മ്പതുകളായപ്പോഴേക്കും സോവിയറ്റ് രചനകൾ മലയാള സാഹിത്യ ചിന്തകളിലേക്ക് കടന്ന് വന്നിട്ട് രണ്ട് ദശാബ്ദം കടന്നിരുന്നു. ലെനിനിസവും മാർക്‌സിസവും ഭാഷയുടെ അതിർവരമ്പുകൾ ഭേദിച്ചു സോഷ്യലിസത്തിന്റെയും കമ്മ്യൂണിസത്തിന്റെയും വിപ്ലവത്തിന്റെയും വിത്തുകൾ പാകിത്തുടങ്ങിയ കാലം. 1912-ൽ സ്വദേശാഭിമാനി രാമകൃഷ്ണൻ പിള്ള കാൾ മാർക്‌സിന്റെ ജീവിതചരിത്രം എഴുതുന്നത് മുതൽ തുടക്കം കുറിച്ചതാണ് മാർക്‌സിസ്റ്റ് ചിന്തകകളോടുള്ള സാഹിത്യ അവബോധവും അഭിരുചിയും. 

പി. കേശവദേവ് പത്രാധിപരായിരുന്ന 'തൊഴിലാളി' മാസിക 'മൂലധന'ത്തിന്റെ ഏതാനും അധ്യായങ്ങൾ മുപ്പതുകളുടെ ആദ്യം  തർജമചെയ്ത് പ്രസിദ്ധപ്പെടുത്തി. പ്രസ്തുത രാഷ്ട്രീയ ചിന്തകൾക്കപ്പുറം നോവലുകളിലൂടെ ടോൾസ്റ്റോയിയെയും ദൊസ്‌തെയേവ്‌സ്‌കിയും ഷോളോകോവും തുടങ്ങി മാക്‌സിം ഗോർക്കി വരെ നീളുന്ന റഷ്യൻ സാഹിത്യ ലോകത്തെ അതികായന്മാർ മലയാളികൾക്ക് സുപരിചിതമായി. 

പരിഭാഷയിലൂടെ ലോകത്തെ തൊട്ടറിയുകയായിരുന്നു മലയാളി. ഇന്ന് നാം അനുഭവിക്കുന്ന പുരോഗമന സാഹിത്യത്തിന്റെ ആദ്യരൂപം അന്ന് രൂപപ്പെട്ടു എന്ന് പറയാം. ഇതിനു പിറകിൽ നിതാന്തപരിശ്രമത്തിന്റെയും നിരവധി പരിഭാഷകരുടെ ചരിത്രവും ഒളിഞ്ഞിരിപ്പുണ്ട്. നാം പലപ്പോഴും മറന്നു പോകുന്ന യാഥാർത്ഥ്യം. അത്തരത്തിൽ മലയാള സാഹിത്യരംഗത്ത് കാലത്തിന്റെ കുത്തൊഴുക്കിൽ മറന്നുപോയ വിവർത്തകനാണ് കെ.വി. മണലിക്കര.

Gorki

മാക്‌സിം ഗോർക്കിയുടെ 'മദർ' എന്ന നോവൽ മലയാളത്തിലേക്കു ആദ്യമായി പരിഭാഷപ്പെടുത്തിയത് മണലിക്കര ആയിരുന്നു. മാർക്‌സിസ്റ്റ്, സോഷ്യലിസ്റ്റ് ചിന്തകളോടുള്ള അടുപ്പവും തുറന്ന വായനയും കേശവരു വാസുദേവരു മണലിക്കര എന്ന് പരിഭാഷകനെ മലയാള സാഹിത്യരംഗത്തിന് അമ്പതുകളിൽ തന്നെ സമ്മാനിച്ചിരുന്നു. പരിഭാഷകനായും പ്രസാധകനായും കവിയായും ചിത്രകാരനായും ആട്ടക്കഥകൾ രചിച്ചും സാഹിത്യരംഗത്ത് വളരെ ചെറുപ്പത്തിലേ മണലിക്കര എത്തിയിരുന്നു. ഗോർക്കിയുടെ പരിഭാഷ മുതൽ എൺപതിലധികം സൃഷ്ടികൾ മലയാളത്തിലേക്കു തർജ്ജിമ ചെയ്തിട്ടുണ്ട്.

