ശ്രീനാരായണ ഗുരുവിന്റെ ആത്മീയ ശൃംഖലയില്‍ മൂന്നാമനും അദ്വൈത വേദാന്തത്തിന്റെയും ഭാരതീയ തത്വശാസ്ത്രത്തിന്റെയും ഒരു പ്രമുഖ വക്താവുമായിരുന്ന ഗുരു നിത്യ ചൈതന്യയതിയുടെ ചരമവാര്‍ഷികദിനമാണ് മെയ് 14. ജയചന്ദ്രപ്പണിക്കര്‍ എന്നായിരുന്നു അദ്ദേഹത്തിന്റെ പേരെങ്കിലും സന്യാസം സ്വീകരിച്ചതോടെ യതിയായി മാറുകയായിരുന്നു. ശ്രീനാരായണഗുരുവിന്റെ ആശയങ്ങളുടെ പ്രചാരകനും പ്രയോക്താവുമായിരുന്ന നടരാജഗുരുവിനു ശേഷം ശ്രീനാരായണ ദര്‍ശനങ്ങള്‍ പഠിപ്പിക്കാനും പ്രചരിപ്പിക്കാനും സ്ഥാപിച്ച നാരായണ ഗുരുകുലത്തിന്റെ തലവനായിരുന്നു യതി. 

മതങ്ങള്‍ക്ക് അതീതമായ ആത്മീയതയിലും ശ്രീനാരായണ ദര്‍ശനത്തിലും അഗാധമായ അറിവുണ്ടായിരുന്ന ആത്മീയാചാര്യനും തത്ത്വചിന്തകനുമായിരുന്നു ഗുരു നിത്യ ചൈതന്യ യതിക്ക് ലോകത്തിന്റെ വിവിധ സ്ഥലങ്ങളില്‍ ശിഷ്യരുണ്ട്. 'ഭൗതികം, ആദ്ധ്യാത്മികം, സാമൂഹികം, സമ്പദ് വ്യവസ്ഥ, വിദ്യാഭ്യാസം, ആരോഗ്യശാസ്ത്രം, സാഹിത്യം, സംഗീതം, ചിത്രകല, വാസ്തുശില്പം തുടങ്ങി ഒട്ടേറെ വിഷയങ്ങളില്‍ അദ്ദേഹം പാണ്ഡിത്യം നേടുകയും പഠിപ്പിക്കുകയും ചെയ്തു.

പത്തനംതിട്ട ജില്ലയിലെ വകയാറില്‍ 1924 നവംബര്‍ 2നാണ് ജയചന്ദ്രപ്പണിക്കര്‍ ജനിച്ചത്. ഹൈസ്‌കൂള്‍ മെട്രിക്കുലേഷനു ശേഷം വീടുവിട്ട് ഭാരതത്തിലുടനീളം അലഞ്ഞു തിരിഞ്ഞു. ഇന്ത്യയിലെയും പാകിസ്താനിലെയും ബംഗ്ലാദേശിലെയും മിക്കവാറും എല്ലാ സ്ഥലങ്ങളിലും അദ്ദേഹം സഞ്ചരിച്ചു. രമണ മഹര്‍ഷിയില്‍ നിന്നാണ് നിത്യ ചൈതന്യ എന്ന പേരില്‍ സന്ന്യാസം സ്വീകരിച്ചത്.

സൂഫി ഫക്കീറുമാര്‍, ജൈന സന്ന്യാസികള്‍, ബുദ്ധമത സന്യാസിമാര്‍, രമണ മഹര്‍ഷി തുടങ്ങി വളരെപ്പേരുമായി അദ്ദേഹത്തിന്‍ അടുത്ത ബന്ധമുണ്ടായിരുന്നു. പലസ്ഥലങ്ങളിലും സഞ്ചരിച്ചശേഷം കേരളത്തില്‍ തിരിച്ചെത്തിയ അദ്ദേഹം 1947ല്‍ ആലുവ യു.സി കോളേജില്‍ തത്ത്വശാസ്ത്രം പഠനത്തിനായി ചേര്‍ന്നു.

അതിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ തത്വശാസ്ത്രവും മനഃശാസ്ത്രവും പഠിച്ചു. പഠനത്തിനു ശേഷം അദ്ദേഹം കൊല്ലം ശ്രീനാരായണാ കോളേജ്, ചെന്നൈ വിവേകാനന്ദാ കോളേജ് എന്നിവിടങ്ങളില്‍ അദ്ധ്യാപകനായിരുന്നു. ഈ സമയത്ത് വേദാന്തം, സാംഖ്യം, യോഗം വിദ്യ, മീമാംസ, പുരാണങ്ങള്‍, സാഹിത്യം എന്നിവ പഠിച്ചു. നടരാജ ഗുരുവിന്റെ മരണത്തിനു ശേഷം നാരായണ ഗുരുകുലത്തിന്റെ അധിപസ്ഥാനം ഏറ്റെടുക്കുകയും ചെയ്തു. 

തത്ത്വശാസ്ത്രം, മനഃശാസ്ത്രം, സൗന്ദര്യശാസ്ത്രം, സാമൂഹികാചാരങ്ങള്‍ എന്നിവയെ കുറിച്ച് ഗുരു മലയാളത്തില്‍ 120 പുസ്തകങ്ങളും ഇംഗ്ലീഷില്‍ 80 പുസ്തകങ്ങളും രചിച്ചു. 1999 മേയ് 14നു ഊട്ടിയിലെ തന്റെ ആശ്രമത്തില്‍ താമസിക്കുമ്പോഴാണ് യതി വിടപറഞ്ഞത്.

ഭഗവദ്ഗീത, മഹര്‍ഷി വ്യാസന്റെ ഒരു നിശ്ശബ്ദ പ്രാര്‍ത്ഥന, ബൃഹദാരണ്യകോപനിഷദ്, ഏകലോകാനുഭവം, പ്രേമവും അര്‍പ്പണവും, ഇതോ അതോ അല്ല ഓം, നാരായണഗുരുവിന്റെ ആത്മോപദേശശതകത്തെ ആസ്പദമാക്കിയ നൂറു ധ്യാനങ്ങള്‍, ദര്‍ശനമാലയുടെ മനശാസ്ത്രം, അതുമാത്രം, ജ്ഞാനത്തിന്റെ ഉറവിടം, ആത്മോപദേശശതകത്തിന് ഒരു അടിക്കുറിപ്പ്, പ്രേമവും അനുഗ്രഹങ്ങളും, ഭാരതീയ മനശാസ്ത്രത്തിന് ഒരു ആമുഖം, ഭാരതീയ മനശാസ്ത്രം, യതിചരിതം, ആത്മകഥ, സ്‌നേഹസംവാദം, മരണം എന്ന വാതിലിനപ്പുറം, വിശുദ്ധ ഖുര്‍ആന് ഹൃദയാഞ്ജലി, ലാവണ്യനുഭവവും സൗന്ദര്യനുഭൂതിയും എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന പുസ്തകങ്ങള്‍.

Content Highlights: Nithya Chaithanya yathi death anniversary