'രാവിലെ മണി ആറടിക്കാതെ കൊച്ചിന്‍ ഉണരില്ല. ആദ്യം കേള്‍ക്കുക കാക്കകളുടെ കലപില. പിന്നെ, തലേന്നു രാത്രി പൂട്ടിപ്പോയ കടകളുടെ പലകവാതിലുകള്‍ തുറക്കുന്ന ഞെരക്കവും മൂളലും. രാത്രിയുടെ കെട്ടിയിടലുകളില്‍നിന്ന് സ്വതന്ത്രരായി ചാടിയോടിപ്പോകുന്ന ആടുകളും പശുക്കളും. പൊടിമണ്ണു നിറഞ്ഞ ചുവന്ന നിരത്തിലൂടെ അവരെക്കാള്‍ വേഗത്തില്‍ നീങ്ങുന്ന മീന്‍പിടിത്തക്കാര്‍. അവര്‍ നടന്നുകൊണ്ട് ഓടുകയാണോ അതോ ഓടിക്കൊണ്ട് നടക്കുകയാണോ...? പിന്നാലെ വെള്ളം തലയിലേറ്റി പോകുന്ന 'വാട്ടര്‍ ബോയ്സ്'. തപാലുമായി 'അഞ്ചലോട്ടക്കാരന്‍', ടെലിഗ്രാഫ് പ്യൂണ്‍. ഒറ്റനോട്ടത്തില്‍ തോന്നും ഇവരെല്ലാം തൊട്ടുമുന്നില്‍ പോകുന്നവരെ പിടിക്കാനുള്ള ധൃതിയിലാണെന്ന്''.

നൂറ്റിയമ്പത് വര്‍ഷം മുമ്പ് കൊച്ചി നഗരത്തിന്റെ ഒരു ദിവസം തുടങ്ങുന്നതിനെക്കുറിച്ച് ബ്രിട്ടീഷ് പത്രപ്രവര്‍ത്തകന്‍ ചാള്‍സ് ലോസണ്‍ 1860-ല്‍ കുറിച്ചതിങ്ങനെ.

അന്നത്തെ കൊച്ചി നഗരം ഫോര്‍ട്ട്കൊച്ചിയും പരിസരവുമായിരുന്നു. തിരുവിതാംകൂറിന്റെയോ കൊച്ചി രാജ്യത്തിന്റെയോ പരിധിയിലായിരുന്നില്ല ഫോര്‍ട്ട്കൊച്ചിയും മട്ടാഞ്ചേരിയും. ആ പ്രദേശങ്ങള്‍ 'ബ്രിട്ടീഷ് കൊച്ചിന്‍' ആയിരുന്നു. ഇംഗ്ലണ്ടിലെ ഒരു ഗ്രാമം പോലെ ബ്രിട്ടീഷുകാര്‍ ആ ഭൂമിത്തുണ്ടിനെ മാറ്റിയെടുത്തു.

ചാള്‍സിന്റെ കുറിപ്പ് ഇങ്ങനെ തുടരുന്നു: ''തെരുവോരങ്ങളില്‍ അങ്കണമണികള്‍ മുഴങ്ങിത്തുടങ്ങി. പാണ്ടികശാലകളിലും (ഗോഡൗണുകള്‍) ഓഫീസുകളിലുമെല്ലാം ജോലിക്കാരെത്തിത്തുടങ്ങി. കൂലികള്‍ (ചുമട്ടുതൊഴിലാളികള്‍) തെരുവുകളിലേക്കെത്തി. സാഹിബുമാര്‍ (ബ്രിട്ടീഷ് ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍) ഓഫീസുകളിലേക്കിറങ്ങുന്നു. വീടിന് തൊട്ടടുത്ത് ഓഫീസുള്ളവര്‍ നടന്നാണ് പോകുന്നത്, മറ്റുള്ളവര്‍ കുതിരപ്പുറത്തും കുതിരവണ്ടിയിലും. ഉച്ചവരെ കൊച്ചിനില്‍ വലിയ തിരക്കാണ്.

ഉച്ചഭക്ഷണം കഴിയുന്നതോടെ തിരക്കുകള്‍ ഉറങ്ങിത്തുടങ്ങും. അഞ്ചു മണിക്ക് ഓഫീസ് ജോലികളെല്ലാം അവസാനിക്കും. പിന്നെ, ബ്രിട്ടീഷുകാര്‍ 'കസര്‍ത്തി'നായി റോഡുകളിലേക്കിറങ്ങും. സ്ത്രീകള്‍ നല്ല വൃത്തിയുള്ള വെളുത്ത നീളന്‍ ജായ്ക്കറ്റും കറുത്ത പാവാടയുമാണ് ധരിക്കുക. ബ്രിട്ടീഷുകാരായ ആണുങ്ങളുടെ വേഷം പെയിന്റര്‍മാര്‍ക്ക് സമമായിരുന്നു. അവര്‍ വെളുത്തതോ തവിട്ടു നിറത്തിലുള്ളതോ ആയ കുതിരകളെ ഓടിച്ചുപോകുന്നത് കാണാം.''

