ഹാകവി പി. കുഞ്ഞിരാമൻനായരുടെ 43-ാം ചരമദിനത്തിൽ ഡോ.അംബികാസുതൻ മാങ്ങാട് എഴുതുന്നു.

കോവിഡ് ദുരന്തഭീതിയിൽ മനുഷ്യകുലമാകെ വിറങ്ങലിച്ചു നിൽക്കുമ്പോൾ, ആറ് ദശകം മുമ്പ് മഹാകവി പി. കുഞ്ഞിരാമൻ നായർ എഴുതിയ 'നിൻ തോപ്പിൽ പൂക്കളുണ്ടോ' എന്ന കവിതയിലെ നാലുവരികൾ സഹൃദയരെ വിസ്മയാധീനരാക്കും.

''പാഴിൽ വിഷാണുക്കൾ കൊണ്ടുനിറയ്ക്കയാ
ണാഴിയുമൂഴിയും ആകാശവും
ശാസ്ത്രം മുതിരട്ടെ, മൃത്യു വിഴുങ്ങുമീ-
യാതുര ലോകത്തെ മോചിപ്പിക്കാൻ''

മനുഷ്യൻ വിഷാണുക്കൾ കൊണ്ട് ഭൂമി നിറയ്ക്കുകയാണെന്നും ലോകം ആതുരാലയമായി മാറിയെന്നും മനുഷ്യനെ ശാസ്ത്രം മോചിപ്പിക്കട്ടെ എന്നും പി. എഴുതിയത് ഇന്നാണെന്ന് തോന്നിപ്പോകും.
മലയാളത്തിൽ ഒരു ഭൗമ സദാചാരം രൂപപ്പെടുന്നതിന് ദശകങ്ങൾക്ക് മുമ്പ് തന്നെ പ്രവചന സദൃശമായ ഇക്കോളജീയ ദർശനങ്ങൾ പി. അവതരിപ്പിച്ചു. കവിതകളിലൂടെ അദ്ദേഹം നൽകികൊണ്ടിരുന്ന മുന്നറിയിപ്പുകളൊന്നും പക്ഷേ മലയാളികൾ ഗൗനിച്ചതേയില്ല.വന്യപ്രകൃതിയിൽ മനുഷ്യൻ നടത്തിയ അന്ധവും നിർദ്ദയവുമായ ഇടപെടലിൽ നിന്നാണല്ലോ ഈ അതിസൂക്ഷ്മ ജീവികളായ വൈറസുകൾ മനുഷ്യനിലെത്തിയത്.

മനുഷ്യനെപ്പോലെ കുറച്ചുകാലം മുമ്പല്ല, കോടാനുകോടി വർഷങ്ങൾക്ക് മുമ്പേ വൈറസുകളും ബാക്ടീരിയകളും ഭൂമിയുടെ അവകാശികളായിരുന്നു. 'നീല വിണ്ടലമെന്ന ഒരൊറ്റ മേൽക്കൂരയ്ക്ക് കീഴിൽ' കഴിയുന്ന ഒരേ കുടുംബക്കാരാണ് എല്ലാ ജീവികളും എന്ന കാഴ്ചപ്പാടാണ് പി.യുടെ കവിതകളിൽ ഭൂതകാരുണിമയുടെ തിടമ്പേറ്റിയത്. പാരസ്പര്യം തകർന്നാലോ വലിയ ദുരന്തമായി.

''മർത്ത്യനും മൃഗവുമീ വൃക്ഷവും നക്ഷത്രവും
പട്ടുനൂലൊന്നിൽ കോർക്കപ്പെട്ടുള്ള മണികളാം
ക്ഷിപ്രമീച്ചരാചരമൊന്നായിത്തളർന്നുപോ-
മി പ്രപഞ്ചത്തിൽ ചോരഞരമ്പൊന്നറുക്കുകിൽ''

എന്ന് ആ ഐകമത്യത്തെ പി. വിളംബരം ചെയ്തിട്ടുണ്ട്. അത് തകർന്നാലോ മനുഷ്യൻ വലിയ വില കൊടുക്കേണ്ടി വരും. 'ഭാഗം വേണ്ട' എന്ന കവിതയിൽ,

