എം.പി. വീരേന്ദ്രകുമാര്‍ വിട പറഞ്ഞിട്ട് മേയ് 28-ന് ഒരുവര്‍ഷമാവുകയാണ്. വാക്കുകള്‍കൊണ്ടും കര്‍മങ്ങള്‍ കൊണ്ടും നിറഞ്ഞുനിന്നിരുന്ന മനുഷ്യര്‍ വിടപറഞ്ഞുപോവു?േമ്പാഴാണ് വിയോഗത്തിന്റെ വലുപ്പവും ആഴവും മനസ്സിലാവുക. വീരേന്ദ്രകുമാറുമായി ആത്മാര്‍ഥമായ സൗഹൃദവും പരസ്പരാദരവും പുലര്‍ത്തിയിരുന്ന ഒരാളുടെ കുറിപ്പാണിത്. ഇതില്‍ വേദനയുണ്ട്, ഒപ്പം ഇരുവരുടെയും ബന്ധത്തെ വിളക്കിനിര്‍ത്തിയിരുന്നതും എല്ലാ വേദനകളെയും ലഘൂകരിക്കുന്നതുമായ മധുര നര്‍മമുണ്ട്...

ടുപ്പമുള്ളവരൊക്കെ വീരന്‍ എന്നു വിളിച്ച എം.പി. വീരേന്ദ്രകുമാര്‍ ഇല്ലാതെ ഒരു വര്‍ഷം കടന്നുപോകുന്നു. ദുരിതപൂര്‍ണവും സംഭവബഹുലവുമായ ഒരു വര്‍ഷം ആയിരുന്നല്ലോ ഇത്. മലയാളക്കരയുടെ ചരിത്രത്തിലാദ്യമായി ഇടതുപക്ഷത്തിന് തുടര്‍ ഭരണംകൂടി ലഭിച്ചിരിക്കുന്നു. ന്യൂനമര്‍ദസ്വാധീനത്തില്‍ രാഷ്ട്രീയ കാലാവസ്ഥ പ്രക്ഷുബ്ധവുമായിരിക്കുന്നു.

ഒരിക്കലും മായാത്ത ഒരു നിറനര്‍മച്ചിരിയായിരുന്നു വീരന്‍. ഒരു ജ്ഞാനവൃദ്ധന്റെ പക്വതയും ഒരിക്കലും പ്രായപൂര്‍ത്തിയാകാത്ത ഒരു കുട്ടിയുടെ കുസൃതിയും ആ ചിരിയില്‍ ഒപ്പമുണ്ടായിരുന്നു. സര്‍വോപരി നിസ്സംഗമായ ജീവിതവീക്ഷണത്തിന്റെ ശുദ്ധിയും. ഞാന്‍ അദ്ദേഹത്തെ ഇഷ്ടപ്പെട്ടതിന്റെ പ്രധാന കാരണവും മറ്റൊന്നല്ല. ഏത് കളിയില്‍ തോറ്റാലും ജയിച്ചാലും ആ നര്‍മം അതുപോലെ നിലനിന്നു. ഏറ്റവും നല്ല ഉദാഹരണം അദ്ദേഹത്തിന്റെ രാഷ്ട്രീയനിലപാടുകളും അതിന്റെ പരിണതികളുംതന്നെ.

ഇതു സംബന്ധിച്ച് ഞാനദ്ദേഹത്തോട് ഒരിക്കല്‍ ഒരു കഥ പറയുകയുണ്ടായി: 'ഞങ്ങളുടെ നാട്ടിലെ ഓതിക്കന്‍ തിരുമേനി സൈക്കിള്‍ ചവിട്ടിയ കഥ. ബുദ്ധിസ്ഥിരത ഇല്ലാത്ത പഞ്ചുമേനോന്‍ മാത്രമേ അപ്പോള്‍ നിരത്തില്‍ ഉണ്ടായിരുന്നുള്ളൂ. പക്ഷേ, ആളുകള്‍ എന്തിന് ഏറെ? തിരുമേനി മേനോന്റെ വലതു മാറി പോകാന്‍ നോക്കുമ്പോള്‍ മേനോന്‍ വലത്തോട്ട് മാറും തിരുമേനി ഇടതു മാറുമ്പോള്‍ മേനോന്‍ ഇടത്തോട്ടും. ചുരുക്കത്തില്‍, തിരുമേനി ചെന്ന് മേനോന്റെ ദേഹത്തില്‍ നേര്‍ക്കുനേര്‍ മുട്ടി. നല്ല കാലത്തിന് മേനോന് ബുദ്ധിക്കേ ബലക്ഷയം ഉണ്ടായിരുന്നുള്ളൂ. താന്‍ വീണില്ല എന്നല്ല അദ്ദേഹം തിരുമേനിയെ വീഴാതെ പിടിച്ചു നിര്‍ത്തുകയും ചെയ്തു!' എന്റെ രണ്ടു കൈകളും വാരിയെടുത്ത് ഉറക്കെ ഒരു പൊട്ടിച്ചിരിയായിരുന്നു പ്രതികരണം.