പഴയ ഫോര്‍ട്ട്കൊച്ചി ബീച്ച് രണ്ടു മൈല്‍ നീളത്തിലുള്ളതായിരുന്നുവെന്ന് ചാള്‍സ് പറയുന്നു. ബീച്ചിന്റെ സൗന്ദര്യം വിവരിക്കുന്നതിങ്ങനെ: ''നിറയെ മണലാണ്. കണ്ണെത്താ ദൂരത്തോളം പരന്നുകിടക്കുന്ന വെള്ളം, തണുത്ത ചെറുകാറ്റ് എപ്പോഴും വീശിക്കൊണ്ടിരിക്കും. സൂര്യാസ്തമയം കണ്ടാല്‍ മതിമറക്കും. അഗ്‌നിയില്‍ കുളിച്ചപോലെയാകും ആകാശം, മേഘങ്ങള്‍ക്കു പോലും സ്വര്‍ണ നിറം. അവിടേക്കാണ് വൈകീട്ട് ഉല്ലാസത്തിനായി ആളുകള്‍ എത്തിയിരുന്നത്. കോട്ടയോടു ചേര്‍ന്നുള്ള ബീച്ചിന്റെ ഭാഗത്ത് നടപ്പാതയും ചെറിയ ബെഞ്ചുകളുമായൊരു ഉല്ലാസകേന്ദ്രം ഉണ്ട്. അതിന്റെ ഓരങ്ങളില്‍ 'ടുലിപ്' മരങ്ങള്‍ നട്ടുവളര്‍ത്തിയിരുന്നു. പകലിന്റെ ചൂടില്‍നിന്നു മാറി കടലോരത്തെ തണുത്ത കാറ്റേറ്റ് സൊറ പറയാന്‍ എത്തുന്നവര്‍ ഒരുപാടായിരുന്നു. വ്യാപാരികളുടെ കൊച്ചു സമ്മേളനങ്ങള്‍ ബീച്ചില്‍ എല്ലാ വൈകുന്നേരങ്ങളിലുമുണ്ടാകും. പുതിയ വാര്‍ത്തകള്‍, ഓരോ കാര്യങ്ങളുടെ നടത്തിപ്പ്, അതിനു പുതിയ നിയമം എന്തൊക്കെ വേണം. അങ്ങനെ ചര്‍ച്ചകള്‍ നീണ്ടുപോകും. ഇവരെയൊന്നും ഒട്ടും ഗൗനിക്കാതെ ഉല്ലസിക്കാനായി കുട്ടികളുമായി എത്തിയിരുന്ന ആയമാരായിരുന്നു കൂടുതല്‍. ക്ഷീണം തീര്‍ക്കാന്‍ എത്തുന്ന ശിപായിമാരും കുറവല്ല. രാത്രിയാകുന്നതോടെ കടകളുടെയും പാണ്ടികശാലകളുടെയും പലകവാതിലുകള്‍ തിങ്ങിഞ്ഞെരുങ്ങുന്നതു കേള്‍ക്കാം. എട്ടു മണിയോടെ നഗരം നിശ്ശബ്ദമാകും. ഗാഢമായ ഉറക്കത്തിലേക്കു വീഴും. ആ നിശ്ശബ്ദതയെ വല്ലപ്പോഴുമൊക്കെ ഇറക്കിവിടുന്നത് ഏതെങ്കിലും ബ്രിട്ടീഷ് ഉദ്യോഗസ്ഥരുടെ വീടുകളില്‍നിന്നുള്ള നിശാനൃത്ത പാര്‍ട്ടികളാണ്. അവര്‍ സുഹൃത്തുക്കളെ നൃത്തത്തിനായി ക്ഷണിക്കും. അകമ്പടിയായി കൊച്ചിന്‍ ബാന്‍ഡും ഉണ്ടാകും (വാദ്യോപകരണങ്ങളും ഗായകരും ഉള്‍പ്പെടുന്ന സംഘം).''

''ഈ പാട്ടും നൃത്തവുമെല്ലാം അയല്‍ക്കാരെ ഉറങ്ങാന്‍ സമ്മതിക്കാത്ത രീതിയിലാണ്'' എന്ന് ലോസണ്‍ തമാശരൂപേണ പറയുന്നു. ''ആഘോഷങ്ങള്‍ വെളുപ്പിന് മൂന്നോ നാലോ മണിവരെ കാണും. അപ്പോള്‍ ആ സംഘം ബ്രിട്ടീഷ് ദേശീയഗാനം അത്യുത്സാഹത്തോടെ ആലപിക്കും. അകമ്പടിയായി വലിയ ഡ്രം മുഴങ്ങും. വയലിനും പട്ടാളവാദ്യത്തിലെ ഊത്തുകുഴലും പരസ്പരം മത്സരിക്കും. അതിഥികള്‍ ശോകരസത്തോടെയുള്ള ഗാനം ഏറ്റുപാടും.

കൊച്ചിക്കാര്‍ക്കു നിശാനൃത്തവും പാട്ടും പുതുമയല്ലായിരുന്നു. ബ്രിട്ടീഷുകാര്‍ക്കു മുമ്പേ വന്ന പോര്‍ച്ചുഗീസുകാരുടെ കല്യാണാഘോഷങ്ങള്‍ തുടര്‍ച്ചയായ നാല്‍പത് മണിക്കൂറായിരുന്നു.

ഒരു ദിവസം രാവിലെ ഒമ്പതിന് തുടങ്ങിയാല്‍ അടുത്ത ദിവസം രാത്രിയും കഴിഞ്ഞ് വെളുപ്പിന് മൂന്നു മണിക്കാണ് ആഘോഷമവസാനിക്കുക. പോര്‍ച്ചുഗീസ് ഭരണകാലത്ത് പകലുകള്‍ പാട്ടുകള്‍ക്കുള്ളതായിരുന്നു. ഒപ്പം, വിഭവസമൃദ്ധമായ ഭക്ഷണവും. രാത്രികള്‍ നൃത്തത്തിനുള്ളതായിരുന്നു''

Content Highlights: Kochi in the time of British rule