1925-ൽ കന്യാകുമാരിയിൽ പുരാതനമായ മണലിക്കര മഠത്തിലായിരുന്നു ജനനം. പാരമ്പര്യ വിദ്യാഭ്യാസവും മന്ത്ര-തന്ത്ര വിദ്യകൾ മുത്തശ്ശൻ കേശവരു കേശവരുനിന്ന് അഭ്യസിച്ച മണലിക്കര ചെറുപ്പത്തിൽതന്നെ വായനയുടെ ലോകത്തേക്ക് കടന്നു. ഹിന്ദി ഇംഗ്ലീഷ് ഭാഷകളിലുള്ള ജ്ഞാനവും കാളിദാസ കൃതികളും കാവ്യങ്ങളിലും ഉള്ള അപാര പാണ്ഡിത്യവും അക്ഷരങ്ങളുടെ ലോകത്തേക്ക് അദ്ദേഹത്തെ അടുപ്പിച്ചു. 

കാൾ മാർക്‌സ് മുന്നോട്ട് വെച്ച പ്രത്യായശാസ്ത്രത്തിൽ അടിയുറച്ചു വിശ്വസിച്ചിരുന്നത് മണലിക്കരയെ സോവിയറ്റ് സാഹിത്യത്തോട് അടുപ്പിച്ചു. 1952-ൽ പുറത്തിറങ്ങിയ മാക്‌സിം ഗോർക്കിയുടെ 'അമ്മ', 'അവളുടെ കാമുകൻ', ആന്റൺ ചെഖോവിന്റെ ചെറുകഥകൾ, കിഷൻ ചന്ദിന്റെ ചെറുകഥകളായ 'മരണത്തിന്റെ നിറം', 'മരിക്കാൻ വയ്യ', രവീന്ദ്രനാഥ ടാഗോറിന്റെ 'ചാരുമിത്ര', 'ചിത്രാംഗദ', 'ഒറ്റ തിരിഞ്ഞ പറവകൾ', വിഖ്യാത ഇംഗ്ലീഷ് നോവലിസ്റ്റ് ജോൺ ഗാൾസ്വർത്തിയുടെ 'വെള്ളി ഡെപ്പി', ഉദയ് ശങ്കർ ഭട്ടിന്റെ 'കമല','ജവാനി' തുടങ്ങി സാഹിത്യമേഖലയിലെ വിവിധ വിഷയങ്ങളെയും അദ്ദേഹം പരിഭാഷപ്പെടുത്തി മലയാളിയുടെ വായനാശീലത്തെതന്നെ മാറ്റിക്കളഞ്ഞു. വിക്ടർ ഹ്യൂഗോയെയും കുമാരനാശാനേയും ആരാധിച്ചിരുന്ന കെ.വി.എം. വള്ളത്തോൾ, കേശവദേവ് എന്നിവരുമായി നല്ല ആത്മബന്ധം സൂക്ഷിച്ചിരുന്നു. 

ഒരു സാഹിത്യ സൃഷ്ടിയേക്കാൾ ഏറെ പരിശ്രമം വേണ്ടതാണ് പരിഭാഷ എന്ന് വിശ്വസിച്ചിരുന്ന ഒരാളായിരുന്നു മണലിക്കര. സൃഷ്ടി എന്നത് ഒരു വെള്ളകടലാസ്സിൽ വരയ്ക്കുന്ന ഒരു വരയാണെങ്കിൽ അവയുടെ മുകളിലൂടെ വീണ്ടും ഒരു വര വരയ്ക്കാൻ ശ്രമിക്കുന്നതാണ് പരിഭാഷ എന്ന് മണലിക്കര ഒരിക്കൽ പറഞ്ഞതായി മകൻ നാരായണരു ഓർക്കുന്നു. കഥാകൃത്തിന്റെ ചിന്തകളും മനസികാവസ്ഥയും അയാൾ പറയാൻ ആഗ്രഹിക്കുന്നതും നല്ലപോലെ ഗ്രഹിച്ചാൽ മാത്രമേ നല്ലൊരു പരിഭാഷ സൃഷ്ടിക്കാൻ സാധിക്കൂ എന്നു അദ്ദേഹം വിശ്വസിച്ചു. അതിനായി ഒരു പുസ്തകം അടിമുടി ഉൾക്കൊണ്ടായിരുന്നു ഓരോ പരിഭാഷയിലേക്കും അദ്ദേഹം കടന്നത്. 

