വസാനം വന്ന കത്തില്‍ ഭാര്യ സാജിത ഇങ്ങിനെ എഴുതി...
'ഖാലിദ് നിനക്കു ഞങ്ങളെ മിസ്സ് ചെയ്യുന്നില്ലേ, ഒരു വര്‍ഷമായി നീ പോയിട്ട്.
നീ ആഗ്രഹിക്കുന്ന രീതിയില്‍ നമുക്കു നമ്മുടെ മകളെ വളര്‍ത്തണ്ടേ,
അവളുടെ ആകാശം അവള്‍ക്ക് കൊടുത്തുകൊണ്ട്!
നീ ഇവിടെയുണ്ടാകണം. നിന്റെ സാന്നിധ്യം അവള്‍ക്ക് നിര്‍ബന്ധമാണ്. 
നമുക്ക് നാട്ടില്‍ വല്ലതും സ്വന്തമായി തുടങ്ങാം. നീ നാട്ടിലേക്ക് തിരിച്ചു പോരൂ..'

ആ കത്ത് എന്റെ ഹൃദയത്തെ വല്ലാതെ സ്പര്‍ശിച്ചു. തിരിച്ചുപോക്കിനെ കുറിച്ച് ഒരുപാടു ആലോചിച്ചു.

രണ്ടുമൂന്നു വര്‍ഷമെങ്കിലും ഇവിടെ പിടിച്ചുനിന്നേ പറ്റുള്ളൂ. ഒന്നു പെട്ടെന്ന് നാട്ടില്‍ പോയി വരാം.

വരുന്ന ആഴ്ച്ച ലീവ് സാങ്ങ്ഷന്‍, ആക്കാമെന്ന് കേണല്‍ പറഞ്ഞു.
പെരുന്നാളിനു വീട്ടിലെത്തണം.
മോളെ കണ്ടുമുട്ടുന്ന നിമിഷത്തെ ഓര്‍ത്തു മനസ്സില്‍ വല്ലാത്തൊരു സന്തോഷം.. 

1991 ആണു കാലഘട്ടം. അന്നു ഞാന്‍ യു.എ.ഇയുടെ കര സേനയില്‍ ജോലി ചെയ്യുകയാണ്. താമസിക്കാന്‍  ക്യാമ്പിനകത്തു സൗകര്യം ഉണ്ടായിരുന്നെങ്കിലും, സുഹൃത്തുക്കളൊക്കെ അബുദാബിയിലായതുകാരണം അവധി ദിവസങ്ങളില്‍ താമസിക്കാന്‍ അങ്ങോട്ടു പോകുമായിരുന്നു. 

നോമ്പു കാലത്തിലെ പതിനേഴാം രാവാണ്. ബദര്‍ യുദ്ധത്തിന്റെ അനുസ്മരണ ദിനമായതു കാരണം പള്ളിയില്‍ പോയി പ്രത്യേക പ്രാര്‍ഥനയൊക്കെ നടത്തി ജോലികളൊക്കെത്തീര്‍ത്തു. അബുദാബിയിലേക്കുള്ള വാഹനവും പ്രതീക്ഷിച്ചു ഗേറ്റിനടുത്തു നിന്നു. 

ജോലിക്ക് കയറിയിട്ട് ഒരു വര്‍ഷമായിരിക്കുന്നു. ഭാര്യയ്ക്ക് ഒരു കത്തും മൂന്നുവയസ്സിലേക്കു കടക്കുന്ന ഇറാദ മോള്‍ക്ക് കൊടുക്കാന്‍ വാങ്ങിവെച്ച ബാര്‍ബി ഡോളും ഒരു സുഹൃത്തു വശം കൊടുത്തയക്കണം. എന്റെ മനസ്സ് അബുദാബിയിലേയ്‌ക്കെത്താന്‍ ധൃതി കൂട്ടി.

ചിന്തകള്‍ നാടും വീടും മകളും ഒക്കെയായി സ്വപനാടനത്തിലായിരുന്നു, ഒരു ഹോണടി ശബ്ദം ചിന്തകളില്‍നിന്നും എന്നെ ബോധ മണ്ഡലത്തിലേയ്ക്ക് കൊണ്ടുവന്നു.

അഹ്മദ് എന്നു പേരുള്ള നല്ല പരിചയമുള്ള ഒരു ചെറുപ്പക്കാരനായ മിലിട്ടറി പോലീസുകാരന്‍ എന്റെ അടുത്ത് വാഹനം നിര്‍ത്തി, എങ്ങോട്ടേക്കാണെന്നു ചോദിച്ചു. പോകേണ്ടുന്ന സ്ഥലം ഞാന്‍ പറഞ്ഞു. അദ്ദേഹം കയറാന്‍ ഡോര്‍ തുറന്നു തന്നു.

ചെറുപ്പക്കാരമായ അറബികള്‍ പൊതുവേ വളരെ വേഗതയിലാണ് വാഹനം ഓടിക്കുക. ഞാന്‍ വാഹനത്തിന്റെ സ്പീഡോ മീറ്ററില്‍ ഇടക്കിക്കിടക്കു കണ്ണുകള്‍ പായിച്ചു. 160 സ്പീഡിലായി സുഹൃത്തു വാഹനം ഓടിച്ചുകൊണ്ടിരുന്നത്.

അത്രയും സ്പീഡില്‍ വാഹനം ഓടിക്കുന്നത് എന്തിനാണ് എന്നു ഞാനദ്ദേഹത്തോടു ചോദിച്ചപ്പോള്‍ ചിരിച്ചുകൊണ്ട് അദ്ദേഹം  മറുപടിപറഞ്ഞു.

'സഹോദരാ, എന്റെ വാഹനത്തിന്റെ സ്പീഡ് 240 വരെ ഉണ്ടല്ലോ, ഞാന്‍ അത്ര സ്പീഡില്‍ അല്ലല്ലോ, താങ്കളെന്തിനാണു ഭയപ്പെടുന്നത്. എത്ര വേഗത്തില്‍ പോകുന്നോ അത്രയും പെട്ടെന്ന് നമുക്ക് ലക്ഷ്യസ്ഥാനത്തെത്താം'.

