യിരത്തിത്തൊള്ളായിരത്തിയെണ്‍പത്തിനാല് സെപ്റ്റംബര്‍ മാസത്തിലെ ഒരു നട്ടുച്ചയ്ക്കായിരുന്നു ഞാന്‍ എറണാകുളത്ത് ബസ്സിറങ്ങിയത്. ബസ് സ്റ്റാന്‍ഡില്‍ ഞാനിറങ്ങിയതും പെരുമഴ ആര്‍ത്തുപെയ്തു. നാട്ടില്‍നിന്നു പുറപ്പെട്ടപ്പോഴേ ആകാശം മൂടിക്കെട്ടിയിരുന്നു. എന്നാല്‍, ഒരിക്കല്‍പ്പോലും, ഒരു കാറ്റുപോലും മഴ കൊണ്ടുവരുമെന്നു പ്രതീക്ഷിച്ചില്ല. അല്ലെങ്കിലും ചിങ്ങത്തില്‍ മഴ അപ്രതീക്ഷിതമാണല്ലോ. ഇത്രയുംനേരം നട്ടപ്പൊരിവെയില്‍ എന്നു പറഞ്ഞതുകൊണ്ട് മഴയിങ്ങനെ മുറിയുമെന്നും ആരും കരുതിയില്ല. ഇതിപ്പോ ബസീന്നെങ്ങനെ ഇറങ്ങാനാ എന്നു ചോദിച്ചുകൊണ്ട് രണ്ടമ്മമാര്‍ വാതിലടഞ്ഞുനിന്നു. തുറന്നുകിടന്ന വാതിലിലൂടെ മഴ ബസിനകത്തേക്ക് വീശി. തള്ളേ എറങ്ങുന്നെങ്കിലിറങ്ങ് എന്നു പറഞ്ഞ് ബസിലെ വാതിലിനരികിലിരുന്ന ആള്‍ക്കാര്‍ നിലവിളിച്ചു. ചാറ്റലടിച്ചുകേറുന്നത് കാണുന്നില്ലേ എന്ന് ഏതോ ഒരു ചീത്തവിളിയുടെ അവസാനമായി കേട്ടു. ബസ് സ്റ്റാന്‍ഡിലേക്ക് വെള്ളം ഇരച്ചുകയറുന്നുണ്ടായിരുന്നു. തള്ളമാരിറങ്ങിയതും പിന്നാലെ ആര്‍ത്തൊഴുകിപ്പരക്കുന്ന ചെളിവെള്ളത്തില്‍ കാലുകുത്തി, എറണാകുളമെന്ന കുളത്തില്‍ ഞാന്‍ നനഞ്ഞു. സ്റ്റാന്‍ഡില്‍ മനുഷ്യര്‍ ഒട്ടിനിന്നു. മൂന്നുവശത്തെ തുറസ്സില്‍നിന്നും കാറ്റും മഴച്ചാറ്റലും ആഞ്ഞുവീശി. സകലതിനെയും പൊളിച്ചുകൊണ്ടുപോകാനാവുന്നതോതില്‍ കാറ്റ്, കള്ളുകുടിച്ചുവന്നു കെട്ടിയവളെ തല്ലുന്ന കെട്ടിയവനെപ്പോലെ. 

ബസ് സ്റ്റാന്‍ഡില്‍ അന്നേരം ഒടുക്കത്തെ തിരക്കായിരുന്നു. ആളുകളുടെ നിലവിളിയില്‍ സ്റ്റാന്‍ഡിലെ ബസുകളുടെ വരവുപോക്ക് വിളിച്ചുപറയലൊന്നും കേള്‍ക്കുന്നുണ്ടായിരുന്നില്ല. ഞാന്‍ പതുക്കെ പുറത്തേക്കിറങ്ങാന്‍ എന്തെങ്കിലും സാധ്യതയുണ്ടോയെന്നു നോക്കി ആള്‍ക്കൂട്ടത്തിനിടയിലൂടെ നടന്നു. വെള്ളം നിര്‍ത്താതെ ചാറ്റലായി അടിച്ചുകേറുന്നുണ്ടായിരുന്നു. പടിക്കെട്ടുവരെ വെള്ളമെത്തി എന്നാരോ വിളിച്ചുപറഞ്ഞതുകേട്ട് ഞാന്‍ ചെന്നുനോക്കി. ഇനിയെങ്ങനെ പുറത്തിറങ്ങും എന്റെ ചെങ്കാറ്റൂരപ്പനേ എന്ന് ഞാന്‍ മനസ്സില്‍ വെരുകി. വൈകുന്നേരത്തിനുമുന്നെ മാമനെ കാണാന്‍ കഴിഞ്ഞില്ലെങ്കില്‍ എനിക്കെവിടെ താമസിക്കാന്‍ കഴിയും എന്നറിയില്ലായിരുന്നു. അകന്ന ബന്ധുക്കളും പരിചയക്കാരും ഈ നഗരത്തിലുണ്ടെങ്കിലും അവരുടെയൊന്നും മേല്‍വിലാസങ്ങള്‍ എന്റെ ഓര്‍മയില്‍ വന്നതേയില്ല. അല്ലെങ്കില്‍ ആരെയെങ്കിലും വിളിച്ചുചോദിക്കാമെന്നു വിചാരിച്ചാലും അവരുടെയൊന്നും നമ്പറും എനിക്കറിയില്ല. വീട്ടില്‍നിന്നിറങ്ങുമ്പോള്‍ ഞാന്‍ മറന്നതും ടെലിഫോണ്‍ ഇന്‍ഡക്സ് ആയിരുന്നു.

