കുറെ കൊല്ലങ്ങള്‍ക്കുമുമ്പാണ്. കൊല്ലൂര്‍ മൂകാംബികയില്‍ സുബ്ബുരായ അഡിഗയുടെ ഗസ്റ്റ്ഹൗസിലേക്ക് കയറിച്ചെല്ലുമ്പോള്‍ അവിടെനിന്ന് വാസുവേട്ടന്‍ (എം.ടി. വാസുദേവന്‍നായര്‍) ഇറങ്ങിവരുന്നു. കര്‍ക്കടകത്തിലെ ഉത്രട്ടാതിയാണ് അദ്ദേഹത്തിന്റെ പിറന്നാള്‍. തൊട്ടടുത്താണ് എന്റെ നാളായ രേവതി. പിറന്നാളിന് മൂകാംബികാസന്നിധിയിലെത്തുന്നത് പതിവാണ്. അവിടെനിന്നാണല്ലോ 'ദേവദുന്ദുഭീ സാന്ദ്രലയം' പിറന്നത്.

കഴിഞ്ഞതിനുമുമ്പിലത്തെ വര്‍ഷം മൂകാംബികയില്‍വെച്ച് വാസുവേട്ടനെ വിളിച്ചു, 'ഇക്കുറി വന്നില്ലേ' എന്നന്വേഷിച്ച്. വയ്യാത്തതുകൊണ്ട് വന്നില്ല എന്നുമറുപടി.

വാസുവേട്ടനൊപ്പം എന്റെ പേരുപറയാന്‍ എന്താണ് അര്‍ഹത? എനിക്ക് ജീവിതത്തില്‍ ഏറ്റവും ആരാധനയുള്ളത് മൂന്നുപേരോടാണ്. വാസുവേട്ടന്‍, ബാലമുരളീകൃഷ്ണ, ദാസേട്ടന്‍. ഇവരോടൊപ്പമൊന്നും ചേര്‍ത്തുപറയാന്‍ എനിക്ക് ഒരു യോഗ്യതയുമില്ല. എന്നാല്‍, അവര്‍ക്കൊപ്പം മൂകാംബികാദേവി എന്നെ കൊണ്ടിരുത്തി. അവരുമായി അടുത്തിടപഴകാന്‍ അവസരമുണ്ടാക്കി. 'ഉഴന്‍ട്രു തിരൈന്ത എന്നെ ഉത്തമനാക്കി വെയ്ത്തായ്, ഉയരിയ പെരിയോരുടന്‍ ഒന്‍ട്രിടകൂട്ടിവെയ്ത്തായ്' എന്ന് കീര്‍ത്തനത്തില്‍ പറയുന്നില്ലേ, അതുപോലെ.

വാസുവേട്ടന്റെ പുസ്തകങ്ങളോടുള്ള ആരാധന ചെറുപ്പംമുതലുണ്ട്. പതിമ്മൂന്നാമത്തെ വയസ്സില്‍, എട്ടാംക്ലാസില്‍ പഠിക്കുമ്പോള്‍ 'മഞ്ഞ്' ഇറങ്ങിയപ്പോള്‍ത്തന്നെ അത് വായിക്കാനായി. മാതമംഗലം ജ്ഞാനഭാരതി ഗ്രന്ഥാലയത്തില്‍നിന്ന് തമ്പാനേട്ടനാണ് അതെടുത്തുതന്നത്. കുടുംബത്തിലെല്ലാവരും അദ്ദേഹത്തിന്റെ എഴുത്തിന്റെ ആരാധകരായിരുന്നു.

'കാലം' മുതല്‍ 'രണ്ടാമൂഴം' വരെയുള്ള അദ്ദേഹത്തിന്റെ കൃതികളിലെ കഥാപാത്രങ്ങളുടെ ആന്തരികലോകവും എന്റെ ആന്തരികലോകവും ഒരുപോലെത്തന്നെ. അവര്‍തന്നെയാണ് ഞാന്‍ എന്ന് എപ്പോഴും തോന്നും. എന്തും സഹിക്കാനും ഏതിനെയും നേരിടാനും എതിര്‍പ്പുകളെ മറികടക്കാനുമുള്ള ഉള്‍ക്കരുത്തുനല്‍കി ആ കഥാപാത്രങ്ങള്‍. ജീവിതത്തിന്റെ തുടക്കത്തില്‍ അതേ മട്ടിലായിരുന്നല്ലോ ഞാനും.

തലശ്ശേരി പൊന്ന്യത്തുള്ള അമ്പലത്തില്‍ ശാന്തിപ്പണിയുമായി കഴിയുന്ന കാലത്താണ് വാസുവേട്ടനെ നേരില്‍ കാണുന്നത്. സാഹിത്യസമിതിയുടെ സമ്മേളനങ്ങളില്‍ പ്രസംഗിക്കുന്നത്. 'മാതൃഭൂമി'യില്‍ എത്തിയശേഷവും അദ്ദേഹത്തെ നേരില്‍ ചെന്നുകാണാനും സംസാരിക്കാനും പേടിയായിരുന്നു. എത്ര മഹാനായൊരാളാണ് അദ്ദേഹം!

ലെനിന്‍ രാജേന്ദ്രന്‍ സംവിധാനംചെയ്ത 'സ്വാതിതിരുനാള്‍' എന്ന സിനിമ കണ്ടശേഷം എന്നെ വാസുവേട്ടന്‍ വിളിപ്പിച്ചു. കോഴിക്കോട് പാരമൗണ്ട് ടവറിലായിരുന്നു ആ കൂടിക്കാഴ്ച. 'വൈശാലി' എന്ന ചിത്രത്തിലെ ഒരു വേഷത്തെക്കുറിച്ചുള്ള ആലോചനയിലായിരുന്നു അത്. സംവിധായകന്‍ ഭരതേട്ടനെ ചെന്നുകാണാനും പറഞ്ഞു.

വാസുവേട്ടനുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ക്ക് എന്നെയും വിളിക്കാന്‍ തുടങ്ങി. അടുത്തിടപഴകാന്‍ ധാരാളം അവസരങ്ങള്‍ കിട്ടി. 'ഒരു വടക്കന്‍ വീരഗാഥ'യ്ക്കും 'താഴ്വാര'ത്തിനുംവേണ്ടി എഴുതി. 'എന്നുസ്വന്തം ജാനകിക്കുട്ടി', 'തീര്‍ഥാടനം' എന്നീ സിനിമകള്‍ക്കുവേണ്ടി ഗാനരചനയും സംഗീതസംവിധാനവും നിര്‍വഹിക്കാനും അവസരമുണ്ടായി.

Contnent Highlights: MT Vasudevan Nair Bithday Kaithapram Damodaran Namboothiri