ജീവിതത്തില്‍ നമുക്ക് കുറഞ്ഞ സമയമേയുള്ളൂ എന്നും, അതു വേഗതയോടെ ഓടിത്തീര്‍ക്കണമെന്നുള്ള ഒരു ദര്‍ശനവും കൂടി ചിരിച്ചുകൊണ്ട് അദ്ദേഹം എന്നെ ഉണര്‍ത്തിച്ചു.

ഞാന്‍ പിന്നെ തര്‍ക്കിക്കാന്‍ നിന്നില്ല. പുറത്തേക്ക് കണ്ണുപായിച്ചു. മരുഭൂമിയെ കീറിമുറിച്ചു നിര്‍മ്മിച്ച ഹൈവേ വിജനമായിരുന്നു.

ഇടയ്ക്കിടയ്ക്ക് ട്രക്കുകള്‍ എതിര്‍ ദിശയിലൂടെ ഓടിപ്പോയി. അതിനിടയില്‍ വളരെ സ്പീഡില്‍ ചീറിപ്പായുന്ന കാറുകള്‍ ഹോണടിച്ചു കൊണ്ട് ഞങ്ങളെ മറികടന്നു പോയിക്കൊണ്ടിരുന്നു .

ഒരു പക്ഷേ ഹമ്മൂദ് പറഞ്ഞതാവും ശരി. ശരിക്കും എനിക്ക് സ്പീഡ് കുറവല്ലേ,  ഞാന്‍ എന്നിലേക്ക് നോക്കിയപ്പോ അങ്ങിനെയൊരു തോന്നല്‍ മനസ്സില്‍ വന്നു.

ഒരു മകള്‍ ജീവിതത്തിലേക്ക് വന്നിരിക്കുന്നു. ജീവിതം കുറച്ചൂടെ സ്പീഡില്‍ പോയാലേ സന്തോഷകരമായ ഭാവി കെട്ടിപ്പടുക്കാന്‍ പറ്റുള്ളൂ.

ക്യാമ്പില്‍ നിന്നും അബുദാബിയിലെത്താന്‍ 120 കിലോമീറ്റര്‍ ദൂരം ഉണ്ട്. ഞങ്ങള്‍ ഏകദേശം അമ്പത് കിലോമീറ്റര്‍ ദൂരം പിന്നിട്ടുകാണും. ഇതേ സ്പീഡില്‍ പോയാല്‍ ഇരുപത് മിനിറ്റുകൊണ്ട് റൂമിലെത്താം.

അന്ന് സൈ്വഹാന്‍-അബുദാബി റോഡില്‍ വഴി വിളക്കുകള്‍ കുറവായിരുന്നതിനാല്‍ നല്ല ഇരുട്ടുണ്ടായിരുന്നു. ഹമ്മുദ് വളരെ എന്‍ജോയ് ചെയ്തുകൊണ്ടായിരുന്നു ഡ്രൈവ് ചെയ്തുകൊണ്ടിരുന്നത്. കാര്‍ സ്റ്റീരിയോയിലൂടെ പാടിക്കൊണ്ടിരിരുന്ന അറബിക് റോക്കും അദ്ദേഹത്തിന് ഹരം പകരുന്നുണ്ടായിരുന്നു.

വോള്യം കുറച്ചുകൂടെ ഉച്ചത്തിലാക്കി, സ്റ്റിയറിങ്ങില്‍ താളം പിടിച്ചുകൊണ്ട് തലയാട്ടുന്ന സുഹൃത്തിനെ ദയനീയമായി ഞാനൊന്നു നോക്കി. എന്റെ നോട്ടത്തിലെ ദയനീയത കണ്ടു അയാളൊന്നു കണ്ണിറുക്കി ചിരിച്ചു. അന്ന് ട്രാഫിക് നിയമപ്രകാരം ഡ്രൈവര്‍ക്ക് മാത്രമേ സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമുണ്ടായിരുന്നുള്ളു. അതുകാരണം ഞാന്‍ ബെല്‍റ്റ് ഇട്ടിരുന്നില്ല.

പെട്ടെന്നാണ് കാലാവസ്ഥ മാറിത്തുടങ്ങിയത്. അതിശക്തമായ പൊടിക്കാറ്റ് ഞങ്ങളുടെ വണ്ടിയെ ഉലച്ചുകളഞ്ഞു. ഞാന്‍ ഹമ്മുദിനെ ആശങ്കയോടെ നോക്കി. ഹമ്മുദ് ഭയപ്പെടുന്നതായി എനിക്ക് തോന്നി.

കടല്‍ത്തിരകള്‍ പോലെ കരയിലേക്ക് അടിച്ചുവരുന്ന കാറ്റില്‍ മരുഭൂമിയില്‍ നിന്നും റോഡിലേയ്ക്കു മണല്‍ അടിച്ചു കയറുന്നത് ഹെഡ്ലൈറ്റിന്റെ വെളിച്ചത്തില്‍ ഞാന്‍ കാണുന്നുണ്ടായിരുന്നു. റോഡും മരുഭൂമിയും തിരിച്ചറിയാത്ത ഒന്നായി തീരുന്നു. എന്നെ ഭയം വല്ലാതെ ഗ്രസിച്ചു കഴിഞ്ഞിരുന്നു അപ്പോഴേക്കും.

വണ്ടിയുടെ നിയന്ത്രണം വിട്ടുപോകുന്നതായി ഒരു തോന്നല്‍. പിന്നെ എല്ലാം പെട്ടെന്നായിരുന്നു.
വണ്ടി പെട്ടെന്ന് സ്‌കിഡ് ചെയ്ത് ദൂരത്തേക്ക് പോയി. പിന്നെ നിമിഷാര്‍ദ്ധത്തില്‍ എല്ലാം സംഭവിച്ചു. വാഹനം ഒരു ഡിവൈഡറില്‍ പോയി ഇടിച്ചു പലതവണ ടോപ്പിള്‍ ഡൗണ്‍ ആയി മരുഭൂമിയിലേക്ക് എടുത്തെറിയപ്പെട്ടു.

