നെല്ലിയോട് വാസുദേവന്‍ നമ്പൂതിരിയ്ക്ക് ആദരാഞ്ജലികള്‍. എക്കാലത്തെയും മനുഷ്യാവസ്ഥകള്‍ മൂര്‍ത്തരൂപം പ്രാപിച്ചതുപോലെയുള്ള കഥാപാത്രങ്ങളുടെ ലോകത്താണ് നെല്ലിയോട് വാസുദേവന്‍ നമ്പൂതിരി ജീവിച്ചത്. അതുകൊണ്ടുതന്നെ ആ കഥാപാത്രങ്ങളുടെ ചില അപരഭാവങ്ങളും അദ്ദേഹത്തിന്റെ അവതരണത്തില്‍ പ്രത്യക്ഷപ്പെടുന്നതു കാണാം.

ചുറ്റുപാടുമുള്ള ഭൗതികപ്രപഞ്ചം ഇരുളില്‍ മറഞ്ഞപ്പോഴേക്കും കഥകളിയരങ്ങില്‍ തിരി തെളിഞ്ഞുകഴിഞ്ഞിരിക്കുന്നു. കഥ നളചരിതം രണ്ടാംദിവസം. ഇടയില്‍ വന്ന ഇടരെല്ലാം നിലച്ച് ഒരുമിച്ചതിന്റെ ആഹ്ലാദത്തില്‍ നളനും ദമയന്തിയുമൊത്തുള്ള പ്രണയരംഗം. പക്ഷേ, ദമയന്തിയുടെ ലജ്ജയല്ലാതെ തനിക്കു മറ്റു ശത്രുക്കളൊന്നുമില്ലെന്ന നളന്റെ ആത്മവിശ്വാസത്തിനു വെല്ലുവിളിയാകുന്നു അടുത്ത രംഗം. രാത്രിമയക്കത്തിന്റെ ചുറ്റുപാടുകളെ കിടിലം കൊള്ളിച്ചുകൊണ്ടുയരുന്ന ഉദ്ധതമായ അലര്‍ച്ചയോടെയാണ് അതിന്റെ തുടക്കം. താമസമൂര്‍ത്തിയായ കലിയുടെ തിരനോട്ടം. കളിവിളക്കിന്റെ വെളിച്ചത്തിലാളുന്ന തീക്ഷ്ണമായ കണ്ണുകള്‍. മുഖത്തും ഉടയാടകളിലുമുള്ള കറുപ്പുനിറത്തിനിടയില്‍ തിളങ്ങുന്ന വെളുത്ത ദംഷ്ട്രകള്‍. ഉച്ചത്തിലുള്ള വാദ്യമേളത്തെ വീണ്ടും പെരുപ്പിക്കുന്ന ചടുലചലനങ്ങള്‍. ദമയന്തീസ്വയംവരം കഴിഞ്ഞതറിയാതെ അവളെ സ്വന്തമാക്കാനുള്ള കലിയുടെ പുറപ്പാടാണ്. കാമക്രോധലോഭമോഹങ്ങളുടെ സൈന്യമാണ് അയാള്‍ക്ക് അകമ്പടി.കലി, നെല്ലിയോട് വാസുദേവന്‍ നമ്പൂതിരി.

