മയ്യഴി:ഫ്രഞ്ചുഭരണത്തില്‍നിന്ന് മയ്യഴിയെ മോചിപ്പിക്കാനുള്ള ഒടുവിലത്തെ മാര്‍ച്ചിന്റെ തുടക്കം ചാലക്കരയിലെ പൊതുപ്രവര്‍ത്തകനായ കീഴന്തൂര്‍ പദ്മനാഭന്റെ ഓര്‍മകളിലിപ്പോഴുമുണ്ട്. 1954 ജൂലായ് 14-ന് ഉച്ചകഴിഞ്ഞ് മൂന്നുമണിയോട ആയിരക്കണക്കിന് സമരഭടന്മാര്‍ മാഹിപ്പാലത്തിന് അടുത്തായി ഒത്തുകൂടി. ഫ്രഞ്ച് അഡ്മിനിസ്ട്രേറ്ററുടെ ബംഗ്ലാവിലേക്ക് മാര്‍ച്ച് ചെയ്യുകയായിരുന്നു ലക്ഷ്യം. നൂറുപേര്‍ മാത്രം മാര്‍ച്ച് ചെയ്താല്‍ മതിയെന്ന് ഒടുവില്‍ തീരുമാനിച്ചു.

മാര്‍ച്ചിന് മുന്‍പായി കെ. കേളപ്പനും സര്‍ദാര്‍ ചന്ത്രോത്തും പ്രസംഗിച്ചു. 'സമരഭടന്മാരെ നയിക്കുന്ന ഐ.കെ. കുമാരന്‍ ഫ്രഞ്ചുപട്ടാളത്തിന്റെ വെടിയേറ്റുവീണാല്‍ ഒരുതുള്ളി കണ്ണീര്‍ ഞാന്‍ പൊഴിക്കില്ല. സ്വന്തം നാടിനുവേണ്ടിയുള്ള ഐതിഹാസിക സമരത്തില്‍ തന്റെ കടമ നിറവേറ്റിയ ഒരു ധര്‍മഭടന്‍ എന്നനിലയില്‍ അഭിനന്ദിക്കുകയേ ചെയ്യൂ'- ഇതായിരുന്നു കേളപ്പജിയുടെ വാക്കുകളെന്ന് അന്ന് വിദ്യാര്‍ഥിയായിരുന്ന പദ്മനാഭന്‍ ഓര്‍ക്കുന്നു.

പിന്നീട് നടന്നതെല്ലാം ചരിത്രം- മാഹിപ്പാലം കടന്ന് സമരഭടന്മാര്‍ മുന്നോട്ടേക്ക്. 'ഫ്രാന്‍സ്വേ കിത്ത ലേന്ത്' (ഫ്രാന്‍സ് ഇന്ത്യ വിടുക)-ഈ മുദ്രാവാക്യം അന്തരീക്ഷത്തിലുയര്‍ന്നു. സമരപോരാളികള്‍ക്ക് മുന്നില്‍ അവരെ നയിച്ചുകൊണ്ട് മയ്യഴിഗാന്ധി ഐ.കെ. കുമാരന്‍. തോക്കുചൂണ്ടിയ ഫ്രഞ്ചുപട്ടാളക്കാരെയും കുറുവടികളുമായി നില്‍ക്കുന്ന ഗുണ്ടകളെയും സമരഭടന്മാര്‍ കണ്ടില്ല. ഫ്രഞ്ചുവിരുദ്ധ മുദ്രാവാക്യങ്ങളുമായി ബംഗ്ലാവിന്റെ മുന്നിലെത്തിയപ്പോള്‍ അറിയിപ്പുവന്നു-മയ്യഴി വിട്ടുപോകാന്‍ ഫ്രഞ്ചുസര്‍ക്കാര്‍ തീരുമാനിച്ചു. അധികാരക്കൈമാറ്റത്തിനായി ചര്‍ച്ച നടത്താന്‍ അഡ്മിനിസ്ട്രേറ്ററുടെ ക്ഷണവും ബംഗ്ലാവില്‍നിന്നുണ്ടായി.

IK Kumaran
മയ്യഴിഗാന്ധി ഐ.കെ. കുമാരന്‍

സമരക്കാരെ പ്രതിനിധാനംചെയ്ത് ഐ.കെ. കുമാരന്‍, മംഗലാട്ട് രാഘവന്‍, സി.ഇ. ഭരതന്‍, പി. കുമാരന്‍, പി.കെ. രാമന്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ചര്‍ച്ച അടുത്തദിവസവും തുടര്‍ന്നു. ജൂലായ് 16-ന് അധികാരക്കൈമാറ്റത്തിലൂടെ മയ്യഴി സ്വതന്ത്രമായി.

1721-ല്‍ മയ്യഴിക്കരയില്‍ നങ്കൂരമിട്ട ഫ്രഞ്ചുഭരണത്തിന് പരിസമാപ്തി. ഐ.കെ. കുമാരന്റെ നേതൃത്വത്തില്‍ 15 അംഗ താത്കാലിക ഭരണസമിതി സ്വതന്ത്ര മയ്യഴിയുടെ അധികാരമേറ്റെടുത്തു. 108 ദിവസത്തിനുശേഷം നവംബര്‍ ഒന്നിന് മയ്യഴി ഇന്ത്യന്‍ യൂണിയനില്‍ ലയിച്ചു.

ഫ്രഞ്ചുഭരണത്തില്‍നിന്ന് മയ്യഴി സ്വതന്ത്രമായതിന്റെ 67-ാം വാര്‍ഷികം വെള്ളിയാഴ്ച ഐ.കെ. കുമാരന്‍ സ്മാരക ലൈബ്രറിയുടെ നേതൃത്വത്തില്‍ ആഘോഷിക്കും. കോവിഡ് നിയന്ത്രണങ്ങളുള്ളതിനാല്‍ ചടങ്ങുകള്‍ ലളിതമാണെന്ന് സെക്രട്ടറി ഐ. അരവിന്ദന്‍ പറഞ്ഞു.

അരവിന്ദന്റെ ബന്ധുക്കളായ കുമ്മായ ദാമോദരന്‍ മയ്യഴിയുടെ വിമോചനപ്പോരാട്ടത്തിന്റെ ഭാഗമായി അഞ്ചുവര്‍ഷം ജയിലില്‍ കഴിഞ്ഞിട്ടുണ്ട്. മറ്റൊരു ബന്ധുവായ കുമ്മായ രാഘവനെ 20 വര്‍ഷം തടവുശിക്ഷയ്ക്ക് വിധിച്ചു. സമരപോരാളികളില്‍ ജീവിച്ചിരിക്കുന്നത് മംഗലാട്ട് രാഘവന്‍ മാത്രമാണ്. ഇദ്ദേഹത്തെയും 20 വര്‍ഷത്തെ തടവിന് ശിക്ഷിച്ചിരുന്നു. എന്നാല്‍ മയ്യഴിക്ക് പുറത്തേക്ക് കടന്നതിനാല്‍ ഫ്രഞ്ചുഭരണകൂടത്തിന് തടവിലാക്കാനായില്ല.

Content Highlights: Mahe liberation day K Kelappan IK Kumaran