പൂര്‍ണമായും തകര്‍ന്നുപോയ കാറില്‍നിന്നും ഹമ്മുദ് എന്നെ പുറത്തേക്കെടുത്തു. ശരീരം മുഴുവന്‍ രക്തത്തില്‍ കുതിര്‍ന്നിരുന്നു. കൈകള്‍ ഇളക്കാന്‍ ശ്രമിച്ചപ്പോള്‍ മനസ്സിലായി മരണപ്പെട്ടില്ല എന്ന്. രണ്ട് ചെവികളിലൂടെയും രക്തം ശക്തമായി ചീറ്റുന്നുണ്ടായിരുന്നു.

വേദനകൊണ്ട് ഞാന്‍ പുളഞ്ഞു.എല്ലുകള്‍ മുഴുവന്‍ തകര്‍ന്നു പോയതായി എനിക്ക് തോന്നി. എന്നെയും അവിടെ കിടത്തി. ഹമ്മൂദ് റോഡ് നില്‍ക്കുന്ന ഭാഗത്തേക്ക്  ഓടി. ആരെങ്കിലും ഓടിവരണേ, സഹോദരന്‍ മരിക്കാന്‍ പോവുകയാണെന്ന് അറബിയില്‍ അയാള്‍ വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു.

മരുഭൂമിയുടെ ഇരുട്ടില്‍ ആരും ഞങ്ങളെ കണ്ടില്ല. കാറ്റിന്റെ ചൂളമടി ശബ്ദത്തില്‍ ആരും ആ നിലവിളി കേട്ടില്ല. മരണത്തെ മുഖാമുഖം കണ്ടുകൊണ്ടിരുന്ന എനിക്ക്  എല്ലാം അവസാനിച്ചെന്ന് തോന്നി.

ഞാന്‍ ഓടിത്തീര്‍ക്കേണ്ടുന്ന ദൂരം കഴിഞ്ഞുകാണുമോ. പൊടുന്നനെ ആരുടെയോ ഒരു സാമിപ്യം! ആരോ എന്നെ തലോടുന്നതായി ഞാനറിഞ്ഞു. അസഹ്യമായ വേദനയെ ശമിപ്പിക്കുന്ന ഒരു കരസ്പര്‍ശം!

പരിസരം മുഴുവന്‍ അറേബിയയിലെ മുന്തിയ അത്തറിന്റെ സുഗന്ധം! ആ അജ്ഞാതനെ ഒന്നു കാണുവാനായി ഞാന്‍ ശ്രമിച്ചു. കണ്ണുകള്‍ തുറക്കാന്‍ നോക്കി. കഴിയാതായപ്പോള്‍ കൈകള്‍കൊണ്ട് രക്തത്തില്‍ കുതിര്‍ന്ന കണ്‍പോളകള്‍ ഉയര്‍ത്തി നോക്കി. അവ്യക്തമായി, ഒരു നിഴല്‍പോലെ, നീണ്ട മുടിയും വെള്ള താടിയുമുള്ള തിളങ്ങുന്ന കണ്ണുള്ള ഒരാള്‍.

ഇരിക്കുകയായിരുന്ന ഞാന്‍ പിറകിലേക്ക് മറിഞ്ഞുവീഴാന്‍ തുടങ്ങി. നീണ്ടുവന്ന കൈകളില്‍ അദ്ദേഹം എന്നെ കോരിയെടുത്തു. അദ്ദേഹത്തിന്റെ കൈകളില്‍ കിടന്ന എന്റെ ബോധം പതിയെ മറഞ്ഞു. ചുറ്റിലും ബഹളം നിറയുന്നത് പാതിബോധത്തില്‍ ഞാന്‍ അറിയുന്നുണ്ടായിരുന്നു. വാര്‍ന്നൊഴുകുന്ന രക്തത്തുള്ളികള്‍ ആരൊക്കെയോ ഒപ്പുന്നുണ്ട്. ഞാന്‍ ഹോസ്പിറ്റലിലാണെന്നു മനസ്സിലായി.

അപകടം നടന്ന സ്ഥലത്തു നിന്നും അധികം ദൂരത്തായിരുന്നില്ല മഫ്റഖ് ഹോസ്പിറ്റല്‍. ഡോക്ടര്‍മാരുടെ സംസാരം എനിക്കു കേള്‍ക്കാമായിരുന്നു. ഉടനെ സി ടി സ്‌കാന്‍, എം.ആര്‍.ഐ, എക്‌സ്‌റേ എല്ലാം എടുക്കണം. ആശുപത്രിയിലെ ഏതൊക്കെയോ ഇടനാഴികളിലൂടെ സ്ട്രക്ച്ചറില്‍ ആരൊക്കെയോ എന്നെ തള്ളി കൊണ്ടുപോവുകയാണ്. കുറേ ഡോക്ടര്‍മാര്‍ എന്റെ പരിസരത്തുള്ളതായി ഞാന്‍ മനസ്സിലാക്കി. അവര്‍ തമ്മില്‍ എന്തൊക്കെയൊ ചര്‍ച്ച ചെയ്യുന്നു.

ഹെഡ് ഇഞ്ചുറി ഉണ്ട്. താടിയെല്ല് പൊട്ടിപ്പോയിരിക്കുന്നു. ഇടതു ഭാഗത്തെ ഓര്‍ബിറ്റല്‍ വാള്‍ തകര്‍ന്നു പോയിട്ടുണ്ട്. കണ്ണുകള്‍ക്ക് സാരമായ പരുക്കുണ്ട്. വാരിയെല്ലും പൊട്ടിയിരിക്കുന്നു. പല്ലുകളുടെ സ്ഥാനം ഇളകിയ അവസ്ഥയിലാണ്. ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ പ്രയാസമാണ്. പേഷ്യന്റ്  ക്രിറ്റിക്കല്‍ ആണ്. ഈ അവസ്ഥയില്‍ സര്‍ജറി പറ്റില്ല. വൈറ്റല്‍ സ്റ്റെബിലിറ്റി പേഷ്യന്റിന് ഇല്ല.

