ലോകം ആഫ്രിക്കന്‍ ഗാന്ധിയെന്ന് വിളിച്ച മഹാനായ നേതാവ് നെല്‍സണ്‍ മണ്ടേല വിടവാങ്ങിയിട്ട് ഏഴ് വര്‍ഷങ്ങള്‍ പിന്നിടുകയാണ്. ലോക ചരിത്രത്തില്‍ ഒരു തരത്തിലും പകരെവക്കാനില്ലാത്ത വ്യക്തിത്വമായിരുന്നു മണ്ടേല. മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളുടെയും സ്വാതന്ത്ര്യ സമരങ്ങളുടെയും എക്കാലത്തെയും വലിയ പ്രതീകമായാണ് ലോകം മണ്ടേലയെ കണ്ടിരുന്നത്.
സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പോരാട്ടത്തില്‍ ദശകങ്ങളോളം തടവറയില്‍ കിടന്ന മറ്റൊരു നേതാവ് ലോകത്തുണ്ടായിട്ടില്ല. ലോകത്തില്‍ ഉണ്ടായതില്‍ വെച്ചേറ്റവും ക്രൂരമായ വര്‍ണവിവേചനമായിരുന്നു ദക്ഷിണാഫ്രിക്കയില്‍ നിലനിന്നിരുന്നത്. മറ്റ് ആഫ്രിക്കന്‍ രാജ്യങ്ങളിലെ ജനങ്ങള്‍ നേരിട്ട പ്രശ്നങ്ങളില്‍ നിന്ന് വ്യത്യസ്തമായി ദക്ഷിണാഫ്രിക്കയിലെ ഭൂരിപക്ഷമായ കറുത്തവര്‍ക്ക് നേരിടാനുണ്ടായിരുന്നത് കറുത്തവരായിപ്പോയതുകൊണ്ടു മാത്രമുള്ള വിവേചനമായിരുന്നു. ഭൂരിപക്ഷജനത ഈ ദുര്യോഗം അനുഭവിച്ചത് അവര്‍ ജനിച്ചു വളര്‍ന്ന, അവരുടെ തന്നെ നാട്ടിലാണെന്നോര്‍ക്കണം. പ്രകൃതം കൊണ്ടും ശീലങ്ങള്‍ കൊണ്ടും കറുത്തവര്‍ 'ശിശു'ക്കളാണെന്നും അതുകൊണ്ട് അവരുടെ കാര്യങ്ങള്‍ കൂടി 'അച്ഛന്‍'മാരെപ്പോലെ നോക്കേണ്ടത് തങ്ങളുടെ ചുമതലയാണെന്നുമാണ് വെളുത്തവര്‍ വിശ്വസിക്കുകയും അവരവരെത്തന്നെ പഠിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തിരുന്നത്. ഈ തത്ത്വത്തിലാണ് അവര്‍ അധികാരം ഉറപ്പിച്ചിരുന്നത്.
നീതിരഹിതമായ ആ ഇരുട്ടില്‍ നിന്നാണ് നെല്‍സണ്‍ മണ്ടേല എന്ന സൂര്യതേജസ് ഉദിച്ചുയരുന്നത്. മഹാത്മാഗാന്ധിയുടെ പാതയിലായിരുന്ന മണ്ടേലയുടം സഞ്ചാരം. കറുത്തവരുടെ സംഘടനയായആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ്സിനെ (എ.എന്‍.സി.) തികഞ്ഞ സമരസംഘടനയായി മാറ്റിയെടുക്കുന്നതില്‍ മണ്ടേല വഹിച്ച പങ്ക് വലുതാണ്. സമാധാനപരമായ സമരങ്ങളുടെ എല്ലാ വഴികളും അടഞ്ഞപ്പോള്‍ സായുധസമരത്തിന്റെ വഴിയും എ.എന്‍.സി. തേടിയിരുന്നു. അക്രമരാഹിത്യത്തെ ജീവിത തത്ത്വശാസ്ത്രമായല്ല, പ്രക്ഷോഭ പാതയിലെ അടവുനയമായാണ് സത്യസന്ധമായി മണ്ടേല കണ്ടിരുന്നത്. എന്നാല്‍ ദക്ഷിണാഫ്രിക്കയിലെ വെള്ളക്കാര്‍ ക്രൂരമായാണ് ഇതിനെ നേരിട്ടത്.
