റുത്തു പൊക്കംകൂടിയ ഏകദേശം 65 വയസ്സ് പ്രായമുള്ള മനുഷ്യന്‍. ദൃശ്യമാകുന്ന അടയാളങ്ങളൊക്കെയും ലോകാവസാനത്തിലേക്കുള്ള നാള്‍വഴിയാണെന്ന് കരുതുന്ന തികഞ്ഞ വിശ്വാസി. ദരിദ്രമായ ജീവിതാവസ്ഥകള്‍പോലും ആ വിശ്വാസത്തോടൊപ്പം കൂട്ടിച്ചേര്‍ത്ത് ആശ്വാസം കണ്ടെത്താന്‍ ശ്രമിക്കുന്ന ഒരു നിഷ്‌കളങ്കന്‍. ഓര്‍മകളുടെ നിറഭാണ്ഡത്തില്‍ വേദനയുടെ നീറ്റല്‍ തള്ളിവെച്ചു തെക്കന്‍ സുഡാനിലെ ജൂബ സ്വദേശിയായ സുലൈമാന്‍ അബ്ദുള്ള കടന്നുപോയിട്ട് കാലം കുറെയധികമൊന്നുമായിട്ടില്ല.

വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കുപറ്റിയ സുഹൃത്തിനെ സന്ദര്‍ശിച്ചശേഷം മഫ്റഖ് ഹോസ്പിറ്റലിനു മുന്നിലെ ബസ് വെയിറ്റിങ് ഷെഡ്ഡില്‍ മുസഫയിലേക്കുള്ള ബസ് കാത്തുനില്‍ക്കുകയായിരുന്നു ഞാന്‍. സൂര്യന്‍ മരുഭൂമിയെ ചുംബിക്കാനിറങ്ങിയ ജൂലായ് മധ്യത്തിലെ ഒരു നട്ടുച്ച. കത്തുന്ന ചൂട്. ഏതാനും നിമിഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ബസ് വെയിറ്റിങ് ഷെഡ്ഡിനുപുറത്ത് ഒരു കാര്‍ ഹോണ്‍ അടിക്കുന്ന ശബ്ദംകേട്ടു.

പഴയ ടൊയോട്ട കൊറോള വണ്ടിയിലിരുന്നു കറുത്തു നീണ്ട ഒരു മനുഷ്യന്‍ മാടിവിളിക്കുന്നു. ഞാനരികിലെത്തും മുമ്പേ അയാളെന്നോട് സലാം പറഞ്ഞു. ഞാന്‍ തിരിച്ചും..

'എന്താണു കാര്യം?'

ഞാന്‍ ചോദിച്ചു.

'താങ്കള്‍ക്കെവിടെയാണ് പോകേണ്ടത്?'

'ഞാന്‍ കൊണ്ടുവിടാം..' മുഖവുരയില്ലാതെ അയാള്‍ വളരെ സൗമ്യമായി പറഞ്ഞു.

അതൊരു 'കള്ള ടാക്‌സി'യായിരുന്നു.

അധികൃതരുടെ കണ്ണുവെട്ടിച്ചു ടാക്‌സിയായി ഓടുന്ന സ്വകാര്യവാഹനം.

എനിക്കതില്‍ വലിയ താത്പര്യം തോന്നിയില്ല. ഏതാനും സമയത്തിനകം ബസ് വരും. തുച്ഛമായ തുകയ്ക്ക് ലക്ഷ്യസ്ഥാനത്ത് എത്താമെന്നിരിക്കെ കൂടുതല്‍ തുക കൊടുത്ത് ടാക്‌സിയില്‍ പോകേണ്ടതില്ല.

ഞാന്‍ പിന്മാറി.

എന്റെ മനസ്സുവായിച്ചിട്ടെന്നോണം അയാള്‍ പറഞ്ഞു.

'താങ്കള്‍ക്ക് ഇഷ്ടമുള്ള തുക തന്നാല്‍ മതി.'

ആദ്യം പന്തികേട് തോന്നിയെങ്കിലും അയാളുടെ ദയനീയ ഭാവം കണ്ടപ്പോള്‍ ഞാന്‍ സമ്മതിച്ചു.

അയാള്‍ പറഞ്ഞ തുകയുടെ നേര്‍പകുതി ഉറപ്പിച്ചു ആ ശകടത്തില്‍ കയറി.

