ഒരു താരകയെക്കാണുമ്പോളതു
രാവുമറക്കും, പുതുമഴക്കാണ്‍കേ
വരള്‍ച്ച മറക്കും പാല്‍ ചിരിക്കണ്ടതു
മൃതിയെ മറന്നു സുഖിച്ചേ പോകും
പാവം മാനവഹൃദയം ( സുഗതകുമാരി )

ര്‍ക്കിടക പെയ്ത്തിന്റെ ആഘാതമാകെ ഒരോണനിലാവു കൊണ്ട് മറയ്ക്കാന്‍ കെല്‍പുള്ളവനാണ് കേരളീയന്‍. ഏതൊരു ജനതയ്ക്കും ഉത്സവങ്ങളും ആലോഷങ്ങളും ഇല്ലായ്മയുടെ സങ്കടങ്ങളുടെ കടല്‍ താണ്ടി കടക്കുമ്പോള്‍ മുന്നില്‍ കാണുന്ന പ്രതീക്ഷയുടെ വിളക്കുമാടങ്ങളാണ്. പാല്‍ ചിരിക്കു മുന്നില്‍ മൃതിയെ മറക്കുന്ന നിഷ്‌കളങ്കതയാണ് ജീവിതയാനത്തെ മുന്നോട്ടു നയിക്കുന്ന ഇന്ധനം. ഓണം ഉണര്‍ത്തുന്ന ഓര്‍മ്മകള്‍ പലരിലും പല തരത്തിലാണ്. ഓര്‍മ്മകളിലെ ഓണത്തെ ബാലചന്ദ്രന്‍ ചുള്ളിക്കാട് കുടഞ്ഞിടുന്നത് ഇങ്ങനെ :

ആദ്യാനുരാഗപരവശനായി ഞാന്‍
ആത്മരക്തം കൊണ്ടെഴുതിയ വാക്കുകള്‍
ചുറ്റുമിരിക്കും സഖികളെക്കാണിച്ചു
പൊട്ടിച്ചിരിച്ചു രസിച്ച പെണ്‍കുട്ടിയെ
എന്നും മറക്കാതിരിക്കുവാനല്ലി ഞാന്‍
വന്നു പോകുന്നതിങ്ങോണ ദിനങ്ങളില്‍
.
(ഓര്‍മ്മകളുടെ ഓണം - ബാലചന്ദ്രന്‍ ചുള്ളിക്കാട് )

ഓണം മലയാളിക്ക് വറ്റാത്ത ഇന്ധനത്തിന്റെ ഉറവയാണ്. ഓണത്തിന്റെ ഓര്‍മ്മകള്‍ എന്നില്‍ ഉണരുക സായ്‌വിന്റെ (സാഹിബ്) ഈറ്റക്കൊട്ടയിലെ വളകളുടെ വര്‍ണ്ണപ്പെരുമയിലാണ്. ഞങ്ങളുടെ ചെറുപ്പക്കാലത്ത് ഓണസമയങ്ങളില്‍ നാട്ടില്‍ ഒരു സായ്വ് വന്നിറങ്ങും 'വളക്കാരന്‍ സായ്വ് ' എന്ന് ഞങ്ങള്‍ നാട്ടിലെ കുട്ടികള്‍ സ്‌നേഹത്തോടെ വിളിച്ച് ഓരോ ഓണക്കാലത്തും സായ്‌വിനെ കാത്തിരിക്കും' കുട്ടികളുടെ മനസ്സില്‍ വിസ്മയം തീര്‍ക്കുന്ന വര്‍ണ്ണപകിട്ടുമായി വളക്കാരന്‍ സായ്‌വ് വന്നെത്തുന്നതോടെയാണ് കുട്ടികള്‍ക്ക് ഓണം ആരംഭിക്കുക മഹാബലിക്ക് തൊട്ടു മുന്‍പ് ഒരു പൈലറ്റ് വിസിറ്ററായി സായ്‌വിനെ കണക്കാക്കി പോന്നു. എവിടെ നിന്നു വരുന്നോ ആവോ? എവിടെ നിന്നായാലും കുട്ടികള്‍ക്ക് വട്ടി നിറയെ ഓണവുമായി സായ്‌വെത്തും. വര്‍ണ്ണവും നാദവും ഗന്ധവുമായി കുട്ടികളില്‍ ഓണം നിറയ്ക്കാന്‍. പല വര്‍ണ്ണങ്ങളിലും പേരുകളിലുമുള്ള വളകള്‍ ഉണ്ടാകും കൈയ്യില്‍. അമേരിക്കയുടെ സ്‌പേസ് സ്റ്റേഷനായിരുന്ന സ്‌കൈ ലാബ് പൊട്ടിത്തെറിച്ചുവീണ കാലത്ത് സ്‌കൈലാമ്പ് എന്ന പേരില്‍ ഒരു മിന്നുന്ന വള കൊണ്ടുവന്നതോര്‍ക്കുന്നു.