ഞാന്‍ സ്റ്റാന്‍ഡിനുചുറ്റിലും നടന്നു. ഓരോ തൂണിനുമറവിലും മുകളിലേക്കു കയറുന്ന പടിക്കെട്ടിനു കീഴെയുമൊക്കെയായി ആളുകള്‍ നിന്നു. മഴ അടുത്ത വെയിലിനായി ഒഴിഞ്ഞുതരുമെന്നു തോന്നിയതേയില്ല. ഒന്നാംനിലയിലേക്ക് കയറുന്ന പടിക്കെട്ട് ചവിട്ടി ഞാന്‍ മുകളിലെത്തി, ആള്‍ക്കൂട്ടത്തില്‍നിന്നും ചാറ്റലടിയില്‍നിന്നും ഒഴിഞ്ഞുനില്‍ക്കാനായി ഒരിടം നോക്കുകയായിരുന്നു ഞാന്‍. ചുവരുകളിലെല്ലാം പെരുന്നാള്‍ ആഘോഷങ്ങള്‍ക്കായി ഒരുങ്ങുന്ന പള്ളികളുടെ ചിത്രങ്ങളോടെയുള്ള പോസ്റ്ററുകള്‍ പതിച്ചിരുന്നു. വല്ലാര്‍പ്പാടത്തമ്മയുടെ തിരുന്നാളിന്റെ ചിത്രം ഞാന്‍ നോക്കിനിന്നു. 'ക്രിസ്തു വിളിക്കുന്നു' എന്ന് വലിയ അക്ഷരത്തില്‍ എഴുതിയ പോസ്റ്ററുകളും കൂട്ടത്തില്‍ പകുതി കീറിയതൊക്കെയായി ചുമരില്‍ പതിച്ചിട്ടുണ്ട്. എറണാകുളമെന്ന നഗരത്തില്‍ പള്ളികളാണ് കൂടുതലെന്ന് പണ്ടൊരിക്കല്‍ ഒരു കല്യാണത്തിനു വന്നപ്പോള്‍ തോന്നിയിരുന്നു. എന്റെ നാട്ടില്‍ ഞങ്ങള്‍ പൊതുവേ അപരിചിതമായിരുന്ന പോസ്റ്ററുകളായിരുന്നു പലതും. അവിടങ്ങളില്‍ സിനിമാക്കൊട്ടകയിലേക്കുള്ള വിളംബരചിത്രങ്ങളും ബാങ്കിന്റെ തിരഞ്ഞെടുപ്പ് പോസ്റ്ററുമൊഴിച്ച് മറ്റൊന്നും ഞങ്ങള്‍ കണ്ടിട്ടുണ്ടായിരുന്നില്ല. ആളുകള്‍ വീണ്ടും വീണ്ടും വന്നു. മുകളിലത്തെ വരാന്തയില്‍ ഒന്ന് നിന്നുതിരിയാന്‍ ഇടമില്ലാതായി. നനഞ്ഞുവിയര്‍ത്ത ശരീരങ്ങളില്‍നിന്നും വൃത്തികെട്ട ഒരു മണം നിറഞ്ഞു. ഞങ്ങളുടെ നാട്ടില്‍ കരിമ്പന കയറിയിറങ്ങിവരുന്ന പനകയറ്റക്കാരുടെ വിയര്‍ത്ത ദേഹത്തുനിന്നുവരുന്ന വാടപോലെയായിരുന്നു അത്. ആ മണം കിട്ടിയാല്‍ ഞാന്‍ ഛര്‍ദിക്കാന്‍ തുടങ്ങും. എന്റെ അടിവയറ്റില്‍നിന്ന് കൊഴുത്തവെള്ളം വായിലേക്ക് തികട്ടിവന്നു. പെട്ടെന്നുതന്നെ ഞാന്‍ അത് പുറത്തെ മഴച്ചാറ്റലിലേക്ക് തുപ്പി താഴോട്ടോടി. 

