ഒരുജന്മം മുഴുവന്‍ ശ്രീകൃഷ്ണ ഭക്തികാവ്യങ്ങള്‍ എഴുതിയ കവിയാണ് ഓട്ടൂര്‍ ഉണ്ണി നമ്പൂതിരിപ്പാട്. ജീവിതത്തിന്റെ പഞ്ചാഗ്‌നിമധ്യത്തില്‍ നിന്നുകൊണ്ട് പൊള്ളുന്ന കവിതകള്‍ എഴുതിയിരുന്ന ബാലചന്ദ്രന്‍ ചുള്ളിക്കാടിനെ ചുറ്റുപാടുകളുടെ യാഥാര്‍ഥ്യം മറന്നുകൊണ്ടുള്ള ഓട്ടൂരിന്റെ ഈ ഭക്തികാവ്യസൃഷ്ടി രോഷാകുലനാക്കി. നേരിട്ട് അദ്ദേഹം അത് ഓട്ടൂരിനോട് ചോദിച്ചു. ചുള്ളിക്കാടിന്റെ ആത്മമിത്രത്തിന്റെ അനുഭവക്കുറിപ്പ്

ചൊവ്വാഴ്ച രാവിലെ ബാലന്‍ (കവി ബാലചന്ദ്രന്‍ ചുള്ളിക്കാട്) പതിവിലേറെ ക്ഷുഭിതനായിരുന്നു. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചുവന്ന ഓട്ടൂര്‍ ഉണ്ണിനമ്പൂതിരിപ്പാടിന്റെ കവിതയായിരുന്നു അന്നത്തെ ക്ഷോഭത്തിന്റെ കാരണം. ഓട്ടൂരിന്റെ കവിത പതിവുപോലെ ശ്രീകൃഷ്ണനെക്കുറിച്ചായിരുന്നു. രോഗം, മരണം, ദാരിദ്ര്യം, വാര്‍ധക്യം എന്നിങ്ങനെ ജീവിതത്തിന്റെ ദുരന്തദുഃഖങ്ങളെ ഓട്ടൂര്‍ കാവ്യവിഷയമാക്കുന്നില്ല. കൈയൂക്കുള്ളവന്‍ കാര്യക്കാരനായി സാധുക്കളെ ഞെരിച്ചുകൊല്ലുന്നു. തെരുവില്‍ ഒഴുകുന്ന അവരുടെ ചോര എന്തുകൊണ്ട് ഓട്ടൂര്‍ കണ്ടില്ല എന്നായിരുന്നു ബാലന്റെ ചോദ്യം; ആ പ്രഭാതക്ഷോഭത്തിന് കാരണവും.

ചോദ്യം ശരിയല്ലേ എന്ന് എനിക്കും തോന്നി. എന്തുകൊണ്ടാണ് ശോകഗ്രസ്തമായ ജീവിതം കാവ്യവിഷയമാകാത്തത് എന്ന ചോദ്യം പ്രസക്തം തന്നെ. 'വേരുപിടിപ്പിക്കുന്ന നീരടികളെക്കാള്‍ ചോരകുടിപ്പിക്കുന്ന കൂരടികളോടായിരുന്നു' ബാലന് താത്പര്യം അവന്റെ കൂട്ടുകവികളും അവ്വിധം തന്നെയായിരുന്നു.

പറയാന്‍ വിട്ടുപോയി, അക്കാലത്ത് ബാലന്‍ സാംസ്‌കാരികവേദി എന്ന തീവ്രഇടതുപക്ഷ പ്രസ്ഥാനത്തിന്റെ അനുചരനായിരുന്നു. അവരിലൊരാള്‍ ഈ ഇന്ത്യ നമ്മുടെ റിപ്പബ്ലിക്കല്ല എന്ന് പ്രഖ്യാപിച്ചു. മറ്റൊരാള്‍ ഈ ഇന്ത്യയെ, ഈ എല്ലിന്‍ താഴ് വരയെ സ്‌നേഹിക്കുന്നില്ല എന്ന് പരിദേവനം ചെയ്തു. വേറെ ചിലര്‍ക്ക് ബംഗാളില്‍ എന്തുനടക്കുന്നു എന്നറിയാനായിരുന്നു താത്പര്യം. അവരെല്ലാവരും ഏകസ്വരത്തില്‍ ഉയര്‍ത്തിയ മുദ്രാവാക്യം 'ചൈനയുടെ ചെയര്‍മാന്‍ നമ്മുടെ ചെയര്‍മാന്‍' എന്നായിരുന്നു മഹാത്മാഗാന്ധിയെക്കാള്‍ മഹത്വം അവര്‍ മാവോ സേതുങ്ങില്‍ കണ്ടിരുന്നു.

