മാടമ്പ് കുഞ്ഞുകുട്ടന്‍ തന്റെ 'ഭ്രഷ്ട്' എന്ന നോവലിനെക്കുറിച്ച് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എഴുതിയ കുറിപ്പ് പുനഃപ്രസിദ്ധീകരിക്കുന്നു. 1973ല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിലാണ് 'ഭ്രഷ്ട്' പ്രസിദ്ധീകരിച്ചത്

തൂണില്‍ കാവ്യം തുളുമ്പുന്ന കൊടുങ്ങല്ലുരിലിരുന്ന് പണ്ട് ഒരു കുഞ്ഞുകുട്ടന്‍ 'തനിച്ച് മൂവാണ്ടിടകൊണ്ട്' മഹാഭാരതം തര്‍ജമ ചെയ്തു. പിന്നെയൊരു കാലം മറ്റൊരു കുഞ്ഞുകുട്ടന്‍ കൊടുങ്ങല്ലൂരില്‍ കിടന്നു തിരിയുന്നത് ദേവി കണ്ടു. മഹാഭാരതത്തിലെ ഒരു കഥാപാത്രത്തെക്കുറിച്ച് ദേവി എഴുതിക്കുകയാണുണ്ടായത്. കാളീകടാക്ഷത്തിന്റെ പ്രസാദമാണ് എന്റെ എഴുത്തുവഴി. അങ്ങനെ മറ്റൊരു കുഞ്ഞുകുട്ടനും കൊടുങ്ങല്ലൂരില്‍ നിന്ന് എഴുത്തുകാരനായി. എന്നാല്‍ ഭ്രഷ്ടിന്റെ കഥയാണ് അധികമാളുകൾക്കും ഇഷ്ടമായത്.

അര്‍ഥം എന്താണെന്ന് തിരിച്ചറിയാനാവാത്ത പ്രായത്തില്‍ കേള്‍ക്കുന്ന വാക്കാണ് ഭ്രഷ്ട്. ഒപ്പം കുറിയേടത്ത് താത്രി എന്നും. അതൊരു ഇല്ലപ്പേരും അന്തര്‍ജനത്തിന്റെ പേരുമാണെന്ന് മനസ്സിലാവും. ഇല്ലത്ത് നിന്ന് ഭ്രഷ്ടരായ രണ്ട് മുത്തപ്ഫന്മാരെക്കുറിച്ചായി പിന്നെ കേള്‍വി. ഇവരെ ഭ്രഷ്ടരാക്കുന്ന മീമാംസകന്മാരില്‍ ഒരാള്‍ എന്റെ മുത്തച്ഛനായിരുന്നു. മാടമ്പ് ശങ്കരന്‍ നമ്പൂതിരി. സഹോദരന്മാര്‍ക്ക് ഭ്രഷ്ട് കല്‍പ്പിക്കേണ്ടിവന്ന ജ്യേഷ്ഠന്‍. ഇതൊക്കെ ആരാണ് പറഞ്ഞുതന്നത്? അങ്ങനെ ഒരാൾ കഥയായി പറയുകയല്ല. ഓരോ കാലത്ത് ചേര്‍ത്തുവെക്കുമ്പോള്‍ കഥയായിമാറുകയാണ്. അതങ്ങനെ മനസ്സില്‍ കിടന്നു. അവിടെവെച്ച് അതൊരു കഥയായിത്തീരട്ടെ എന്നു കല്‍പ്പിച്ച് വിത്തുപാകിയതൊന്നുമല്ല.

കൊടുങ്ങല്ലൂരിലെ താമസക്കാലത്ത് വൈകുന്നേരം ഓരോരോ മനോരാജ്യം കണ്ടിരിക്കുന്ന സമയത്താണ് അശ്വത്ഥാമാവ് എഴുതുന്നത്. മഹാഭാരതം വായിച്ചിട്ടുണ്ട്. എങ്ങനെയോ അശ്വത്ഥാമാവ് കടന്നുവന്നു. കഥയായിത്തുടങ്ങി, വലിയ കഥയായ നോവലായി മാറി. എഴുത്തുകാരന്‍ എന്ന പേരൊക്കെവന്നു. ഞാന്‍ എഴുതുന്ന വലിയ കഥകളാണ് നോവല്‍.

