വായിച്ചും വായിക്കാതെയും വളരാം എന്നാൽ ആ വളർച്ചയിൽ അജഗജാന്തരമുണ്ടാവുമെന്ന് ഓർമപ്പെടുത്തിയ കുഞ്ഞുണ്ണിമാഷ് അക്ഷരാർഥത്തിൽ ഒരു സംസ്കാരം തന്നെയായിരുന്നു. കുറുങ്കവിതകളുടെ അക്ഷരസ്‌ഫുടതയിലേക്കും ശുദ്ധിയിലേക്കും കുഞ്ഞുങ്ങളെ നയിച്ച കുഞ്ഞുണ്ണിമാഷിനെ അദ്ദേഹത്തിന്റെ ജന്മദിനത്തിൽ ഓർക്കുകയാണ് ആർട്ടിസ്റ്റ് മദനൻ .


മുറിക്കയ്യന്‍ കുപ്പായവും മുട്ടറ്റം മുണ്ടുമുള്ള മലയാളകവിതയുടെ മറ്റൊരുമുഖംകുഞ്ഞുണ്ണിമാഷെക്കുറിച്ച് പറയുമ്പോൾ പത്തുനാല്പത് വർഷം മുമ്പത്തെ ഓർമ മുതൽ പറയേണ്ടിയിരിക്കുന്നു. 1980-ലാണ് ഞാൻ ജോലിസംബന്ധമായി കോഴിക്കോട് നഗരത്തിൽ എത്തുന്നത്. എന്റെ വളരെ അടുത്ത സുഹൃത്ത് വി. ആർ സുധീഷ് വടകരയിൽ നിന്നും വന്നിട്ട് പറഞ്ഞു, മദനാ... നമ്മൾ ഒന്നു കുഞ്ഞുണ്ണിമാഷിനെ കാണാൻ പോയാലോ. മീഞ്ചന്ത രാമകൃഷ്ണമിഷൻ ഹൈസ്കൂളിൽ മാഷ് ഉണ്ട്. അവിടെയാണ് താമസിക്കുന്നത്. സ്കൂളിന്റെ ഭാഗമായിട്ടുള്ള ആശ്രമത്തിൽ വച്ചാണ് അദ്ദേഹത്തെ ആദ്യമായി കാണുന്നത്. ഒരുമുറിയിൽ മാഷ് ഇരിക്കുന്നു. നാലഞ്ച് മുണ്ടുകൾ അലക്കി ആറിയിട്ടിട്ടുണ്ട്. സുധീഷിനെ മുമ്പേ പരിചയമുണ്ട് മാഷിന്. അദ്ദേഹം എന്നെയും പരിചയപ്പെട്ടു. കുറേ സംസാരിച്ചു. മുട്ടറ്റമുള്ള തോർത്താണ് മാഷ് ഉടുത്തിരിക്കുന്നത്. ഉള്ളിലെ കോണകം വെളിച്ചം കാണുന്നുണ്ട്.

ആദ്യമായിട്ട്  കാണുകയല്ലേ, എന്താണ് നിങ്ങൾക്ക് തരിക എന്ന് എന്റെ മുഖത്തുനോക്കി ചോദിച്ചുകൊണ്ട് അദ്ദേഹം മുറിയാകെ പരതി. പിന്നെ സൂക്ഷിച്ചുവച്ച ഹോർലിക്സ് കുപ്പിയ്ക്കകത്തുനിന്ന് വലിയ നെല്ലിക്ക എടുത്തു. ശർക്കരയിൽ ഇട്ട് കുറേക്കാലം കുതിർന്ന നെല്ലിക്ക സ്പൂണിലെടുത്ത് ഞങ്ങളോട് രണ്ടാളോടും വലതുകൈ നീട്ടാൻ പറഞ്ഞു. നല്ല സ്വാദായിരുന്നു അതിന്. എത്രയോ ഭക്ഷണത്തിന് സമമായിട്ട്, വലിയൊരു സൗഹൃദത്തിന്റെ ആരംഭമായിട്ട് ഞാനാ ഫലം കഴിച്ചു.

ക്രിസ്ത്യൻകോളേജ് ഹൈസ്കൂളിൽ ചിത്രകലാധ്യാപകനായി ജോലിചെയ്യുന്ന സമയത്താണ് ഈ അനുഭവം. അങ്ങനെ മൂന്നുനാല് കൊല്ലത്തിന് ശേഷം മാതൃഭൂമിയിൽ ജോലിയ്ക്കുകയറിയപ്പോൾ ഇടയ്ക്കിടെ അവിടെ വരും. മാഷ് അടുത്ത് വന്നിരുന്ന് സംസാരിക്കും. പലതവണ മിഠായിത്തെരുവിലൂടെ ഒരുമിച്ച് വർത്തമാനങ്ങൾ പറഞ്ഞ് നടന്നിട്ടുണ്ട്. വലിയ വളഞ്ഞ കാലൻ കുടയും തോളിലൊരു സഞ്ചിയുമുണ്ടാകും എപ്പോളും. പഴയകാലത്തെ ആളുകൾ ഇടുന്നതുപോലെയുള്ള കഴുത്തിൽക്കൂടി വലിച്ചിടുന്ന കുപ്പായമാണ് ഇടുക. കൈ ചെറുതായിരിക്കും. കുറിയമുണ്ടാണ് ഉടുക്കുക.