അതുകൊണ്ട് നമുക്ക് പേഷ്യന്റിനെ ഐ.സി.യുവിലേയ്ക്ക് മാറ്റാം. നിരീക്ഷണം അത്യാവശ്യമാണ്. ആവശ്യത്തിനുള്ള മെഡിസിന്‍ കൊടുത്തശേഷം സ്റ്റേബിള്‍ ആകുമോ എന്നു നോക്കിയിട്ട് സര്‍ജറി ചെയ്യാം. അവരുടെ സംസാരങ്ങളില്‍ നിന്നും ഞാന്‍ മരണത്തിലേക്ക് പോവുകയാണെന്ന് മനസ്സിലായി. വേദനയാല്‍ എന്റെ ശരീരം വിണ്ടുകീറും പോലെ തോന്നി. 

ഐ.സി.യുവിലേയ്ക്കു അവരെന്നെ മാറ്റിയിരിക്കുന്നു. ശരീരത്തില്‍ എന്തൊക്കെയൊ ഘടിപ്പിക്കുന്നുണ്ട്. തൊണ്ടയിലേയ്ക്കു ആരോ പൈപ്പ് പോലെയുള്ള ഒരു സാധനം കുത്തിയിറക്കുന്നു. തൊണ്ടയില്‍ തള്ളിവെച്ച പൈപ്പ് വെന്റിലേറ്ററില്‍ ഘടിപ്പിച്ചിരിക്കുന്നു.

ഒരു നേഴ്‌സ് മൂക്കിലേയ്ക്ക് ഒരു പൈപ്പ് താഴ്ത്തുന്നു. മറ്റൊരു നേഴ്സ് എന്റെ ലിംഗത്തിലേക്കു നേര്‍ത്ത ട്യൂബ് കയറ്റുന്നതായി ഞാന്‍ അറിയുന്നു. മൂത്രം പോകാനുള്ള സംവിധാനം ഒരുക്കുകയായിരുന്നു അവര്‍. ദൈവമേ വേദന സഹിക്കാന്‍ കഴിയുന്നില്ല. കണ്ണുകളില്‍ ഇരുട്ടാണ്. വേദനയാല്‍ ഞാനൊന്നു പിടഞ്ഞു. പറ്റുന്നില്ല. അട്ടഹസിച്ചു. സാധിക്കുന്നില്ല. ഞാന്‍ വേദനയില്‍ നിന്നും വേദനയിലേയ്ക്കു പോവുകയാണോ.. ദൈവമേ കനിവുണ്ടാവണമേ.. മാറിമറിയുന്ന ബോധാബോധ അവസ്ഥകള്‍ക്കിടയില്‍ ഞാന്‍ ഉള്ളുരുകി പ്രാര്‍ത്ഥിച്ചു.

നഴ്‌സുമാര്‍ മേലാകെ ലീഡ്‌സ് ഫിറ്റ് ചെയ്തു. 'ആന്റിബയോട്ടിക് ഇന്‍ജക്ഷന്‍ കൊടുത്തു തുടങ്ങാം'. ഒരു ഡോക്ടര്‍ നേഴ്‌സിനോട് മെഡിസിന്റെ കാര്യങ്ങള്‍ പറഞ്ഞുകൊടുക്കുന്നു. പിന്നെ വേറെ എന്തൊക്കെയൊ മെഡിസിന്റെ പേരുകള്‍ ഡോക്ടര്‍ പറയുന്നുണ്ടായിരുന്നു.

ബ്ലഡ് കയറ്റാന്‍ ഒരു നേഴ്സ് കയ്യില്‍ സൂചികുത്തി കയറ്റി. മറ്റൊരു നേഴ്സ്  കഴുത്തില്‍  ഇന്‍ജക്ഷന്‍ എടുക്കാന്‍ വേണ്ടി തടവി ഞരമ്പ് തെരയുന്നുണ്ടായിരുന്നു. കഴുത്തില്‍ സൂചി കയറ്റി ഇഞ്ചക്ഷന്‍ എടുത്തപ്പോള്‍ സൂചി സിരകളിലൂടെ പാഞ്ഞു പോകുന്ന അവസ്ഥ അനുഭവപ്പെട്ടു. വേദനകൊണ്ട് ഞാന്‍ പുളഞ്ഞു. ഒച്ചയെടുക്കാനാവാതെ കണ്ണുനീര്‍ മാത്രം വാര്‍ന്നൊഴുകി.

കുറച്ചുകഴിഞ്ഞപ്പോള്‍ ആളൊഴിഞ്ഞു പോയതു പോലെ തോന്നി. മോണിറ്ററില്‍ നിന്നും കേള്‍ക്കുന്ന ബീപ് ശബ്ദം മാത്രം. ആ ശബ്ദം ഇടയ്ക്കു ഉച്ചസ്ഥായിയിലെത്തുന്നു. ഇടക്ക് ശബ്ദം നേര്‍ത്തു വരുന്നു. സമയം എത്രയായി കാണും? ഒന്നും മനസ്സിലാകുന്നില്ല. ഞാനും മോണിറ്റര്‍ ശബ്ദവും വേദനയും മാത്രം.

