എണ്‍പതാം പിറന്നാളിന്റെ നിറവിലാണ് ശ്രീകുമാരന്‍ തമ്പി. ആ ഹൃദയസരസ്സില്‍ ഇന്ന് മിന്നിമാഞ്ഞുപോയിരിക്കുന്നത് ആരെയൊക്കെക്കുറിച്ചുള്ള ഓര്‍മകളായിരിക്കും എന്ന ചോദ്യമാണ് പിറന്നാള്‍ ആശംസകളോടൊപ്പം അദ്ദേഹത്തോട് ചോദിച്ചത്. തികച്ചും വൈകാരികമായിരിക്കും ഉത്തരം എന്നു പ്രതീക്ഷിച്ചെങ്കില്‍ തെറ്റി. മുവ്വായിരത്തില്‍പരം പാട്ടുകളുടെ സ്രഷ്ടാവിന് സിനിമതന്നെ ഇന്നും ചിന്തയില്‍. തന്റെ പിറന്നാളോര്‍മ്മയില്‍ വന്നുമറയുന്നവരെ ശ്രീകുമാരന്‍ തമ്പി ഓര്‍ക്കുന്നു. 

 ഗാനരചയിതാവായിട്ടാണ് ഞാന്‍ സിനിമയില്‍ രംഗപ്രവേശനം ചെയ്തത്. പിന്നെ തിരക്കഥാകൃത്തായി. അതിനുശേഷം സംവിധാനം ചെയ്തു. ഇരുപത്തിയാറ് സിനിമകള്‍ നിര്‍മിച്ചു. സിനിമയില്‍ നിന്നു ലഭിച്ച പണം ഞാന്‍ സിനിമയില്‍ത്തന്നെയാണ് ചെലവാക്കിയത്. ഞാന്‍ അനുഭവിച്ച യാതനകള്‍ക്കും നഷ്ടങ്ങള്‍ക്കും ഉള്ള അംഗീകാരമാണ് മലയാളം നെഞ്ചേറ്റിയ ഇന്നത്തെ ഈ ദിവസം. ധാരാളം ആളുകള്‍ വിളിക്കുന്നു, പിറന്നാള്‍ ആശംസകള്‍ അറിയിക്കുന്നു. സാമൂഹ്യമാധ്യമങ്ങളും പത്രങ്ങളും എണ്‍പതാം പിറന്നാള്‍ കൊട്ടിഘോഷിക്കുന്നു. എനിക്കൊപ്പം ജോലി ചെയ്തവര്‍, ഗായകര്‍,സംഗീതസംവിധായകര്‍...അവരെല്ലാം ഓര്‍ക്കുന്നു എന്നത് സന്തോഷം തരുന്നു. 
 
എന്നെ സിനിമയിലേക്കുകൊണ്ടുവന്ന പി. സുബ്രഹ്മണ്യന്‍ മുതലാളിയോടാണ് എന്റെ ആദ്യത്തെ കടപ്പാടും നന്ദിയും. സിനിമാപ്രവേശനത്തിനായി എനിക്ക് ഒരിടത്തുംപോയി അലയേണ്ടി വന്നിട്ടില്ല. ആരുടെയും പിറകേ നടക്കേണ്ടിയും വന്നിട്ടില്ല. അന്നൊക്കെ കോടമ്പാക്കത്ത് പോയി അലഞ്ഞുനടന്നാലേ സിനിമയുള്ളൂ. രണ്ടുപടത്തിന് പാട്ടുകള്‍ എഴുതിക്കഴിഞ്ഞിട്ടാണ് ഞാന്‍ കോടമ്പാക്കം കാണുന്നത്. ജയഭാരതി പ്രൊഡക്ഷന്‍സിന്റെ ടി വാസുദേവനെ ഈ അവസരത്തില്‍ ഓര്‍ത്തുപോവുകയാണ്. അദ്ദേഹത്തിന്റെ പത്തൊമ്പത് പടങ്ങള്‍ക്ക് എന്നെക്കൊണ്ട് പാട്ടെഴുതിച്ചു. അതൊക്ക സൂപ്പര്‍ഹിറ്റുകളായി. ശ്രീകുമാരന്‍ തമ്പി-ദക്ഷിണാമൂര്‍ത്തി ടീം ഉണ്ടാക്കിയത് അദ്ദേഹമാണ്.