ഒരു ദിവസം അദ്ദേഹത്തിന്റെ തിരഞ്ഞെടുത്ത കവിതകളുമായാണ് വന്നത്. ഇതിന് മദനൻ വരച്ചുതരണം എന്നുപറഞ്ഞു. കൈയെഴുത്ത് പ്രതിയാണ് തന്നത്. ഇടയ്ക്കിടെ പുരോഗതിയന്വേഷിച്ച് ഓഫീസിൽ വരും.പുറത്ത് കാണുമ്പോളൊക്കെ ചോദിക്കും എന്റെ മടികൊണ്ടോ, അത് വരയ്ക്കാനുള്ള ഭാഗ്യക്കേടുകൊണ്ടോ ആ സമാഹാരത്തിന് എനിക്ക് വരയ്ക്കാൻ പറ്റിയില്ല. വർഷങ്ങൾക്കുശേഷം അത് എന്റെ വരയില്ലാതെ പ്രസിദ്ധീകരിക്കപ്പെട്ടു.

കുട്ടേട്ടൻ എന്ന പേരിലുള്ള മനോഹരമായ കൈപ്പടയിൽ കത്തുകൾ ലഭിക്കാത്ത അന്നത്തെ വളർന്നുവരുന്ന സാഹിത്യകാരന്മാർ കുറവായിരിക്കും. കുട്ടേട്ടൻ ഒരു ജനകീയസാഹിത്യകാരനായിരുന്നു. അദ്ദേഹം ഊഷ്മളമായ സ്നേഹമായിരുന്നു കാണുമ്പോളൊക്കെ പകർന്നുതന്നിരുന്നത്. ഞാൻ മാതൃഭൂമിയിലേക്ക് വരുന്നതിന് എത്രയോ മുമ്പാണ് അദ്ദേഹം വിരമിച്ചത്.

പിന്നീട് മാഷ് കോഴിക്കോട് വിട്ട് തൃശൂർ വലപ്പാട് സ്ഥിരതാമസമാക്കി. തൃശൂരിന്റെ പലഭാഗങ്ങളും സ്കെച്ചുചെയ്യേണ്ടതിന്റെ ഭാഗമായി ഞാൻ മാഷിന്റെ വീട്ടിൽ പോയി. കുപ്പായമിടാതെ, ചെറിയമുണ്ടുടുത്ത് കോലായിലെ കസേരയിൽ ഇരിക്കുന്ന മാഷിനെ ഓർമ വരുന്നു. അദ്ദേഹത്തിന്റെ കുടുംബാംഗമായ ഉഷ എന്ന സ്ത്രീയാണ് ആരെങ്കിലും വന്നാൽ ചായയെല്ലാം ഏർപ്പാടാക്കിത്തരിക. ഉഷേടത്തിതന്നെയാണ് മാഷ് പറയുന്ന കാര്യങ്ങൾ എഴുതിയെടുത്ത് ലേഖനങ്ങളാക്കി പ്രസിദ്ധീകരണങ്ങൾക്കൊക്കെ അയച്ചുകൊടുക്കാറ്.

ഉഷയെയും കുഞ്ഞുണ്ണിമാഷെയും വലപ്പാട് വീടിന്റെ ഉമ്മറവും ഞാൻ സ്കെച്ചിലാക്കി. പോരാത്തതിന് മാഷിനെ ഒറ്റയ്ക്കിരുത്തി വരയ്ക്കാനും സാധിച്ചു. ആദ്യകാലത്തൊന്നും അർഹിക്കുന്ന പ്രാധാന്യം മാഷിന് മലയാളസാഹിത്യത്തിൽ ലഭിച്ചിരുന്നില്ല. അവസാനനാളുകളിലാണ് അദ്ദേഹത്തിന്റെ പ്രതിഭാത്വം അംഗീകരിക്കപ്പെട്ടിരുന്നത്. അക്കാലം വലിയ കവികളുടെ കാലമായിരുന്നല്ലോ. പിന്നീടാണ് കുഞ്ഞുണ്ണിമാഷും കുട്ട്യോളും എന്ന സമ്പ്രദായം കേരളമൊട്ടാകെ ഉണ്ടായത്. മാഷെവിടെപ്പോയാലും കുട്ടികൾ വന്ന് പൊതിയാൻ തുടങ്ങി. കുട്ടികളെ കാണുന്ന മാത്രയിൽ അദ്ദേഹം കവിതകൾ ചൊല്ലും കുട്ടികൾ അതേറ്റ് പാടും. ഏത് ഉറങ്ങിക്കിടക്കുന്ന സ്ഥലവും അദ്ദേഹത്തിന്റെ അക്ഷരങ്ങളാൽ ഉണരും. അത്രയും നല്ല ശബ്ദവും അക്ഷരസ്‌ഫുടതയുമായിരുന്നു അദ്ദേഹത്തിന്. മാതൃഭൂമി എന്ന അക്ഷരസ്ഥാപനത്തിന്റെ ശുദ്ധിയും കൃത്യതയും കണിശതയും അദ്ദേഹത്തിന്റെ കൂടി സംഭാവനയാണ്. മാഷിന് ശേഷം അതുപോലൊരു പ്രതിഭ ഉയർന്നു വന്നിട്ടില്ല. മലയാളപാഠഭാഷാ കമ്മറ്റികളും പാഠഭാഗങ്ങൾ തയ്യാറാക്കുന്നതിലെ പാളിച്ചകളും കാണുമ്പോൾ കുഞ്ഞുണ്ണിമാഷെന്ന അക്ഷരസ്നേഹിയെ ഓർത്തുപോകാറുണ്ട്. അദ്ദേഹത്തിന്റെ തൊണ്ണൂറ്റിമൂന്നാം ജന്മദിനമാണിന്ന്. യശശ്ശരീരനായ ആ ജ്ഞാനിക്ക് ഈയുള്ളവന്റെ പ്രണാമം.

Content Highlights: Memoir By Artist Madanan on Kunjunni Mash, Poems of Kunjunni Mash