ന്‍പത് ദശാബ്ദങ്ങള്‍ക്കു മുമ്പ് സിനിമ അനന്തപുരിയിലെ ആളുകള്‍ക്കുപോലും അത്ഭുതമായിരുന്നു. വിദേശപര്യടനം കഴിഞ്ഞ് എത്തിയവരോ ഒന്നാംലോകമഹായുദ്ധത്തില്‍ പങ്കെടുത്തശേഷം എത്തിയ പട്ടാളക്കാരോ സിനിമയെപ്പറ്റി പറയുമ്പോള്‍ യക്ഷിക്കഥ പോലെയാണ് അന്ന് നാട്ടിന്‍പുറത്തുള്ളവര്‍ കേട്ടിരുന്നത്. ചലിക്കുന്ന ചിത്രം കാണാന്‍ പിന്നെയും ആളുകള്‍ വര്‍ഷങ്ങളോളം കാത്തിരിക്കേണ്ടിവന്നു. ഇതിനിടയില്‍ നഗരത്തിലും നാട്ടിന്‍പുറങ്ങളിലുമെല്ലാം 'ബയോസ്‌കോപ്പ്' എന്ന ഉപകരണവുമായി ഉത്തരേന്ത്യക്കാരായ ആളുകള്‍ എത്താന്‍ തുടങ്ങി.

സ്‌കൂള്‍ പരിസരത്തും നാട്ടിന്‍പുറങ്ങളിലെ ഉത്സവപ്പറമ്പുകളിലുമാണ് നിശബ്ദചിത്രങ്ങളുമായി ഇവരെത്തിയത്. ഈ ഉപകരണത്തിലുള്ള കണ്ണാടിയിലൂടെ ഒരാള്‍ക്കാണ് ചിത്രം കാണാവുന്നത്. ചിത്രത്തിന്റെ വിവരണം അത് കൊണ്ടുവരുന്ന ആളോ സഹായിയോ വിവരിക്കും. ഉത്സവപ്പറമ്പുകളില്‍ ഇത്തരക്കാര്‍ക്ക് നല്ല കൊയ്ത്തായിരുന്നു.

നിശബ്ദസിനിമയുടെ ചില ഭാഗങ്ങള്‍ കാണിക്കാന്‍ തുടങ്ങിയതോടെ ആളുകളെ അതിലേക്ക് ആകര്‍ഷിച്ചു. ഇതിനുശേഷമാണ് നഗരപ്രദേശങ്ങളില്‍ ടെന്റുകെട്ടി, സ്‌ക്രീന്‍ ഉപയോഗിച്ച് നിശബ്ദചിത്രങ്ങള്‍ കാണിക്കാന്‍ തുടങ്ങിയത്.

മൂന്നായിക്കിടന്ന കേരളത്തിലാദ്യമായി ഒരു സിനിമാ സ്റ്റുഡിയോ സ്ഥാപിക്കാന്‍ ഭാഗ്യംകിട്ടിയ നഗരം അനന്തപുരിയാണ്. പട്ടത്ത് പി.എസ്.സി. ഓഫീസിനു എതിര്‍വശത്തായി സ്ഥാപിച്ച 'ദി ട്രാവന്‍കൂര്‍ നാഷണല്‍ പിക്ചേഴ്‌സ്' എന്ന പേരിലുള്ള ഇതിന്റെ അവശിഷ്ടങ്ങള്‍ (ശാരദാവിലാസം) അടുത്ത കാലംവരെ ഉണ്ടായിരുന്നത് നഗരവാസികള്‍ക്ക് ഓര്‍മയുണ്ട്. ജെ.സി.ഡാനിയല്‍ ആണ് ഇത് സ്ഥാപിച്ചത്.

ഇദ്ദേഹമാണ് കേരളത്തിലാദ്യമായി 'വിഗതകുമാരന്‍' എന്ന നിശബ്ദചിത്രം നിര്‍മിച്ചത്. സ്റ്റ്യാച്യുവില്‍ ഉണ്ടായിരുന്ന കാപ്പിറ്റോള്‍ എന്ന സിനിമാ തിയേറ്ററിലാണ് ഈ ചിത്രം പ്രദര്‍ശിപ്പിച്ചത്.

ഈ ചിത്രത്തെപ്പറ്റിയും അതിലെ നായികയെപ്പറ്റിയും ഉള്ള ചര്‍ച്ചകള്‍ ഇന്നും അവസാനിച്ചിട്ടില്ല. വിഗതകുമാരനുശേഷം ആര്‍.സുന്ദരരാജ് നിര്‍മിച്ച 'മാര്‍ത്താണ്ഡവര്‍മ്മ' എന്ന നിശബ്ദചിത്രവും പ്രദര്‍ശിപ്പിച്ചതും കാപിറ്റോളില്‍ ആണ്. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ പൂജിച്ചശേഷം ആനപ്പുറത്ത് എഴുന്നള്ളിച്ചാണ് ഇതിന്റെ പ്രിന്റ് തിയേറ്ററിലെത്തിച്ചതെന്ന് സിനിമാ സംവിധായകനും എഴുത്തുകാരനുമായ വിജയകൃഷ്ണന്‍ പറഞ്ഞു.

