ഴുത്തുകാരൻ പുതൂർ ഉണ്ണികൃഷ്ണൻ ഓർമയായിട്ട് ഏഴ് വർഷങ്ങൾ പിന്നിടുന്നു. സാധാരണമായ ജീവിതാന്തരീക്ഷങ്ങളിൽനിന്നും സ്വന്തം അനുഭവങ്ങളിൽനിന്നും കഥാവിഷയങ്ങൾ കണ്ടെടുത്ത് സത്യസന്ധമായി ആവിഷ്കരിച്ച എഴുത്തുകാരനായിരുന്നു ഉണ്ണികൃഷ്ണൻ പുതൂർ. എഴുന്നൂറിലധികം കഥകൾ, പതിനഞ്ചോളം നോവലുകൾ, ലേഖനസമാഹാരങ്ങൾ വേറെ, കൂട്ടത്തിൽ ഒരു കവിതാസമാഹാരവും ആത്മകഥയും... പുതൂരിന്റെ എഴുത്തിന്റെ മഹത്വം വെളിപ്പെട്ടുകിട്ടാൻ ഇതുതന്നെ ധാരാളം. സാഹിത്യരൂപങ്ങളുടെ ക്രാഫ്റ്റിലോ അവതരണത്തിലോ ആയിരുന്നില്ല അദ്ദേഹത്തിന്റെ ശ്രദ്ധ. ജീവിതത്തെ പകർത്തിവെക്കുക എന്ന ഒറ്റലക്ഷ്യം മുന്നിൽനിർത്തിയാണ് അദ്ദേഹം അത്രയും എഴുതിയത്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ആത്മകഥയുടെ പേര് 'കഥയല്ല, ജീവിതംതന്നെ' എന്നാവാതെ വഴിയില്ലല്ലോ! പുതൂരിനെ എന്നും വിസ്മയിപ്പിച്ചത് ജീവിതം തന്നെയായിരുന്നുവെന്ന് മനസിലാകാൻ അദ്ദേഹത്തിന്റെ ഓരോ കഥകളിലൂടെയും സഞ്ചരിച്ചാൽ മതിയാകും.

1933-ൽ ആയിരുന്നു പുതൂർ ഉണ്ണികൃഷ്ണന്റെ ജനനം. ചെറുപ്പം മുതലേ കഥകളും കവിതകളും എഴുതാനാരംഭിച്ചു. കവിതയോടായിരുന്നു തുടക്കത്തിൽ ഇഷ്ടം. അത് പിന്നീട് കഥകളിലേക്ക് വഴിമാറി. കവിതയെ പിന്തുർന്ന കാലത്ത് ഒരു സമാഹാരം പുറത്തിറക്കി; കല്പകപ്പൂമഴ എന്ന പേരിൽ. വൈലോപ്പിള്ളിയുടെ അവതാരികയോടുകൂടിയായിരുന്നു ആ കവിതാസമാഹാരം പുറത്തിറങ്ങിയത്. ആദ്യ കഥാസമാഹാരം 'കരയുന്ന കാല്പാടുകൾ'. കേരളത്തിനകത്തും പുറത്തും അത് വിൽക്കാൻ പുതൂർ അലഞ്ഞുനടന്നത് മറ്റൊരു ചരിത്രം. പാലക്കാട് വിക്ടോറിയ കോളേജിൽ പഠിക്കുന്ന സമയത്താണ് രാഷ്ട്രീയപ്രവർത്തനത്തിലേക്ക് ആകൃഷ്ടനാകുന്നത്. ബിരുദം പൂർത്തിയാക്കാതെ 1957-ൽ അദ്ദേഹം ഗുരുവായൂർ ദേവസ്വത്തിൽ ഗുമസ്തനായി പ്രവർത്തിച്ചുതുടങ്ങി.

പിന്നീട് 1987-ൽ ദേവസ്വം ലൈബ്രറി എസ്റ്റാബ്ലിഷ്മെന്റ് വകുപ്പുമേധാവിയായി വിരമിച്ചു. 2014 ഏപ്രിൽ 2-ന് വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് അദ്ദേഹം അന്തരിച്ചു. ആദ്യനോവലായ ബലിക്കല്ലിന് 1968-ൽ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. 'എന്റെ നൂറ്റൊന്ന് കഥകൾ' എന്ന കഥാസമാഹാരത്തിന് പത്മപ്രഭാ പുരസ്കാരം ലഭിച്ചു. നാഴികമണി, ആനപ്പക, അമൃതമഥനം, ധർമചക്രം, മനസ്സേ ശാന്തമാകൂ, ജലസമാധി എന്നിവയാണ് ചില് പ്രധാനപ്പെട്ട നോവലുകൾ. ഡെലൻ തോമസിന്റെ ഗാനം, സുന്ദരി ചെറ്യേമ്മ, മകന്റെ ഭാഗ്യം, പുതൂരിന്റെ കഥകൾ, തള്ളവിരൽ എന്നിവ കഥകളാണ്. ഉണ്ണികൃഷ്ണൻ പുതൂരിന്റെ കഥകളെ നിരീക്ഷിക്കുകയും പഠിക്കുകയും ചെയ്തിട്ടുള്ള നിരൂപകൻ ബാലചന്ദ്രൻ വടക്കേടത്ത് ഒരു അഭിമുഖത്തിൽ ഇങ്ങനെ പറയുന്നു :

'കഥകളോടുള്ള സമീപനം അദ്ദേഹത്തിന് ജീവിതത്തോടുള്ള സമീപനം തന്നെയാണ്. ജീവിതയാഥാർഥ്യങ്ങൾക്കപ്പുറം കഥയുടെ ക്രാഫ്റ്റിനെക്കുറിച്ചോ, കഥ ഇങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ചോ പുതൂർ വില കൽപിച്ചിട്ടുണ്ടായിരുന്നില്ല.' ഈ നിരീക്ഷണം വളരെയധികം ശരിയാണെന്ന് മനസിലാക്കിത്തരുന്നതാണ് എഴുത്തുകാരന്റെ ഓരോ കഥയും. എഴുത്തിലൂടെ കിട്ടുന്ന അംഗീകാരങ്ങളെക്കാൾ ജീവിതത്തിലെ പലപല മുഹൂർത്തങ്ങളാണ് പുതൂരിനെ ആവേശംകൊള്ളിച്ചത്. ഇതുവരെ വായിക്കപ്പെട്ടതിനേക്കാൾ ആഴത്തിൽ പുതൂരിന്റെ കൃതികൾ വരുംകാലം വായിക്കാനെടുക്കുകയും ചർച്ചകൾ മുന്നോട്ട് വെക്കുകയും ചെയ്യുമെന്ന കാര്യത്തിൽ സംശയമില്ല.

Content highlights :malayalam writer unnikrishnan puthur seventh death anniversary