ഇ.എം.എസ്സിനെപ്പോലുള്ള കമ്മ്യൂണിസ്റ്റ് നേതാക്കളുമായി നല്ല ബന്ധം സൂക്ഷിച്ചിരുന്നെങ്കിലും രാഷ്ട്രീയ സാഹിത്യ വേദികൾ, ചർച്ചകളിൽ തുടങ്ങിയവയിൽനിന്നു മാറി നിൽക്കുവാൻ അദ്ദേഹം ആഗ്രഹിച്ചു.  സോഷ്യലിസത്തിന്റെ പ്രയോക്താവാവുകയും എഴുത്തിലൂടെ സോഷ്യലിസ്റ്റ് ആശയങ്ങൾക്കു പ്രചാരണം നൽകുകയും ചെയ്തു. 

തിരുവനന്തപുരത്ത് 1955-ലാണ് ആധുനിക അച്ചടിയന്ത്രവും അനുബന്ധ സംവിധാനങ്ങളുമുള്ള കെ.വി. പ്രസ്സ് അദ്ദേഹം സ്ഥാപിക്കുന്നത്. തുടർന്ന് അവ വിപുലപ്പെടുത്തി ചെറു പ്രസ്സുകളുടെ ശൃംഖല തുടങ്ങാൻ ആഗ്രഹിച്ചിരുന്നു. പൂണെ ഫിലിം ഇൻസ്റ്റിറ്റൂട്ടിൽ പോകുന്നതിനു മുമ്പുള്ള അടൂർ ഗോപാലകൃഷ്ണന്റെ നാടകമായ 'വൈകി വന്ന വെളിച്ചം' അച്ചടിച്ച് പ്രസിദ്ധപ്പെടുത്തിയത്  കെ.വി. പ്രസ്സിലായിരുന്നു എന്ന് മകൻ നാരായണാരു ഓർക്കുന്നു. 

നടത്തിപ്പിലെ പാകപ്പിഴകളും മാറി വന്ന മാനേജർ നടത്തിയ ക്രമക്കേടുകളുംമൂലം പ്രസ്സ് 1969-ൽ പൂട്ടേണ്ട അവസ്ഥിയിൽ എത്തി. കുറച്ചു വർഷങ്ങൾക്കു ശേഷം വെളളനാട് മിത്രനികേതന് പ്രസ്സ് കൈമാറി കെ.വി.എം പരിഭാഷകളുടെ ലോകത്തേക്ക് പൂർണമായും പിൻവലിഞ്ഞു. ഈ ഒരു കാലഘട്ടത്തിലാണ് രാഹുൽ സാംകൃത്യായന്റെ സാമൂഹ്യരേഖ, വിശ്വരേഖ, ശാസ്ത്രീയ ഭൗതികരേഖ എന്നീ കൃതികൾ കെ.വി.എം. മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്യുന്നത്. കേരളത്തിൽ കമ്മ്യൂണിസത്തിനു ശക്തി പകരാൻ സാധിച്ചു എന്നതാണ് ഈ കൃതികളുടെ ഏറ്റവും വലിയ സവിശേഷത. 

ഇടതു ചിന്തകളെയും ആശങ്ങളെയും സോവിയറ്റ് ഭരണകൂടത്തെയും പരസ്യമായി പ്രശംസിച്ചപ്പോളും തജിക്ക് ഭാഷയിലുള്ള 'ദാഖുന്ദ' എന്ന കൃതിയുടെ വിവർത്തനത്തിലൂടെ സ്റ്റാലിന്റെ ഉരുക്കുമുഷ്ടിക്കെതിരെ പ്രതികരിക്കാൻ കെ.വി.എം. മറന്നില്ല. തജിക്കിസ്ഥാന്റെ ദേശീയ കവിയായ സാദിരിദ്ദീൻ അയ്‌നിയുടെ സ്വാതന്ത്ര്യം പ്രഖ്യാപിക്കലിന്റെ കൃതിയായ 'ദാഖുന്ദ'  ഹിന്ദിയിൽനിന്നു മലയാളത്തിലേക്കു മണലിക്കര പരിഭാഷപ്പടുത്തുന്നത് 1952-ലാണ്.  