അധികസമയം കഴിഞ്ഞില്ല,ആരോ എന്റെ അരികിലേക്ക് വന്നു. ഒരു നനുത്ത കൈ എന്റെ മുഖത്തെ മൃദുവായി തലോടി. കുനിഞ്ഞു വന്ന് അവര്‍ എന്റെ നെറ്റിയില്‍ ഉമ്മ വെച്ചു. എന്റെ ചെവിയില്‍ ഇങ്ങനെ പറഞ്ഞു, 'കുഞ്ഞേ, എന്റെ പേര് മേരി. എനിക്ക് നൈറ്റ് ഡ്യൂട്ടിയാണ്. എല്ലാ വിവരവും ഞാന്‍ അറിഞ്ഞു. കുഞ്ഞ് പേടിക്കണ്ട, കര്‍ത്താവ് കൂടെയുണ്ടാവും. ഞാന്‍ പ്രാര്‍ത്ഥിക്കാം'

അവരെന്റെ നെറ്റിയില്‍ തടവിക്കൊണ്ടു പതിഞ്ഞ ശബ്ദത്തില്‍ കുറച്ചുനേരം പ്രാര്‍ത്ഥിച്ചു. വീണ്ടും എന്റെ നെറ്റിയില്‍ ഉമ്മവെച്ചു. എന്നെ അല്പം ചെരിച്ചുകിടത്തി പിന്‍ഭാഗത്ത് ഒരു ഇഞ്ചക്ഷന്‍ തന്നു. ഒരു നേര്‍ത്ത വേദന മാത്രം. അവര്‍ അടുത്തുവന്നു പറഞ്ഞു, 'വേദനക്കുള്ളതാണ്. കുറച്ചു ആശ്വാസം കിട്ടും'.

എന്റെ തൊണ്ട വരണ്ടു പോയിരിക്കുന്നു. ഒരിറ്റ് വെള്ളം കിട്ടിയിരുന്നെങ്കില്‍ എന്നു ഞാന്‍ ആഗ്രഹിച്ചു. വെള്ളത്തില്‍ മുക്കിയ ഒരു കോട്ടണ്‍ പിഴിഞ്ഞു  മേരി എന്റെ ചുണ്ടുകളില്‍ ഒരു തുള്ളി വെള്ളം ഒഴിച്ചു. മരുഭൂമിയില്‍ പെയ്തിറങ്ങിയ അമൂല്യമായ ഒരൊറ്റ തുള്ളി പോലെ എനിക്കത് അനുഭവപ്പെട്ടു. മേരിയില്‍ ഞാന്‍ ഒരു മാലാഖയെ കണ്ടു.

അവര്‍ അടുത്തു വന്നു എന്നോടു പറഞ്ഞു: 'കുഞ്ഞേ നിനക്കുള്ള  ഭക്ഷണം മൂക്കില്‍ ഫിറ്റ് ചെയ്ത പൈപ്പിലൂടെ ദ്രവ രൂപത്തിലാണ് തരിക.  അതുകൊണ്ടു തൊണ്ട  വരണ്ടു നില്‍ക്കും. ഞാന്‍ ഇടയ്ക്കു നനച്ചു തരാം. കുഞ്ഞ് ഉറങ്ങാന്‍ ശ്രമിക്കൂ. ഞങ്ങള്‍ രണ്ടുപേര്‍ ഇവിടെ അടുത്തു തന്നെയുണ്ടാകും. ദൈവത്തെ മനസ്സില്‍ ധ്യാനിച്ചു ഉറങ്ങിക്കോളൂ'. 

മേരിയുടെ സാമീപ്യം  എന്നില്‍ അനിര്‍വചനീയമായ ഒരു ആനന്ദം ഉണ്ടാക്കി. ഞാനതില്‍ പൂര്‍ണ്ണമായും ലയിച്ചു. അവര്‍ തന്ന ഇന്‍ജക്ഷന്‍ എന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. ഞാന്‍ ഉറക്കിലേയ്ക്കു വഴുതി വീണു. സിരകളിലൂടെ സൂചികള്‍ ഒന്നിനു പിറകേ ഒന്നായി ഓടുന്ന വേദനയാല്‍ ഞാന്‍ വീണ്ടും ഉണര്‍വിലേയ്ക്കു വന്നു.

ഒരു നേഴ്സ് എന്റെ കഴുത്തില്‍ ഇഞ്ചക്ഷന്‍ കുത്തിയിരിക്കുന്നു. ഇതിനേക്കാള്‍ നല്ലത് പെട്ടെന്നുള്ള മരണമായിരുന്നോ? സഹിക്കാന്‍ പറ്റുന്നില്ലല്ലോ, ഞാനാകെ തകര്‍ന്നു പോകുന്നു. മരണം എന്നെ ഭയപ്പെടുത്തുന്നില്ല, പക്ഷേ ഈ നിരന്തരമായ വേദന, അതു സഹിക്കാന്‍ പറ്റുന്നില്ല.

എന്നെ ഒന്നും ചെയ്യല്ലേ, ഞാന്‍ മരിച്ചോളാം എന്ന് അടുത്തുള്ളവരോട് വിളിച്ചു പറയണമെന്നുണ്ട്. പക്ഷേ കണ്ണുകള്‍ തുറക്കാന്‍ പറ്റുന്നില്ല. നാവ് ചലനമറ്റു കിടക്കുന്നു. എന്തൊരു പരീക്ഷണമാണ്! ഇപ്പോള്‍ അരികില്‍ കുറേ പേര്‍ ഉള്ളതായി ഞാന്‍ മനസ്സിലാക്കി. അവരൊക്കെ ചര്‍ച്ചയിലാണ്. അവരുടെ സംസാരത്തില്‍ ആശങ്ക കനത്തു വരുന്നുണ്ടായിരുന്നു.

'പേഷ്യന്റിന്റെ കണ്ടീഷന്‍ വളരെ മോശമായിക്കൊണ്ടിരിക്കുകയാണല്ലോ ഡോക്ടര്‍..' എതോ ഒരു  ഡോക്ടര്‍ എന്റെ കൈപിടിച്ച് അടുത്തുള്ള ഡോക്ടറോട് പറയുന്നുണ്ടായിരുന്നു. 'നമുക്കൊന്നും ചെയ്യാനില്ല. മരുന്ന് കണ്ടിന്യു ചെയ്യട്ടെ. വൈറ്റല്‍ സ്റ്റെബിലിറ്റി പേഷ്യന്റിനു വരാതെ സര്‍ജറി വളരെ റിസ്‌കാണ്'. മറുപടിയെന്നോണം വേറൊരാള്‍ പറയുന്നു. കുറേ ചര്‍ച്ചകള്‍ക്കു ശേഷം അവരിറങ്ങിപ്പോയി .