ബാലന്‍ അക്കാലത്ത് എന്റെ ഹോസ്റ്റല്‍ മുറിയിലായിരുന്നു താമസം. എന്റെ ഹോസ്റ്റല്‍ മുറി എന്നാല്‍, മഹാരാജാസ് കോളേജിലെ 81-ാം നമ്പര്‍ മുറിയുടെ വാടകക്കാരന്‍ ഞാനായിരുന്നു. എന്നുമാത്രമാണ് അര്‍ഥം. താമസക്കാര്‍ ബാലനും അവന്റെ സംഘവും ആയിരുന്നു. അവരില്‍ പലരും ഉടന്തടി വിപ്ലവകാരികളുമായിരുന്നു. കമ്യൂണിസത്തോട് വിയോജിപ്പുണ്ടായിരുന്ന എന്നോട് അവര്‍ക്ക് പുച്ഛവുമായിരുന്നു.

രണ്ടു മനുഷ്യര്‍, അവര്‍ ഏതുവര്‍ഗത്തില്‍പ്പെട്ടവരുമായിക്കൊള്ളട്ടെ, അവര്‍ തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാനുള്ള മാര്‍ഗം ഒരുവന്‍ അപരനെ വകവരുത്തലാണെന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് ബോധ്യംവന്നില്ല. കമ്യൂണിസ്റ്റുകാരില്‍ പലരും എന്റെ ആത്മസ്‌നേഹിതരായിരുന്നു എങ്കിലും കമ്യൂണിസത്തോട് ഞാന്‍ അകലം പാലിച്ചു.

ബാലനെപ്പോലെ കവിത വായിക്കുന്ന ഒരാളാണ് ഞാനും. എഴുത്തച്ഛനും കുമാരനാശാനും ഉള്ളൂരും വള്ളത്തോളും ചങ്ങമ്പുഴയും ഇടപ്പള്ളിയും ഇടശ്ശേരിയും വൈലോപ്പിള്ളിയും കുഞ്ഞിരാമന്‍ നായരും ബാലാമണിയമ്മയും ശങ്കരക്കുറുപ്പുമെല്ലാം ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും താത്പര്യമുള്ളവരായി. അക്കാലത്തെ കവികളിലെ സൂപ്പര്‍താരം കടമ്മനിട്ട രാമകൃഷ്ണനായിരുന്നു. താരശോഭയോടെ തൊട്ടരികെ ബാലനും.

സച്ചിദാനന്ദനും അയ്യപ്പപ്പണിക്കരും സുഗതകുമാരിയും കുമാരപിള്ളസാറും കക്കാടും പാലൂരും എല്ലാം ഞങ്ങളുടെ കാവ്യസൗഹൃദത്തിലുണ്ടായിരുന്നു. കവിയരങ്ങും ചൊല്‍ക്കാഴ്ചയുമെല്ലാം പുതുതലമുറയുടെ കാവ്യാനുശീലനത്തെ സമ്പുഷ്ടമാക്കിയകാലമായിരുന്നു അത്.

കാവ്യസംസ്‌കാരപ്രസരണകേന്ദ്രം മാതൃഭൂമി ആഴ്ചപ്പതിപ്പായിരുന്നു. മാതൃഭൂമിയുടെ വിഷുപ്പതിപ്പ് പുതുകവികളുടെയും കഥാകാരന്മാരുടെയും അരങ്ങേറ്റഭൂമിയായിരുന്നു. ഇന്നത്തെ സംഗീത റിയാലിറ്റിഷോക്ക് ഉള്ളതിനെക്കാള്‍ പകിട്ട് സാഹിത്യവായനക്കാര്‍ക്കിടയില്‍ അന്നത്തെ മാതൃഭൂമി വിഷുപ്പതിപ്പിനുണ്ടായിരുന്നു. വിഷുപ്പതിപ്പിലെഴുതിയതിനുശേഷം ഒന്നുമെഴുതാതെ അസ്തമിച്ച താരങ്ങളും ഉണ്ട്.

ഇതിനിടയിലാണ് ഒരേ വിഷയത്തെ, അതായത് ശ്രീകൃഷ്ണനെക്കുറിച്ച് മാത്രം ഓട്ടൂര്‍ കവിത എഴുതുന്നത്. പ്രത്യയശാസ്ത്രവിശകലനമനുസരിച്ചാണെങ്കില്‍, ശ്രീകൃഷ്ണനില്‍ കണ്ടിരുന്നത് ബൂര്‍ഷ്വ, ഫ്യൂഡല്‍ പിന്തിരിപ്പത്വമായിരുന്നു. ഇക്കാര്യം ബാലന്‍ പറഞ്ഞിരുന്നില്ല; ഞാന്‍ ഊഹിച്ചതാണ്. ഇങ്ങനെയുള്ള ശ്രീകൃഷ്ണനെക്കുറിച്ച് കവിത എഴുതുന്നത് ലോകചരിത്രത്തെ പിന്നോട്ടുനയിക്കുന്ന പ്രതിലോമപ്രവര്‍ത്തനവുമാണ്.

