1948 ഫെബ്രുവരി 12. മഹാത്മജിയുടെ ചിതാഭസ്മം തിരുനാവായയില്‍ നിളയുടെ ഓളങ്ങള്‍ ഏറ്റുവാങ്ങിയ ദിനം. ഇന്ന് അതിന്റെ 73-ാം വാര്‍ഷികം

അന്നത്തെ കെ.പി.സി.സി. പ്രസിഡന്റ് കേരളഗാന്ധി കെ. കേളപ്പനായിരുന്നു ചിതാഭസ്മം ഭാരതപ്പുഴയിലൊഴുക്കാന്‍ നിയോഗം. അതിന്റെ ഓര്‍മയ്ക്കായി എല്ലാവര്‍ഷവും തിരുനാവായ മണപ്പുറത്ത് സര്‍വോദയമേള നടക്കുന്നു. മഹാത്മജിയുടെ ചിതാഭസ്മനിമജ്ജനയാത്രയില്‍ ഏറ്റവും അടുത്തുനിന്ന് എല്ലാറ്റിനും സാക്ഷിയായ സ്വാതന്ത്ര്യസമരസേനാനി തായാട്ട് ബാലന്‍ ഹൃദയം നുറുങ്ങുന്ന വേദനയുടെ ആ അധ്യായം തുറന്നിടുകയാണിവിടെ. ഗാന്ധിവധത്തെത്തുടര്‍ന്നുള്ള ഇരുണ്ട, ആഴമേറിയ ശൂന്യതയും ജനങ്ങള്‍ക്ക് അദ്ദേഹത്തോടുള്ള അകമഴിഞ്ഞ വികാരവായ്പും ഇന്നലെയെന്നപോലെ കേരള സര്‍വോദയ മണ്ഡലത്തിന്റെ മുന്‍ അധ്യക്ഷന്‍ ഓര്‍ത്തെടുക്കുന്നു...

തിരുനാവായ മണപ്പുറത്ത് ഇനിയെന്തെന്ന അന്ധാളിപ്പോടെ, വിങ്ങുന്ന മനസ്സുമായി നിന്നു. ചുറ്റുപാടും ഒരുപാടാളുകള്‍. ഉഷസ്സുണര്‍ന്നിട്ട് കുറെനേരമായി. എങ്കിലും ചുറ്റും ഇരുള്‍ നിറഞ്ഞ പോലെ...

രണ്ടാഴ്ചയോളമായി ഈ ഇരുള്‍പ്പരപ്പാണു ചുറ്റിലും. കൃത്യമായി പറഞ്ഞാല്‍ 1948 ജനുവരി 30-ന് മഹാത്മജിയെ വെടിവെച്ചുകൊന്നെന്ന വിവരമറിഞ്ഞ നേരംമുതല്‍. ഇപ്പോഴിതാ, മഹാത്മജിയുടെ ചിതാഭസ്മം തിരുനാവായയില്‍വെച്ച് നിളയുടെ ഓളങ്ങള്‍ ഏറ്റുവാങ്ങിയിരിക്കുന്നു; ഭാരതത്തിലെ എല്ലാ പുണ്യനദികള്‍ക്കുമൊപ്പം. എല്ലാ പുണ്യനദികളിലും ഒരേസമയത്തായിരുന്നു നിമജ്ജനകര്‍മം. തിരുനാവായയില്‍ കേരളഗാന്ധി കെ. കേളപ്പനായിരുന്നു അതിന് നിയോഗം. മഹാത്മജി ഓര്‍മയായിട്ട് പതിമ്മൂന്നാം നാളായിരുന്നു അന്ന്; 1948 ഫെബ്രുവരി 12.

അച്ഛന്‍ പഠിപ്പിച്ചു, മഹാത്മജി ഈശ്വരന്‍!

എത്ര ശ്രമിച്ചിട്ടും കഴിയുന്നില്ല, മഹാത്മജിയെ ഇല്ലാതാക്കിയെന്ന സത്യം അംഗീകരിക്കാന്‍. അഭിശപ്തമായിരുന്നു ആ അറിവ്. ഹത്യ നടന്ന നാളിലെ സന്ധ്യയില്‍ തലശ്ശേരി പന്ന്യന്നൂരിലെ തായാട്ടുവീട്ടില്‍നിന്ന് എങ്ങോട്ടേക്കെന്നില്ലാതെ ഒരിറക്കമായിരുന്നു. നേരെയെത്തിയത് തലശ്ശേരി റെയില്‍വേസ്റ്റേഷനില്‍. കോഴിക്കോട്ടേക്കുപോകാം, 'മാതൃഭൂമി'യിലെത്തിയാല്‍ കൂടുതല്‍ വിവരങ്ങളറിയാം. തീവണ്ടിയില്‍ കയറിയപ്പോഴും ഗാന്ധിജിയുടെ ഓര്‍മകള്‍ വിടുന്നില്ല. സേലത്ത് സര്‍ക്കാര്‍ ജോലിയുള്ള അച്ഛന്‍ വീടിന്റെ ഉമ്മറച്ചുമരില്‍ തൂക്കിയിട്ട ഗാന്ധിജിയുടെ ചിത്രം കാട്ടി പരിചയപ്പെടുത്തിയ വാക്ക് കാതില്‍ മുഴങ്ങിക്കൊണ്ടേയിരുന്നു: 'ഈശ്വരന്‍'. അതെ. ഈശ്വരന്‍ ഇല്ലാതായിരിക്കുന്നു, നമ്മള്‍ അനാഥരായിരിക്കുന്നു...