തൊണ്ട വരണ്ടിരിക്കുന്നു. ഒരു തുള്ളി വെള്ളം കിട്ടിയിരുന്നെങ്കില്‍ എന്നു ഞാന്‍ ആഗ്രഹിച്ചു. ഇപ്പോള്‍ റൂമില്‍ ഫിലിപ്പൈന്‍ നേഴ്സുമാരാണെന്നു സംസാരത്തില്‍ നിന്നും ഞാന്‍ മനസ്സിലാക്കി. മൂക്കിലിട്ട പൈപ്പിലൂടെ എന്തൊ ദ്രാവകം അവര്‍ തരുന്നുണ്ട്. വരണ്ട തൊണ്ടയ്ക്കും വായക്കും അതാശ്വാസം നല്‍കിയില്ല. ഒരു നനവ് കിട്ടിയിരുന്നെങ്കില്‍ എന്നു ഞാന്‍ വല്ലാതെ ആഗ്രഹിച്ചു. പക്ഷെ ആരും എന്റെ ചുണ്ടുകളെ നനച്ചില്ല.

മേരി വരുന്ന സമയത്തെ പ്രതീക്ഷയോടെ ഞാന്‍ കാത്തിരുന്നു. വീണ്ടും ഇഞ്ചക്ഷനുകളും വേദനയും തുടര്‍ന്നുകൊണ്ടേയിരുന്നു. ഞാനതുമായി താദാത്മ്യപ്പെട്ടു വരുന്നുണ്ടായിരുന്നു.

ഡ്യൂട്ടി മാറാനുള്ള സമയമായെന്ന് നേഴ്സുമാര്‍ സംസാരിക്കുന്നതു കേട്ടപ്പോള്‍ എന്റെ മനസ്സ് സന്തോഷിച്ചു. കുറച്ചു കഴിഞ്ഞപ്പോള്‍ മേരിയുടെ സാമീപ്യം ഞാനറിഞ്ഞു. അവര്‍ എന്റെ അരികിലേയ്ക്കു വന്നു. അവരുടെ നനുത്ത കൈകള്‍ കൊണ്ടു എന്റെ മുഖം തടവി. കുനിഞ്ഞുനിന്നു എന്റെ നെറ്റിയില്‍ ഉമ്മവെച്ചു. എന്റെ ചെവിയുടെ അടുത്ത് ചുണ്ടുകള്‍ വെച്ചു ചോദിച്ചു, 'എന്റെ കുഞ്ഞ് ഇന്നലെ ഉറങ്ങിയോ'

എന്റെ കണ്ണുകള്‍ ഒഴുകാന്‍ തുടങ്ങി. ഞാന്‍ മനസ്സില്‍ പറഞ്ഞു, 'മേരി എന്നെ വിട്ടു പോകരുത്,  മേരി മാത്രമാണെനിക്കിപ്പോള്‍ ആശ്വാസം'. അവര്‍ എന്റെ കണ്ണുകള്‍ കോട്ടണ്‍ കൊണ്ടു ഒപ്പിയെടുത്തു. ഞാന്‍ ആഗ്രഹിച്ചതു പോലെ വെള്ളത്തില്‍ മുക്കിയ കോട്ടണ്‍ എന്റെ ചുണ്ടുകളില്‍ വെച്ചു. ഒരു തുള്ളി എന്റെ വായിലേയ്ക്ക് ഒഴിച്ചു. ആ ഒരൊറ്റ തുള്ളിയില്‍ ഒരായുസ്സിന്റെ ആനന്ദം ഞാന്‍ അനുഭവിച്ചു!

അവര്‍ എന്റെ പിറകുവശത്ത് സൂചിവെച്ചു. എന്റെ അടുത്തിരുന്നു വലതു കയ്യില്‍ പിടിച്ചു ഒച്ചയില്ലാതെ പ്രാര്‍ത്ഥിച്ചു. എന്റെ ചെവിയില്‍ പറഞ്ഞു, ' എന്റെ കുഞ്ഞ് നാളെ ഉണരണേ എന്നാണ് കര്‍ത്താവിനോട്  പറഞ്ഞത്. കുഞ്ഞേ നീ മനസ്സുകൊണ്ട് ദൈവത്തോട് പറയൂ.. എന്താണ് എന്റെ കുഞ്ഞിന് നന്മയെങ്കില്‍ അതു നടക്കാന്‍. നീ ഇങ്ങനെ വേദന സഹിക്കുന്നത് മേരിക്ക് സഹിക്കാന്‍ പറ്റുന്നില്ല. നിന്റെ കാര്യത്തില്‍ ഡോക്ടേഴ്‌സിനു പ്രതീക്ഷ കുറയുന്നുണ്ട്'. 

അതു പറയുമ്പോള്‍ നിശ്ചയമായും വരാനിരിക്കുന്ന ഏതോ ഒരു അനിവാര്യതയുമായി താദാത്മ്യപ്പെടാന്‍ അവരും ശ്രമിക്കുന്നതായി എനിക്ക് തോന്നി. അവരെന്റെ നെറ്റിയില്‍ തടവി. ആ കണ്ണുകളില്‍ നിന്നും ഒരു തുള്ളി അടര്‍ന്നുവീണ് എന്റെ നെറ്റിയില്‍ പതിച്ചു. 'കുഞ്ഞേ മനസ്സില്‍ ധൈര്യം വേണം. കര്‍ത്താവ് കാരുണ്യമുള്ളവനാണ്. നിനക്ക് നല്ലതേ വരൂ..'.