സ്റ്റാന്‍ഡില്‍ ദേശാഭിമാനി ബുക്‌സിന്റെ പുസ്തകശാലയോടുചേര്‍ന്ന് ഒരു ചായക്കടയുണ്ട്. ഞാന്‍ ചെന്ന് ഒരു ചായയ്ക്ക് പറഞ്ഞു. ആളുകള്‍ അവിടെയും തിങ്ങിനില്‍പ്പാണ്. പലരും ചായഗ്ലാസ് വാങ്ങുകയും പണം കൊടുക്കുകയും ചെയ്യുന്നുണ്ട്. പണം കൊടുത്ത് ബാക്കി വാങ്ങിയിട്ട് ഒരു ബണ്ണോ ബജ്ജിയോ ഉഴുന്നുവടയോ വാങ്ങി മാറിനിന്ന് ചായകുടിക്കുന്നതും കണ്ടു. ഞാന്‍ രണ്ടുമൂന്നുവട്ടം ഒരു ചായ എന്നു പറഞ്ഞെങ്കിലും ആരും അത് കേട്ടതായോ എനിക്കൊരു ഗ്ലാസ് ചായ എടുത്തുതരികയോ ചെയ്തില്ല. മാറിനിന്ന് ചായകുടിച്ച് ബണ്ണുതിന്നവന്‍ ചായഗ്ലാസ് ആള്‍ക്കൂട്ടത്തിനിടയിലൂടെ മുന്നിലെ ഡസ്‌കിലേക്കുവെച്ചിട്ട് പെട്ടെന്ന് ഒഴിഞ്ഞുപോയി. ഞാന്‍ ആ പോയ ആളെ നോക്കുകയായിരുന്നു. അവന്‍ ബണ്ണിനു പണം കൊടുക്കാതെ മുങ്ങുകയായിരുന്നല്ലോ എന്ന് ഞാന്‍ കരുതി. ചായകുടിക്കുന്നവരില്‍ ചിലരൊക്കെ അങ്ങനെ, കുടിച്ച ചായയ്‌ക്കോ തിന്ന പലഹാരത്തിനോ, കാശുകൊടുക്കാതെ മാഞ്ഞുപോകുന്നത് നഗരത്തിന്റെ സ്വഭാവമാണെന്നറിയാന്‍ എനിക്കധികം സമയമൊന്നും വേണ്ടിവന്നില്ല. മനുഷ്യര്‍ എല്ലാ സ്ഥലത്തും മുതല്‍മുടക്കില്ലാതെ ജീവിതം കണ്ടെത്താനും ആഹ്ലാദിക്കാന്‍ ശ്രമിക്കുന്നവരുമാണെന്ന് എന്റെ അച്ഛന്‍ പറഞ്ഞുതന്നിട്ടുണ്ട്. ഒരു പാപവും ചെയ്യാതെ വൈതരണികടക്കുന്നവനാണ് സ്വര്‍ഗരാജ്യത്തിന്റെ അധിപനെന്ന് ഒരു ബസ് യാത്രയില്‍ പറഞ്ഞ കഥകള്‍ക്കൊപ്പമായിരുന്നു അത്. കുറേനേരം കാത്തുനിന്നിട്ടാണ് എനിക്കൊരു ചായ കിട്ടിയത്. മഴ ഇടിമിന്നലായി തകര്‍ത്തു. ആഞ്ഞുവെട്ടിയ ഒരു മിന്നലില്‍ സ്റ്റാന്‍ഡിനകത്തെ വെളിച്ചം പൊലിഞ്ഞു. ഇരുട്ട് അതിന്റെ എല്ലാ ഭീകരതയുമായി ഒരു പകലിലേക്ക് ഇഴഞ്ഞിറങ്ങി. ഞാന്‍ ഒഴിഞ്ഞ ചായഗ്ലാസ് ഡസ്‌കിനുമീതെവെച്ചു. പക്ഷേ, അന്നേരം തന്നെ വേറെ ആരോകൂടി ഇരുട്ടില്‍ ചായഗ്ലാസ് വെക്കുന്നതിനിടയില്‍ എന്റെ കൈതട്ടി രണ്ടു ഗ്ലാസുകള്‍ നിലത്തുവീഴുകയും ''ആരെടാ  ഗ്ലാസ് പൊട്ടിച്ചത്... ഈ തിരക്കിനിടയില്‍ ഒരുമാതിരി കോണോത്തിലെ പണിയായി... സൂക്ഷിക്കണേ, ചില്ലുഗ്ലാസ് നിലത്തുണ്ട്... ഇനിയീ മഴയത്ത് കാല്‍ മുറിക്കണ്ടാ'' എന്നൊക്കെ ആരൊക്കെയോ പറയുകയും ടോര്‍ച്ചടിച്ച് താഴെത്തെറിച്ച ചില്ല് പെറുക്കുകയും ചെയ്തു. 

