കവിയും ചിന്തകനും രാഷ്ട്രീയ-സാംസ്കാരിക പ്രവർത്തകനും പ്രഭാഷകനും മുംബൈ മലയാളികളുടെയും ലോകമെമ്പാടുമുള്ള മലയാളികളുടെയും ബൗദ്ധിക പ്രതിനിധികളിലൊരാളുമായിരുന്ന ഇ.ഐ.എസ്. തിലകന്റെ വിയോഗം കെ.ജി.എസ്സിന്റെ വാക്കുകളിലൂടെ.

മുംബൈയിലെ മലയാളിപ്രബുദ്ധതയുടെ ചരിത്രത്തിൽ സുപ്രധാനമാണ് ഇ.ഐ.എസ്. തിലകന്റെ സ്ഥാനം. കവി, ചിന്തകൻ, എഡിറ്റർ സംഘാടകൻ, ഇടത്‌പക്ഷ രാഷ്ട്രീയ/ സാംസ്കാരിക/വിമർശകൻ, പ്രവർത്തകൻ, പ്രഭാഷകൻ, തുടങ്ങി ഒട്ടേറെയായിരുന്നു മുംബൈ മലയാളിയുടെ സ്വത്വാവബോധത്തിലും സാംസ്കാരിക പൊതുമണ്ഡലത്തിലും തിലകൻ സ്വയംഏറ്റെടുത്ത സ്വാധീന ദൗത്യങ്ങൾ. ഏറ്റവും പുതിയ അറിവുകളുടെ വാഹകനായും നിഷ്ക്രിയതയ്ക്കും സിനിസിസത്തിനുമെതിരെ തിരുത്തൽശക്തിയായും പ്രതിഷേധത്തിന്റെയും പ്രതിരോധത്തിന്റെയും പ്രത്യാശയുടെയും ഊർജ്ജസ്വലനായ സ്രഷ്ടാവായും തിലകൻ പ്രവർത്തിച്ചു. സ്വജനങ്ങളെ പഴമ വിഴുങ്ങി പാഴാക്കുന്നതിൽ നിന്ന് ആവുന്നത്ര പുതുമയിലേക്ക് വിമോചിപ്പിച്ചു. സ്വന്തം ഇടത്തിൽ എന്നും പുതുമയുടെ പ്രചോദകനും പ്രതിനിധിയുമായിരുന്നു തിലകൻ.

നവലോകങ്ങളിലെ ഏറ്റവും പുതിയ ജ്ഞാനോർജ്ജങ്ങളുമായി തന്നെ അന്വയിക്കാൻ തിലകൻ എപ്പോഴും ശ്രദ്ധാലുവായിരുന്നു.സഹജീവിതങ്ങളെ ആ വഴിക്ക് ഉത്തേജിപ്പിക്കാനും നവീകരിക്കാനും ഒരിക്കലും തിലകൻ മറന്നില്ല, ഏത് മണ്ഡലത്തിൽ പ്രവർത്തിക്കുമ്പോഴും. സമാജത്തിലോ ഡെക്കോറയിലോ വിശാലകേരളത്തിലോ സംഘഗാനത്തിലോ നഗരകവിതയിലോ പ്രവാസിചർച്ചയിലോ. സ്വകാര്യമായെങ്കിലും സ്വന്തംസത്തയിൽ കമ്യൂണിസ്റ്റ് സ്വപ്നം ഒരു സംഘഗാനമായി ആലപിക്കുന്നതായിരുന്നു തിലകന് ജീവിതം.

വിശുദ്ധിയായിരുന്നു ഇ.ഐ.എസ്.  തിലകന്റെ സ്വത്വശക്തി. പ്രതിരോധം, പ്രത്യാശ, സ്നേഹം,നന്മ, എന്നിവയ്ക്ക് ഊർജ്ജം. ആഴത്തിൽ വിശുദ്ധിയിലേക്ക് അന്വയിക്കപ്പെട്ടാണ് തിലകന്റെ അറിവും വൈഭവങ്ങളും എന്നും ഉണർന്ന് പ്രവർത്തിച്ചത്. കവിത, ഏറ്റവും പുതിയ സൈദ്ധാന്തിക ജ്ഞാനം, നീതിദർശനം, ഉൾക്കാഴ്ച, ധീരത, സ്നേഹം, രാഷ്ട്രീയം, തുടങ്ങിയവയെല്ലാം തിലകനിൽ നാം അനുഭവിച്ചത് അവയുടെ വിശുദ്ധീകരിക്കപ്പെട്ട ആവൃത്തികളിലാണ്.

നവ ലോകങ്ങളിലെ ഏറ്റവും പുതിയ ജ്ഞാനോർജ്ജങ്ങളുമായി തന്നെ അന്വയിക്കാൻ തിലകൻ എപ്പോഴും ശ്രദ്ധാലുവായിരുന്നു. സഹജീവിതങ്ങളെ ആ വഴിക്ക് ഉത്തേജിപ്പിക്കാനും നവീകരിക്കാനും ഒരിക്കലും തിലകൻ മറന്നില്ല. അത് എം.എൽ. രാഷ്ട്രീയമുൾപ്പടെ ഏത് മണ്ഡലത്തിൽ പ്രവർത്തിക്കുമ്പോഴും.സമാജത്തിലോ ഡെക്കോറയിലോ വിശാലകേരളത്തിലോ സംഘഗാനത്തിലോ നഗരകവിതയിലോ. സ്വകാര്യമായെങ്കിലും സ്വന്തംസത്തയിൽ കമ്യൂണിസ്റ്റ് സ്വപ്നം ഒരു സംഘഗാനമായി ആലപിക്കുന്നതായിരുന്നു തിലകന് സർഗ്ഗത്മകവും ധൈഷണികവുമായ ജീവിതം.

ഏറ്റവും പുതിയ ലോകത്തിനൊപ്പം തിലകൻ എന്നും സ്വയം നവീകരിച്ചിരുന്നു. അതിനായി ഉണർന്നിരുന്നു. അതിനായി ആഴം കൊണ്ടിരുന്നു. അതിനായി ഭാവിയിലേക്ക് നോക്കിയിരുന്നു. തന്നോടൊപ്പം തന്റെ സുഹൃത്തുക്കളെയും പുതുക്കാനും ആഴംകൂട്ടാനും അതുവഴി താനുൾപ്പെടുന്ന സാംസ്കാരിക പൊതുമണ്ഡലം നൈതിക ജാഗ്രതയുള്ളതാക്കാനും. ഈ അർത്ഥത്തിലൊക്കെ തിലകൻ എക്കാലവും ഉറ്റവരുടെ ധൈഷണിക കാവലാളായിരുന്നു. ഭാവുകത്വനവീനതയുടെ പോഷകനായിരുന്നു. അറിവെല്ലാം, അനുഭൂതിയെല്ലാം, ദർശനമെല്ലാം തിലകൻ നിരന്തരം, പ്രതിരോധവ്യഗ്രതയോടെ, സ്വന്തം ആത്മശുദ്ധിയിലേക്ക് അന്വയിച്ചു. ഒന്നും തന്റെ സ്വാർത്ഥ വിജയത്തിനോ ലാഭത്തിനോ കീർത്തിക്കോ പത്രാസിനോ തിലകൻ പ്രയോജനപ്പെടുത്തിയതേയില്ല. സ്വന്തം ഇമേജ് പെരുപ്പിക്കൽ രഹസ്യ അജണ്ടയായുള്ള മധ്യവർഗ്ഗബുദ്ധിജീവികളിൽ തിലകനെ കാണില്ല. പുരോഗമന സാംസ്കാരിക പ്രവർത്തനത്തിൽ അർപ്പിതാത്മാവായി പല സംഘടനകളിലും മാധ്യമങ്ങളിലും തിലകൻ ദീർഘകാലം പ്രവർത്തിച്ചു. മറ്റൊരു ലോകം സാധ്യമാണെന്ന ദൃഢബോധ്യത്തോടെ. ഒന്നിച്ചേ മുന്നേറാനാവൂ, ഒന്നിച്ചാലേ മുന്നേറാനാവൂ, എന്ന ചരിത്രപാഠം അത്രയ്ക്ക് തിട്ടമുണ്ടായിരുന്നു, തിലകന്. ചിന്താപരമായി, ഭാവുകത്വപരമായി, രാഷ്ട്രീയമായി, എപ്പോഴും ഒരു ചുവട് മുന്നിലായിരുന്നു തിലകന്റെ മനസ്സിന്റെ ഗതിവേഗം. അതദ്ദേഹത്തിലെ നേതൃപ്രതിഭയുടെ ജൈവശക്തി കൊണ്ടാണ്. കൂട്ടരെ കൂടെക്കൂട്ടാൻ തന്നോട് തന്നെ കമ്മിറ്റഡ് ആയത് കൊണ്ടാണ്. ജ്ഞാനമണ്ഡലത്തിൽ പഴമയിൽനിന്നുള്ള വ്യാമോഹമുക്തിയുണ്ടാക്കാതെ ആരിലും വിമോചനോന്മുഖമായ പുതിയ മൂല്യബോധമുണ്ടാക്കാനാവില്ല. ഭാവുകത്വം വളർത്താനാവില്ല. അതില്ലാതെ ആർക്കും പുതിയ കൃതികളുന്നയിക്കുന്ന സംസ്കാരവിമർശനം അനുഭവിക്കാനാവില്ല. നന്നായറിഞ്ഞിരുന്നു തിലകൻ ഈ വെളിവുകൾ.