നാട്ടില്‍ രണ്ട് ഓട്ടുകമ്പനികളുണ്ട് 'രാജാ ടൈല്‍സും' 'പ്രീമിയര്‍ ടൈല്‍സും'. ഈ കമ്പനി പടികളാണ് സായ്‌വിന്റെ കമേഴ്‌സ്യല്‍ പോയിന്റുകള്‍. രാവിലെ 9 .45 ന് രാജാകമ്പനി പടിയില്‍ സായവ് എത്തും. പണിക്കാരുടെ രാവിലത്തെ ഭക്ഷണ സമയമാണത്. മാറ്റത്തിന്റെ ബെല്ല് എന്നാണ് പറയുക. സായ്‌വിനെ ഒരു കുട്ടി കണ്ടാല്‍ മതി എല്ലാവരെയും വിളിച്ച് അറിയിക്കും. ' വളക്കാരന്‍ സായവ് എത്തീ'. ഞങ്ങള്‍ കുട്ടികള്‍ ഓടിക്കൂടും. സായ്‌വ് കമ്പനി പടിയില്‍ വാണിഭങ്ങളെല്ലാം ഇറക്കി വെയ്ക്കും കമ്പനി പെണ്ണുങ്ങള്‍ ചുറ്റും കൂടും. വളകള്‍, മാലകള്‍, റിബ്ബണ്‍, ചുറ്റുവള, സിന്ദൂരം, കണ്‍മഷി, പലതരം പൊട്ട്, പൗഡര്‍, ചീപ്പ്, കണ്ണാടി ഇവയൊക്കെയാണ് എന്നെ ആകര്‍ഷിക്കുന്ന ഇനങ്ങള്‍. പന്തും പീപ്പിയും ഒക്കെ കാണും. കുട്ടികള്‍ ഉന്തും തള്ളുമായി ചുറ്റും കൂടും. കൂട്ടത്തില്‍ കാശുകാരികളായ കമ്പനിപ്പെണ്ണുങ്ങള്‍ അവരുടെ തോളിലെ കള്ളി തോര്‍ത്ത് മാറിലേക്ക് വലിച്ചിട്ട് മടിക്കുത്തില്‍ നിന്നും ബ്ലൗസി നകത്തു നിന്നുമൊക്കെ പണം എണ്ണിയെടുത്ത്  കേമത്തികളായി നില്‍ക്കും. വാങ്ങാന്‍ പണമില്ലാത്ത കുട്ടികള്‍ കൊതിയോടെ ആ വളകളുടെ വര്‍ണ്ണങ്ങളില്‍ ഭ്രമിച്ച് നില്‍ക്കും. ഞാനും അക്കൂട്ടത്തില്‍.

എന്നെ ഏറ്റം ആകര്‍ഷിച്ചത് അവരുടെ കൈയിലെ സിന്ദൂരച്ചെപ്പാണ്. പേസ്റ്റ് രൂപത്തില്‍ ചുവന്ന് അല്പം തരിയുള്ള ഒരു ഇനം സിന്ദൂരം. വട്ടത്തിലുള്ള ചെപ്പിലാണത്. ഞാന്‍ മണത്തിട്ടുണ്ട്. സായ്‌വ് സിന്ദൂരചെപ്പ് തുറന്ന് കാശുള്ള പെണ്ണകള്‍ക്ക് മണപ്പിച്ച് വശീകരിക്കാന്‍ ശ്രമിക്കും. ഒരുതരം പരസ്യം! ഈ സമയമൊക്കെ ഞാന്‍ ആ പെണ്ണുങ്ങളോട് ഒട്ടിനില്‍ക്കും. തവിടെണ്ണയുടെ മണമുള്ള കമ്പനി പെണ്ണുങ്ങള്‍ ആ സമയം സുഗന്ധികളാവും. ആ മണം അവരുടെ മണമാണെന്ന ധാരണയില്‍ അവരുടെ വിരിഞ്ഞൊരു നില്പുണ്ട്. ഞാന്‍ ഉള്ളില്‍ ചിരിക്കും. ഇന്നും ആ സിന്ദൂരമണം എന്റെ നാസാരന്ധ്രങ്ങളില്‍ വിലയിച്ചു നില്‍ക്കുന്നുണ്ട്.

പക്ഷേ പിന്നീട് വളര്‍ന്നപ്പോള്‍ പല ഫാന്‍സി കടകളിലും ആ മണമുള്ള സിന്ദൂരത്തിനായ് ഞാന്‍ തിരഞ്ഞിട്ടുണ്ട്. ഒരിക്കലും കിട്ടിയിട്ടില്ല. പതിനൊന്നേമുക്കാല്‍ ആകുമ്പോള്‍ കമ്പനിക്കാരുടെ ഉച്ചഭക്ഷണ സമയമാണ്. രാജാ കമ്പനി പടിയില്‍ നിന്നും സായ്‌വ് പ്രീമിയര്‍ കമ്പനി പടിയിലേക്ക്. ഞങ്ങള്‍ കുട്ടികള്‍ ഒപ്പം പായും.. അവിടെയും ഞങ്ങള്‍ കാഴ്ചക്കാര്‍ ഒന്ന് വളയില്‍ തൊടാന്‍ പോലും സായ്‌വ് സമ്മതിക്കില്ല. വളയില്‍ ഒന്ന് താടാന്‍ പോലും സായ്വ് സമ്മതിക്കില്ല''സിന്ദൂരം ഞാന്‍ മണത്ത തു തന്നെ എങ്ങനെയോ?കൃത്യമായ് ഓര്‍മ്മയില്ല