കലിയും ദുശ്ശാസനനും

അരങ്ങില്‍ക്കണ്ട ഉഗ്രമൂര്‍ത്തി പിറ്റേന്നു പുലര്‍ച്ചെ തങ്ങള്‍ക്കൊപ്പം ബസ് കാത്തുനില്‍ക്കുന്നതുകണ്ട ചില പ്രേക്ഷകര്‍ വിസ്മയിക്കുന്നു: നന്നേ മെലിഞ്ഞ ശരീരത്തില്‍ പറ്റിച്ചേര്‍ന്ന ജുബ്ബയും മുണ്ടുമായി നില്‍ക്കുന്ന ഈ മനുഷ്യനാണോ തലേന്ന് ആസുരഭാവങ്ങളുടെ ആത്യന്തികതയായി അരങ്ങില്‍ നിറഞ്ഞത്? ഉയര്‍ന്ന നെറ്റിത്തടവും വലുപ്പമല്പം കൂടുതലുള്ള മൂക്കും നീണ്ട മുഖവും പെട്ടെന്നു തിരിച്ചറിയാനായെങ്കിലും കൃശഗാത്രനും സൗമ്യനും സാത്ത്വികപ്രകൃതിയുമായ ആ മനുഷ്യന്റെ രൂപാന്തരപ്രാപ്തി അവര്‍ക്കു വിശ്വസിക്കാനായെന്നു വരില്ല. ഈ വൈരുധ്യത്തിലെ നാടകീയത തിരിച്ചറിഞ്ഞുകൊണ്ടാണ് കാവാലം നാരായണപ്പണിക്കര്‍ കലിസന്തരണം എന്ന കവിതയും കലിവേഷം എന്ന നാടകവും എഴുതിയത്. ഏതു നടന്റെയും ആത്മസംഘര്‍ഷമാണതിലുള്ളത്. 'കലിബാധ സമൂഹത്തില്‍ കണ്ണെത്തുംദിക്കിലൊക്കെയും കണ്ടുപേടിച്ചരണ്ട' നടനിലാണ് അതേ വേഷമവതരിപ്പിക്കേണ്ട ബാധ്യത വന്നുചേരുന്നത്. നെല്ലിയോടില്‍നിന്നു പ്രചോദനമുള്‍ക്കൊണ്ടു രചിച്ചതെന്നു കവിതന്നെ പറയുന്ന ആ കവിതയില്‍ ഇങ്ങനെ കാണാം: /ഇനിമേല്‍ നീചവേഷങ്ങള്‍ / വേണ്ടെന്നുള്ളില്‍ നിനയ്ക്കിലും/താന്‍തന്നെ കലിയാകണം./ കലിയല്ലെങ്കിലോ ദുശ്ശാസനവേഷത്തില്‍ ദ്രൗപദീ/ വസ്ത്രാക്ഷേപം നടിക്കണം.'/

അങ്ങനെ നെല്ലിയോട് ദുശ്ശാസനനുമായി. രജസ്വലയായ പാഞ്ചാലിയെ വലിച്ചിഴച്ചു സഭയിലെത്തിച്ചു. അശ്ലീലം നിറഞ്ഞ ഒരട്ടഹാസത്തോടെ അവളെ വസ്ത്രാക്ഷേപം ചെയ്തു. അവള്‍ നല്‍കിയ ഉഗ്രശാപത്തെ ഉത്തരീയത്തിന്റെ തുമ്പ് ഒരു കുമ്പിള്‍പോലെ വിടര്‍ത്തിനീട്ടി പരിഹാസത്തോടെ ഏറ്റുവാങ്ങി. ഒടുവില്‍, ആ വസ്ത്രാക്ഷേപവും ആക്ഷേപവാക്കുകളും സ്മരിച്ച്, തന്റെ ആജന്മശത്രുവായ ദുശ്ശാസനനെവിടെ എന്നു തിരഞ്ഞുകൊണ്ടു പ്രത്യക്ഷപ്പെടുന്ന രൗദ്രഭീമനോട് അതേ വീര്യത്തോടെ പൊരുതിനിന്നു. കലാമണ്ഡലം ഗോപിയുടെ രൗദ്രഭീമനും നെല്ലിയോടിന്റെ ദുശ്ശാസനനുമായുള്ള ആ രംഗം ഒരുകാലത്ത് കാണികളുടെ ഹരമായിരുന്നു. സമാനതകളില്ലാത്ത രണ്ട് ഉഗ്രമൂര്‍ത്തികളുടെ ഏറ്റുമുട്ടല്‍!

