ദ്രാസില്‍ നിന്നിറങ്ങിയ 'ഡെയ്ലി ന്യൂസ്' പത്രത്തിന്റെ എഡിറ്റര്‍, ചാള്‍സ് അലന്‍ ലോസണ്‍ കൊച്ചിയെ കുറിച്ചതു വാക്കുകളുടെ 'വലിയങ്ങാടി' തീര്‍ത്താണ്. 1860-ലെഴുതിയ കുറിപ്പുകളില്‍ 'കൊച്ചിന്‍ മെട്രോപോളിസ്' എന്നാണ് കൊച്ചിയെ അദ്ദേഹം വിശേഷിപ്പിച്ചത്. കൊച്ചിരാജ്യം മുഴുവന്‍ യാത്ര ചെയ്ത ചാള്‍സ് ലോസണ്‍, ഒരു ദിവസം മട്ടാഞ്ചേരി ബസാറിലും കറങ്ങി.

കാശുമാറ്റക്കാരനൊപ്പം

ലോസണ്‍ ആദ്യം കണ്ടതു കാശുമാറ്റക്കാരന്റെ കടയായിരുന്നു. 'മണി ചേഞ്ചര്‍' എന്നാണ് കുറിപ്പിലുള്ളത്. 'രൂപയ്ക്കുപകരം ചക്രവും അണയും ഇയാള്‍ നല്‍കും. പകരം നാലുശതമാനം കമ്മിഷന്‍ ഈടാക്കും. വിദേശ സ്വര്‍ണവും വെള്ളിയും സ്വീകരിച്ച് പണം നല്‍കുന്ന ഏര്‍പ്പാടുമുണ്ട്. സെയ്ന്റ് ജോര്‍ജിന്റെയും വ്യാളിയുടേയും മുദ്രയുള്ള ഇംഗ്ലണ്ട് സ്വര്‍ണനാണയമാണെങ്കില്‍ 20 ഷില്ലിങ്ങും ആറ് പെന്‍സും ഉറപ്പായും കിട്ടും. സ്വര്‍ണം രാജ്യത്തു പലയിടത്തായി നിധികളായി ഒളിപ്പിച്ചിട്ടുണ്ട്. അതെവിടെയെന്നു പറഞ്ഞു കൊടുക്കാതെ ഉടമകള്‍ മരിച്ചു പോയതിനാല്‍ അതിനി കിട്ടുമെന്നു തോന്നുന്നില്ല...'

തട്ടാന്റെ തട്ടില്‍

അടുത്ത കട ആഭരണപ്പണിക്കാരന്റെയായിരുന്നു. വയസ്സുചെന്ന പൂച്ചക്കണ്ണുള്ള മുസല്‍മാനായിരുന്നു അത്. വെള്ളിയില്‍ സൂക്ഷ്മതയോടെ എന്തോ ചിത്രവേല ചെയ്യുകയാണ്. തീരെ ഇടുങ്ങിയ ഇടമാണ്. കടയില്‍ ആഭരണശേഖരമൊന്നുമില്ലെന്നു ചെല്ലുന്നയാള്‍ക്ക് തോന്നും. നിങ്ങള്‍ സാധനം വാങ്ങാന്‍ വന്നതാണെന്നു മനസ്സിലായാല്‍, ഒളിപ്പിച്ചുവെച്ച വെള്ളിയാഭരണങ്ങള്‍ അയാള്‍ നിരത്തും. മനോഹരമായ അലങ്കാരപ്പണികളോടെയുള്ള സൂചിപ്പതക്കം (സാരിയും മറ്റും ഒതുക്കിവെയ്ക്കുന്നതിന് ആഭരണരൂപത്തിലുള്ള പിന്‍), മുടിപ്പിന്നുകള്‍, വളകള്‍ എന്നിവയെല്ലാം കൊണ്ടുവെച്ചു. യൂറോപ്പിലെ പണിക്കാരൊന്നും ഇതിനു തുല്യം നില്‍ക്കില്ല.

