ചുവന്നുതുടുത്ത 244 പത്മരാഗക്കല്ലുകള്‍, പച്ചയില്‍ മുങ്ങിയ 69 മരതകക്കല്ലുകള്‍, മഴത്തുള്ളികള്‍ പോലുള്ള 95 വൈരക്കല്ലുകള്‍. സ്വര്‍ണക്കിരീടം വെട്ടിത്തിളങ്ങുകയാണ്. കൊച്ചി മഹാരാജാവ് ഉണ്ണിരാമന്‍ കോയിക്കല്‍ വാസ്‌കോ ഡ ഗാമയെ നോക്കി ചിരിച്ചു. 'ഇത് പോര്‍ച്ചുഗല്‍ രാജാവ് കൊച്ചിക്ക് സമ്മാനമായി തന്നയച്ചതാണ്.' ഗാമ രാജാവിനോട് പറഞ്ഞു. അന്ന് ഗാമ സമ്മാനിച്ച കിരീടം കൊച്ചിയുടെ അമൂല്യ സ്വത്തായി ഇന്നും തിളങ്ങുന്നുണ്ട് ഹില്‍പ്പാലസില്‍.

കിരീടം കൊച്ചിയിലെത്തിയതിനു പിന്നിലൊരു കഥയുണ്ട്. ചൂടന്‍ ഗാമയുടെ കഥ. കോഴിക്കോട് സാമൂതിരിയും പോര്‍ച്ചുഗീസ് പടനായകന്‍ പെഡ്രോ അല്‍വാരിസ് കബ്രാളും തമ്മില്‍ കൊമ്പുകോര്‍ത്തതറിഞ്ഞ് പോര്‍ച്ചുഗല്‍ രാജാവ് വാസ്‌കോ ഡ ഗാമയെ രണ്ടാമതും മലബാറിലേക്കയച്ചു. 1502 മാര്‍ച്ച് മൂന്നിന് 15 കപ്പലുകളില്‍ 800 പടയാളികള്‍ ഗാമയുടെ നേതൃത്വത്തില്‍ പുറപ്പെട്ടു. പിന്നാലെ ഗാമയുടെ സഹോദരന്‍ സ്റ്റീവന്റെ കീഴില്‍ അഞ്ചു കപ്പലുകള്‍ കൂടി. അവര്‍ കോഴിക്കോട് നഗരത്തെ പീരങ്കികള്‍ കൊണ്ട് തകര്‍ത്തു. എന്നിട്ട് കൊച്ചിക്ക് തിരിച്ചു.

കൊച്ചി മഹാരാജാവ് ഉണ്ണിരാമന്‍ കോയിക്കല്‍ സന്തോഷത്തോടെ ഗാമയെ സ്വീകരിച്ചു. രാജാവിനു സമ്മാനങ്ങളും പോര്‍ച്ചുഗല്‍ രാജാവിന്റെ എഴുത്തുമൊക്കെ ഗാമ കൊടുത്തു. അല്‍പ്പനാള്‍ കൊച്ചിയില്‍ തങ്ങി. കുരുമുളകും മറ്റും കപ്പലുകളില്‍ നിറച്ച ശേഷം ഗാമ ചില ആവശ്യങ്ങള്‍ രാജാവിനു മുന്നില്‍ വെച്ചു. 'പോര്‍ച്ചുഗീസുകാര്‍ക്ക് കുരുമുളകും ഏലവും പോലുള്ള മലഞ്ചരക്കുകള്‍ എല്ലാക്കാലവും ഒരേ വിലയ്ക്കു കിട്ടണം. ഇവ ശേഖരിച്ചു വെയ്ക്കാന്‍ കൊച്ചിയില്‍ പാണ്ടികശാലകള്‍ (സംഭരണകേന്ദ്രം) പണിയാന്‍ അനുവദിക്കണം. മറ്റാരെയും ഇതിന് അനുവദിക്കുകയും ചെയ്യരുത്...'