ഒരു പുതിയ ജീവിതം തുടങ്ങാനായി ഒരു പുതിയ നഗരത്തില്‍വന്ന എന്റെ ജീവിതമിവിടെ എന്താണിങ്ങനെ മാറുന്നതെന്ന് ഞാന്‍ ഉള്ളില്‍ നിലവിളിച്ചു. വീട്ടില്‍നിന്നിറങ്ങുമ്പോള്‍ അമ്മ പറഞ്ഞിരുന്നു: നിന്നെയറിയാത്ത ഒരു നാട്ടിലേക്കല്ലോ നീ പോകുന്നത്. അവിടെ നീ വെളിച്ചത്തിനായി ഉഴറുമ്പോള്‍ നിനക്ക് പ്രകാശമാകാന്‍ ഒരുവനുണ്ടാകും. അവനെ വിട്ടുകൊണ്ട് നീയൊന്നും ചെയ്യരുത്. അങ്ങനെയാരെയാണോ എന്റെ ചെങ്കാറ്റൂരപ്പാ ഞാനിവിടെ കാണാന്‍ പോകുന്നത് എന്നോര്‍ത്ത് തിരിഞ്ഞതും എന്റെ തൊട്ടടുത്തുണ്ടായിരുന്ന ആളിന്റെ കണ്ണട എന്റെ കൈതട്ടി താഴെവീഴുകയും ചെയ്തു. ഇരുട്ടില്‍ നടന്നുപോകുന്ന ആളുകള്‍ ചവിട്ടി ആ കണ്ണട ഉടയുന്നതിനുമുന്നെ അതെടുക്കണമല്ലോയെന്നുകരുതി ഞാന്‍ താഴെ ആളുകളെ തടഞ്ഞ് കണ്ണട പരതി. അതിനിടയില്‍ ആരോ ഉരച്ച തീപ്പെട്ടിക്കോലിന്റെ വെളിച്ചത്തില്‍ ഞാന്‍ കണ്ണടകാണുകയും അതെടുത്ത് അതിന്റെ ഉടമസ്ഥനു കൊടുക്കുകയും ചെയ്തു.  അയാള്‍ തന്റെ ഷര്‍ട്ടിന്റെ അടിഭാഗംകൊണ്ട് കണ്ണടയുടെ ചില്ലുതുടച്ച് കണ്ണില്‍വെച്ചു. അയാളെന്തെങ്കിലും ചീത്തപറയുമോ എന്നു വിചാരിച്ച് ഞാന്‍ വിനീതവിധേയനായ ഭാവത്തോടെ മാപ്പര്‍പ്പിച്ച് നില്‍ക്കുകയായിരുന്നു അപ്പോള്‍. എന്നാല്‍, അയാളിതൊക്കെ തികച്ചും സ്വാഭാവികം എന്നമട്ടില്‍ എന്നോട് ചോദിച്ചത് ഈ വിധമായിരുന്നു.

''ഈ നാട്ടുകാരനല്ല അല്ലേ...?''
''അല്ലാ എന്നു ഞാന്‍ മൂളി.''
''പിന്നെവിടുന്നു വരുന്നൂ... എന്താ ഇവിടെ...?'' 
''ഞാന്‍ പര്‍ലീന്ന് വര്ണൂ.. ഇവടെ എന്റെ മാമന്റെ ആപ്പീസിലൊരു ജോലിതരാന്ന് പറഞ്ഞിട്ടുണ്ട്. മൂപ്പര്ടെ ഫോണാച്ച കിട്ട്ണൂല്യ. ഈ മഴയത്ത് എങ്ങനെ അവടെ എത്തുംന്നും അറിയില്ല. ഇന്നു മൂപ്പരെ കാണാന്‍ കഴിയില്ലാന്ന് ച്ചാ എവടെ കെടെന്നൊറങ്ങുംന്നും അറിയില്ല... ഈ നാട്ടിലാച്ചാ എനിക്ക് അറിയുന്ന വേറെ ആള്‍ക്കാരുടെ നമ്പറൊന്നും ഓര്‍മ്മേലുംല്യാ...'' 