1964ല്‍ റിവോണിയയില്‍ നടന്ന പ്രസിദ്ധമായ വിചാരണയില്‍ മണ്ടേല നടത്തിയ വികാരനിര്‍ഭരമായ പ്രസംഗം ലോകത്തെങ്ങുമുള്ള സ്വാതന്ത്ര്യ സമര പോരാളികളെ ആവേശം കൊള്ളിക്കുന്നതായിരുന്നു. 182 സാക്ഷികള്‍, പതിനായിരക്കണക്കിന് പേജ് തെളിവുകള്‍. എങ്കിലും ഈ തെളിവുകളേക്കാളും സാക്ഷികളേക്കാളും അന്ന് ലോകം ശ്രദ്ധിച്ചത് മണ്ടേല കോടതിയില്‍ ചെയ്ത പ്രസംഗമായിരുന്നു.
''സ്വന്തം ദുരിതങ്ങളില്‍നിന്നും അനുഭവങ്ങളില്‍നിന്നും പ്രചോദിതരായ ആഫ്രിക്കന്‍ ജനതയുടെ പ്രക്ഷോഭമാണിത്. ജീവിക്കാനുള്ള അവകാശത്തിനുവേണ്ടിയുള്ള പ്രക്ഷോഭം. എല്ലാ വ്യക്തികളും തുല്യാവസരങ്ങള്‍ അനുഭവിക്കുന്ന സ്വതന്ത്രവും ജനാധിപത്യപരവുമായ സമൂഹമെന്ന ആദര്‍ശമാതൃകയാണ് ഞാന്‍ ഉള്ളില്‍ കൊണ്ടുനടക്കുന്നത്. ഈ ലക്ഷ്യം നേടാനായി ജീവിക്കാന്‍ കഴിയണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ദൈവം ആഗ്രഹിക്കുകയാണെങ്കില്‍, ഈ ഒരു ലക്ഷ്യത്തിനായി മരിക്കാനും ഞാന്‍ തയ്യാറാണ്.''
പ്രതി കുറ്റവാളിയാണെന്ന് തന്നെയാവും വിധിയെന്ന് ഉറപ്പായിരുന്നു. ദക്ഷിണാഫ്രിക്കന്‍ പീനല്‍ കോഡ് വെച്ച് വധശിക്ഷ വരെ ലഭിച്ചേക്കാവുന്ന കുറ്റവാളി. 1964 ജൂണ്‍ 11-ന് വിധി പ്രസ്താവിച്ച ജസ്റ്റിസ് ക്വാര്‍ട്ടസ് ഡി വെറ്റ് പക്ഷേ, മണ്ടേലയേയും കൂട്ടരെയും രക്തസാക്ഷികളാക്കേണ്ടതില്ല എന്നാണ് നിശ്ചയിച്ചത്. പകരം അദ്ദേഹത്തേയും മറ്റ് എട്ടുപേരെയും ആയുഷ്‌കാലം തടവിലിടാന്‍ ഉത്തരവിട്ടു. അന്ന് 44 വയസ്സായിരുന്നു മണ്ടേലയുടെ പ്രായം. അന്ന് ജയിലറയിലേക്ക് പോയ അദ്ദേഹത്തെ 1990-ല്‍ 71-ാമത്തെ വയസ്സിലാണ് ലോകം പിന്നെ കണ്ടത്.