യാത്രയിലുടനീളം അയാളോ ഞാനോ പരസ്പരം ഒന്നും സംസാരിച്ചില്ല. ലക്ഷ്യസ്ഥാനത്തെത്തി തുക കൊടുത്തു ഇറങ്ങാന്‍നേരം ചോദിച്ചു.

'അനധികൃതമായി ടാക്‌സി ഓടിക്കുന്നത് കുറ്റകരമാണന്നറിയാമല്ലോ.. പിടിക്കപ്പെട്ടാല്‍ ശിക്ഷ കിട്ടില്ലേ..?'

അയാള്‍ ഉത്തരമൊന്നും പറഞ്ഞില്ല.

പക്ഷേ, ഞാന്‍ വിട്ടില്ല.

'നിങ്ങളെന്തുകൊണ്ടാണ് ഇഷ്ടമുള്ള തുക തന്നാല്‍മതി എന്നുപറഞ്ഞത്.?'

'വീട്ടില്‍നിന്ന് രാവിലെ പോന്നതാണ്. ഇതാണിന്ന് ആദ്യത്തേത്. വൈകുന്നേരം തിരിച്ചുചെല്ലുമ്പോള്‍ ഖുബൂസ് വാങ്ങാനുള്ള കാശെങ്കിലും കരുതണമല്ലോ..'

ഞാന്‍ കൊടുത്ത വണ്ടിക്കൂലി പോക്കറ്റില്‍ തിരുകുന്നതിനിടയില്‍ പതിഞ്ഞ സ്വരത്തില്‍ അയാള്‍ പറഞ്ഞു.

കേട്ടപ്പോള്‍ മനസ്സുനൊന്തു. കൊടുത്ത കാശ് തിരികെ വാങ്ങി അയാള്‍ ആദ്യംപറഞ്ഞ തുകതന്നെ നല്‍കി. വിശ്വാസം വരാത്തവിധം അയാള്‍ എന്നെത്തന്നെ നോക്കിനിന്നു.

പിന്നെ, ഇടറിയ ശബ്ദത്തില്‍ ദൈവത്തിനും എനിക്കും ഒരുപോലെ നന്ദിപറഞ്ഞു.

ശബ്ദം ഇടറുന്നതുപോലെ തോന്നി.

മൊബൈല്‍ നമ്പര്‍ കുറിച്ചുതന്നിട്ട് അയാള്‍ പറഞ്ഞു. 'എപ്പോള്‍ ആവശ്യമുണ്ടെങ്കിലും വിളിച്ചോളൂ.. താങ്കള്‍ക്കോ താങ്കളുടെ സുഹൃത്തുക്കള്‍ക്കോ ഏതു സമയത്തും...'

പിന്നീട് പലതവണ ഞാനയാളെ വിളിച്ചു. വണ്ടി പഴയതും വൃത്തിഹീനവും ആയിരുന്നിട്ടും അയാളുടെ ജീവിതാവസ്ഥ മനസ്സിലാക്കി സഹകരിച്ചു.

അപ്പോഴൊക്കെയും ആ മനുഷ്യന്‍ നന്ദി പറഞ്ഞുകൊണ്ടിരുന്നു.

മാസങ്ങള്‍ കഴിഞ്ഞു. ജോലിസംബന്ധമായി താമസ സ്ഥലം മാറേണ്ടിവന്നതിനാല്‍ സുലൈമാന്‍ അബ്ദുള്ളയുടെ വണ്ടി പിന്നീടാവശ്യം വന്നില്ല.

അന്നൊരവധിദിനം വെറുതെയിരുന്നു ഓര്‍മകളുടെ കെട്ടഴിക്കുമ്പോള്‍ സുലൈമാന്‍ അബ്ദുള്ളയുടെ മുഖം തെളിഞ്ഞുവന്നു.

വിളിച്ചുനോക്കി. ഫോണ്‍ ഓഫായിരുന്നു. പിന്നീട് പല ദിവസങ്ങളിലായി ശ്രമിച്ചു. മൊബൈല്‍ ഓഫ് തന്നെ.

ദീര്‍ഘകാലത്തെ പരിചയമില്ലെങ്കിലും ഒരു സഹതാപം അയാളോട് തോന്നിയിരുന്നു. സംസാരത്തിനിടെ ഹൃദയസംബന്ധമായ അസുഖമുള്ള കാര്യം അയാള്‍ പറഞ്ഞതോര്‍ത്തു.