ഞാന്‍ പറയുന്നത് മുഴുവനും അയാള്‍ കേട്ടു. അയാളുടെ കണ്ണുകള്‍ ഇരുട്ടിലും തിളങ്ങുന്ന പൂച്ചക്കണ്ണുകള്‍ക്ക് സമം. അയാളുടെ നീണ്ടതാടിയില്‍ ഒന്നുഴിഞ്ഞ് അയാളെന്നെത്തന്നെ നോക്കിനിന്നു. മെലിഞ്ഞുനീണ്ട ആ ദേഹം ഷര്‍ട്ടിന്റെ പോക്കറ്റില്‍നിന്നു ബീഡിയെടുത്ത് ചുണ്ടത്തുവെച്ച് തീപ്പെട്ടിക്കോലെടുത്തുരച്ച് കൈകൊണ്ട് പൊതിഞ്ഞ് ബീഡി കത്തിച്ചു. 
''അന്വേഷിച്ചെത്തിയ ആളെ കാണാന്‍ കഴിഞ്ഞില്ലെങ്കില്‍ എന്റെ കൂടെ വന്നോ... അവടെ കെടക്കാം. എന്നിട്ട് നാളെ പോയന്വേഷിക്കാം''
ഞാന്‍ അയാളുടെ പേരു ചോദിച്ചു. അയാളുടെ പേര് രാമകൃഷ്ണന്‍  എന്നായിരുന്നു. നിങ്ങള്‍ക്ക് എന്നെ ചിക്കൂ എന്നു വിളിക്കാം. ഞാനിവിടെ കാരിക്കാമുറിയിലാ... ആ നിമിഷംതന്നെ ഒരു വെള്ളിടി വെട്ടുകയും സ്റ്റാന്‍ഡും ലോകവും വെളിച്ചത്താല്‍ നിറയുകയും ചെയ്തു.

***   ***   ***
മനുഷ്യന്റെ ജീവിതം എവിടെയായാലും കഥകളാല്‍ നിറഞ്ഞതാണ്. അവന്റെയോ അവളുടെയോ കഥകളിലാണ് നമ്മള്‍ പൂഴ്ത്തപ്പെട്ടത്. രാമകൃഷ്ണനെ വിട്ട് എനിക്ക് വെയില്‍തന്ന വഴിയില്‍ ഞാന്‍ എറണാകുളത്ത് ലൂസിയ ഹോട്ടലിലെ കണക്കുപുരയില്‍ ഒരു താവളമുണ്ടാക്കി. പകല്‍ മാത്രം ജോലി. അഞ്ചുമണികഴിഞ്ഞ് പിറ്റേന്ന് പകല്‍ പത്തുമണിവരെ ഒഴിവുകാലം. ഓരോ വൈകുന്നേരവും നഗരവഴികളെ എന്റെ കൈരേഖയിലാക്കി. ചിറ്റൂര്‍ റോഡും വൈ.ഡബ്ല്യു.സി.എ.യുടെ ജയില്‍ മതിലും വൈ.എം.സി.എ.യും ഷേണായീസ് തിയേറ്ററും അവിടെയുള്ള രണ്ടു സിനിമകളും സ്റ്റാന്‍ഡിലേക്കുള്ള വഴിയിലെ തട്ടുകടഭക്ഷണവുമായി വൈകുന്നേരംമുതല്‍ രാത്രിവരെ ശീലങ്ങളാക്കി എന്റെ ദിവസങ്ങള്‍ നീങ്ങി. ക്രിസ്മസ് നക്ഷത്രങ്ങള്‍ നഗരവിളക്കുകളായ ദിവസങ്ങളില്‍ നാട്ടില്‍പ്പോയി ഞാന്‍ തിരിച്ചെത്തി. 

കോഴിക്കോട് പോയപ്പോള്‍ ബോധി ബുക്‌സിന്റെ ലൈബ്രറിമുറിയില്‍ ജോയ് മാത്യുവിനെ കണ്ടു. ഒരര്‍ഥത്തില്‍ ആ മനുഷ്യനാണ് എറണാകുളം നഗരത്തിലെന്റെ വഴികാട്ടി. എന്‍.എസ്. മാധവന്‍ ഖസാക്കിലെ സമ്പദ്വ്യവസ്ഥയെക്കുറിച്ചെഴുതിയ ലേഖനം അച്ചടിച്ച കലാവിമര്‍ശം മാര്‍ക്‌സിസ്റ്റ് മാനദണ്ഡം എന്ന പുസ്തകം ജോയിയാണ് തന്നത്. ഒ.വി. വിജയനെക്കുറിച്ചും ഖസാക്കിനെക്കുറിച്ചും ഒരു സിനിമയെടുത്താലെങ്ങനെയിരിക്കും എന്ന് പറഞ്ഞുകൊണ്ടിരുന്നപ്പോഴായിരുന്നു അത്.