ഇന്ന് ദക്ഷിണാഫ്രിക്ക സന്ദര്‍ശിക്കുന്ന ഏവരുടെയും പ്രിയപ്പെട്ട സ്ഥലമാണ് മണ്ടേല യെ ഏകാന്ത തടവിലിട്ട റോബിന്‍ ദ്വീപ്. കേപ്ടൗണിന്റെ തീരത്തുനിന്ന് ഏഴ് കിലോമീറ്റര്‍ അകലെ മൂന്ന് കിലോമീറ്റര്‍ നീളവും കഷ്ടിച്ച് രണ്ട് കിലോമീറ്റര്‍ വീതിയും മാത്രമുള്ള ഒരു കൊച്ചുദ്വീപ്. ഭംഗിയുള്ള പ്രകൃതിദൃശ്യങ്ങളൊന്നുമില്ലെങ്കിലും പലയിടത്തും സഞ്ചാരികള്‍ ഭക്തിയും വിനയവും നിശ്ശബ്ദരാകും. ഈ ദ്വീപിലാണ് മണ്ടേല 18 വര്‍ഷം ഏകാന്തതടവ് അനുഭവിച്ചത്.
ആ 18 വര്‍ഷവും നിത്യവും അദ്ദേഹം പകലന്തിയോളം എല്ലുമുറിയെ പണിയെടുക്കുകയായിരുന്നു. കുമ്മായക്കല്ലിന്റെ ക്വാറികളില്‍, നിഷ്ഠൂരമായ വെയിലിന്റെ തിളക്കവും പൊടിപടലങ്ങളും സഹിച്ചുകൊണ്ട് അദ്ദേഹം വെട്ടിയെടുത്ത പാറക്കല്ലുകളുപയോഗിച്ചാണ് ഇപ്പോള്‍ വിനോദസഞ്ചാരികള്‍ നീങ്ങുന്ന ആ റോഡുകളില്‍ ചിലതെല്ലാം നിര്‍മിച്ചത്.
ഈ ദ്വീപിലെ പരമപ്രധാനമായ കാഴ്ചസ്ഥലം മണ്ടേലയെ പാര്‍പ്പിച്ച ഇടുങ്ങിയ സെല്ലാണ്. ആറടി രണ്ടിഞ്ചുകാരനായ മണ്ടേല നിവര്‍ന്ന് കിടന്നാല്‍ തല ഒരു ചുവരിലും പാദം മറുചുവരിലും മുട്ടും. ഏതാണ്ട് 20 വര്‍ഷം തടവില്‍ കഴിഞ്ഞ മണ്ടേലയ്ക്ക് 1985-ലെ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റായ പി.ഡബ്ലിയു. ബോത ഒരു സ്വാതന്ത്ര്യ വാഗ്ദാനം നല്‍കി. ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ് സായുധസമരത്തിന്റെ പാത ഉപേക്ഷിക്കുമെന്ന് ഉറപ്പ് നല്‍കിയാല്‍ അദ്ദേഹത്തെ മോചിപ്പിക്കാമെന്ന്. അവജ്ഞ നിറഞ്ഞ വാക്കുകളിലാണ് മണ്ടേല അത് തിരസ്‌കരിച്ചത് : ''ജനങ്ങളുടെ സംഘടന നിരോധിതമായിരിക്കുന്ന കാലത്ത് എന്ത് സ്വാതന്ത്ര്യമാണ് എനിക്ക് വാഗ്ദാനം ചെയ്യുന്നത്? സ്വതന്ത്രരായ മനുഷ്യര്‍ക്ക് മാത്രമേ ചര്‍ച്ചകള്‍ നടത്താനാവൂ. തടവുകാരന് കരാറുകളിലേര്‍പ്പെടാനാവില്ല''. അങ്ങനെ ആകെ 27 വര്‍ഷം നീണ്ട ജയില്‍വാസം.