രാജാവ് അനുമതി നല്‍കാന്‍ തയ്യാറായില്ല. ഗാമ ദേഷ്യപ്പെട്ടു കൊട്ടാരത്തില്‍ നിന്നിറങ്ങി. ക്രൂരനായ ഗാമയെ പിണക്കിയാല്‍ കോഴിക്കോടിന്റെ അനുഭവമാകും കൊച്ചിക്ക് എന്നു ഭയന്ന ഉണ്ണിരാമന്‍, ഗാമയെ തിരിച്ചു വിളിച്ചു. തിരികെ എത്തിയ ഗാമയോടു രാജാവ് പറഞ്ഞു, 'ദ്വിഭാഷിക്ക് പറ്റിയ പിഴവാണ് തെറ്റിദ്ധാരണയ്ക്കു കാരണം, ഗാമ ചോദിച്ച എല്ലാത്തിനും അനുമതി തന്നിരിക്കുന്നു...' സന്തുഷ്ടനായ ഗാമ കപ്പലിലേക്ക് പോവുകയും രത്നങ്ങള്‍ പതിച്ച സ്വര്‍ണക്കിരീടവും മറ്റുസമ്മാനങ്ങളുമായി കൊട്ടാരത്തില്‍ തിരികെയെത്തുകയും ചെയ്തു.

ഭരണത്തിന്റെ 'രാജകാലം' കഴിഞ്ഞ് 'മന്ത്രികാലം' തുടങ്ങി..! രാജാധിപത്യം ജനാധിപത്യത്തിന് വഴിമാറി. അമൂല്യരത്നങ്ങളുള്ള ആ സ്വര്‍ണക്കിരീടത്തിന്റെ സ്ഥാനം തൃപ്പൂണിത്തുറ കളിക്കോട്ട കൊട്ടാരത്തിലെ ഇരുണ്ട മുറിയിലേക്കു മാറി. സ്വത്തുക്കള്‍ പരിപാലിക്കല്‍ ബുദ്ധിമുട്ടായപ്പോള്‍ കൊച്ചി രാജകുടുംബം, കോവിലകം ട്രസ്റ്റുണ്ടാക്കി സ്വത്തുക്കള്‍ അതിനു കീഴിലാക്കി. കളിക്കോട്ട കൊട്ടാരവും മറ്റു സ്വത്തുക്കളും ഈ ട്രസ്റ്റാണ് കൈകാര്യം ചെയ്തിരുന്നത്. രാജാവിന്റെ വ്യക്തിപരമായ സ്വത്തുക്കള്‍ കോടതി റിസീവറുടെ ഭരണത്തിലും. പിന്നീടിതില്‍ ചിലത് പാലസ് അഡ്മിനിസ്ട്രേഷന്‍ ബോര്‍ഡിന്റെ കീഴിലുമായി.

അങ്ങനെയിരിക്കേ കൊച്ചിരാജവംശത്തില്‍ ഭാഗംവെയ്ക്കല്‍ പ്രശ്നം ഉടലെടുത്തു. രാജകുടുംബത്തിലെ രണ്ട് അംഗങ്ങള്‍ സ്വത്ത് ഭാഗംവെയ്ക്കണമെന്ന ആവശ്യവുമായി രംഗത്തെത്തി. ഭാഗംവെച്ച് അവകാശം വീതിക്കല്‍ പാലസ് അഡ്മിനിസ്ട്രേഷന്‍ ബോര്‍ഡിന്റെ ചുമലിലായി. രാജകുടുംബത്തിലെ 661 അംഗങ്ങള്‍ക്കായുള്ള വലിയ വീതം വെയ്പ്...! കൊട്ടാരത്തിലെ കിരീടവും സിംഹാസനവും മറ്റു ചില അമൂല്യവസ്തുക്കളുമൊഴികെ ലേലം ചെയ്യാന്‍ തീരുമാനിച്ചു. ഇതിനു പാലസ് അഡ്മിനിസ്ട്രേഷന്‍ ചുമതലപ്പെടുത്തിയതു മദ്രാസിലെ മുറേ ആന്‍ഡ് കമ്പനിയെ ആയിരുന്നു.