''നീയേതായാലും എറണാകുളത്താണല്ലോ ഇപ്പൊ... അവിടെ ടി.കെ.യുണ്ട്. നിളാബുക്‌സില്‍ ചെന്ന് കാണ്...''
നിളാബുക്സിന്റെ മേല്‍വിലാസം ആ പുസ്തകത്തിലുണ്ടായിരുന്നു. ചിറ്റൂര്‍ റോഡില്‍ അതെവിടെയാവും എന്നറിയാനായി ഒരു വൈകുന്നരം കച്ചേരിപ്പടിമുതല്‍ സൗത്തിലേക്ക് ഞാന്‍ നടന്നു. അതിനുമുന്നേ വൈ.ഡബ്‌ള്യു.സി.എ. മുതല്‍ കച്ചേരിപ്പടിവരെ റോഡിന്റെ ഇടതുവശംനോക്കി നടന്നു തിരിച്ചുവരുകയായിരുന്നു ഞാന്‍. എല്ലാ തുടക്കവും നമ്മള്‍ തുടങ്ങിയിടത്തുതന്നെ അവസാനിപ്പിക്കും എന്നതുറപ്പിച്ചു. നിള ബുക്സ് എന്ന ബോര്‍ഡ് ഞാന്‍ കണ്ടത് വൈ.ഡബ്ല്യു.സി.എ.ക്ക് അടുത്തുതന്നെയായിരുന്നു. ഞാന്‍ നടത്തം തുടങ്ങിയ ഇടത്തുതന്നെ. ആ സന്ധ്യയില്‍ അതടഞ്ഞുകിടക്കുകയായിരുന്നു. പിന്നീട് പലവട്ടം ആ ബോര്‍ഡില്‍ക്കണ്ട നമ്പറില്‍ വിളിച്ചു, ആരും എടുത്തില്ല. ഒരു ശനിയാഴ്ച ഉച്ചയ്ക്ക് തുറന്നുകിടന്ന ഗേറ്റിലൂടെ ഞാന്‍ നിള ബുക്സിന്റെ അകത്തേക്കുകയറി. 1984 ഡിസംബര്‍ 23 ഞായറാഴ്ചയായിരുന്നു അന്ന്. ആ വീടിന്റെ പൂമുഖത്ത് ആരുമുണ്ടായിരുന്നില്ല. ബെല്ലടിച്ചു, വാതിലില്‍ മുട്ടി, അകത്തൊരു വിളി. ''യേസ്...'' 

അകത്ത് കട്ടിലില്‍ ടി.കെ. രാമചന്ദ്രന്‍ കിടപ്പുണ്ടായിരുന്നു. മുമ്പെപ്പോഴൊക്കെയോ കോഴിക്കോടിന്റെ സദസ്സുകളെ അഭിസംബോധന ചെയ്തതുകൊണ്ടുതന്നെ ആ മനുഷ്യന്‍ എനിക്കപരിചിതനായില്ല. ചിലരങ്ങനെയാണ്. ആദ്യമായിക്കണ്ടാലും അതിനുമെത്രയോമുമ്പ് പരിചിതമായ മുഖത്തോടെ അവര്‍ നമ്മുടെ മനസ്സിലുണ്ടാവും. കഥകള്‍ വായിച്ചും രാഷ്ട്രീയം സംസാരിക്കുന്നതിനു കാതുകൊടുത്തും ലോകം സാധാരണക്കാര്‍ക്കുകൂടി വേണ്ടിയാണെന്ന് ചിന്തിക്കുന്നവര്‍ക്കൊപ്പം സഞ്ചരിക്കാനുള്ള ഒരു മനസ്സുമായാണ് ആ മനുഷ്യനെ ഞാന്‍ കണ്ടത്. കലാവിമര്‍ശം മാര്‍ക്‌സിസ്റ്റ് മാനദണ്ഡത്തിലെ സാംസ്‌കാരിക വിമര്‍ശനത്തിന്റെ വ്യാപ്തിയും പ്രസക്തിയും എന്ന ലേഖനം ഞാന്‍ വായിച്ചിരുന്നു. അന്നത്തെക്കാലത്ത് അത്ര വ്യാപ്തിയോടെ അത് മനസ്സിലാക്കാനും എനിക്കായില്ല എന്നതും സത്യം. മുതലാളിത്തത്തിന്റെ വികാസവും ആഗോളചൂഷണവ്യവസ്ഥയുമൊക്കെ മൂന്നാംലോകജനതയുടെ മീതെയുള്ള പീഡനവും അതില്‍ പ്രതിഷേധിക്കാനശക്തമായ അവസ്ഥയുമൊക്കെ വായിക്കാനായെങ്കിലും ലേഖനത്തിന്റെ വരികളെക്കാളേറെയുള്ള അടിക്കുറിപ്പുകള്‍ എന്റെ വായനയുടെ വഴിമാറ്റിയിരുന്നു. ഓരോ വാചകം കഴിയുമ്പോഴുമുള്ള ഫുട്ട് നോട്ടുകള്‍ അന്നത്തെക്കാലത്ത് പൂര്‍ണമായും മനസ്സിലാക്കുന്നതിന് അത്രമേല്‍ വായിക്കണമെന്ന ഒരു ബോധമുണ്ടാക്കിത്തന്നു. ആ ബോധവുമായാണ് ഞാന്‍ ടി.കെ.യെ കണ്ടത്. 