1994-ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന ആദ്യത്തെ ജനാധിപത്യ തിരഞ്ഞെടുപ്പില്‍ മലയിടിഞ്ഞു വീഴുന്നതു പോലുള്ള ഭൂരിപക്ഷത്തോടെ മണ്ടേല പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. തന്നെ പതിറ്റാണ്ടുകള്‍ ജയിലലടച്ച് പീഡിപ്പിക്കുകയും തന്റെ ജനതയെ നിറത്തിന്റെ പേരില്‍ ഇല്ലാതാക്കുകയും ചെയ്തവരോട് പ്രതികാരം ചെയ്യാനല്ല മണ്ടേല അധികാരം ഉപയോഗിച്ചത്. വെളുത്തവനും വിവിധ ഗോത്രവര്‍ഗങ്ങളില്‍പ്പെട്ട കറുത്തവരും സ്വരച്ചേര്‍ച്ചയോടെ ജീവിക്കുന്ന റിപ്പബ്ലിക്ക് കെട്ടിപ്പടുക്കാനായിരുന്നു മണ്ടേല പിന്നീടുള്ള അഞ്ച് വര്‍ഷക്കാലം ശ്രമിച്ചത്.
ലോകം കണ്ട മറ്റ് നേതാക്കന്മാരില്‍ നിന്നെല്ലാം പ്രകാശവര്‍ഷങ്ങള്‍ അകലെനിന്ന മണ്ടേല ഭരണത്തിലെ അഞ്ചുവര്‍ഷം പൂര്‍ത്തിയായപ്പോള്‍ രണ്ടാമതൊരു തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍പോലും മിനക്കെട്ടില്ല. 1999-ല്‍ അധികാര രാഷ്ട്രീയത്തിനോട് വിട പറഞ്ഞ മണ്ടേല 2005-ല്‍ പൊതുജീവിതത്തിനോടും വിട പറഞ്ഞു. പിന്നെയും ഏഴുവര്‍ഷം കഴിഞ്ഞാണ് 2012-ല്‍ മണ്ടേല ശ്വാസകോശത്തിലെ അണുബാധയെത്തുടര്‍ന്ന് ആസ്പത്രിയിലായത്.
2013 ഡിസംബര്‍ 5-ന് അദ്ദേഹം അന്തരിച്ചു.
'ദ ലോങ് വാക്ക് ടു ഫ്രീഡം' എന്ന അദ്ദേഹത്തിന്റെ ആത്മകഥ എഴുതാന്‍ സഹായിച്ച റിച്ചാഡ് സ്റ്റെംഗല്‍ മൂന്നുവര്‍ഷം ഈ ജോലിക്ക് ചെലവഴിച്ചു. അതിനുശേഷം സ്റ്റെംഗല്‍ ഇങ്ങനെ എഴുതി:
"മണ്ടേലയുടെ ഒപ്പം സമയം ചെലവഴിച്ച ആരും സമ്മതിക്കും അതൊരു വിശേഷ ആനുകൂല്യം മാത്രമല്ല വലിയൊരു ആനന്ദം കൂടിയാണെന്ന്. അദ്ദേഹത്തിന്റെ സാന്നിധ്യം തന്നെ ഒരു പ്രകാശമാണ്. നിങ്ങള്‍ക്ക് കുറച്ചുകൂടി ഉയരമുണ്ടെന്ന് തോന്നും, നിങ്ങള്‍ കുറച്ചുകൂടി വലിയവനാണെന്നും... ഞാനദ്ദേഹത്തെ സ്നേഹിച്ചു. എന്റെ ജീവിതത്തില്‍ സംഭവിച്ച പല നന്മകളുടെയും കാരണക്കാരന്‍ അദ്ദേഹമായിരുന്നു. പുസ്തകം പൂര്‍ത്തിയാക്കി ഞാന്‍ അദ്ദേഹത്തോട് വിട പറഞ്ഞപ്പോള്‍ ജീവിതത്തില്‍ സൂര്യന്‍ അസ്തമിച്ചതു പോലെയാണെനിക്ക് തോന്നിയത്..."
Content Highlights: Nelson Mandela Death Anniversary