വേദനവിങ്ങും സമൂഹത്തില്‍നിന്നും വേരോടെ ചിന്തിയെടുത്ത പരുപരുത്ത ജീവിതത്തെ കാവ്യവിഷയമാക്കാത്തതിലായിരുന്നു അവന് പ്രതിഷേധം. പ്രതിഷേധം നുരഞ്ഞുപൊങ്ങിക്കൊണ്ടിരിക്കേ മണി ഒമ്പതായി. വിശപ്പ് ആളിക്കത്താന്‍ തുടങ്ങി.

കൃത്യമായി മൂന്നുനേരം ആഹാരം കഴിക്കുക എന്നത് അക്കാലത്ത് ഒരു ശീലമായിരുന്നില്ല. കാരണം, കോശസ്ഥിതി മോശമായിരുന്നു. അതുകൊണ്ട് ഉള്ളപ്പോള്‍ കഴിക്കുക, അതായിരുന്നു ശീലം. അടുത്ത ഭക്ഷണം എപ്പോഴാകുമെന്ന് ഉറപ്പില്ലാത്തതുകൊണ്ട് അമിതപ്രതീക്ഷ ഉണ്ടായിരുന്നില്ല. അന്നു രാവിലെ പക്ഷേ, ആഹരിക്കാനുള്ള കാശുണ്ടായിരുന്നു.

ഹോസ്റ്റലില്‍നിന്നിറങ്ങി എറണാകുളത്തമ്പലത്തിനടുത്തുള്ള രത്‌ന ഹോട്ടലിലേക്ക് നടന്നു. അത്രയ്ക്ക് കുറഞ്ഞ ചെലവില്‍ ഭക്ഷണം ലഭിക്കുന്ന മറ്റ് ഹോട്ടലുകള്‍ ആ ചുറ്റുവട്ടത്തുണ്ടായിരുന്നില്ല. ഈ യാത്രയ്ക്ക് ഇടയിലും ഓട്ടൂര്‍ പൊരുതുന്ന കവിതകള്‍ എഴുതാത്തതില്‍ ക്ഷോഭത്തോടെ ബാലന്‍ പ്രതിഷേധിച്ചുകൊണ്ടിരുന്നു.

ഹോട്ടല്‍ രത്‌നയില്‍നിന്ന് ആഹാരം കഴിച്ചു പുറത്തിറങ്ങിയപ്പോഴാണ് ഓട്ടൂര്‍ മറ്റു രണ്ടുപേര്‍ക്കൊപ്പം നടന്നുനീങ്ങുന്നത് അവന്‍ കണ്ടത്. ഞാന്‍ ഓട്ടൂരിനെ അതിനുമുമ്പ് കണ്ടിരുന്നില്ല. അവനാണ് കാണിച്ചുതന്നത്. ഓട്ടൂര്‍ ശരീരവിസ്തൃതിയിലും മിതത്വം പാലിച്ചിരുന്നു. ഒരു ശരീരത്തിനുവേണ്ടി ഏറ്റവും കുറഞ്ഞമാംസത്തെക്കാള്‍ ഒരുഗ്രാം മാംസംപോലും ആ ശരീരത്തില്‍ അധികമുണ്ടായിരുന്നില്ല. ത്യജിച്ചുകൊണ്ട് ഭുജിക്കുക, അതായത്, ലോകഭോഗത്തില്‍നിന്ന് എടുക്കാവുന്നതിന്റെ ഏറ്റവുംകുറവ് ആത്മനിയന്ത്രണത്തോടെ എടുക്കുക എന്ന ഈശാവാസ്യമന്ത്രം അദ്ദേഹം അനുശീലിച്ചിരുന്നുവെന്ന് ഇന്നു ഞാന്‍ അറിയുന്നു.

എറണാകുളം ക്ഷേത്രത്തിനടുത്തുള്ള ഏതോ ഒരു നമ്പൂതിരിയുടെ വീട്ടിലാണ് അദ്ദേഹം താമസിച്ചിരുന്നത് എന്ന് ചോദിച്ചുമനസ്സിലാക്കി. അപ്പോള്‍ത്തന്നെ ഓട്ടൂരിനെക്കണ്ട് എന്തുകൊണ്ട് നീറുന്ന കവിതകള്‍ എഴുതുന്ന പൊരുതുന്ന കവിയായി അദ്ദേഹം മാറുന്നില്ലെന്നു ചോദിക്കണമെന്നായി ബാലന്‍. ഞാന്‍ നിരുത്സാഹപ്പെടുത്തി. പക്ഷേ, അവന്‍ വഴങ്ങിയില്ല.