''സൃഷ്ടിതന്നൈക്യ പ്രേമഭണ്ഡാരം പൊളിക്കുന്ന
മർത്ത്യനെപ്പിടിക്കുന്നു, പ്രകൃതി നിയമങ്ങൾ''

എന്ന് സൂചിപ്പിച്ചതുപോലെ പ്രകൃതി തിരിച്ചടിക്കുകയാണ്. മനുഷ്യൻ മാത്രം ബാക്കിയാകുന്ന വികസന സങ്കല്പത്തെ അന്നേ പി. ഭയപ്പെട്ടിരുന്നു. അതുകൊണ്ടാണ് 'പദ്ധതിയൊക്കെയും ശത്രു ചരാചരം' എന്ന് ചൂണ്ടിക്കാട്ടിയത്.

''സംസ്കാരത്തിൻ നിണം മോന്തും
കളയെങ്ങും നിറഞ്ഞുപോയ്
ഐശ്വര്യങ്ങൾ വിതച്ചിന്ന്
ദാരിദ്ര്യം കൊയ്തു പദ്ധതി''
എന്ന്'കാലവർഷമേ നന്ദി' എന്ന കവിതയിൽ എഴുതിയത് ഇന്നും പ്രസക്തം.

ലോക് ഡൗൺ കാലത്ത് മനുഷ്യൻ മാറിനിന്നപ്പോൾ പ്രകൃതിയിലുണ്ടായ അത്ഭുതകരമായ മാറ്റങ്ങൾ നാമറിഞ്ഞു. പുഴകളൊക്കെ തെളിഞ്ഞൊഴുകുന്നതും ജീവജാലങ്ങളൊക്കെ തിരിച്ചുവരുന്നതും മലിനീകരണം ഇല്ലാതായി ഭൂമി ശുദ്ധമാകുന്നതും കണ്ടു. 'വൻ നദങ്ങൾ നാടിൻ ചോര ഞരമ്പുകൾ' എന്നും 'നിർത്തുക വീരന്മാരെ വിപിന വധോത്സവം' എന്നുമൊക്കെ പി. പാടിയതിന്റെ അർത്ഥം നമുക്ക് കൂടുതൽ തെളിഞ്ഞ് കിട്ടുകയാണ്. പെറ്റമ്മയായ പ്രകൃതിയോട് മനുഷ്യൻ കാട്ടുന്ന ക്രൂരതയെച്ചൊല്ലി നിരന്തരം വേദനിക്കുകയും ക്രോധിക്കുകയും ചെയ്തു കവി. 'ഗ്രാമീണ സംഗീത തരംഗ വായ്പിൽ അലിഞ്ഞു ചേരാത്ത' എല്ലാ അപസ്വരങ്ങളുടെ നേർക്കും കവിതകളെ കവി ആയുധമാക്കി.

കുഞ്ഞിരാമൻ നായരെ അന്നേ പാഠപുസ്തകമാക്കിയിരുന്നെങ്കിൽ നമ്മുടെ സ്വാഭാവിക പ്രകൃതിയിൽ അധിനിവേശം നടത്തിയ നിരവധി സസ്യ-ജൈവ വൈവിധ്യങ്ങളെ നമുക്ക് ഫലപ്രദമായി നേരിടാമായിരുന്നു. പുറത്തേക്കുള്ള വഴികളെല്ലാം അടഞ്ഞപ്പോഴാണ് മലയാളികൾ സ്വന്തം വീടിന് ചുറ്റുമുള്ള ലോകത്തെ പി.യെ പ്പോലെ ഉറ്റു നോക്കിയത്. 'സ്വാശ്രയത്വം' എന്ന വികാരത്തിലേക്ക് ഉണർന്നത്. ഞാനൊരു 'കർഷക കവിയാ'ണ് എന്ന് അഭിമാനിച്ചിരുന്ന പി.യുടെ കവിതകൾ ഈ തടവ് കാലത്ത് നമുക്ക് കൂടുതൽ ആലോചനാമൃതമായിരിക്കും. 'വിത്തറ്റ കൃഷി', 'കീർത്തിമുദ്ര' തുടങ്ങിയ കവിതകൾ നമ്മെ കുറ്റബോധത്തോടെ ഇരുത്തിച്ചിന്തിപ്പിക്കുന്നു.

