ലയാളിയുടെ പ്രിയപ്പെട്ട കഥാകൃത്തുക്കളിലൊരാളായ മുണ്ടൂര്‍ കൃഷ്ണന്‍ കുട്ടി നമ്മോട് വിടപറഞ്ഞിട്ട് 16 വര്‍ഷം പിന്നിടുകയാണ്. സിനിമ സീരീയല്‍ രംഗത്തും സജീവമായിരുന്നു മുണ്ടൂര്‍. ആശ്വാസത്തിന്റെ മന്ത്രച്ചരട് എന്ന കൃതിക്ക് 1997-ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡും എന്നെ വെറുതെ വിട്ടാലും എന്ന കൃതിക്ക് 2002-ല്‍ ഓടക്കുഴല്‍ അവാര്‍ഡും ലഭിച്ചിട്ടുണ്ട്. 1996-ല്‍ നിലാപിശുക്കുള്ള രാത്രിയില്‍ എന്ന കൃതിക്ക് ചെറുകാട് അവാര്‍ഡും ലഭിച്ചു.

1935 ജൂലായ് 17-ന് പാലക്കാട് ജില്ലയിലെ മുണ്ടൂരില്‍ മണക്കുളങ്ങര ഗോവിന്ദപിഷാരടിയുടെയും അനുപുരത്ത് മാധവി പിഷാരസ്യാരുടെയും മകനായി ജനിച്ചു. ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം നേടി. വിദ്യാഭ്യാസ വകുപ്പില്‍ ക്ലാര്‍ക്കായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. ഹൈസ്‌കൂള്‍ അധ്യാപകനായിട്ടായിരുന്നു ഔദ്യോഗിക ജീവിതം അവസാനിപ്പിച്ചത്. കോട്ടയത്തുനിന്നു പ്രസിദ്ധീകരികരിക്കുന്ന 'സഖി' വാരികയുടെ പത്രാധിപരായിരുന്നു. 

1957-ല്‍ മാതൃഭൂമി ആഴ്ച്ചപതിപ്പില്‍ വന്ന 'അമ്പലവാസികള്‍' ആണ് പ്രസിദ്ധീകരിച്ച ആദ്യ കഥ. ഭാര്യയുടെ പേര് കെ.പി. രാധ. ഒരു മകനുണ്ട് - ദിലീപന്‍. തന്റെ 70-ആം വയസ്സില്‍ 2005 ജൂണ്‍ 4-ന് സ്വവസതിയില്‍ വച്ച് കരള്‍ രോഗം ബാധിച്ച് അദ്ദേഹം അന്തരിച്ചു. ഭാര്യയുടെ ഓര്‍മ്മകളിലാണ് 'ഒരു ലക്ഷണം കെട്ടവന്റെ വേദാന്തം', 'മൂന്നാമതൊരാള്‍' എന്നീ കഥകള്‍ അദ്ദേഹമെഴുതിയത്.

ലോകത്തിലെ ഏറ്റവും മികച്ച പത്തു കഥകളില്‍ ഒന്നായി മൂന്നാമതൊരാള്‍ എന്ന കഥയെ ടി പത്മനാഭന്‍ പ്രകീര്‍ത്തിച്ചിട്ടുണ്ട്. ഏകാകി, മനസ്സ് എന്ന ഭാരം, മാതുവിന്റെ കൃഷ്ണത്തണുപ്പ് (നോവല്‍), മൂന്നാമതൊരാള്‍, എന്നെ വെറുതെ വിട്ടാലും, കഥാപുരുഷന്‍, അവശേഷിപ്പിന്റെ പക്ഷി, അമ്മയ്ക്കു വേണ്ടി, എത്രത്തോളമെന്നറിയാതെ, തന്നിഷ്ടത്തിന്റെ വഴിത്തപ്പുകള്‍, ഒരു അധ്യാപകന്റെ ആത്മഗതങ്ങള്‍ (കുറിപ്പുകള്‍) എന്നിവയാണ് മറ്റ് കൃതികള്‍. കേരള സാഹിത്യ അക്കാദമി അംഗമായും, ലക്കിടി കുഞ്ചന്‍ സ്മാരകത്തിന്റെ ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പത്രപ്രവര്‍ത്തനരംഗത്തും തന്റേതായ സംഭാവന നല്‍കി.

പുസ്തകങ്ങള്‍ ഓണ്‍ലൈനില്‍ വാങ്ങാം

Content Highlights: Mundoor Krishnankutty 16 th Death Anniversary