'പൊംപീഡോ' എന്ന മറ്റോരു തിയേറ്റര്‍കൂടി പിന്നീട് തലസ്ഥാനത്ത് ഉണ്ടായി. മോത്ത എന്ന ആളില്‍നിന്നു ഈ തിയേറ്റര്‍ മാര്‍ ഈവാനിയോസ് തിരുമേനി വിലയ്ക്കുവാങ്ങിയാണ് മലങ്കര പള്ളി പണിതത്. ക്രമേണ നഗരത്തില്‍ തിയേറ്ററുകള്‍ പലതും നിലവില്‍വന്നു. ശ്രീപദ്മനാഭ, ശ്രീകുമാര്‍, ന്യൂതിയേറ്റര്‍, ചിത്രാ, പാങ്ങോട്ടെ പട്ടാളകേന്ദ്രത്തോടനുബന്ധിച്ച ഗ്യാരിസണ്‍ തുടങ്ങി പലതും ആദ്യകാലത്ത് നഗരത്തിലെ പ്രധാന തിയേറ്ററുകളായിരുന്നു. മിക്ക തിയേറ്ററുകളിലും ഒരു പ്രൊജക്ടര്‍ കൊണ്ടാണ് ആദ്യകാലത്ത് ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നത്. ഇതുകാരണം പല പ്രാവശ്യവും ഇടവേളകള്‍ ഉണ്ടാകുമായിരുന്നു. തറ, ബഞ്ച്, കസേര എന്നിങ്ങനെയായിരുന്നു ആദ്യകാലത്ത് തിയേറ്ററുകളിലെ ഇരിപ്പിടങ്ങള്‍. പിന്നീട് തിയേറ്ററുകളുടെ രൂപവും ഭാവവും മാറി.

ആധുനികരീതിയിലുള്ള തിയേറ്ററുകള്‍ നഗരത്തില്‍ പലയിടത്തും സ്ഥാനംപിടിച്ചു. കുടുംബസമേതം തിയേറ്ററുകളില്‍ സിനിമ കാണാന്‍ പോകുന്നത് മലയാളികളുടെ പ്രധാനവിനോദമായി. എന്നാല്‍, ടെലിവിഷന്റെയും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളുടെയും വ്യാപനം തിയേറ്ററുകളേയും ബാധിച്ചുതുടങ്ങി. ടെലിവിഷനിലൂടെയോ കംപ്യൂട്ടറുകളിലൂടെയോ മൊബൈല്‍ ഫോണുകളിലൂടെയോ ഏതുസമയത്തും എവിടെവച്ചും സിനിമ കാണാമെന്നായതോടെ തിയേറ്ററുകള്‍ ഇന്ന് വ്യാപാരകേന്ദ്രങ്ങളോ വിവാഹമണ്ഡപങ്ങളോ കോണ്‍ഫറന്‍സ് ഹാളുകളോ ആയി മാറുകയാണ്. ഈ പ്രവണത കൂടുതല്‍ തിരുവനന്തപുരത്താണ്.

ഇവിടെ ഉണ്ടായിരുന്ന ചിത്ര, കരമനയിലെ ശിവ, പേരൂര്‍ക്കടയിലെ ജനതാ, അട്ടക്കുളങ്ങരയിലെ എം.പി. പവര്‍ഹൗസിനു സമീപത്തെ പാര്‍ഥാസ്, കുമാരപുരത്തെ സിമി, പട്ടത്തെ കല്പന തുടങ്ങി പല തിയേറ്ററുകളും നേരത്തെതന്നെ പൂട്ടി. പേട്ടയിലെ കാര്‍ത്തികയിലും കുറേക്കാലമായി ചിത്രങ്ങളില്ല. ഏറ്റവും ഒടുവില്‍ ആയുര്‍വേദ കോളേജിനുസമീപത്തുണ്ടായിരുന്ന നഗരത്തിലെ ആധുനികസജ്ജീകരണങ്ങളുള്ള പ്രധാന തിയേറ്ററുകളായ ധന്യ, രമ്യ എന്നിവയും പൊളിച്ചുമാറ്റി. അവിടെ ഇപ്പോള്‍ പുതിയ സ്ഥാപനത്തിനുവേണ്ടി പണി നടക്കുകയാണ്. ഇങ്ങനെപോയാല്‍ നഗരത്തിലെ വിനോദകേന്ദ്രങ്ങളായ മറ്റുതിയേറ്ററുകളും അപ്രത്യക്ഷമാകാന്‍ അധികകാലം വേണ്ടിവരില്ല.

Content Highlights: Movie theaters, Thiruvananthapuram, history