Rasa

ഫിക്ഷനും നോൺഫിക്ഷനും കവിതകളും ആട്ടക്കഥകളും അദ്ദേഹം എഴുതിയിട്ടുണ്ട്. കർണ്ണപർവം, വില്വമംഗലം, കിരാതാത്മജം തുടങ്ങിയവ ഏറെ ശ്രദ്ധേയം. ആദിവാസി ഗോത്രകഥ പറയുന്ന കിരാതാത്മജം തിരുവനന്തപുരത്തെ വി.ജെ.ടി. ഹാളിൽ രണ്ട് തവണ അവതരിപ്പിച്ചിരുന്നു. 1969-ൽ ഏറ്റവും ചെറിയ സംസ്‌കൃത കാവ്യമായ 'രാസരസിക' രചിക്കുകയും ദക്ഷിണാമൂർത്തിയുടെ സംഗീത്തിൽ പി. ലീലയും മറ്റും ചേർന്നു ആലപിച്ച കീർത്തനം ഏറെ പ്രശംസ നേടി. രാസരസിക ഇന്ത്യയിൽ പ്രസിദ്ധീകരിച്ചിട്ടുള്ള ഏറ്റവും ചെറിയ (ലിപികൾ) പുസ്തകം എന്ന വിധത്തിലും പ്രസിദ്ധമാണ്. ഇരുപത്തിയഞ്ച് പേജുള്ള  പുസ്തകം 1960-ൽ ജപ്പാനിലാണ് പ്രിന്റ് ചെയ്തത്.

1953 മുതൽ മുടവൻമുഗളായിരുന്നു  മണലിക്കര കുടുംബ സമേതം താമസിച്ചിരുന്നത്. പിന്നീട് 1969-ലാണ് കോട്ടയ്ക്കകത്ത് 'മാർഗ്ഗി 'ക്ക് എതിരെ സുന്ദര വിലാസം കൊട്ടാരത്തിന് പിറകിൽ പൂയം തിരുനാളിന്റേയും അശ്വതി തിരുനാളിന്റേയും കയ്യിൽനിന്ന് കൊട്ടാരം വക ഇരുപത് സെന്റ് വാങ്ങി വീടുവച്ച് താമസമാക്കിയത്.

അച്ഛന്റെ പുർത്തീകരിക്കാൻ സാധിക്കാതെ പോയ ഒരു ദൗത്യമായിരുന്നു ഹിന്ദി-മലയാളം-സംസ്‌കൃതം നിഘണ്ടു എന്ന് നാരായണാരു ഓർക്കുന്നു. നിഘണ്ടു തയ്യാറാക്കുന്നതിനിടെയാണ് 2009-ൽ സെപ്റ്റംബറിൽ അദ്ദേഹം വിട പറയുന്നത്. എഴുതാൻ വിട്ടുപോയ ജീവിതകഥ പോലെ അദ്ദേഹം പരിഭാഷപ്പെടുത്തിയ പുസ്തകങ്ങൾ ഇന്ന് ലഭ്യമല്ല. 

ചരിത്രത്താളുകളിൽ എഴുതാൻ മറന്നുപോയ കെ.വി. മണലിക്കരയുടെ സംഭവബഹുലമായ ജീവിതകഥ പറയുന്ന ഒരു രേഖയും ലഭ്യമല്ല. കെ.വി.എംന്റെ അഞ്ചു മക്കളിൽ ഇളയ മകൻ നാരായണാരുവിന്റെ ഓർമകളിലാണ് ഇന്ന് മലയാളത്തിലെ വിഖ്യാതനായ പരിഭാഷകൻ ജീവിച്ചിരിക്കുന്നത്. മാറിമറിഞ്ഞ സാംസ്‌കാരിക, സാമൂഹിക ചുറ്റുപാടുകളിൽ ഇന്നലെകളിൽ എവിടെയോ മറഞ്ഞു പോയ അതുല്യപ്രതിഭയുടെ വിടവ് ഒരു കാലത്തിന്റെ അടയാളപ്പെടുത്തലായി മാറുന്നു.

Content Highlights: