മ്മള്‍ ചിലരെക്കുറിച്ച് പറയാറില്ലേ, ഫിനിക്‌സ് പക്ഷിയെപ്പോലെ ഉയര്‍ന്നുവരുന്നയാള്‍ എന്നൊക്കെ. അത്തരം പ്രയോഗത്തിന് ഏറ്റവും അനുയോജ്യനാണ് ഗോപിയാശാന്‍. പ്രശസ്തിയുടെ പാരമ്യത്തില്‍ എത്തിനില്‍ക്കുമ്പോഴും സ്വയം വരുത്തിവെച്ച ചില വിഷമങ്ങളില്‍നിന്ന് ഉയിര്‍ത്തെഴുന്നേറ്റുവന്ന കലാകാരനാണ് അദ്ദേഹം. 

അദ്ദേഹത്തിന്റെ പതനത്തിന് അസൂയാലുക്കളായ മറ്റു കഥകളിനടന്‍മാരുടെയോ കഥകളിപ്രേമികള്‍ എന്ന് നടിക്കുന്നവരില്‍ ചിലരുടെയോ ശ്രമങ്ങളുണ്ടായിരുന്നു. ഇപ്പോള്‍ അദ്ദേഹം തന്നെ ബാധിച്ച വിഷമതകളില്‍നിന്നെല്ലാം മോചിതനായിരിക്കുന്നു.

ഗോപിയാശാന്‍ എല്ലാ വേഷങ്ങളും കെട്ടിയാടി. എങ്കിലും അദ്ദേഹത്തിന്റെ ആരാധകര്‍ക്ക് ഏറെ പ്രിയം അദ്ദേഹത്തിന്റെ പച്ചവേഷങ്ങളാണ്. രണ്ടുകൊല്ലംമുമ്പ് പോത്താങ്കണ്ടം കൃഷ്ണാനന്ദ ഭാരതി സ്വാമി ആശ്രമത്തില്‍വെച്ച് എന്റെ 90-ാം ജന്മദിനം കൊണ്ടാടിയിരുന്നു. അന്നുനടന്ന വിവിധ പരിപാടികളുടെ ഒടുവിലത്തെ ഇനം കലാമണ്ഡലം ഗോപിയാശാന്റെ കഥകളിയായിരുന്നു. അന്നാണ് ഒടുവില്‍ അദ്ദേഹത്തെ കണ്ടത്. ഗംഗാതീരത്തുവെച്ച് അമ്മയായ കുന്തിയും കര്‍ണനും തമ്മിലുള്ള സമാഗമമായിരുന്നു ഇതിവൃത്തം. ഒരിക്കലും മറക്കാന്‍ കഴിയാത്ത അനുഭവമായിരുന്നു എനിക്കത്.

Content Highlights: kalamandalam gopi T Padmanabhan