madhupal
ചിത്രീകരണം ഗിരീഷ് കുമാര്‍

എന്നാല്‍, എപ്പോഴും സംഭവിക്കുന്ന ഒന്നുണ്ട്. അതിപ്പോഴും തുടരുന്നു. നമ്മളെക്കാള്‍ ഉയര്‍ന്നരീതിയിലുള്ള ഒരാളെ കണ്ടാല്‍ സകലതും മറന്നുപോകുന്ന, ഒന്നും പറയാതെ വെറും കാഴ്ചക്കാരനാവുന്ന ഒരവസ്ഥയുണ്ട്. വാക്കുകള്‍ പ്രവര്‍ത്തനമാണ് എന്ന തുടക്കമുണ്ടെങ്കിലും മൗനിയായിപ്പോകുന്നു എന്ന തിരിച്ചറിവും ഉണ്ടാവുന്നു. എങ്കിലും ഒരിത്തിരിനേരംകൊണ്ട് ഒരു മനുഷ്യനെങ്ങനെയാണ് നയിക്കപ്പെടുന്നത് എന്നു മനസ്സിലാക്കാനുമായി. ടി.കെ.യുടെ വാക്കുകളാണ് എന്നില്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നത്. കാരിക്കാമുറിയിലേക്ക് ചൂണ്ടിയവിരലുകള്‍ ആ സ്‌നേഹത്തിന്റേതായിരുന്നു. സകലതിനെയും തിരിച്ചറിയുകയും എന്നാല്‍, സത്യമായതിനുവേണ്ടി മാത്രം സംസാരിക്കുകയും ചെയ്യുന്ന ഒരാളുടെ തുടര്‍ച്ചയാവുകയാണ് എന്നത് വെറും വാക്കല്ല. വാക്കുകള്‍ പ്രവര്‍ത്തനമാണ്. ഞങ്ങള്‍ക്കെന്തുതന്നെ സംഭവിച്ചാലും വരുംതലമുറകള്‍ ഞങ്ങളുടെ പ്രവര്‍ത്തനത്തിന്റെ ഫലം കൊയ്‌തെടുക്കുകതന്നെ ചെയ്യും. പ്രസക്തമായ ഈ വരികളാണിപ്പോഴും ആ മനുഷ്യന്റെ മരണത്തിനുശേഷവും എന്നില്‍ സാര്‍ഥകമാകുന്നത്.  

ജോലിയില്ലാത്ത ഒരു ഞായറാഴ്ച ഉച്ചകഴിഞ്ഞപ്പോഴാണ് കാരിക്കാമുറിയിലെ കലാപീഠത്തില്‍ ചെന്നത്. ബദാംമരങ്ങള്‍ നിഴലിട്ട മുറ്റത്ത് ശങ്കരന്‍ ഉണ്ടായിരുന്നു. ശങ്കരന്‍ ഒരു നോട്ട് ബുക്കില്‍ ചിത്രം വരയ്ക്കുകയായിരുന്നു. ഞാന്‍ ശങ്കരനെ നോക്കി. അയാളൊന്നു ചിരിച്ച് കട്ടിക്കണ്ണട ശരിയാക്കി പിന്നെ വരയ്ക്കുന്ന ബുക്കിലേക്ക് നോക്കി. ഒന്നും മിണ്ടിയില്ല. വളര്‍ന്നുതുടങ്ങിയ താടിയില്‍ത്തടവി ഞാന്‍ അവിടെത്തന്നെനിന്നു. ശങ്കരന്‍ മൗനമായി ചിത്രംവര തുടര്‍ന്നു. ചിത്രംവരയുടെ ഇടവേളയില്‍ ഒരുനേരത്ത് മലപ്പുറത്തുനിന്നും വന്ന് ചിത്രംവര പഠിക്കുന്ന ശങ്കരനെ ഞാനറിഞ്ഞു. ബദാംമരത്തില്‍നിന്നും വലിയ ഇലകള്‍ കാറ്റത്ത് അടര്‍ന്നുവീണു. ആ കാറ്റും ആ അന്തരീക്ഷവും ഒരു വെളിച്ചമാവുകയാണെന്ന് ഞാനറിഞ്ഞത് വീണ്ടും രാമകൃഷ്ണനെ കണ്ടപ്പോഴാണ്. ചിക്കു എന്നെ കണ്ടപാടേ ഒരു വല്ലാത്ത ചിരിയാണ് ചിരിച്ചത്. അതൊരുപാടുകാലം കാണാതെയിരുന്ന ഒരുവനെ കണ്ടുകിട്ടിയപ്പോഴുണ്ടായ സന്തോഷത്തിന്റെ ആരവമായിരുന്നു. ബദാംമരങ്ങള്‍ക്ക് കീഴെയുള്ള കരിങ്കല്‍ശില്പങ്ങളുടെ മുന്നിലെ കല്ലില്‍ അയാളിരുന്നു, ബീഡിയെടുത്ത് കൊളുത്തി. 