ഓര്‍മ്മയുള്ളത് അത് അനുഭവിപ്പിച്ച അവാച്യമായ ഗന്ധം മാത്രം. ഇന്നുവരെ ഞാനനുഭവിച്ച എല്ലാ ഗന്ധങ്ങളെയും വെറും സാമന്തന്മാരാക്കുന്ന ഒരു രാജകീയഗന്ധം! അഞ്ചു മണിയുടെ കമ്പനി മണിയും കഴിഞ്ഞ് അവസാനത്തെ വില്പനയും വസൂലാക്കി ആറു മണിയോടെ വളവട്ടി തലയിലേറ്റി സായ്‌വ് തിരിക്കും. ഇനിയാണ് കാര്യം! ഞങ്ങള്‍ അയല്‍ക്കാരായ കുറേ കുട്ടികള്‍ സായ് വിന്റെ ചുറ്റും ഏതാണ്ട് ആ ദിവസം മുഴുവന്‍ നിന്നിട്ടുണ്ടാവും. സായ്‌വ് ഭക്ഷണം കഴിക്കാന്‍ കയറുന്ന ഇടവേളകളിലാണ് ഞങ്ങളും വീട്ടില്‍ പോയി എന്തെങ്കിലും കഴിച്ചെന്ന് വരുത്തിയിട്ടുണ്ടാവുക. എങ്കിലും യാതൊരു അനുകമ്പയുമില്ലാതെ ചക്കപ്പഴത്തീന്ന് മണീച്ചയെ ആട്ടുന്ന പോലെ ഞങ്ങളെ ഒന്നിലും തൊടീക്കാതെ സായ്‌വ് ആട്ടി നിര്‍ത്തും. എനിക്ക് ഭയങ്കര ദേഷ്യം വരും. ഞങ്ങള്‍ക്കൊക്കെ ഓരോ ഡസണ്‍ വള വേണ്ട; ഒരു റിബ്ബണ്‍ അല്ലെങ്കില്‍ സിന്ദൂരം ഒന്നു മണപ്പിക്കാനെങ്കിലും തന്നാലെന്താ? പൂലാനിക്കാട്ടില്‍ നത്ത് ഇരിക്കുന്ന പോലെ നോക്കി ഞാനിരിക്കും. അതുപോലെ മറ്റു പല കൂട്ടുകാരും. ഞങ്ങളുടെ കൂട്ടത്തില്‍ അല്പം മുതുന്നവര്‍ സായ്വ് പൊയ്ക്കഴിഞ്ഞാല്‍ ഞങ്ങളെ പുറകിലെ പറമ്പിലേക്ക് വിളിക്കും. ആണ്‍ കുട്ടികളില്‍ ചിലര്‍ ട്രൗസറും പെണ്‍കുട്ടികളില്‍ ചിലര്‍ ഷീമ്മീസും പുല്ലിലേക്ക് കുടഞ്ഞിടും. ദാ വരുന്നു: വള, മാലാ, കണ്‍മഷി, പൗഡര്‍. വളയെല്ലാം അളവിനാകണമെന്നില്ല. മാലക്ക് പ്രശ്‌നമില്ല. കട്ടെടുക്കുമ്പോള്‍ അളവ് നോക്കാനാവില്ലല്ലോ. താപ്പിന് കിട്ടിയത് എടുക്കുക തന്നെ. ഇട്ടില്ലെങ്കിലും കളഞ്ഞാലും ശരി സായ്‌വിനിതുവേണം എന്ന് ഞാന്‍ കരുതും. എത്രയോ മക്കള്‍ക്ക് വയറ്റിപ്പിഴപ്പിനായി ചെയ്യുന്ന വേലയാണ് അതെന്ന് ചിന്തിക്കാന്‍ ഞാന്‍ അന്ന് ആളായിട്ടില്ലല്ലോ. എന്നാലും എന്റെ ഓണം ഓര്‍മ്മകളില്‍ എവിടെ നിന്നോ വളവട്ടിയുമായി വന്നിറങ്ങിയിരുന്ന ആ സാഹിബ്ബ് വലിയ ഇടം നേടി. എത്ര തേടിയിട്ടും എങ്ങും കണ്ടെത്താനാവാത്ത ഓര്‍മ്മയിലെ ആ സിന്ദൂര സുഗന്ധവും.

Content Highlights: Malayalam Onam Memories By Sheela NK