കറുപ്പിന്റെ കുറിപ്പുകള്‍

മയക്കുമരുന്നായ 'ഒപ്പിയം' (കറുപ്പ്) മട്ടാഞ്ചേരിയില്‍ ഒളിവും മറയുമില്ലാതെ വിറ്റിരുന്നു. വെളുത്തു തടിച്ച ആ മനുഷ്യന്റെ അടുക്കലേക്കു വരുന്നവര്‍ ശോഷിച്ചിരുന്നു. കണ്ണുകള്‍ക്ക് ഒട്ടും തിളക്കമില്ല. ഒന്നുറപ്പ്, നാടിനെ കൊല്ലുന്ന കച്ചവടചരക്കാണിത്.

അണ്ടാവിന്റെ ഒച്ചപ്പാട്

പലതരം അരികള്‍ കിട്ടുന്ന കടകഴിഞ്ഞാല്‍ ഒരു ചെമ്പുപണിക്കാരന്റെ കടയാണ്. വലിയൊരു അണ്ടാവ് അടിച്ചു പരുവപ്പെടുത്തുകയാണയാള്‍. തൊട്ടടുത്തുള്ളവരൊക്കെ ചെവിപൊത്തേണ്ടിവരും. കടയ്ക്കുമുന്നില്‍ പലവലിപ്പത്തിലുള്ള പിച്ചളപ്പാത്രങ്ങളുടെ അടുക്കുകള്‍. കുടങ്ങള്‍, കൊച്ചുപാത്രങ്ങള്‍, വിളക്കുകള്‍ എന്നിവയെല്ലാം നിരത്തിയിരിക്കുന്നു.

തുണിക്കടയില്‍ തൂണുകള്‍ പോലെ പട്ടുതുണികളും പരുത്തിതുണികളും മേല്‍ക്കൂരമുട്ടി നില്‍ക്കുന്നു. പരുപരുത്ത പരുത്തി തൂവാലകളും മസ്ലിന്‍ തുണികളുമുണ്ടിവിടെ. ഇംഗ്ലീഷുകാര്‍ക്കായി കുറച്ച് ബ്രോഡ്ക്ലോത്തും (കനം കുറഞ്ഞ മൃദുവായ തുണിത്തരം) വെച്ചിട്ടുണ്ട്. അതിനപ്പുറത്തുള്ള പച്ചമരുന്നു കടയുടെ മേല്‍ക്കൂരയില്‍ നിന്ന് വരെ പലതരം വേരുകള്‍ തൂങ്ങിക്കിടക്കുന്നു. വേരുക്കെട്ടുകള്‍ക്കു നടുവിലാണ് കച്ചവടക്കാരനും.

നൂല്‍ബന്ധം

മൂന്നോനാലോ പെണ്ണുങ്ങള്‍ ചതുരാകൃതിയിലുള്ള തലയിണകള്‍ക്ക് ചുറ്റുമിരിപ്പുണ്ട്. സ്വര്‍ണം-വെള്ളി നിറത്തിലുള്ള നൂലുകളില്‍ മുത്തുകള്‍ കോര്‍ക്കുകയാണവര്‍. അവരുടെ കൈകളും വിരലുകളും തീരെ ചെറുതാണ്. പക്ഷെ നല്ല വഴക്കമുള്ളതാണ്. നൂല്‍ച്ചിത്രപ്പണികളുടെ മാതൃക കണ്ടാല്‍, അതേപടി പകര്‍ത്താന്‍ ഇവര്‍ക്ക് പ്രത്യേക കഴിവാണ്.

അങ്ങാടിയില്‍ സ്ത്രീകളാണ് പാല്‍, നെയ്യ്, മോര് എന്നിവ ഇലക്കുമ്പിളുകളിലാക്കി വില്‍ക്കുന്നത്. പഴംവില്‍പ്പനക്കാര്‍, കോഴിക്കച്ചവടക്കാര്‍, പലഹാരക്കച്ചവടക്കാര്‍, ആക്രിക്കച്ചവടക്കാര്‍ എന്നിവര്‍ അവിടവിടെയായിട്ടുണ്ട്.