മാതൃഭൂമിയിലെത്തുമ്പോള്‍ അവിടെ വലിയ ആള്‍ക്കൂട്ടം. കെ.പി. കേശവമേനോന്‍, മാധവനാര്‍... എല്ലാവരുമുണ്ട്. മാതൃഭൂമിയാകെ തകര്‍ന്നും വിറങ്ങലിച്ചുമിരിക്കുന്നു. അതിനിടയില്‍ എവിടെനിന്നോ കേളപ്പജിയുടെ സന്ദേശമെത്തി: ''എല്ലാവരും അവരവരുടെ സ്ഥലങ്ങളില്‍ പ്രാര്‍ഥനകളും ഗാന്ധിസ്മൃതികളുമായി മുന്നോട്ടുപോകുക. മറ്റു വിവരങ്ങള്‍ പിന്നീട്.''

ചിതാഭസ്മം വരും, നിളയിലൊഴുക്കും

മഹാത്മജിയുടെ ചിതാഭസ്മം ഒഴുക്കേണ്ട നദികളുടെ പട്ടികയില്‍ ഭാരതപ്പുഴ ഉള്‍പ്പെട്ടിരുന്നില്ല. മദിരാശിയുടെ ഭാഗമായിരുന്നു അന്നത്തെ മലബാര്‍. ഓമത്തൂര്‍ രാമസ്വാമി റെഡ്യാരായിരുന്നു മുഖ്യമന്ത്രി. എല്ലാ സംസ്ഥാനങ്ങളിലേക്കും ചിതാഭസ്മവും രക്തംപുരണ്ട മണ്ണും അയച്ചുകൊടുക്കാനുള്ള തയ്യാറെടുപ്പ് ഡല്‍ഹിയില്‍ പൂര്‍ത്തിയായപ്പോഴാണ് ഭാരതപ്പുഴയിലും ചിതാഭസ്മം ഒഴുക്കണമെന്ന ആഗ്രഹം കേളപ്പജിയുടെ മനസ്സിലുദിച്ചത്. കെ.പി.സി.സി. പ്രസിഡന്റായിരുന്നു അന്നദ്ദേഹം.

കേളപ്പജിയും കെ.എ. ദാമോദരമേനോനും ഡല്‍ഹിയിലേക്കു പറന്നു. പണ്ഡിറ്റ് ജവാഹര്‍ലാല്‍ നെഹ്രുവും ഗാന്ധിജിയുടെ മകന്‍ ദേവദാസ് ഗാന്ധിയും പ്രത്യേക താത്പര്യമെടുത്തു. മദിരാശിയിലേക്ക് അയച്ചതില്‍നിന്ന് ഒരുഭാഗം കേളപ്പജിയെ ഏല്‍പ്പിക്കണമെന്ന് അടിയന്തരസന്ദേശം റെഡ്യാര്‍ക്കു കൈമാറി. മദിരാശിയില്‍നിന്ന് കോയമ്പത്തൂരിലേക്കും അവിടെനിന്ന് കോഴിക്കോട്ടേക്കും പിന്നീട് തിരുനാവായയിലെ നിളാതീരത്തേക്കും -അങ്ങനെയായിരുന്നു ചിതാഭസ്മമുള്‍ക്കൊള്ളുന്ന പേടകത്തിന്റെ യാത്ര.

മിന്നല്‍വേഗത്തില്‍ വിവരം പരന്നു. ആളുകള്‍ കോഴിക്കോട്ടേക്കൊഴുകി.

മനംനിറയെ മഹാത്മജി, ചുണ്ടുകളില്‍ പ്രാര്‍ഥനാഗീതങ്ങള്‍

ഫെബ്രുവരി 11. കോഴിക്കോട് ടൗണ്‍ഹാളിന്റെ പൂമുഖത്ത് അലങ്കരിച്ച മണ്ഡപത്തില്‍ പകലും രാത്രിയും ആ പേടകം കാണാന്‍ വിങ്ങുന്ന ഹൃദയത്തോടെ ആയിരങ്ങളെത്തി. കണ്ണീരുകൊണ്ടും ഹാരങ്ങളാലും അവര്‍ മഹാത്മാവിന് അര്‍ച്ചനയര്‍പ്പിച്ചു.