ഫോണ്‍ പതിവായി ഓഫാണെന്നു കണ്ടപ്പോള്‍ ഊഹം ചങ്കിടിപ്പായി.

അന്വേഷിക്കാമെന്നുവെച്ചാല്‍ അയാളെ അറിയാവുന്ന ആരെയും പരിചയവുമില്ല. കുടുംബത്തെക്കുറിച്ചു അന്വേഷിക്കുമ്പോള്‍ പലപ്പോഴും അയാള്‍ ഒഴിഞ്ഞുമാറുകയായിരുന്നു പതിവ്.

പല തിരക്കുകള്‍ക്കിടയില്‍ പിന്നീട് ഞാനയാളെ മറന്നു.

അവധിക്ക് നാട്ടില്‍പോയി തിരിച്ചെത്തിയ പിറ്റേദിവസമാണ് സുലൈമാന്‍ അബ്ദുള്ളയുടെ ഫോണ്‍ വരുന്നത്.

സുഖമില്ലാതെ ആശുപത്രിയിലായിരുന്നു എന്നും ശസ്ത്രക്രിയകഴിഞ്ഞു ഇപ്പോള്‍ വീട്ടില്‍ വിശ്രമത്തിലാണെന്നും പറഞ്ഞു.

വണ്ടി ആരാണ് ഓടിക്കുന്നത് എന്ന ചോദ്യത്തിന് പണത്തിന് ആവശ്യംവന്നപ്പോള്‍ വണ്ടിവിറ്റകാര്യം പറഞ്ഞ് അയാള്‍ നിശ്ശബ്ദനായി.

പിന്നീടുള്ള ദിവസങ്ങളില്‍ പലപ്പോഴുമയാള്‍ വിളിച്ചു. എന്റെ സുഖവിവരങ്ങള്‍ ചോദിച്ചു. ഞാനും അയാളുടെ വിവരങ്ങള്‍ അന്വേഷിച്ചറിഞ്ഞു.

ഒരു ബലിപെരുന്നാള്‍ ദിനത്തിലാണ് ഉച്ചഭക്ഷണത്തിനായി അയാളെന്നെ വീട്ടിലേക്ക് ക്ഷണിക്കുന്നത്.

ബനിയാസിലെ പൊട്ടിപ്പൊളിഞ്ഞ പഴയൊരു വില്ലയുടെ ഒറ്റമുറിയില്‍ അയാളും ഭാര്യയും ഏകദേശം മുപ്പത്തിയഞ്ചും നാല്‍പ്പതും വയസ്സുപ്രായമുള്ള അവിവാഹിതരായ രണ്ടു പെണ്‍മക്കളെയും കണ്ടു ഞാന്‍ ഞെട്ടി. അധികം വെട്ടമെത്താത്ത ഒരു ഇരുള്‍കോണില്‍ നിസ്സഹായരായ നാലുജീവിതങ്ങള്‍.

അയല്‍വാസി നല്‍കിയ ബലിമാംസംകൊണ്ട് തയ്യാറാക്കിയ ബിരിയാണി അവര്‍ വലിയൊരു തളികയില്‍ വിളമ്പി മധ്യത്തില്‍ വെച്ചിട്ടുണ്ട്.

ഔപചാരികമായ സംഭാഷണങ്ങള്‍ക്കുശേഷം ഭക്ഷണം കഴിക്കാനായി ക്ഷണിച്ചു. കഴിക്കാനോ നിരസിക്കാനോ പറ്റാത്ത മാനസികാവസ്ഥയിലായിരുന്നു ഞാന്‍.

ഒട്ടകത്തിന്റെ അസ്ഥികൂടം പൊന്തിനില്‍ക്കുന്ന ആ തളികയ്ക്കുമുന്നില്‍ കെട്ടവിശപ്പിന്റെ നിറവയറുമായി ഞാന്‍ വെറുതെ ഇരുന്നുകൊടുത്തു. അതിരറ്റ കിനാക്കളുടെ നിഴലുകള്‍ക്കിടയില്‍ അകപ്പെട്ടുപോയ ഒരാളായി.. ആ മൗനമേഖലയില്‍ ഒന്നും ഉരിയാടാനാവാതെ..

എന്റെ കണ്ണുകളില്‍നിന്ന് ഒരുപാട് ചോദ്യങ്ങള്‍ അപ്പോള്‍ അയാള്‍ വായിച്ചെടുക്കുകയായിരുന്നു.

