ലയാളികളുടെ പ്രിയകവി എന്‍.എന്‍ കക്കാടിന്റെ ജന്മവാര്‍ഷികദിനമാണ് ജൂലൈ 14. മലയാളത്തില്‍ ആധുനിക കവിതയുടെ തുടക്കക്കാരില്‍ പ്രമുഖനാണ് എന്‍.എന്‍. കക്കാട്. കോഴിക്കോട് ജില്ലയിലെ അവിടനല്ലൂരാണ് ജനനം. കക്കാട് നാരായണന്‍ നമ്പൂതിരി എന്നാണ് യഥാര്‍ഥപേര്. മനുഷ്യസ്‌നേഹം തുളുമ്പിനിന്ന അദ്ദേഹത്തിന്റെ കവിതകളില്‍ സമൂഹത്തിന്റെ ദുരവസ്ഥയിലുള്ള നൈരാശ്യവും കലര്‍ന്നിരുന്നു.

ഗ്രാമത്തിന്റെ മൂല്യങ്ങള്‍ നഷ്ടപ്പെടുന്നതും നാഗരികതയുടെ നരകാത്മകതയും അദ്ദേഹത്തെ അലോരസപ്പെടുത്തി. തന്റെ ചുറ്റും നടക്കുന്ന മാറ്റങ്ങളില്‍ വിഹ്വലനായിരുന്നു അദ്ദേഹം. ഒരു കവിതയില്‍ നഗരജീവിതത്തെ ഒരുവന്‍ തന്റെ ഞരമ്പുകള്‍ കൊണ്ട് വലിച്ചു കെട്ടിയ ഒരു കൂടാരവുമായി അദ്ദേഹം ഉപമിക്കുന്നു. എങ്കിലും ഗ്രാമം നന്മകള്‍ മാത്രം നിറഞ്ഞതാണെന്ന മൗഢ്യവും അദ്ദേഹത്തിനില്ലായിരുന്നു.

'ആര്‍ദ്രമീ ധനുമാസരാവുകളിലൊന്നില്‍
ആതിരവരും പോകുമല്ലേ സഖീ
ഞാനീ ജനലഴി പിടിച്ചൊട്ടു നില്‍ക്കട്ടെ
നീയെന്നണിയത്തുതന്നെ നില്‍ക്കൂ'.

സഫലമീയാത്രയിലെ ഈ വരികള്‍ മലയാളികള്‍ ഹൃദയത്തിലേക്ക് ഏറ്റുവാങ്ങി. അദ്ദേഹത്തിനെ ജനപ്രിയനാക്കുന്നതില്‍ സഫലമീയാത്ര എന്ന കവിത വഹിച്ച പങ്ക് വിസ്മരിക്കാനാകുന്നതല്ല. അര്‍ബുദ രേഗബാധിതനായ അവസ്ഥയിലാണ് അദ്ദേഹം സഫലമീയാത്ര രചിക്കുന്നത്. സഫലമീയാത്ര എന്ന കവിതാസമാഹാരത്തിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡും വയലാര്‍ അവാര്‍ഡും ലഭിച്ചു. 

കോഴിക്കോട് അവിടനല്ലൂരില്‍ നാരായണന്‍ തമ്പൂതിരിയുടെയും ദേവകി അന്തര്‍ജനത്തിന്റെയും മകനായി 1927 ജൂലായ് 14നാണ് കക്കാട് ജനിച്ചത്. ചെറുപ്പത്തില്‍ തന്നെ വേദങ്ങളിലും ഇതിഹാസങ്ങളിലും പ്രാവീണ്യം നേടിയ കക്കാട് ചിത്രമെഴുത്ത്, ശാസ്ത്രീയസംഗീതം, ഓടക്കുഴല്‍ എന്നിവയും സ്വായത്തമാക്കി. കോഴിക്കോട് സാമൂതിരി ഹൈസ്‌കൂളിലും, തൃശൂര്‍ കേരളവര്‍മ്മ കോളേജിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി തൃശൂര്‍ വിവേകോദയം ഹൈസ്‌കൂളില്‍ അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു.

പിന്നീട് കോഴിക്കോട് ആകാശവാണി നിലയത്തില്‍ സ്‌ക്രിപ്റ്റ് റൈറ്ററായും പ്രൊഡ്യൂസറായും ജോലി ചെയ്തു. കോഴിക്കോട് ആകാശവാണി നിലയത്തിലെ സ്റ്റാഫ് ആര്‍ട്ടിസ്റ്റുകളുടെ അസ്സോസിയേഷന്‍ ഭാരവാഹിയായി പ്രവര്‍ത്തിച്ചു. കേരള സാഹിത്യ അക്കാദമി, കേരള സാഹിത്യ സമിതി, വള്ളത്തോള്‍ വിദ്യാപീഠം, സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം എന്നിവകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

kakkad
പുസ്തകം വാങ്ങാം

ശലഭഗീതം, ആയിരത്തിത്തൊള്ളായിരത്തി അറുപത്തിമൂന്ന്, പാതാളത്തിന്റെ മുഴക്കം, കവിത, വജ്രകുണ്ഡലം, ഇതാ ആശ്രമമൃഗം കൊല്ല് കൊല്ല്, സഫലമീയാത്ര, പകലറുതിക്കുമുമ്പ്, നാടന്‍ചിന്തുകള്‍, കവിതയും പാരമ്പര്യവും, അവലോകനം തുടങ്ങിയവ പ്രധാനകൃതികളാണ്. വയലാര്‍ അവാര്‍ഡ് ( സഫലമീ യാത്ര), കേരളസാഹിത്യ അക്കാദമി അവാര്‍ഡ്, ആശാന്‍ പുരസ്‌കാരം, ചെറുകാട് അവാര്‍ഡ്, ഓടക്കുഴല്‍ അവാര്‍ഡ് തുടങ്ങിയ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 1987 ജനുവരി 6 ന്  കക്കാട് അന്തരിച്ചു.

കക്കാടിന്റെ പുസ്തകങ്ങള്‍ വാങ്ങാം

Content Highlights: NN Kakkad birth Anniversary