രാത്രി മുഴുവന്‍ പ്രാര്‍ഥനാഗീതങ്ങളാല്‍ മുഖരിതം. മാനാഞ്ചിറ മൈതാനത്തും പടവുകളിലും റോഡുകളിലും... എങ്ങും ആളുകള്‍. ഖാദിത്തോര്‍ത്തുകള്‍ വിരിച്ച് രാത്രി മുഴുവന്‍ ഇരുന്നും കിടന്നും കൊടിയ ദുഃഖം കടിച്ചമര്‍ത്തുകയായിരുന്നു അവര്‍. നാട്ടില്‍നിന്നുള്ള മൂന്നുകൂട്ടുകാരും എത്തിയിട്ടുണ്ട്. തലേന്നുതന്നെവന്ന അവരും ടൗണ്‍ഹാളിലും മാനാഞ്ചിറയിലുമൊക്കെ ആള്‍ക്കൂട്ടത്തിലലിഞ്ഞു. അവസരത്തിനൊത്തുയര്‍ന്നതുപോലെ എല്ലാവരും സ്വയം അച്ചടക്കം പാലിച്ചു.

തീവണ്ടി പുറപ്പെടുന്നു, അതേ മൂന്നാം ക്ലാസ് യാത്ര!

12-നു പുലര്‍ച്ചെ മൂന്നരമണിയായി. തിരുനാവായയിലേക്കുള്ള യാത്ര പുറപ്പെടുകയാണ്. മഹാത്മജിയുടെ ശവമഞ്ചമാണതെന്നപോലെയാണ് ആള്‍ക്കൂട്ടം പെരുമാറിയത്; സങ്കടവും നിരാശയും ഭക്തിയുമൊക്കെ ഉള്‍ച്ചേര്‍ന്ന പലതരം വികാരങ്ങളുടെ തീവ്രതയില്‍ ആകെ കടപുഴകിയ മട്ടില്‍. ചിതാഭസ്മപേടകത്തിന് അകമ്പടി സേവിക്കാന്‍ പതിനായിരങ്ങളുണ്ട്. തയ്യാറാക്കിനിര്‍ത്തിയ തീവണ്ടിയില്‍ കയറിപ്പറ്റാന്‍ ഇടമെവിടെ?

ചിതാഭസ്മപേടകം എവിടെ വെക്കണമെന്ന് സംശയമുണ്ടായി. ഒന്നാംക്ലാസിലായാല്‍ തിരക്കൊഴിവാക്കാം. പക്ഷേ, കേളപ്പജി അനുകൂലിച്ചില്ല. ജീവിതം മുഴുവന്‍ മൂന്നാംക്ലാസിലെ മരപ്പലകയില്‍ സഞ്ചരിച്ച ഗാന്ധിജിയുടെ ചിതാഭസ്മപേടകത്തിനും അതേ ക്ലാസ് തന്നെ മതി എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. അത് അംഗീകരിക്കപ്പെട്ടു.

കേളപ്പജിയുമായുള്ള അടുപ്പം കാരണം ചിതാഭസ്മത്തോടൊപ്പം, ആ ചെമ്പുപേടകത്തെ തൊട്ടെന്നപോലെ സഞ്ചരിക്കാന്‍ കഴിഞ്ഞു. എത്രയോ കണ്ഠങ്ങളില്‍നിന്ന് ആ മന്ത്രമുയര്‍ന്നു: ''രഘുപതി രാഘവ രാജാറാം...'' തീവണ്ടി നീങ്ങി.

നിളയിലലിഞ്ഞു ചിതാഭസ്മം, അലിയാതെ ഓര്‍മകള്‍

തിരുനാവായയിലെത്തുമ്പോള്‍ പുഴയുടെ മണല്‍ത്തട്ടിലും ക്ഷേത്രമുറ്റത്തും റോഡിലും അങ്ങാടിയിലും സൂചികുത്താന്‍ ഇടമില്ലാത്തവിധം ജനം. താങ്ങാനാവാത്ത വികാരഭാരമുണ്ടെങ്കിലും ചിതാഭസ്മം അടക്കംചെയ്ത ചെമ്പുപാത്രം കൈയിലെടുത്ത് കേളപ്പജി നിളയിലേക്കു നീങ്ങി. ഗാന്ധിജിക്ക് പ്രിയപ്പെട്ട പ്രാര്‍ഥനാഗീതവുമായി ആയിരങ്ങള്‍ കൂടെ...

അന്നേരം അങ്ങു വടക്ക് ഭാരതത്തിന്റെ തലസ്ഥാനമായ ഡല്‍ഹിയിലും മഹാത്മജിയുടെ ചിതാഭസ്മ നിമജ്ജനം നടക്കുകയായിരുന്നു. ഗംഗയുടെയും യമുനയുടെയും സംഗമസ്ഥാനത്ത് രാഷ്ട്രപതി ഡോ. രാജേന്ദ്ര പ്രസാദാണ് ആ കര്‍മം നിര്‍വഹിച്ചത്.

Content Highlights: Mahatma Gandhi's ashes, Bharathappuzha, Thayat Balan, K Kelappan