സര്‍ഗാത്മകതകൊണ്ടും കൊളോണിയല്‍ ജീവിതചര്യകള്‍ കൊണ്ടും സവിശേഷമായ ആചാരാനുഷ്ഠാനങ്ങള്‍ കൊണ്ടും സംസ്‌കാരപഠനങ്ങളിലും സാമൂഹികശാസ്ത്ര വിശകലനങ്ങളിലും ഇടംപിടിച്ചവരാണ് ആംഗ്ലോ ഇന്ത്യന്‍ സമൂഹം. എന്നാല്‍ അതിന്റെ അടിത്തട്ടില്‍ ദാരിദ്ര്യം കൊണ്ടും ജീവിതപ്രതിസന്ധികള്‍കൊണ്ടും ഉലഞ്ഞുപോയ മനുഷ്യജീവിതങ്ങളുടെ ആഖ്യാനങ്ങള്‍ അധികം ഇടം പിടിക്കാറില്ല. കഥാകൃത്തായ ഫ്രാന്‍സിസ് നൊറോണ അത്തരത്തിലുള്ള ഹൃദയസ്പര്‍ശിയായ ജീവിതാനുഭവങ്ങള്‍ പങ്കുവെക്കുന്നു. ആന്തരികമായി മുറിവേറ്റ കുട്ടിക്കാലത്തിന്റെ നീറുന്ന ഓര്‍മകള്‍ക്കൊപ്പം കടന്നുവന്ന വഴികളിലെ സ്‌നേഹസമ്പന്നരായ മനുഷ്യരെയും ഓര്‍മിക്കുന്നു.

ക്കൊല്ലത്തെ ക്രിസ്തുമസ്സിനും അപ്പന്‍ വട്ടിപ്പലിശക്കാരുടെ കൈയില്‍നിന്ന് അരിക്കും ഇറച്ചിക്കുമുള്ള പണം വാങ്ങി. അടീലെ നിക്കറ് കാണുംവിധം കൈലി പൊക്കിയുടുക്കാറുള്ള തമിഴന്‍ കൊടുത്ത ഇരുപതിന്റെ പുത്തന്‍നോട്ട് നീട്ടി പോത്തിറച്ചി വാങ്ങിക്കൊണ്ടുവരാന്‍ എന്നോട് പറഞ്ഞു. ഞാനെപ്പഴും ദിവാസ്വപ്നങ്ങള്‍ കണ്ടുനടക്കുന്ന ഒരു കുട്ടിയായിരുന്നു. ഇറച്ചി മേടിക്കാന്‍ ഡാറാ മാര്‍ക്കറ്റിലേക്കുള്ള യാത്രയിലും ഏതോ കിനാവ് കണ്ടുനടന്നു. 

കടയുടെ മുന്നില്‍ പോത്താണെന്ന് തെളിയിക്കാന്‍ അതിന്റെ തല മുറിച്ചുവെച്ചിട്ടുണ്ട്. പുറത്തേക്ക് ചാടിയ നാവ് പല്ലുമായി കോര്‍ത്തിരുന്നു. ഇറച്ചി വാങ്ങീട്ട് നിക്കറിന്റെ പോക്കറ്റില്‍ കൈ താത്തുമ്പോള്‍ പൈസയില്ല! രാവിലെ ഓരോന്നിറങ്ങുമെന്നും പറഞ്ഞ് ഇറച്ചിവെട്ടുകാരന്‍ എന്നെയും കടേടെ മുന്നീ വെള്ളമിറക്കിനിന്ന പട്ടിയെയും ഓടിച്ചുവിട്ടു. വീട്ടില്‍ വന്നപ്പോള്‍ അപ്പന്‍ കയര്‍ത്തു. അന്നം മുടങ്ങിയ അപ്പന്റെ വേദന ''നീ പോയി തെണ്ടി തിന്നെടാ'' എന്ന വചനമായി എന്നെ അഭിഷേകം ചെയ്തു. എനിക്ക് താങ്ങാവുന്നതിലും കനമുണ്ടായിരുന്നു ആ വാക്കുകള്‍ക്ക്. 