ആ ചുവന്നതാടികള്‍

ഓരോ കഥാപാത്രത്തെയും സൂക്ഷ്മമായും സമഗ്രമായും ഉള്‍ക്കൊള്ളുന്നതിന് അദ്ദേഹത്തെ സഹായിക്കുന്നത് അപാരമായ പുരാണപരിചയമാണ്. എക്കാലത്തെയും മനുഷ്യാവസ്ഥകള്‍ മൂര്‍ത്തരൂപം പ്രാപിച്ചതുപോലെയുള്ള കഥാപാത്രങ്ങളുടെ ലോകത്താണ് അദ്ദേഹം ജീവിച്ചത്. അതുകൊണ്ടുതന്നെ ആ കഥാപാത്രങ്ങളുടെ ചില അപരഭാവങ്ങളും അദ്ദേഹത്തിന്റെ അവതരണത്തില്‍ പ്രത്യക്ഷപ്പെടുന്നതു കാണാം. യുദ്ധത്തിനു പുറപ്പെടുന്ന ദുശ്ശാസനന്‍, മരണം എന്ന അനിവാര്യതയെ മുന്നില്‍ക്കണ്ടുകൊണ്ടാണ് ദുര്യോധനനോടു യാത്രപറയുന്നതെന്നു തോന്നും. അത്തരത്തില്‍ ആ രംഗം വേര്‍പാടിന്റെ ദാരുണതയാണു കാണികളിലേക്കു പകരുന്നത്. ഉത്തരാസ്വയംവരത്തില്‍ ദുര്യോധനന്റെ നിര്‍ദേശമനുസരിച്ച് വിരാടരാജാവിന്റെ ഗോധനം അപഹരിക്കാന്‍ പുറപ്പെടുന്ന നെല്ലിയോടിന്റെ ത്രിഗര്‍ത്തന്‍ ഏതു ദിക്കിലേക്കാണു പോകേണ്ടതെന്നറിയാതെ കുഴങ്ങുന്നു. ചാക്യാര്‍കൂത്തിലെ ഒരു സന്ദര്‍ഭമോര്‍മിച്ചുകൊണ്ട്, 'മൂക്കിനു നേരേ നടക്കാം' എന്നു തീരുമാനിക്കുന്നിടത്ത് അദ്ദേഹത്തിലെ നര്‍മവും ഒപ്പം ഇതരകലകളുമായുള്ള ബന്ധവും നമുക്ക് അനുഭവവേദ്യമാകുന്നു.

ബാലിയാണ് അദ്ദേഹത്തിന്റെ മറ്റൊരു പ്രധാനകഥാപാത്രം. ബാലിയുടെ പൂര്‍വകഥാസ്മരണത്തില്‍, പതിവുള്ള പാലാഴിമഥനം കൂടാതെ രാവണോദ്ഭവം, ബാലിവിജയം എന്നീ കഥകളും അദ്ദേഹം ചുരുക്കി അഭിനയിച്ചുകാണാറുണ്ട്. ഒളിയമ്പേറ്റുവീണ ബാലിയുടെ 'രാഘവാ നരപതേ', 'ബാധിതസ്യ സായകേന' എന്നീ പദങ്ങളുടെ അവതരണത്തില്‍ വാല്മീകിരാമായണത്തിലെ കിഷ്‌കിന്ധാകാണ്ഡത്തിലെയും അഭിഷേകനാടകത്തിലെയും സമാനസന്ദര്‍ഭങ്ങളുടെ സ്വാധീനവും പ്രകടമാണ്. ചുവന്ന താടി വേഷക്കാരനായിരുന്ന എന്റെ മുത്തച്ഛന്‍ കുറൂര്‍ വാസുദേവന്‍ നമ്പൂതിരിയുടെ ബാലിക്കൊപ്പം നെല്ലിയോടിന്റെ സുഗ്രീവനും ചെറുപ്പകാലത്തു ധാരാളം കണ്ടിട്ടുണ്ട്. രാജസൂയത്തിലെ ജരാസന്ധനാണ് അദ്ദേഹത്തിന്റെ മറ്റൊരു പ്രസിദ്ധവേഷം. അതിലെ 'ചൊല്ലിയതബദ്ധം' എന്ന പദഭാഗത്തുള്‍പ്പെടെ തന്റെ മുന്‍ഗാമിയായ വെള്ളിനേഴി നാണുനായരുടെ അവതരണത്തെയാണ് നെല്ലിയോടും പിന്‍പറ്റിയിരുന്നത് എന്നു വ്യക്തം. ദക്ഷയാഗത്തിലെ വീരഭദ്രന്‍, രാവണോദ്ഭവത്തിലെ മാലി, നരകാസുരവധത്തിലെ നരകാസുരന്‍, നിഴല്‍ക്കുത്തിലെ ത്രിഗര്‍ത്തന്‍ എന്നിങ്ങനെ എല്ലാ ചുവന്നതാടി വേഷങ്ങളും അദ്ദേഹത്തിന്റെ അവതരണത്തിലൂടെ സവിശേഷശോഭയാര്‍ജിച്ചിരുന്നു.