''പ്രോഗ്രാമിനു വന്നതാ?''
''എന്ത് പ്രോഗ്രാം...? ഞാനിവിടെയൊന്നു കാണാന്‍... എന്തൊക്കെയാണെന്നറിയാന്‍...''
''വൈന്നേരം ഒരു കഥാവായനയുണ്ട്... കവിതേം... കേട്ടിട്ട് പോകാം... ആദ്യായിട്ടല്ലേ ഇങ്ങോട്ട്...'' 
ഞാനൊന്നു മൂളി. ആ നിമിഷംതന്നെ കടുംചുവപ്പ് നിറമുള്ള അതിനുമീതെ മണ്ണിന്റെ നിറമുള്ള ഒരു തോര്‍ത്തിട്ട്, നീണ്ട താടി, അതിന്റെ അറ്റം കെട്ടിവെച്ച ഒരാള്‍ ഇടവഴികയറി അങ്ങോട്ടുവന്നു. അയാള്‍ക്ക് ആരെയും മയക്കുന്ന ഒരു ചിരിയുണ്ടായിരുന്നു. വന്നപാടേ അയാള്‍ ഒരു ബോര്‍ഡെടുത്ത് അതില്‍ കട്ടിയുള്ള ഒരു കടലാസ് ഒട്ടിച്ച് ഒരു പോസ്റ്റര്‍ വരച്ചുണ്ടാക്കി. വൈകുന്നേരം ആറുമണിക്ക് കവിത-കഥ വായന കടവനാട് കുട്ടികൃഷ്ണന്‍, പി. സുരേന്ദ്രന്‍. ആ പോസ്റ്റര്‍ അയാള്‍ ഒരു ഫ്രെയിമിലാക്കി കലാപീഠത്തിലേക്കുള്ള പ്രവേശനവഴിയില്‍ ചാരിവെച്ചു. അയാളുടെ ഒറ്റയ്ക്കുള്ള ആ പ്രവൃത്തികളൊക്കെ ഞാന്‍ കാണുകയായിരുന്നു. പൈപ്പില്‍നിന്നും വെള്ളമെടുത്ത് കൈയും കാലും കഴുകി മുഖംതുടച്ച് അയാള്‍ അകത്തേക്കുകയറി, ഒപ്പം ഞാനും. അയാളെന്നെനോക്കി എവിടുന്ന് എന്നുചോദിച്ചു. സ്ഥലവും പേരും പറഞ്ഞിട്ട് ഞാന്‍ അയാളുടെ പേരു ചോദിക്കുന്നതിനുമുന്നേ അയാളെ വിളിച്ചുകൊണ്ട് ചിലര്‍ അകത്തേക്കുവന്നു. അയാളുടെ പേര് കലാധരന്‍ എന്നായിരുന്നു. കലാപീഠം എന്ന സാംസ്‌കാരികസ്ഥാപനത്തെ എന്നും സജീവമാക്കിയ ചിത്രകാരന്‍. കണ്ണാടിയില്‍ സ്‌കെച്ച്പെന്‍കൊണ്ടു വരച്ച് അതിലേക്ക് നിറങ്ങള്‍ ഊതിത്തെറിപ്പിച്ച് എഴുതിയ ചിത്രങ്ങള്‍ക്ക് അയാള്‍ ഒരു പുതിയ പേര് നല്‍കിയിരുന്നു; ഓര്‍ത്തോ. ചിത്രങ്ങള്‍ക്കൊപ്പം മനുഷ്യന്റെ മനസ്സിനെയും അയാള്‍ ആകാശമാക്കിയിരുന്നു. ആ വിശാലതയായിരുന്നു നമ്മളെയും വരച്ചെടുക്കുന്നത്. കലാപീഠത്തിന്റെ മുറ്റമായിരുന്നു തുറന്നുവെച്ചത്.

(അടുത്ത ലക്കത്തില്‍ അവസാനിക്കും)

 Content Highlights: Madhupal, life story