ചിലകാര്യങ്ങള്‍ താമസിപ്പിക്കാന്‍ കഴിയില്ല എന്നായി അവന്‍. റഷ്യന്‍ വിപ്ലവത്തെക്കുറിച്ച് ലെനില്‍ പറഞ്ഞ ഒരുകാര്യം, -വിപ്ലവം നടന്നതിന് ഒരുദിവസം മുമ്പേയാണ് അതു നടന്നതെങ്കില്‍ വളരെ വേഗത്തിലും ഒരുദിവസം പിമ്പേയാണു നടന്നതെങ്കില്‍ വളരെ താമസിച്ചും പോകാമായിരുന്നു-ഒരുപക്ഷേ, അവന്‍ ഓര്‍ത്തിരിക്കാം. അവന്‍ വാശിയോടെ ആഞ്ഞുനടന്നു; അവര്‍ക്ക് ഒപ്പമെത്താന്‍.

ഏതാണ്ട് പന്ത്രണ്ടുമണി ആയപ്പോഴേക്കും അവന്‍ തിരിച്ചെത്തി. പോകുമ്പോള്‍ കണ്ടിരുന്ന ആവേശം അസ്തമിച്ചിരുന്നു. ഓട്ടൂര്‍ എന്തുപറഞ്ഞു എന്നറിയാനുള്ള ആവേശം എനിക്കുണ്ടായിരുന്നു. എങ്കിലും അവന്റെ മട്ട് കണ്ടപ്പോള്‍ ചോദിച്ചില്ല.

കുറച്ചുകഴിഞ്ഞപ്പോള്‍ അവന്‍തന്നെ കാര്യംപറഞ്ഞു. മനുഷ്യവംശം നേരിടുന്ന ദുരന്ത-ദുരിതങ്ങളെക്കുറിച്ചും അവ കാവ്യ വിഷയമാക്കേണ്ടതിന്റെ അനിവാര്യതയെക്കുറിച്ചും അവന്‍ തിരുമേനിയെ ബോധ്യപ്പെടുത്തി. തിരുമേനിക്കും അതിനോടു വിയോജിപ്പുണ്ടായിരുന്നില്ല. അതേക്കുറിച്ചെഴുതാന്‍ കഴിയുന്നവര്‍ അങ്ങനെ എഴുതണമെന്നും അത് നല്ലതാണെന്നും അദ്ദേഹം പറഞ്ഞു.

''പക്ഷേ, എന്തുകൊണ്ടാണ് അദ്ദേഹം എഴുതാത്തത് എന്നു നീ ചോദിച്ചില്ലേ ?'' -ഞാന്‍ ബാലനോട് ചോദിച്ചു. അലക്ഷ്യമായി ഓട്ടൂര്‍ പറഞ്ഞ മറുപടി, ബാലന്‍ എന്നോടുപറഞ്ഞു: ''ഇത് ഒന്നു തീര്‍ന്നിട്ടുവേണ്ടേ കുട്ടി..., ഇപ്പോള്‍ ശ്രീകൃഷ്ണനെക്കുറിച്ച് എഴുതിക്കൊണ്ടിരിക്കുന്നു. ആ വിഷയം തീര്‍ന്നുകഴിഞ്ഞാല്‍ കുട്ടി പറഞ്ഞ വിഷയങ്ങളെക്കുറിച്ച് എഴുതാം. ആദ്യം ഇതൊന്ന് തീരട്ടെ''.

പിന്നീട് എന്തുസംഭവിച്ചു എന്ന് ഞാന്‍ ചോദിച്ചുമില്ല; അവന്‍ പറഞ്ഞുമില്ല. പക്ഷേ, ഞാന്‍ ഊഹിച്ചു. എല്ലാ ആയുധങ്ങളും നഷ്ടമായ യോദ്ധാവിനെപ്പോലെ ഒരുനിമിഷം നിന്നിരിക്കാം, പിന്നെ വിസ്മയത്തോടെ ഒന്നുംപറയാതെ ഇറങ്ങിപ്പോന്നിരിക്കാം.

പദശുദ്ധിയും ഭാവശുദ്ധിയും ആത്മശുദ്ധിയും ഉള്‍ച്ചേര്‍ന്ന് ഓടക്കുഴല്‍ നാദംപോലെ ഒഴുകിയ ഓട്ടൂര്‍ കവിതയില്‍നിന്ന് ഒരിക്കലും ശ്രീകൃഷ്ണന്‍ ഒഴിഞ്ഞുനിന്നില്ല.

Content Highlights: KS Radhakrishnan Balachandran Chullikkadu  Ottoor Unni Namboothiri