ലോകം മുഴുക്കെ സുഹൃത്തുക്കളുള്ള ഒരാളായിരുന്നു. ഇതാണല്ലോ പ്രകൃതം, അദ്ഭുതമൊന്നുമില്ല. മാത്രമല്ല സൗഹൃദത്തിന് വളരെയേറെ വിലകല്പിച്ചു അദ്ദേഹം. ഞാന്‍ ദൈവം ഒന്നുമല്ല, എനിക്ക് ആഗ്രഹങ്ങള്‍ ഉണ്ട്, പക്ഷേ, അതൊന്നും നിങ്ങളോടുള്ള സ്‌നേഹത്തെക്കാള്‍ വലുതല്ല എന്ന് അദ്ദേഹം ആ ചിരികൊണ്ട് എപ്പോഴും സൂചിപ്പിച്ചു. പക്ഷേ, ആ ചിരിക്കുപോലും അകത്തെ വലിയ സങ്കടങ്ങള്‍ ആണിവേരുകളായി ഉണ്ടെന്ന് എനിക്കറിയാമായിരുന്നു. ഉദാഹരണത്തിന് തന്റെ കുഞ്ഞിനെ നോക്കാന്‍ കഴിയാതെ രാഷ്ട്രീയപ്രവര്‍ത്തനത്തിനിറങ്ങി വളരെ വൈകി മടങ്ങിവന്ന ഒരു അച്ഛന്റെ ആജീവനാന്ത മനഃക്ലേശം.

എങ്കിലും താന്‍ എടുത്ത ഒരു തീരുമാനംകൊണ്ട് എന്തുപ്രശ്‌നം ഉണ്ടായാലും അതിന്റെയൊന്നും മുന്നില്‍ മുട്ടുമടക്കാന്‍ ഒരിക്കലും തയ്യാറല്ലായിരുന്നു. 'തീക്കടല്‍ കടഞ്ഞ് തിരുമധുരം' എന്ന എന്റെ നോവല്‍ മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ചു തുടങ്ങിയപ്പോള്‍ ഉണ്ടായ കോലാഹലങ്ങള്‍ കൊണ്ട് അദ്ദേഹത്തിന് എന്തെങ്കിലും വിഷമം ഉണ്ടെങ്കില്‍ പ്രസിദ്ധീകരണം നിര്‍ത്തിവെക്കാം എന്ന് ഞാന്‍ സൂചിപ്പിച്ചു. ''പടപ്പുറപ്പാട് കണ്ട് പേടിച്ച് കൈനിലയിലേക്ക് മടങ്ങിയ ഒരുവനെ എന്തിനുകൊള്ളാം?'' എന്നാണ് എന്നോട് തിരിച്ചുചോദിച്ചത്.

ഇങ്ങനെയൊക്കെ ആണെങ്കിലും ഒരു പടയ്ക്കും പറ്റിയ ഒരാളാണ് അദ്ദേഹം എന്ന് എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല. വിശ്വപ്രസിദ്ധമായ ഏതെങ്കിലും സര്‍വകലാശാലയിലെ വിശ്രുതനായ പ്രൊഫസറോ ഒപ്പം ലോകമെങ്ങും അറിയപ്പെടാന്‍ അര്‍ഹതയുള്ള കവിയോ ഒക്കെ ആയി തീരേണ്ടേ ഒരാളായിരുന്നു അദ്ദേഹം എന്നാണ് ഇപ്പോഴും എന്റെ വിചാരം. അതൊന്നുമല്ല സംഭവിച്ചത് എങ്കിലും കളംമാറി കളിക്കാന്‍ തീരുമാനിച്ചതും ഞാന്‍തന്നെ, എന്നുകൂടി ആ ചിരി നീണ്ടു. സ്വാമി വിവേകാനന്ദന്റെ രാജയോഗപദ്ധതി ജീവിതത്തില്‍ നടപ്പാക്കുകയായിരുന്നു അദ്ദേഹം. അതേസമയം, മനുഷ്യസാന്നിധ്യം താരതമ്യേന കുറവായിരുന്ന വയനാടന്‍ താഴ്വരകളിലെ തണുപ്പില്‍ പിറന്നു വളര്‍ന്ന അദ്ദേഹം തന്റെ ആത്മാവില്‍ മനുഷ്യസ്‌നേഹദാഹം നട്ടുവളര്‍ത്തിയിരുന്നു. ഇതാണ് വിവിധ സ്വഭാവക്കാരായവരുടെ സ്‌നേഹം ഒരേസമയം ആര്‍ജിക്കാന്‍ അദ്ദേഹത്തെ പ്രാപ്തനാക്കിയത്. ആ സ്‌നേഹത്തിന്റെ സന്തോഷച്ചിരിയില്‍ ഈ പ്രപഞ്ചത്തിലെ ദുഃഖം മുഴുവന്‍ മധുരനര്‍മം ആക്കാനുള്ള വിജയകരമായ പരിശ്രമവും ഉണ്ടായി. അത് നൂറുമേനി വിളഞ്ഞു എന്നാണ് എനിക്കു തോന്നുന്നത്. പ്രിയപ്പെട്ട ചങ്ങാതി, ഞങ്ങളങ്ങയെ ഓര്‍ക്കുന്നു, മരിക്കുവോളം ഓര്‍ക്കും.

Content Highlights: MP Veerendra Kumar, C Radhakrishnan