ഒ.വി. വിജയനെന്ന് കേൾക്കുമ്പോൾ ഓരോ മലയാളിയുടെയും മനസിൽ ആദ്യമെത്തുന്ന വാക്ക് 'ഖസാക്ക്' എന്നുതന്നെയായിരിക്കും. കാലമിത്ര പിന്നിട്ടിട്ടും ഒ.വി. വിജയനും അദ്ദേഹത്തിന്റെ രചനകളും വായനക്കാരുടെയുള്ളിൽ തഴമ്പിച്ചുകിടക്കുന്നു. മലയാളസാഹിത്യചരിത്രത്തിൽ ഒ.വി. വിജയൻ എന്ന എഴുത്തുകാരന്റെ സ്ഥാനം ചോദ്യം ചെയ്യപ്പെടാത്ത വിധം ഉറച്ചുനിൽക്കുന്നു. ഒ.വി. വിജയൻ വിടപറഞ്ഞിട്ട് പതിനാറ് വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. 1930 ജൂലൈ രണ്ടിന് പാലക്കാട് ജില്ലയിലെ മങ്കരയിലായിരുന്നു വിജയന്റെ ജനനം. കുട്ടിക്കാലം മുതലേ രോഗങ്ങൾ വിജയനെ വേട്ടയാടിയിരുന്നതുകൊണ്ട് വൈകി മാത്രമാണ് സ്കൂളിൽചേർന്ന് പഠിക്കാൻ കഴിഞ്ഞത്. പാലക്കാട് വിക്ടോറിയ കോളേജിൽനിന്ന് ബിരുദവും മദ്രാസ് പ്രസിഡൻസി കോളേജിൽനിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തരബിരുദവും നേടി. അക്കാലത്തുതന്നെ എഴുത്തിലും കാർട്ടൂൺ രചനയിലും അദ്ദേഹം താല്പര്യം പ്രകടിപ്പിച്ചിരുന്നു. 1953-ൽ ആദ്യകഥ പുറത്തുവന്നു. അധ്യാപകജോലി ഉപേക്ഷിച്ച് വിജയൻ ശങ്കേഴ്സ് വീക്കിലിയിലും പേട്രിയറ്റ് ദിനപത്രത്തിലും കാർട്ടൂണിസ്റ്റായി പ്രവർത്തിക്കാൻ തുടങ്ങി.

പിന്നീട് 1967 ആയപ്പോഴേക്കും ഒരു സ്വതന്ത്രപത്രപ്രവർത്തകനിലേക്ക് വിജയൻ വളർന്നു. ഇംഗ്ലീഷ്, മലയാളം പ്രസിദ്ധീകരണങ്ങളിലേക്കെല്ലാം അദ്ദേഹം കാർട്ടൂണുകൾ വരച്ചുനൽകി. ഹിന്ദു, പൊളിറ്റിക്കൽ അറ്റ്ലസ്, ഇക്കണോമിക് റിവ്യൂ, മാതൃഭൂമി, കലാകൗമുദി എന്നിവ അവയിൽ ചിലതാണ്. അടിയന്തരാവസ്ഥക്കാലത്ത് വിജയൻ വരച്ച കാർട്ടൂണുകൾ വലിയ ശ്രദ്ധനേടി. എഴുത്തുകളിലൂടെയും നിരന്തരമായ വരകളിലൂടെയും ആ കാലഘട്ടത്തെ വിമർശിക്കാൻ വിജയൻ കാണിച്ച ധൈര്യം എടുത്തുപറയേണ്ടതാണ്. 1985-ൽ പുറത്തുവന്ന ധർമ്മപുരാണം എന്ന നോവൽ അതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ്. 1969-ൽ പുറത്തിറങ്ങിയ ഖസാക്കിന്റെ ഇതിഹാസം മലയാളനോവൽചരിത്രത്തിന്റെ സ്വഭാവത്തെ മാറ്റിപ്പണിയുന്ന കാഴ്ചയും നാം കണ്ടു.