മഹാകവിയുടെ അനർഗ്ഗളമായ കല്പനാ പ്രവാഹത്തെ 'ഭാവനാകുബേരന്റെ ധാരാളിത്ത'മെന്ന് ഇനിയാരും കുറച്ചു കാണുകയില്ല. ഭക്തകവിയെന്നും പ്രകൃതിഗായകനെന്നും താന്തോന്നിയെന്നും മറവിക്കാരന്നെും ഇനിയാരും വിളിക്കാനിടയില്ല. പ്രകൃതി സൗന്ദര്യത്തിൽ മുഗ്ധനായി നടന്ന്, തേൻകുടിച്ച വണ്ടിനെപ്പോലെ കവി മയങ്ങിപ്പോയി എന്നും പറഞ്ഞുകൂടാ. ഉല്ലാസയാത്രകളായിരുന്നില്ല, വീർപ്പുമുട്ടലുകൾ നിറഞ്ഞ അലച്ചിലുകളായിരുന്നു പി.യുടെ നിത്യസഞ്ചാരങ്ങൾ. സാംസ്കാരിക ജൈവ വൈവിധ്യം തേടിയുള്ള അവനവനെത്തേടിയുള്ള യാത്രകൾ. 'ചുമ്മാ പലപല വേഷങ്ങൾ കെട്ടി ആത്മസ്വരൂപത്തെ തിരിച്ചറിയാതാവുമ്പോൾ നടത്തിയ, 'എന്നെത്തിരയുന്ന ഞാൻ' പോലുള്ള യാത്രകൾ. 'കവിയുടെ കാല്പാടുകളും' 'നിത്യകന്യകയെത്തേടിയുള്ള യാത്രകളുമെല്ലാം അവനവനെത്തേടിയുള്ള യാത്രകൾ കൂടിയായിരുന്നു. സൂക്ഷ്മജീവികളും വലിയ ജീവികളും ഒരേ കുടുംബക്കാരാണ് എന്ന തിരിച്ചറിവിലേക്കാണ് ഓരോ അലച്ചിലും കവിയെ എത്തിച്ചത്.

ജീവിച്ചിരുന്ന കാലത്ത് പി.യെ വേണ്ട പോലെ തിരിച്ചറിയാൻ മലയാളികൾക്കായില്ല. പ്രകൃതി ഗായകനെന്നും ഭക്തകവിയെന്നും ചുരുക്കി വായിച്ചു. ഒരു പൊൻകോലവും ഏറ്റാൻ മസ്തകം കുനിച്ചിട്ടില്ലാത്ത ആ 'മേഘരൂപൻ' വ്യാജകീർത്തനങ്ങളുടെ കൂച്ചുവിലങ്ങുകളൊക്കെ പൊട്ടിച്ചെറിഞ്ഞ് മലയാള കവിതയിൽ തിരിച്ചെത്തി 'ജീവിച്ചിരിക്കുന്ന' കവികളിൽ മുഖ്യനായി. 'കവിയും നിരൂപകരും' എന്ന കവിതയിൽ,

''പൊങ്ങുമീയകലകളിൽത്താമരയിലപോലെ
മുങ്ങാതെ കിടക്കുന്ന ഞാനാരെന്നറിയാമോ?''
എന്ന് പി. ചോദിക്കുന്നുണ്ട്. വാസ്തവത്തിൽ കുഞ്ഞിരാമൻനായരെ ഇനിയും വേണ്ടവിധം നാം വായിച്ചിട്ടില്ല. ഒരു പക്ഷേ പ്രകൃതി ദുരന്തങ്ങളുടെ ഇനിയുള്ള കാലത്തായിരിക്കാം ആ 'ഭ്രാന്ത'നെ നമുക്ക് കുറച്ചൊക്കെ തെളിഞ്ഞുകിട്ടുക.

Content Highlights:  Malayalam Writer Ambikasuthan Mangad Writes About Mahakavi P Kunhiraman Nair