോഗ്രാഫിയിലായിരുന്നു സുന്ദരാനന്ദന്റെ പ്രത്യേക താത്പര്യം. സഞ്ചാരികള്‍ സമ്മാനിക്കുന്ന ക്യാമറകള്‍ ഉപയോഗിച്ച് ഹിമാലയത്തിന്റെ അസാധാരണ ഭാവങ്ങള്‍ ഇദ്ദേഹം ചിത്രങ്ങളിലാക്കി. മനസ്സിന്റെ കാഴ്ച ഫ്രെയിമുകളിലും പതിഞ്ഞു. ക്ലിക്കിങ് സ്വാമി എന്നദ്ദേഹം അറിയപ്പെട്ടു. അന്താരാഷ്ട്രതലത്തില്‍ സ്വാമിയുടെ ചിത്രങ്ങളുടെ പ്രദര്‍ശനം നടന്നു. വിദേശസര്‍വകലാശാലകള്‍ അവരുടെ ഇന്ത്യന്‍ പഠനവിഭാഗത്തിലേക്ക് സ്വാമിയുടെ ഹിമാലയചിത്രങ്ങള്‍ വാങ്ങി. ഗംഗോത്രീകേദാരനാഥഭാഗങ്ങളില്‍ പതിനെണ്ണായിരവും ഇരുപതിനായിരവും അടി ഉയരെ സ്വാമികള്‍ സഞ്ചരിച്ചുകൊണ്ടിരുന്നു. 2001-ല്‍ 'ഹിമാലയ: ത്രൂ ദി ലെന്‍സ് ഓഫ് എ സാധു' എന്ന അതിമനോഹരമായ ഒരു പുസ്തകം പുറത്തുവന്നു. എണ്‍പതുകളില്‍ ഡല്‍ഹിയില്‍ സ്വാമിയുടെ ചിത്രങ്ങളുടെ പ്രദര്‍ശനംകണ്ട കവി ഡി. വിനയചന്ദ്രന്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഒരു കുറിപ്പ് എഴുതിയിരുന്നു. ആ ചിത്രങ്ങളുടെ കാവ്യാത്മകലാവണ്യം ആ കുറിപ്പില്‍ കവി എടുത്തുപറഞ്ഞിരുന്നു.
താന്‍ ആദ്യകാലങ്ങളില്‍ ഗോമുഖിനിപ്പുറമുള്ള ഭോജ്വാസയില്‍ ചെല്ലുമ്പോള്‍ ആ സ്ഥലം ഭൂര്‍ജവനങ്ങളാല്‍ നിറഞ്ഞിരുന്നുവെന്ന് സ്വാമി ഓര്‍ക്കുന്നുണ്ട്. ഭോജ്, ഭൂര്‍ജംതന്നെ. സ്ഥലത്തിന്റെ പേരും അങ്ങനെത്തന്നെയാണ് വന്നത്. പിന്നീട് എല്ലാം ഇല്ലാതായി. ''ഒരുപാട് മാറ്റങ്ങള്‍. ഇപ്പോഴും തണുപ്പുണ്ടെങ്കിലും സൂര്യന് നല്ല ചൂട്. ഓരോ വര്‍ഷവും ചൂട് കൂടിവരുന്നു . ആളുകള്‍ അതിനെ ആഗോളതാപനമെന്ന് പറയും. അതൊരു മുന്നറിയിപ്പാണെന്ന് ഞാന്‍ പറയും'' -അവസാനകാലങ്ങളില്‍ സ്വാമി ഹിമാലയത്തെക്കുറിച്ച് ഉത്കണ്ഠപ്പെട്ടുകൊണ്ടേയിരുന്നു. ''ഹിമാനികള്‍ ചുരുങ്ങിയാല്‍ ഭൂമിയില്‍ ചൂടുവര്‍ധിക്കും. ജലസ്രോതസ്സുകള്‍ കുറയും. ഞാനാദ്യം ഗംഗോത്രിയില്‍ വരുമ്പോള്‍ ഹിമാലയത്തിലെ ഏറ്റവും സൗന്ദര്യമുള്ള പ്രദേശമായിരുന്നു ഇത്. അന്നത്തെ ജലശുദ്ധിയും സസ്യ-ജന്തുജാല വൈവിധ്യവും ഇന്ന് ഭാവനചെയ്യാന്‍പോലും പറ്റില്ല'' -സ്വാമികള്‍ പറയുന്നു. അന്ന് തപോവനഭാഗങ്ങളില്‍ എത്രയും അപൂര്‍വമായ മഞ്ഞുപ്പുലിവരെ ഉണ്ടായിരുന്നുവത്രെ.
2017 സെപ്തംബറില്‍ ഞാന്‍ തപോവന്‍കുടിയില്‍ച്ചെന്ന് സ്വാമിയെ കണ്ടിരുന്നു. പ്രായം സ്വാമിയെ ബാധിച്ചുതുടങ്ങിയിരുന്നു. കട്ടിലിനരികില്‍ ഒരു സ്റ്റൂളില്‍ നെബുലൈസര്‍ െവച്ചിരുന്നു. എങ്കിലും തപോവനസ്വാമികളുടെ നാട്ടില്‍നിന്നാണെന്ന് പറഞ്ഞപ്പോള്‍ മുഖം പ്രകാശിച്ചു. ശാരീരികക്ലേശങ്ങള്‍ കൂടിവന്നപ്പോഴും അദ്ദേഹം തപോവന്‍കുടി വിട്ടുപോയില്ല. സ്വാമിയുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ഒരു ഗ്യാലറി ആശ്രമത്തിനുപിന്നില്‍, ഹിമാലയസ്‌നേഹികളുടെ സഹായത്താല്‍ തുറന്നിട്ടുണ്ട്. ഹിമാലയമനോഹാരിതയുടെ അപൂര്‍വശേഖരങ്ങള്‍ അവിടെയെങ്ങും നിറഞ്ഞിരിക്കുന്നു. ലോകമെങ്ങും പടര്‍ന്ന മഹാമാരി ഈ ഒക്ടോബറില്‍ സ്വാമിയെയും ഒഴിവാക്കിയില്ല. എന്നാല്‍, അദ്ദേഹം അതില്‍നിന്ന് മുക്തനായി. പ്രായം തൊണ്ണൂറ്റഞ്ചിലേക്ക് നീങ്ങുകയായിരുന്നു. ഒടുവില്‍ ഇക്കഴിഞ്ഞ ഡിസംബര്‍ ഇരുപത്തിമൂന്നിന് ദെഹ്‌റാദൂണില്‍െവച്ച് സ്വാമി ഹിമാലയംവിട്ടകന്നു. ഭൗതികശരീരം ഗംഗോത്രിയില്‍ തപോവനകുടിയില്‍ത്തന്നെ നിതാന്തസമാധിയിലിരുത്തി. ലക്ഷക്കണക്കിന് ഹിമാലയചിത്രങ്ങളിലൂടെ സ്വാമി എക്കാലവും നിലനില്‍ക്കും. കാലങ്ങളുടെ അനുഭവരാശി നിറഞ്ഞ ആ മുഖം ഇനി ഗംഗോത്രീസഞ്ചാരികള്‍ക്ക് കാണാന്‍ കഴിയില്ലെങ്കിലും, സൂര്യകുണ്ഡിലെ ജലാരവവും ഗംഗോത്തരീഹിമഗിരികളും സ്വാമിയുടെ ഓര്‍മയെ വലയംചെയ്ത് എക്കാലവും ഉണ്ടാവട്ടെ.\
Content Highlights: Noted photographer Swami Sundaranand himalaya life