ധർമ്മപുരാണത്തിനുശേഷം വിജയൻ ആത്മീയമായ പ്രമേയപരിസരങ്ങളിലേക്കാണ് നോവലിനെ പ്രതിഷ്ഠിച്ചത്. ഗുരുസാഗരം, മധുരം ഗായതി, പ്രവാചകന്റെ വഴി, തലമുറകൾ എന്നീ നോവലുകളാണ് പിന്നീട് വിജയന്റേതായി പുറത്തുവന്നത്. നോവലുകളെപ്പോലെത്തന്നെ പുനർവായനകൾക്കും നിരന്തരപഠനങ്ങൾക്കും സാധ്യതകൾ നൽകുന്നതാണ് അദ്ദേഹത്തിന്റെ കഥകളും. കടൽത്തീരത്ത്, കാറ്റ് പറഞ്ഞ കഥ, അരിമ്പാറ തുടങ്ങിയ ഒരുപറ്റം കഥകൾ പ്രമേയപരമായും ആവിഷ്കാരത്തിലെ പുതുമകൊണ്ടും വായനയുടെ തുടർച്ച സാധ്യമാക്കുന്നവയാണ്.

ആദ്യകാലത്ത് ഇംഗ്ലീഷിലും കഥയെഴുതിയ എഴുത്തുകാരനാണ് വിജയൻ. എഴുത്തുകാരനായ എൻ.എസ്. മാധവൻ ഒരിക്കൽ വിജയനോട് ചോദിച്ചു : ഇംഗ്ലീഷിൽ എഴുതണമെന്ന് തോന്നിയിട്ടുണ്ടോ ? അതിന് വിജയൻ പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു : 'ഭാഷ എത്ര പരിമിതമാണെന്നിരിക്കിലും എനിക്ക് മലയാളത്തിലേ എഴുതാൻ കഴിയൂ' എന്ന്. എൻ.എസ്. മാധവന്റെ 'പുറം മറുപുറം' എന്ന പുസ്തകത്തിലാണ് ഇക്കാര്യം പറയുന്നത്.

തീർത്തും ഏകാന്തമായ ജീവിതം നയിച്ച, എഴുത്തിൽ മാത്രം ശ്രദ്ധിച്ച വിജയനെത്തേടി നിരവധി അംഗീകാരങ്ങളും എത്തി. കേന്ദ്ര, കേരളസാഹിത്യ അക്കാദമി അവാർഡുകളും വയലാർ, മുട്ടത്തുവർക്കി, എഴുത്തച്ഛൻ പുരസ്കാരങ്ങളും അവയിൽപെടുന്നു. 2005 മാർച്ച് 30-ന് ഹൈദരാബാദിൽ വെച്ചായിരുന്നു വിജയൻ മരണപ്പെടുന്നത്. കേവലം ഒരു ഓർമ മാത്രമാകുന്നില്ല ഈ എഴുത്തുകാരൻ, മലയാളിയുടെ വായനസംസ്കാരത്തിൽ എക്കാലത്തും പ്രസക്തമായി തുടരാൻ കെല്പുള്ള അപൂർവം ചില എഴുത്തുകാരിൽ ഒരാളായിട്ടാണ് അദ്ദേഹത്തെ നാം ഇനിയും അടയാളപ്പെടുത്തേണ്ടത്. വിജയന്റെ കൃതികൾ അതിഗൗരവത്തോടെ പുതിയ തലമുറ വായിക്കുകയും പഠനങ്ങൾക്ക് വിധേയമാക്കുകയും ചെയ്യുന്നുണ്ട്. വരുംകാലത്തും ഒ.വി. വിജയന്റെ കൃതികളുടെ പ്രസക്തി കൂടുമെന്നത് സംശയങ്ങൾക്ക് ഇടതരാത്ത യാഥാർഥ്യമാകുന്നു!

Content highlights :malayalam writer ov vijayan 16th death anniversery his life and writings