ഹാസ്യവും രൗദ്രവും

തോരണയുദ്ധത്തിലെയും കല്യാണസൗഗന്ധികത്തിലെയും ലവണാസുരവധത്തിലെയും ഹനുമാനായി അദ്ദേഹം പലകുറി അരങ്ങിലെത്തി. സിംഹിക, നക്രതുണ്ഡി തുടങ്ങിയ പെണ്‍കരിവേഷങ്ങളും അവരുടെ കുചനാസികകള്‍ ഛേദിക്കപ്പെട്ട ബീഭത്സരൂപമായ നിണവും അവതരിപ്പിച്ച് അദ്ദേഹം പ്രേക്ഷകരെ ഭയചകിതരാക്കി. ഈ കഥാപാത്രങ്ങളുടെ രംഗങ്ങളില്‍ ആദ്യഭാഗത്തുള്ള ഹാസ്യവും പിന്നീടുള്ള രൗദ്രവും തുടര്‍ന്നുള്ള ദയനീയതയും അദ്ദേഹം അനായാസം ആവിഷ്‌കരിച്ചു. നളചരിതത്തിലെയും കിരാതത്തിലെയും കാട്ടാളനും അദ്ദേഹത്തിന്റെ പ്രധാനവേഷങ്ങളില്‍പ്പെടുന്നു. കുചേലവൃത്തത്തിലെ കുചേലനെ നെല്ലിയോട് രൂപംകൊണ്ടും ഭാവംകൊണ്ടും അവിസ്മരണീയമാക്കി. അവസാനകാലത്ത് അദ്ദേഹം ഏറെക്കെട്ടിയ വേഷം ഇതാണ്. സന്താനഗോപാലത്തിലെ ബ്രാഹ്മണന്‍, ബാലി വിജയത്തിലെ നാരദന്‍ തുടങ്ങിയ മറ്റു മിനുക്കുവേഷങ്ങളിലും കൃതഹസ്തനായിരുന്ന നെല്ലിയോട്, ബകവധത്തിലെ ആശാരിയെ അവതരിപ്പിച്ചപ്പോഴൊക്കെ നര്‍മം അതിരുവിടാതിരിക്കാന്‍ ശ്രദ്ധിച്ചു. ആശാരിയായി രംഗത്തെത്തിയപ്പോള്‍, തന്റെ ഗുരുനാഥന്‍ വാഴേങ്കട കുഞ്ചുനായരുടെയും ആശാനായ ആശാരിക്കോപ്പന്റെ അവതരണരീതിയിലെ സാരസ്യത്തെയാണ് അദ്ദേഹവും മാതൃകയാക്കിയത്.