മരണം എന്നില്‍ ഒരു സ്വാന്തനമായി രൂപം പ്രാപിക്കുകയായിരുന്നു. വല്ലാത്തൊരു ശാന്തി എന്റെ ഉള്ളിലേക്ക് നിറയുന്നു. ഭാരം കുറഞ്ഞ ഒരു നിദ്രയിലേയ്ക്ക് ഞാന്‍ ഊളിയിട്ടു. പിന്നീടുള്ള ദിവസങ്ങളില്‍ ആവര്‍ത്തനങ്ങള്‍ തന്നെ. ഡോക്ടമാര്‍ പ്രതീക്ഷ പൂര്‍ണ്ണമായും കൈവിട്ടതു പോലെ. എനിക്കെന്തോ അതൊന്നും മനസ്സിനെ ബാധിക്കുന്നുണ്ടായിരുന്നില്ല. എല്ലാ ദിവസവും ഞാന്‍ മേരിയെ കാത്തു നിന്നു. വേദനകളോട് ഞാന്‍ സമരസപ്പെട്ട് കഴിഞ്ഞിരിക്കുന്നു.

അഞ്ചാമത്തെ ദിവസം രാത്രി മുറിയില്‍  കൂടുതല്‍ ആളുകളുണ്ടായിരുന്നു. എന്റെ ഏതോ ബന്ധു റൂമിലുണ്ടെന്നു ഞാന്‍ മനസ്സിലാക്കി. ഡോക്ടര്‍ അയാളോടാണ് സംസാരിക്കുന്നത് എന്ന് എനിക്ക് മനസ്സിലായി. 'ആവുന്നതില്‍ പരമാവധി ഞങ്ങള്‍ ചെയ്തു കഴിഞ്ഞു. പക്ഷേ ഖാലിദിന്റെ കാര്യത്തില്‍ പ്രതീക്ഷക്കു വക കാണുന്നില്ല'.

ഞാന്‍ മരിച്ചുകൊണ്ടിരിക്കുന്നതായി എനിക്ക് ബോധ്യമായി. മേരിയുടെ പ്രാര്‍ത്ഥന എങ്ങിനെ ഫലിക്കാതെ വരാനാണെന്നു ഞാന്‍ അത്ഭുതപ്പെട്ടു. എങ്കിലും എന്റെ ജീവന്‍ അതിവേഗം വാര്‍ന്നു പോയ്‌ക്കൊണ്ടിരുന്നു. ചുറ്റിലും നടക്കുന്ന ഓരോ അനക്കങ്ങളും എല്ലാം കഴിഞ്ഞു എന്ന തോന്നല്‍ നല്കിക്കൊണ്ടേയിരുന്നു.

ഡോക്ടര്‍ ബന്ധുവിനോട് ഇതു കൂടെ പറഞ്ഞു, 'ബോഡി കൊണ്ടുപോകാനുള്ള ഏര്‍പ്പാടുകളൊക്കെ ആയിക്കൊള്ളൂ. അറിയിക്കേണ്ടവരെയൊക്കെ അറിയിക്കാം'. പിന്നെ മേരിയോട് ഒരു നിര്‍ദ്ദേശവും കൊടുക്കുന്നു, 'സിസ്റ്റര്‍ മേരി കണ്ടിന്യൂ ചെയ്യുന്നതില്‍ കാര്യമില്ല. വെന്റിലേറ്റര്‍ ഊരാം'.

എല്ലാരും റൂം വിട്ടു. ഞാനും മേരിയും മാത്രം. റൂമിലെ ശബ്ദങ്ങളൊക്കെ മാഞ്ഞു. മേരി എന്റെ അടുത്തേക്ക് വരുന്നു. എന്റെ നാസികയിലൂടെ ഒരു അഭൗമമായ സുഗന്ധം പ്രവേശിച്ചിരുന്നു. ഞാന്‍ മരുഭൂമിയില്‍ നിന്നും അനുഭവിച്ച അതേ അത്തറിന്റെ സുഗന്ധം! മേരി എന്റെ  നെറ്റിയില്‍ കൈകള്‍ വെച്ചപ്പോള്‍ അന്നനുഭവിച്ച അതേ സ്പര്‍ശം !

മേരി ശക്തി സംഭരിച്ചു സ്വാന്തനപൂര്‍വ്വം ഇത്രയും പറഞ്ഞു:  'കുഞ്ഞേ, കര്‍ത്താവ് നിന്നെ വിളിക്കുന്നു. നീ നിത്യശാന്തിയിലേക്കുള്ള യാത്രയ്ക്ക് തയ്യാറാവുക..'.

എന്റെ ശരീരം പഞ്ഞിക്കെട്ടുപോലെ ഭാരമില്ലാത്തതായി. ശക്തമായ ഒരു വെളിച്ചത്തിലേയ്ക്ക് ഞാന്‍ പറന്നുപോകുന്നു. ചുറ്റും പ്രകാശത്താല്‍ വലയം ചെയ്ത ഒരു തുരങ്കത്തിലൂടെ ഞാന്‍ അതിവേഗം പറന്നുപോകുന്നു. തുരങ്കം അവസാനിക്കുന്ന ഇടത്തു മനോഹരമായ ഒരു സ്ഥലം. ചുററും കാറ്റാടി മരങ്ങള്‍. എവിടെ നിന്നോ വരുന്ന ഒരു കുഞ്ഞു കാറ്റ് എന്നെ തഴുകി തലോടി കടന്നുപോകുന്നു. 

ആനന്ദാധിരേകത്താല്‍ പരവശനായി ഞാന്‍ ആരുടെയോ വരവിനെ പ്രതീക്ഷിച്ചുകൊണ്ട് ഒരു തണല്‍മരച്ചോട്ടില്‍ ദൂരേയ്ക്കു കണ്ണും നട്ടു നില്‍ക്കുന്നു. 

അങ്ങു ദൂരെ ഒരു രൂപം എന്റെ ഭാഗത്തേയ്ക്ക് പ്രത്യക്ഷപ്പെടുന്നു. അദ്ദേഹം ശുഭ്രവസ്ത്രം ധരിച്ച ഒരാളാണെന്ന് എനിക്ക് മനസ്സിലായി. ഒരു ഉന്തുവണ്ടി വലിച്ചുകൊണ്ടായിരുന്നു അയാളുടെ വരവ്. സമയം വൈകുന്നതു കാരണം ഞാന്‍ അസ്വസ്ഥനാവുന്നുണ്ട്. അദ്ദേഹം എന്റെ അടുത്തെത്താറായി. നിറയെ പൂക്കള്‍ കൊണ്ടു അലങ്കരിച്ച വണ്ടിയും വലിച്ചാണ് അയാള്‍ വന്നുകൊണ്ടിരിക്കുന്നത് എന്നു ഞാന്‍ തിരിച്ചറിഞ്ഞു.