'കൊച്ചി മഹാരാജാവിന്റെ കൊട്ടാരത്തിലെ വിലയേറിയ പുരാവസ്തുക്കളും കൗതുകവസ്തുക്കളും ലേലത്തിന്' മുറേ കമ്പനിയുടെ അറിയിപ്പ് 1975 ല്‍ പുറത്തു വന്നു. അതില്‍ ഇങ്ങനെ കൂടി രേഖപ്പെടുത്തിയിരുന്നു ആനക്കൊമ്പുകള്‍, ആനക്കൊമ്പില്‍ തീര്‍ത്ത ശില്‍പങ്ങള്‍, വെള്ളിയാഭരണങ്ങള്‍, ഈട്ടിയിലും തേക്കിലും തീര്‍ത്ത മര ഉരുപ്പടികള്‍, അങ്ങനെ ഒരുപാട് പുരാവസ്തുക്കള്‍. തൃപ്പൂണിത്തുറ കളിക്കോട്ട കൊട്ടാരത്തില്‍ സെപ്റ്റംബര്‍ 22ന് ലേലം നടക്കും'

പക്ഷെ അന്ന് ലേലം നടന്നില്ല. സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ടു. പൗരാണികവും ചരിത്രപ്രാധാന്യവുമുള്ള വസ്തുക്കള്‍ ലേലത്തില്‍ നിന്നൊഴിവാക്കണമെന്നാവശ്യപ്പെട്ട് ലേലം സര്‍ക്കാര്‍ വിലക്കി. മുറേ കമ്പനി കോടതിയെ സമീപിച്ചു. ചരിത്രപ്രാധാന്യമുള്ള 52 ഇനങ്ങള്‍ ഒഴിവാക്കി ലേലം നടത്താന്‍ കോടതി അനുമതി നല്‍കി. അങ്ങനെ 320 ഇനം വസ്തുക്കള്‍ ലേലം ചെയ്യാന്‍ തീരുമാനമായി.

കളിക്കോട്ടയില്‍ ലേലപ്പന്തലുയര്‍ന്നു. രാജകുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളായ അപ്പന്‍ തമ്പുരാനും കൊച്ചപ്പന്‍ തമ്പുരാനും ലേല നടത്തിപ്പിനായി ഉയര്‍ന്ന പീഠത്തിലിരുന്നു. ലേലം വിളികളുയര്‍ന്നു. ഒന്നരകിലോയുള്ള ഒരു സ്വര്‍ണക്കിണ്ടിക്കായിരുന്നു വലിയ വില കിട്ടിയത് -66,000 രൂപ. രണ്ട് ആനക്കൊമ്പുകള്‍ക്ക് 22,000 രൂപയും സ്വര്‍ണ പിടിയുള്ള വാളിന് 13,000 രൂപയും കിട്ടി. ആ കൂട്ടത്തില്‍ സ്വര്‍ണ പ്ലാവിലയായിരുന്നു ഏറെ കൗതുകമുണര്‍ത്തിയ ഒന്ന്.

സര്‍ക്കാര്‍ ആവശ്യപ്രകാരം ലേലം ചെയ്യാതെ മാറ്റിവെച്ച 52 ഇനങ്ങള്‍ക്ക് 40,900 രൂപയാണ് മതിപ്പുവില കണ്ടത്. എന്നാല്‍ സര്‍ക്കാര്‍ കണ്ട വിലയുടെ മൂന്നോ നാലോ ഇരട്ടി ഓരോന്നിനും വിലകിട്ടുമായിരുന്നു. ആറടി ഉയരത്തില്‍ ഈട്ടിയില്‍ തീര്‍ത്ത മുന്‍കാലുകള്‍ മടക്കിയിരിക്കുന്ന ഒരു ആന ശില്‍പ്പമുണ്ടായിരുന്നു. യഥാര്‍ഥ ആനക്കൊമ്പുകളായിരുന്നു അതിന്റെ കൊമ്പുകള്‍. അതിന് സര്‍ക്കാര്‍ കണ്ട വില എണ്ണായിരം രൂപയും. ആ അപൂര്‍വശേഖരം മുഴുവന്‍ മ്യൂസിയത്തിലേക്ക് മാറ്റി.