അങ്ങനെയിരിക്കുമ്പോള്‍ താത്രിക്കുട്ടിയുടെ കഥ എഴുതാന്‍ തോന്നി. അന്വേഷണമോ ഗവേഷണമോ വായനയോ ഒന്നും ഉണ്ടായില്ല. പണ്ടു, കേട്ട ഭ്രഷ്ടിന്റെ വര്‍ത്തമാനങ്ങള്‍ വെച്ച് എഴുതിത്തുടങ്ങി. മുത്തപ്ഫന്മാര്‍ക്ക് ഭ്രഷ്ട് വന്ന കഥ കേട്ടതാണ് യഥാര്‍ഥത്തില്‍ താത്രിയുടെ കഥവന്നവഴി. അതൊരു ഊര്‍ജമായി. ഇങ്ങനെയൊരു സംഭവം, ഇല്ലവുമായി ബന്ധിപ്പിച്ച കഥ ഇല്ലായിരുന്നു എങ്കില്‍ ഭ്രഷ്ട് എഴുതുമായിരുന്നില്ല. കാലംമാറി. ഇല്ലത്ത് മുന്‍പ് ഇങ്ങനെയൊന്നുണ്ടായതിന്റെ നാണക്കേടൊക്കെ തീര്‍ന്ന സമയം. 1905-ലാണ് അച്ഛന്‍ ജനിക്കുന്നത്. അച്ഛന്‍തന്നെ പഴങ്കഥയായി കേട്ട സംഭവമാണ്. ആര്‍ക്കും ആരെയും ഭ്രഷ്ടാക്കാന്‍ കഴിയാത്ത 1970-ലാണ് ഞാന്‍ ഭ്രഷ്ട് എഴുതുന്നത്.

ഞാന്‍ ആരോടും ഒന്നും അന്വേഷിച്ചില്ല. താത്രിയുമായി ബന്ധപ്പെട്ട ഒരു സ്ഥലവും കാണാന്‍ പോയില്ല. ഭ്രഷ്ടാക്കപ്പെട്ട മുത്തപ്ഫന്മാരില്‍ ഒരാളുടെ മകനെ അറിയാം. മഞ്ചേരിയില്‍ അഡ്വക്കറ്റായിരുന്നു. ഈയിടെ മരിച്ചു. സ്മാര്‍ത്തവിചാര രേഖകളൊക്കെ വരുന്നത് കുറേ കഴിഞ്ഞാണ്. താത്രികകവിതകളോ കഥകളോ ഒന്നും വായിച്ചില്ല. സ്വന്തം നിലയ്ക്ക് എഴുതിത്തുടങ്ങി. ചരിത്രമല്ല. ശുദ്ധകഥതന്നെ. അറുപത്തിനാല് കലകളില്‍ തുടങ്ങി. നമ്പൂതിരി നവോത്ഥാനവുമായി ഇണക്കി ഒരു നോവല്‍. ഒരു കല്പിത കഥാപാത്രത്തെ സൃഷ്ടിച്ചു. അയാള്‍ക്ക് വി.ടി.യുടെ ഛായ ചിലര്‍ കല്ലിച്ചു. ഭ്രഷ്ട് നടക്കുമ്പോൾ വി.ടി.ക്ക് പത്തു വയസ്സൊക്കെയാണ്. പിന്നെ എങ്ങനെ നോവലില്‍ വരും?

സാഹിത്യത്തിന്റെ ശാസ്ത്രം പഠിച്ചിട്ടില്ല. ശാസ്ത്രീയമായി പറയാന്‍ അറിയില്ല. നോവലിനെക്കുറിച്ച് പിടിപാടില്ല. എന്നാലും എളുപ്പത്തില്‍ വഴങ്ങിക്കിട്ടി കുറിയേടത്ത് താത്രിയുടെ കഥ. അതിനെ നോവല്‍ എന്ന് സൗകര്യത്തിനു വിളിക്കാം. ഇപ്പൊഴും 'ഭ്രഷ്ടിന്റെ കഥാകാരന്‍ ' എന്നാണ് സാഹിത്യ ക്വിസ്സില്‍ ചോദ്യം. ഉത്തരം മാടമ്പ് കുഞ്ഞുകുട്ടന്‍. മാടമ്പ് എന്നു പറഞ്ഞാലും മാര്‍ക്ക് കൊടുക്കാം. ഭ്രഷ്ട് എഴുതിയതു മുതല്‍ സാഹിത്യത്തില്‍ നിന്ന് ഭ്രഷ്ടായില്ല. ഉറയ്ക്കുകയാണ് ഉണ്ടായത്.