സുലൈമാന്‍ അബ്ദുള്ള. സുഡാനിലെ ആഭ്യന്തര കലാപത്തിന്റ ഇരയാണ്. ജനിച്ച വീടും മണ്ണും വിട്ട് പലായനം ചെയ്യേണ്ടിവന്ന ഹതഭാഗ്യന്‍.

'സ്വന്തം പെണ്‍മക്കളുടെ മാനംരക്ഷിക്കാന്‍പോലും എനിക്ക് കഴിഞ്ഞില്ല.' ദേശഭേദമില്ലാത്ത സങ്കടങ്ങള്‍ ചൊരിഞ്ഞു അയാള്‍ വിതുമ്പി.

അബുദാബിയിലെ ഒരു സ്വകാര്യ കമ്പനിയില്‍ ഡ്രൈവറായി ജോലിചെയ്തിരുന്ന സുലൈമാന്‍ അബ്ദുള്ള നാട്ടില്‍ കലാപംരൂക്ഷമായപ്പോള്‍ ഭാര്യയെയും മക്കളെയും കൂട്ടിവരികയായിരുന്നു. കുടുംബത്തെ കൂടെ നിര്‍ത്താനുള്ള സാമ്പത്തികസ്ഥിതി ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ വിസ പുതുക്കാനും കഴിഞ്ഞില്ല. ആയിടെ ജോലിയും നഷ്ടപ്പെട്ടു. അതോടെ നാലു ജീവിതങ്ങളും അനധികൃതമായി. പിന്നീടിങ്ങോട്ട് ചുറ്റുവട്ടത്തുള്ളവരുടെ കാരുണ്യംകൊണ്ടുമാത്രം ജീവിച്ചുപോന്നു.

ആ ബലിപെരുന്നാള്‍ ദിനം കഴിഞ്ഞ് കുറച്ചു ദിവസങ്ങള്‍ക്കുശേഷം കൂനിന്മേല്‍ കുരു എന്നപോലെ അയാള്‍ പക്ഷാഘാതം പിടിപെട്ടു കിടപ്പിലായി.

ജീവിക്കാന്‍ യാതൊരു മാര്‍ഗവുമില്ലാത്ത ദയനീയമായ അവസ്ഥയിലാണ് പിന്നീട് ഞാന്‍ ആ കുടുംബത്തെ കാണുന്നത്.

മാനസികമായും ശാരീരികമായും ഏറെ തളര്‍ന്നുപോയിരുന്നു അപ്പോളയാള്‍.

ഒന്നോരണ്ടോ മാസം കഴിഞ്ഞുകാണും. ഒരു ദിവസം രാവിലെ സുലൈമാന്‍ അബ്ദുള്ളയുടെ ഫോണില്‍നിന്ന് കോള്‍. മകളായിരുന്നു.

ബാബ മരിച്ച വിവരം തേങ്ങിക്കരഞ്ഞ് പറഞ്ഞു അവര്‍ ഫോണ്‍ കട്ട് ചെയ്തു.

അനധികൃതരായതിനാലാവാം അധികം ബന്ധങ്ങളൊന്നും അദ്ദേഹത്തിനുണ്ടായിരുന്നില്ല. ഖബറടക്കത്തിന് ഞാനുള്‍പ്പെടെ അഞ്ചോ ആറോ പേര്‍ മാത്രം. പിടിമണ്ണു വാരിയിടുമ്പോള്‍ ഒരുവേള മനസ്സുപിടഞ്ഞു.

നാടുംവീടും വിട്ട് പലായനംചെയ്യേണ്ടിവന്ന ലോകത്തെ എല്ലാ ഹതഭാഗ്യരായ പരേതര്‍ക്കുംവേണ്ടി സുലൈമാന്‍ അബ്ദുള്ളയുടെ ശിരസ്സോടുചേര്‍ന്ന് മേല്‍പ്പോട്ട് കൈ ഉയര്‍ത്തി. മരുഭൂമിയെ തഴുകിവന്ന ഉഷ്ണക്കാറ്റില്‍ ലയിച്ചു പ്രാര്‍ഥന അംബരംതൊട്ടു.

അപ്പോള്‍ ഖബര്‍സ്ഥാന്‍ ശൂന്യമായിരുന്നു.. അനക്കമറ്റ ഈന്തപ്പനകളില്‍ ആവാഹിച്ച കുറെ ആത്മാക്കളും ഞാനുമൊഴികെ.

Content Highlights: Moitheen angadimugar, Gulf, Memories