ചെമ്മീന്‍, മത്തി, കണമ്പ് തുടങ്ങി കടല്‍മീനുകളുടെ വില്‍ക്കുന്ന ഭാഗത്തേക്ക് അടുക്കാന്‍ കഴിയില്ല, അത്രയ്ക്കുണ്ട് നാറ്റം. ഇതിനൊപ്പം ഉച്ചവെയില്‍ കൂടിയായതോടെ സഹിക്കാന്‍ കഴിയുന്നില്ല.

പച്ചക്കറിക്കടയില്‍ ഉരുളക്കിഴങ്ങിന്റെ അത്രയുള്ള ചേന മുതല്‍ ആനക്കാലിന്റെ വലിപ്പമുള്ള ചേന വരെയുണ്ട്. സാധനങ്ങളൊക്കെ പൊതിഞ്ഞു കൊടുക്കുന്നത് തേക്കിന്റെ ഇല ഉപയോഗിച്ചാണ്. ഇവിടുത്തെ വാഴയില രാജാവ് മുതല്‍ യാചകന്‍ വരെ ഉപയോഗിക്കുന്ന പ്ലേറ്റാണ്..!

എണ്ണയും വിയര്‍പ്പും

അങ്ങാടിയിലെപ്പോഴും തിരക്കാണ്. ആളുകളെ മുട്ടാതെ നടക്കാന്‍ വയ്യ. അരയ്ക്കു ചുറ്റും ചെറിയ തുണിമാത്രമേ മിക്കവര്‍ക്കുമുള്ളു. എല്ലാവരും തവിട്ടുനിറത്തിലുള്ള തൊലിയില്‍ വെളിച്ചെണ്ണ തേച്ച് മിനുക്കിയാണ് നടക്കുന്നത്. ഇതിനൊപ്പം വിയര്‍പ്പ് കൂടിയാകുമ്പോള്‍ ആളാഴിയില്‍ നിന്നുമുയരുന്ന ആവിയുടെ ഗന്ധം സഹിക്കാന്‍ പറ്റുന്നില്ല.

വിശുദ്ധപശു

പശുക്കളും ആടുകളും അങ്ങാടിയിലൂടെ അലഞ്ഞ് നടപ്പുണ്ട്. കടക്കാരന്റെ കണ്ണുതെറ്റിയാല്‍ പശുക്കള്‍ ധാന്യക്കുട്ടയില്‍ തലയിടും. പക്ഷെ പശുക്കളെ ഹിന്ദുക്കള്‍ ആരാധിക്കുന്നതിനാല്‍ ആരും അവയോട് മോശമായി പെരുമാറാറില്ല. അവയ്ക്കുപിന്നാലെ സ്ത്രീകളുണ്ട്. ചാണകം വാരുകയാണവര്‍. വീടുകളുടെ തറയും ചുവരും മെഴുകാനും അടുപ്പില്‍ വെയ്ക്കാനുള്ള ചാണകവരളിയുണ്ടാക്കാനുമാണ്. അതുകൊണ്ട് അങ്ങാടി വൃത്തികേടാകാറില്ല.

വൈകുന്നേരമാവുന്നതോടെ ആളുകളൊഴിയും കടകളുടെ കുറ്റികള്‍ വീഴും. അങ്ങാടി മെലിയാന്‍ തുടങ്ങും. കടയിലെ സാധനങ്ങളൊക്കെ പിന്നിലെ വീടുകള്‍ക്കുള്ളിലാകും. രാത്രിയുടെ നിശബ്ദതയ്ക്ക് ഇവിടെ ഒരു പോറല്‍പോലും ഏല്‍ക്കാറില്ല.

Content Highlights: Mattancherry, charles Allen lawson, History