ഒന്നും പറയാതെ വീടുവിട്ടിറങ്ങി. എത്ര ദൂരമങ്ങനെ നടന്നെന്ന് അറിയില്ല. സങ്കടം കൊണ്ടെന്റെ വഴികളെല്ലാം അടഞ്ഞുപോയിരുന്നു. എനിക്കത്ര പരിചയമില്ലാത്ത ഒരു സ്ഥലത്ത് എത്തിയപ്പോള്‍ എന്റെ ബന്ധുഎന്നെ കണ്ട് തിരിച്ച് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോന്നു. ആനത്താള്‍ ആകപ്പാടെ കലങ്ങിമറിഞ്ഞ ഒന്നായിരുന്നു. പണിയില്ലാണ്ട് കീറപ്പായേലുറങ്ങുന്ന അപ്പന്‍ ഉച്ചവെയില് തിളച്ചപ്പോള്‍ എഴുന്നേറ്റ് മങ്കലത്തീന്ന് വെള്ളം കുടിച്ച് പതിവുപോലെ വീണ്ടും മയക്കം തുടങ്ങി. ഊറാന്‍ കുത്തിയ രൂപത്തട്ടിലേക്ക് നോക്കി മനുഷ്യരെയും മാലാഖമാരെയും ഒരുപോലെ പഴിച്ചോണ്ട് അമ്മ എന്റെ വിശന്നവയറ് തടവിക്കൊണ്ടിരുന്നു. ഇടയ്ക്ക് അടുക്കളയിലേക്ക് ചെന്ന് പോട്ടത്തെ ഒഴിഞ്ഞ പാത്രങ്ങളുടെ അടിത്തട്ടിലേക്ക് കണ്ണുപായിച്ചങ്ങനെ വിമ്മി ഒരു നില്‍പ്പാ... മൂന്നാലാവര്‍ത്തി വെരുകിനെപ്പോലെ വട്ടംകറങ്ങി ഒടുക്കം പഞ്ചാരപ്പാത്രം വടിച്ചെടുത്ത മധുരം പച്ചവെള്ളത്തില്‍ കലക്കി എന്റെ നേരെ നീട്ടി...
''കുടിച്ചോ, മനംപിരട്ടലു മാറട്ടെ...''

Francis Noronaപാതി അകത്തുചെല്ലും മുന്നേ പിത്തവെള്ളം കൊക്കിപോയി. നെഞ്ചും പൊറോം തടവുന്ന അമ്മേടെ നീലഞരമ്പുതെളിഞ്ഞ കൈയുടെ ചൂടില്‍ ഞാനൊന്ന് മയങ്ങുമ്പോഴാണ് ചിറ്റപ്പന്‍ പാഞ്ഞുവന്ന് ഒരിടംവരെ പോകാമെന്ന് പറയുന്നത്. തിന്നാനും കുടിക്കാനും എന്തെങ്കിലും കിട്ടുമെന്ന ആര്‍ത്തിയോടെ പിടഞ്ഞെണീറ്റു.
''മെനയുള്ള എന്തേലും ഉടുപ്പിക്കവനെ... വലിയ ആള്‍ക്കാര് കൂടുന്നസ്ഥലമാ...''
കുത്തിപ്പിഴിഞ്ഞ നിക്കറ് ഉണങ്ങാത്തതിനാല്‍ അലക്കാനിട്ടിരുന്ന അപ്പന്റെ മുഷിഞ്ഞ മുണ്ട് ഞാനെടുത്തു. ഷര്‍ട്ടിന്റെ നീളന്‍കൈ മടക്കി തരുമ്പോള്‍ ചിറ്റപ്പന് സന്തോഷം...
''മുണ്ടുടുത്തപ്പ ചെക്കന്‍ വലിയ ആളായി...''