മരുഭൂമിയില്‍ അനുഭവിച്ച, മേരിയില്‍ അവസാന നിമിഷം ഞാനറിഞ്ഞ അതേ സുഗന്ധം അവിടെയും നിറഞ്ഞു! എന്റെ തൊട്ടടുത്തെത്തിയ അയാളെ ഒരു ഞെട്ടലോടെ ഞാന്‍ കണ്ടു, മരുഭൂമിയില്‍ ഞാന്‍ അന്നു അവ്യക്തമായി കണ്ട അതേ മനുഷ്യന്‍!

പ്രസന്ന ഭാവമുള്ള അയാളുടെ കണ്ണുകള്‍ സൂര്യനെപ്പോലെ തിളങ്ങുന്നു. എന്നെ നോക്കി അയാള്‍ പുഞ്ചിരിച്ചു. ആ ചിരിയില്‍ ഞാന്‍ പ്രണയമറിഞ്ഞു. വണ്ടിയില്‍ കയറാന്‍ സഹായിച്ചു കൊണ്ടു അയാള്‍ കൈകള്‍ നീട്ടി. അദ്ദേഹത്തിന്റെ നനുത്ത കൈകളില്‍ പിടിച്ചു ഞാന്‍ വണ്ടിയില്‍ കയറി. എന്നെയും കൊണ്ട് വണ്ടിയും വലിച്ചു അയാള്‍ പൊയ്‌ക്കൊണ്ടിരുന്നു. 

ലക്ഷ്യത്തിലെത്താന്‍ എന്റെ മനസ്സ് ധൃതിപ്പെട്ടു. 'എത്താറായില്ലേ', ഞാന്‍ അസ്വസ്ഥതയോടെ ചോദിച്ചു. അയാള്‍ തിരിഞ്ഞു നോക്കി പുഞ്ചിരിയോടെ മന്ദഹസിച്ചു. ഇളം കാറ്റിന്റെ തലോടലില്‍ അയാളുടെ മുടി പാറിക്കളിച്ചു.

ഒരു ചെങ്കുത്തായ വഴി ഞങ്ങളുടെ മുന്‍പില്‍ പ്രത്യക്ഷ പെട്ടു. അങ്ങു ദൂരെ ഞനൊരു ഉദ്യാനം കണ്ടു. പ്രകാശത്താല്‍ വലയം ചെയ്ത ആ ഉദ്യാനത്തില്‍ കുഞ്ഞുങ്ങള്‍ കളിക്കുന്നുണ്ടായിരുന്നു. എനിക്ക് ധൃതി കൂടി. പെട്ടെന്ന് അവിടെയെത്താനുള്ള ആവേശം എന്റെ ക്ഷമയെ ഇല്ലാതാക്കുന്നുണ്ടായിരുന്നു. 

അവിടേക്കുള്ള വഴി തുടങ്ങുന്നിടത്തു വണ്ടി നിറുത്തി. ആജ്ഞാപിക്കുന്ന സ്വരത്തില്‍ അദ്ദേഹം പറഞ്ഞു , എനിക്കങ്ങോട്ടേക്ക് പ്രവേശനമില്ല, താങ്കള്‍ തനിയെ പോവുക'. 

ഞാന്‍ വണ്ടിയില്‍ നിന്നിറങ്ങി ധൃതിപ്പെട്ട് നടക്കാന്‍ തുടങ്ങി. ഉദ്യാനം കോട മഞ്ഞിനാല്‍ മൂടപ്പെട്ടിരിക്കുന്നു! ഒന്നും കാണാന്‍ സാധിക്കുന്നില്ല. തിരിഞ്ഞുനിന്നു വണ്ടിക്കാരനെ നോക്കി. അവിടെ വണ്ടിയോ വണ്ടിക്കാരനോ ഇല്ലായിരുന്നു. ഞാന്‍ വീണ്ടും ഒരു തുരങ്കത്തിലൂടെ താഴേയ്ക്ക് വഴുതി വീഴുകയാണ്.

റൂമിലെ ഒച്ചയിലുള്ള ബീപ്പ് ശബ്ദം കേട്ടാണ് എനിക്കു പരിസര ബോധം വന്നത്. മേരി ഉറക്കെ വിളിച്ചു പറയുന്നു, 'ഡോക്ടര്‍ ഉടനെ വരൂ'. എന്റെ പരിസരം ആരൊക്കെയോ കൊണ്ടു നിറഞ്ഞിരുന്നു. ചുറ്റും സന്തോഷത്തിന്റെ സംസാരങ്ങള്‍. അവര്‍ പറഞ്ഞുകൊണ്ടിരുന്നു, മിറക്കിള്‍! മിറക്കിള്‍...

മേരി എന്റെ കയ്യില്‍ മുറുകെ  പിടിച്ചിരിക്കുന്നു. കണ്ണുനീര്‍ തുള്ളികള്‍ എന്റെ കയ്യിലേക്ക് ഉറ്റിവീഴുന്നു. ഒരു ഡോക്ടര്‍ എന്റെ കൈ പിടിച്ചു ചെവിയില്‍ പറഞ്ഞു, ഖാലിദ് അസാധാരണമായ എന്തോ മിറക്കിള്‍ സംഭവിച്ചിരിക്കുന്നു, താങ്കള്‍ ജീവിതത്തിലേക്ക് തിരിച്ചു വന്നിരിക്കുന്നു, നാളെ സര്‍ജറി നടക്കും'. എന്നെ മോഹിപ്പിച്ചുകൊണ്ട് കടന്നുകളഞ്ഞ മരണത്തെ ഓര്‍ത്തു നിരാശയോടെ ഞാന്‍ നിശ്ശബ്ദം കരഞ്ഞു.

Content Highlights: Khalid Backer, Memory, Facebook, NRI