പി.ഭാസ്‌കരന്‍,വയലാര്‍, ഒ.എന്‍.വി. ഇവര്‍ മൂന്നുപേരാണ് എനിക്ക് മുന്നാലെ നടന്നവര്‍. എന്റെ ഗുരുവായി ഞാന്‍ മനസ്സില്‍ കണ്ടത് ഭാസ്‌കരന്‍ മാഷെയാണ്. ഒരു പാട്ടെഴുത്തുകാരന്‍ മറ്റൊരു പാട്ടെഴുത്തുകാരനെ അത്രകണ്ട് സഹായിക്കേണ്ട കാര്യമൊന്നുമില്ലാത്തിടത്താണ് അദ്ദേഹം എന്റെ കാക്കത്തമ്പുരാട്ടി നോവല്‍ വായിച്ച് അത് സിനിമയാക്കാനുള്ള പ്രചോദനം തരുന്നത്. ഭാസ്‌കരന്‍ മാഷിനും വയലാറിനും ഇടയില്‍ തമ്പിയ്ക്ക് എവിടാണ് സ്‌പേസ് ഉള്ളതെന്ന് തോപ്പില്‍ ഭാസി അടക്കമുള്ളവര്‍ ചോദിച്ചിട്ടുണ്ട്. പി ഭാസ്‌കരന്‍ അദ്ദേഹത്തിന്റെ സിനിമയ്ക്ക് എന്നെക്കൊണ്ട് തിരക്കഥയെഴുതിച്ചാണ് ആ ചോദ്യത്തിനുള്ള മറുപടി കൊടുത്തത്. എം.ടിയും പാറപ്പുറത്തും തോപ്പില്‍ ഭാസിയും ഭാസ്‌കരന്‍മാിനായി തിരക്കഥയെഴുതുന്നവരാണ്. അപ്പോള്‍ എന്തുകൊണ്ട് തമ്പി എന്ന ചോദ്യത്തിന്, തമ്പിയിലെന്തോ ഉണ്ട് എന്ന ഭാസ്‌കരന്‍ മാഷിന്റെ ഭാവം എന്നെ ഏറെ സഹായിച്ചിട്ടുണ്ട്. എട്ടുപടങ്ങള്‍ അദ്ദേഹത്തിനായെഴുതി, അതില്‍ നാലെണ്ണത്തിന് ഞങ്ങള്‍ പാട്ടുകളും പങ്കുവച്ചു.  

അദ്ദേഹത്തിന്റെ മരണംവരെ ഞാന്‍ കൂടെനിന്നു.  പി ഭാസ്‌കരന്‍ എന്ന പേര് ഞാന്‍ ഭക്തിയോടെയും സ്‌നേഹത്തോടെയും മാത്രമേ ഉച്ചരിക്കാറുള്ളൂ. കൊടുങ്ങല്ലൂരിലെ പി ഭാസ്‌കരന്‍ ട്രസ്റ്റിന്റെ രക്ഷാധികാരിയാണ് ഞാന്‍. അദ്ദേഹത്തിന്റെ കുടുംബവുമായും നല്ല ബന്ധം പുലര്‍ത്തുന്നു. അങ്ങനെ ഒരുപാട് പേരുണ്ട് ഈ ദിനത്തില്‍ എനിക്കോര്‍ത്തിരിക്കാന്‍. കഥ പറയാന്‍ വന്ന എന്നെ പ്രേംനസീറിന്റെ റൂം മേറ്റാക്കി താമസിപ്പിച്ചത് സുബ്രഹ്മണ്യന്‍ മുതലാളിയാണ്. അദ്ദേഹത്തിനുള്ള ഗുരു ദക്ഷിണയായി ഞാന്‍ അദ്ദേഹത്തെക്കുറിച്ച് ഒരു പുസ്തകമാണ് എഴുതിയത്. എന്റെ വായനയും അറിവും എത്രകണ്ട് സിനിമയില്‍ ഉപയോഗിക്കാന്‍ പറ്റുമെന്ന് തിരിച്ചറിഞ്ഞവരാണവര്‍. അവരെയല്ലാതെ ഞാനാരെയോര്‍ക്കും ഈ  ദിനത്തില്‍!

Content Highlights: Malayalam lyricist Sreekumaran Thampi remembers his masters in cinema