nelliyode vasudevan namboodiri

ആടോപതാണ്ഡവം

ആദ്യം കോട്ടയ്ക്കലും പിന്നെ കലാമണ്ഡലത്തിലുമായി അഭ്യസനം നടത്തിയ നെല്ലിയോട് കഥകളിയിലെ എല്ലാ പ്രധാനകഥാപാത്രങ്ങളും ചൊല്ലിയാടിയിട്ടുണ്ട്. പദ്മശ്രീ വാഴേങ്കട കുഞ്ചുനായരുടെ ഔചിത്യവും പല മേഖലകളിലുള്ള പരിജ്ഞാനവും അദ്ദേഹത്തിലേക്കും പകര്‍ന്നുകിട്ടി. പലപ്പോഴും ഊക്ക്, നോക്ക്, അലര്‍ച്ച, പകര്‍ച്ച എന്നിങ്ങനെ അടിസ്ഥാനഗുണങ്ങളില്‍ മാത്രം ഒതുങ്ങിനിന്നിരുന്ന താടിവേഷങ്ങളെ മിഴിവുള്ള കഥാപാത്രങ്ങളായി വളര്‍ത്തിയെടുത്തതില്‍ നെല്ലിയോടിനുള്ള പങ്ക് വളരെ വലുതാണ്. ചുവന്നതാടി വേഷത്തിനു പുറപ്പാടു ചിട്ടപ്പെടുത്തിക്കൊണ്ട് അത്തരം വേഷങ്ങളുടെ പ്രാധാന്യം അദ്ദേഹം ഒന്നുകൂടി ഓര്‍മപ്പെടുത്തി. ആടോപതാണ്ഡവം എന്ന അദ്ദേഹത്തിന്റെ പുസ്തകവും അതേ ഉദ്ദേശ്യത്തില്‍ രചിക്കപ്പെട്ടതാണ്.

ഒട്ടുമിക്ക വിദേശരാജ്യങ്ങളിലും കഥകളിയവതരിപ്പിച്ചിട്ടുള്ള നെല്ലിയോട് സെര്‍വാന്തസ്സിന്റെ ഡോണ്‍ കിഹോത്തെയെ ആ കഥാപാത്രത്തിന്റെ ജന്മദേശമായ സ്‌പെയിനില്‍ത്തന്നെ അവതരിപ്പിച്ച് ആസ്വാദകപ്രശംസ നേടി. കവിതാരചനയിലും തത്പരനായിരുന്ന അദ്ദേഹം അക്ഷരശ്ലോകരംഗത്ത് സജീവമായിരുന്നു. രാസക്രീഡ എന്ന ആട്ടക്കഥയും ശ്രീരാമോദന്തം, ശ്രീകൃഷ്ണവിലാസം, നാരായണീയം എന്നീ കാവ്യങ്ങളുടെ വിവര്‍ത്തനവുമാണ് കവിതാരംഗത്തുള്ള അദ്ദേഹത്തിന്റെ സംഭാവനകള്‍.

ഗോവിന്ദാ മുക്തിം ദേഹി

താടിവേഷങ്ങളില്‍ നായകസ്ഥാനമുള്ള ബാലിയായിരുന്നു നെല്ലിയോടിന്റെ ഇഷ്ടവേഷം. ഒളിയമ്പേറ്റു വീഴുമ്പോള്‍ ശ്രീരാമന്റെ ധര്‍മബോധത്തെ നിശിതമായി ചോദ്യംചെയ്യുകയും തുടര്‍ന്ന് രാമബാണമേറ്റു മുക്തിപ്രാപിക്കുകയും ചെയ്യുന്ന ആ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാവണം ജീവിതത്തിന്റെയും അരങ്ങൊഴിയേണ്ടതെന്ന് അദ്ദേഹം ആഗ്രഹിച്ചു. ബാലിയുടെ അവസാനപദത്തിലെ 'ഗോവിന്ദാ മുക്തിം ദേഹി' എന്ന ഭാഗം ഉച്ചരിച്ചുകൊണ്ടാണ് അദ്ദേഹവും ഈ ലോകം വെടിഞ്ഞതെന്ന് ആ സമയം അടുത്തുണ്ടായവരില്‍നിന്നറിയുന്നു. ബഹുമുഖമായ ഒരു ജീവിതത്തെ അങ്ങനെയാണ് അദ്ദേഹം പൂര്‍ണമാക്കിയത്.

Content Highlights: Nelliyode Vasudevan Namboodiri kathakali and life