ഏതാനും വര്‍ഷത്തിനു ശേഷം മുറേ കമ്പനിയുടെ പരസ്യം വീണ്ടും പ്രത്യക്ഷപ്പെട്ടു. ഇത്തവണ കൊച്ചി മഹാരാജാവിന്റെ കിരീടമായിരുന്നു ലേല അറിയിപ്പിന്റെ ചിത്രത്തില്‍. 1980 സെപ്റ്റംബര്‍ 17മുതല്‍ 19 വരെയായിരുന്നു ലേലം. സ്വര്‍ണക്കിരീടവും വെള്ളി സിംഹാസനത്തിനുമൊപ്പം ആഭരണങ്ങളുടെ നീണ്ട നിര തന്നെ ലേലപ്പട്ടികയില്‍ ഇടംപിടിച്ചിരുന്നു.

പക്ഷെ ഇത്തവണയും സര്‍ക്കാര്‍ ലേലം തടഞ്ഞു. കളിക്കോട്ട കൊട്ടാരത്തില്‍ നിന്ന് സര്‍ക്കാര്‍ അനുമതിയില്ലാതെ കിരീടവും സിംഹാസനവുമടക്കമുള്ള അമൂല്യവസ്തുക്കള്‍ കൊണ്ടുപോകരുതെന്ന് ഉത്തരവിട്ടു. ഒടുവില്‍ വില കൊടുത്ത് ഇവ ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. മൂന്നുവര്‍ഷത്തോളം നീണ്ടു ഏറ്റെടുക്കല്‍ നടപടികള്‍. കൊട്ടാരവും സ്വര്‍ണക്കിരീടവുമെല്ലാമായി ഒരു കോടി രണ്ടുലക്ഷം രൂപയ്ക്കായിരുന്നു ഏറ്റെടുക്കല്‍.

ആശയക്കുഴപ്പത്തിന്റെ കിരീടം

ഹില്‍പാലസ് മ്യൂസിയത്തിലുള്ള കിരീടം കൊച്ചി രാജാവിനു കൊടുത്തത് പോര്‍ച്ചുഗീസുകാരാണോ ഡച്ചുകാരാണോ എന്നതില്‍ ആശയക്കുഴപ്പം ഉയര്‍ന്നിരുന്നു. അതിന് കാരണം ഡച്ചുകാര്‍ കൊച്ചി രാജാവായ വീരകേരളവര്‍മയ്ക്ക് ഒരു സ്വര്‍ണക്കിരീടം സമ്മാനിച്ചതായിരുന്നു. ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഗവര്‍ണര്‍ ജനറല്‍ ജേക്കബ് ഹുസ്താരത്ത് ആണ് കീരീടം സമ്മാനിച്ചത്. അതില്‍ ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ മുദ്രയായ VOC എന്ന് രേഖപ്പെടുത്തിയിരുന്നതായി ചരിത്രരേഖകള്‍ പറയുന്നു. എന്നാല്‍ ഹില്‍പാലസില്‍ സൂക്ഷിച്ചിരിക്കുന്ന കിരീടത്തില്‍ ആ മുദ്രയില്ല. ഡച്ചുകാര്‍ സ്വര്‍ണക്കിരീടം സമ്മാനിച്ചു എന്നേ കൊച്ചിന്‍ സ്റ്റേറ്റ് മാനുവല്‍ പോലുള്ള ചരിത്ര രേഖകളിലുള്ളു. എന്നാല്‍ കൊച്ചിയിലെ ബ്രിട്ടീഷ് സിവില്‍ സര്‍ജനായിരുന്ന ഫ്രാന്‍സിസ് ഡേ 1863ല്‍ എഴുതിയ 'ലാന്‍ഡ് ഓഫ് പെരുമാള്‍സ്' എന്ന പുസ്തകത്തില്‍ ഗാമ, കൊച്ചി രാജാവിന് സമ്മാനിച്ചതു രത്നങ്ങള്‍ പതിച്ച സ്വര്‍ണക്കിരീടമാണെന്നു വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്.

Content Highlights: kochi gold crown history vasco da gama