ചിറ്റപ്പന്റെ കൈപിടിച്ചുനടന്നു. അന്ന് ഞങ്ങളുടെ ഇടവഴി പിന്നിട്ട് പ്ലാവിന്‍ചോട്ടിലെത്തിയാല്‍ ചാത്തനാട്ടുപള്ളിവരെ പഞ്ചാര മണലായിരുന്നു. നടന്ന് കാലുകുഴഞ്ഞുപോകും. അടുപ്പിച്ച് വീടുകളില്ല. ഉള്ളവയ്ക്ക് കടലാവണക്കിന്റെ വേലികള്‍. അപ്പന്റെ വാക്കുകള്‍പോലെ കടലാവണക്കിന്റെ കമ്പ്... അടികിട്ടിയാല്‍ പുറമേ പരിക്കുണ്ടാവില്ല. അകം കുറേക്കാലം ചതഞ്ഞുകിടക്കും.
പഞ്ചാരമണ്ണും താണ്ടി റോഡിലെത്തിയപ്പോള്‍ ചിറ്റപ്പന്‍ എന്നോട് ചോദിച്ചു:
''പൈസ പോട്ടെടാ... നെനക്ക് ഇംഗ്ലീഷ് കേട്ടാലറിയുമോ...''
''കൊറച്ചൊക്കെ...''

അതുമതീന്നും പറഞ്ഞ് കോണ്‍വെന്റ് സ്‌ക്വയറിലുള്ള ഒരു മുന്തിയ ഹോട്ടലിലേക്കാണ് കൂട്ടിക്കൊണ്ടുപോയത്. വെള്ളക്കാരുടെ കുതിരവണ്ടികള്‍ ആലപ്പുഴ നിരത്തിലൂടെ പായുന്നസമയത്ത് പെണ്ണുങ്ങളുടെ ചന്തിയിളക്കിയുള്ള ഡാന്‍സും പാട്ടും ഉണ്ടായിരുന്ന സ്ഥലമായിരുന്നു അത്. ചിറ്റപ്പനങ്ങനെ കുഞ്ഞുന്നാളിലെ പുകിലുകളൊരോന്നും ഓര്‍ത്തെടുത്തുകൊണ്ടിരുന്നു.
അകത്തേയ്ക്കുചെല്ലുമ്പോള്‍ ഇംഗ്ലീഷിലുള്ള പാട്ടുതുടങ്ങിയിരുന്നു. ഏറ്റവും പിന്‍നിരയില്‍ മുണ്ടുപിഞ്ഞിപ്പോകുമോയെന്ന് പേടിച്ച് ചിറ്റപ്പനൊപ്പം ഞാനിരുന്നു. കോട്ടും സൂട്ടുമിട്ട് മുന്നിലിരുന്നവരുടെ ഇടയിലൂടെ സ്റ്റേജിലേക്ക് നോക്കി. മുറിച്ചുപങ്കിടാനുള്ള വലിയ കേക്ക് ഉയര്‍ന്ന സ്റ്റാന്റിലിരിപ്പുണ്ട്. ഫ്രോക്കുടുത്ത ഡച്ചുസ്‌ക്വയറിലെ പെണ്ണുങ്ങളുടെ ലിപ്സ്റ്റിക്കിട്ടചുണ്ടുകളിലെ ചിരി ഞങ്ങളെ നോക്കുമ്പോഴൊക്കെ മാഞ്ഞുപോകുന്നപോലെ... റോസ്പൗഡറിട്ട അവരുടെ വിയര്‍പ്പുപൊടിഞ്ഞ കവിളുകളും പൊക്കമുള്ള ചെരിപ്പിട്ട വെളുത്ത കാലുകളും ഇംഗ്ലീഷിന്റെ കൊഴുപ്പുമൊക്കെയായി എനിക്കും ചിറ്റപ്പനും മുണ്ടാട്ടം മുട്ടി...

weekly
ആഴ്ചപ്പതിപ്പ് വാങ്ങാം

''നമുക്ക് പോയാലോ...''
ഞാന്‍ ചിറ്റപ്പനെ തോണ്ടി. 
''സ്‌കോളര്‍ഷിപ്പ്'' എന്നൊരു വാക്കിന്റെ പ്രാകൃത ഇംഗ്ലീഷ് ചിറ്റപ്പന്റെ വായീന്ന് വീണു. 
''കുറച്ചുനേരംകൂടി ഇവന്‍മാരുടെ ലാത്തിയടി സഹിക്ക്...''

ലേഖനത്തിന്റെ പൂര്‍ണരൂപം ഈ ലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വായിക്കാം.

Content Highlight: Malayalam Writer Francis Norona experience writing