ഡോ. പി. ഹരികുമാർ, ശാസ്ത്രജ്ഞൻ കെ വി ജെ ആശാരി, ആദിത്യൻ, ലക്ഷ്മി, ഉഴവൂർശശി, രമണി, എന്നിവരോടൊപ്പം ഇ ഐ
ഡോ. പി. ഹരികുമാർ, ശാസ്ത്രജ്ഞൻ കെ.വി.ജെ. ആശാരി, ആദിത്യൻ, ലക്ഷ്മി,  ഉഴവൂർശശി, രമണി, എന്നിവരോടൊപ്പം ഇ.ഐ.എസ്. തിലകൻ.

ഇത്രയധികം എല്ലാർക്കും ഇടമുള്ള മറ്റൊരു വീട് വിരളം. സ്വന്തം വീടിന്റെ മനസ്സ് അത്രമേൽ സാമൂഹ്യവൽക്കരിക്കപ്പെട്ടതായിരിക്കാൻ തിലകൻ ശ്രദ്ധിച്ചു. കൂട്ടുകാരി വിജയവും മക്കൾ ദീപ്ത, സ്നിഗ്ദ്ധ, സീമ, സർഗ്ഗ, എന്നിവരും മരുമക്കൾ വിജയൻ, രാജേഷ്, മല്ലിക്ക്, ശ്രീറാം, എന്നിവരും ചേർന്നപ്പോൾ അതൊരു കുടുംബത്തിലെ ലോകസംഗീതമായി. സ്വാർഥത്തിലും സങ്കുചിതത്വത്തിലും സ്വന്തം മാത്രം വിജയത്തിലും കീർത്തിപ്പെടലിലും തന്നോട് ബന്ധപ്പെട്ടതൊന്നും ഒടുങ്ങിപ്പോകാതെ തിലകൻ എന്നും കാത്തു. അടഞ്ഞ വാതിലുകൾ തിലകനില്ലായിരുന്നു. എഴുത്തിലും ജീവിതത്തിലും.

ഘാട്കോപ്പറിലെ തിലകന്റെ വീട്ടിൽ ആ ലോകസംഗീതം എന്നും ഞാനും ലക്ഷ്മിയും ആദിത്യനും ആസ്വദിച്ചിരുന്നു. മടുപ്പിന്റെ ഒരു നിമിഷം പോലുമില്ലാതെ. സംഗീതം പ്രിയരെ തിരിച്ച് വിളിക്കും. തിലകന്റെ വീട് ഞങ്ങളെ നിരന്തരം വിളിക്കുന്നുണ്ടായിരുന്നു.

മുംബൈയിൽ എനിക്കിപ്പോൾ ഒരു ആത്മമിത്രമല്ല. ധാരാളം ആത്മമിത്രങ്ങൾ. ലോകം മൈത്രിയുടെ ഇടമായി സ്വപ്നം കണ്ടിരുന്ന തിലകൻ എനിക്ക് തന്ന നിത്യസമ്മാനങ്ങൾ, ആ മൈത്രികൾ. തിലകൻ എന്ന അത്യന്തവിശുദ്ധമായ സ്നേഹം അനുഭവിക്കാൻ കഴിഞ്ഞതോർത്ത് ആ മിത്രങ്ങളോടൊപ്പം ഞങ്ങളും അൽപ്പനേരം നിശ്ശബ്ദരായിരിക്കട്ടെ.

Content Highlights :KGS pays Homage to poet political observer and orator EIS Thilakan