'ഭ്രഷ്ട്' അന്ന് പരക്കെ വായിക്കപ്പെട്ടു. പിന്നീട് താത്രികചരിതങ്ങള്‍ വന്നിട്ടുണ്ട്. സ്മാര്‍ത്തവിചാരത്തിന്റെ നൂറാംവര്‍ഷവും ആഘോഷമായി. ''ഭ്രഷ്ട്' എന്ന നോവലിനെ ചരിത്രപരമായി പഠിപ്പിക്കുന്നവരുണ്ടത്രെ. അത് ചരിത്രമല്ല, ഞാന്‍ ഉണ്ടാക്കിയ കഥയാണ്. മാടമ്പിന്റെ കൃതികളെക്കുറിച്ചും ഇപ്പോൾ ഗവേഷണം നടക്കുന്നു! ഞാന്‍ സങ്കല്‍പ്പിക്കാത്തത് കണ്ടുപിടിക്കപ്പെട്ടിരിക്കുന്നു. ഭ്രഷ്ട് എഴുതുമ്പോൾ സ്വപ്‌നേപി നിരീയ്ക്കാത്തവ.

ഉറക്കെ പേരുപറയാന്‍ ലജ്ജയുള്ള, അകത്തുള്ളവര്‍ മിണ്ടുകപോലുമില്ലാത്ത ആ താത്രിയുടെ കഥയാണ് പറയാന്‍ പോവുന്നത്. അതും അപഥസഞ്ചാരത്തിന്റെ കഥ. ഒരു മാസംകൊണ്ട് എഴുതിത്തീര്‍ത്തു. വേഗം എഴുതി. ഒരുപക്ഷേ, താത്രിക്കും ദൗര്‍ബല്യങ്ങൾ ഉണ്ടായിരുന്നിരിക്കും. താത്രിക്ക് സംഗീതത്തില്‍ നല്ല കമ്പമായിരുന്നു. അച്ചടിച്ച പാട്ടുപാഠ പുസ്തകങ്ങള്‍ക്കായൊക്കെ.. അങ്ങനെയൊക്കെ വേണ്ടിവന്നിരിക്കാം. അറുപത്തിനാലു പേര്‍ എന്നത് ഒരു പ്രതികാരമായി മാറുകയാണ്. ഒരുമണ്ടന്‍ പുരുഷനെയും താത്രി ഭോഗിച്ചിട്ടില്ല. മനയ്ക്കലെ ഇലമുറിക്കാരനോ കഥകളിയിലെ പെട്ടിക്കാരനോ ഭ്രഷ്ടനായിട്ടില്ല. അവിടെയാണ് താത്രിയുടെ ശക്തി. ആ നിലയ്ക്ക് നോവലില്‍ താത്രിക്കുട്ടിയെ ഞാനൊരു പ്രതികാര ദേവതയാക്കി (അങ്ങനെ സങ്കല്ലിച്ചപ്പോള്‍ എഴുത്ത് എളുപ്പമായി). അതിന്റെ പാപം മരിച്ചാല്‍ ഞാന്‍ അനുഭവിക്കും. മരണശേഷം ഞാന്‍ എത്തിപ്പെടുന്ന സ്ഥലത്ത് താത്രിയും ഉണ്ടായിരിക്കുമല്ലോ. അവരുടെ സംസാരം ഇങ്ങനെയായിരിക്കും:

''എടോ, കുഞ്ഞുട്ടാ നെന്റെ മുത്തച്ഛനെ ഞാന്‍ നേരേക്കീട്ട്ണ്ട്. ന്ന് ട്ടാണോ താന്‍? താനന്ന് ജനിച്ച്ട്ടില്ല. ഇല്ലെങ്കില്‍ തന്നേം പിടിച്ചേര്ന്നു.'''

ശരിയാണ്. ആ കാലത്ത് ജീവിച്ചിരുന്നെങ്കില്‍ ഞാനും ഭ്രഷ്ടനായേനേ..

Content Highlights: Madampu Kunjukuttan Novel Malayalam