കെ.ആര്‍. ഗൗരിയമ്മയെക്കുറിച്ചുള്ള കെ. വേണുവിന്റെ ഓര്‍മകള്‍ തുടരുന്നു. ഗൗരിയമ്മ നിയമസഭയില്‍ അവതരിപ്പിച്ച ബില്ലും കൊടുങ്ങല്ലൂരിലെ തന്റെ സ്ഥാനാര്‍ഥിത്വവും തോല്‍വിയുമെല്ലാം തുറന്നെഴുതുന്നു

ഉമ്മന്‍ ചാണ്ടിയുടെ നിര്‍ദേശത്തോടുള്ള എന്റെ പ്രതികരണവും ഉടന്‍തന്നെ ഉണ്ടായി. ക്രീമിലെയര്‍ പ്രശ്‌നം സജീവമായി നില്‍ക്കുന്ന കാലമായിരുന്നു അത്. പിന്നാക്കവിഭാഗങ്ങളിലെ മേല്‍ത്തട്ടിനെ (ക്രീമിലെയര്‍) ഒഴിവാക്കിക്കൊണ്ടേ സാമൂഹികസംവരണം നടത്താവൂ എന്ന സുപ്രീംകോടതി വിധിയായിരുന്നു വിവാദ വിഷയം. ഈ വിധിയെ മറികടക്കാനായി ഗൗരിയമ്മ അസംബ്ലിയില്‍ ഒരു ബില്‍ അവതരിപ്പിച്ചിരുന്നു. കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമെല്ലാം സാമൂഹിക സംവരണം അനുവദിക്കുന്നത് നേരത്തേ ഇവിടെ നിലവിലുള്ള നിയമപ്രകാരം ആയിരിക്കണം എന്നായിരുന്നു ആ ബില്ലിന്റെ ഉള്ളടക്കം. ഗൗരിയമ്മ ഒറ്റ എം.എല്‍.എ. ആയിരുന്നത് കൊണ്ടായിരിക്കാം ആ ബില്‍ പരിഗണനയ്‌ക്കെടുത്തില്ല. യു.ഡി.എഫ്. മുന്‍ൈകയെടുത്ത് പ്രസ്തുത ബില്‍ അസംബ്ലിയില്‍ പാസാക്കിയെടുക്കുകയാണെങ്കില്‍ ഉമ്മന്‍ ചാണ്ടിയുടെ നിര്‍ദേശം പരിഗണിക്കാമെന്ന് മറുപടി നല്‍കുന്നതായിരിക്കും നല്ലതെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ ഗൗരിയമ്മയ്ക്ക് അത് ഏറെ ഇഷ്ടപ്പെട്ടതായി തോന്നി. ഉടനെത്തന്നെ അവര്‍ അത് ഉമ്മന്‍ ചാണ്ടിയെ അറിയിക്കുകയും ചെയ്തു. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ യു.ഡി.എഫിന് വേണ്ടി കെ.എം. മാണിയാണ് മാറ്റങ്ങളെന്നും വരുത്താതെ ആ ബില്‍ അസംബ്ലിയില്‍ അവതരിപ്പിച്ചത്. യു.ഡി.എഫിനോടൊപ്പം എല്‍.ഡി.എഫിലെ സി.പി.എം. ഒഴിച്ചുള്ള പാര്‍ട്ടികളെല്ലാം ബില്ലിനെ പിന്തുണയ്ക്കുകയും ചെയ്തു. ജെ.എസ്.എസിനെ സംബന്ധിച്ചിടത്തോളം ഇത് വലിയൊരു രാഷ്ട്രീയനേട്ടം തന്നെ ആയിരുന്നു.

സംസ്ഥാനസമ്മേളനത്തിനുശേഷം അജിത ഗൗരിയമ്മയോടൊപ്പം ചില പരിപാടികളില്‍ പങ്കെടുത്തിരുന്നുവെങ്കിലും പിന്നീട് പിന്‍വാങ്ങുകയായിരുന്നു; പ്രത്യേകിച്ച് രാഷ്ടീയ കാരണമൊന്നും പറയാതെ. യു.ഡി.എഫ്. ബന്ധം ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയപ്പോള്‍ അതിന്റെ പേരില്‍ത്തന്നെ സെക്രട്ടറിമാരില്‍ ഒരാളായിരുന്ന പുരുഷോത്തമന്‍ പാര്‍ട്ടി വിട്ടുപോയി. തിരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍ പങ്കെടുക്കുകയില്ലെന്ന് ആരംഭത്തില്‍ തീരുമാനിച്ചിരുന്ന എന്റെ ചിന്തകള്‍ മറ്റൊരു ദിശയിലാണ് തിരിഞ്ഞത്. ജെ.എസ്.എസുമായി ബന്ധപ്പെട്ടോ അല്ലാതെയോ ഉള്ള റിപ്പോര്‍ട്ടുകളില്‍ എന്നെ പരാമര്‍ശിക്കുമ്പോള്‍ മുന്‍ നക്‌സലൈറ്റ് എന്ന് വിശേഷിപ്പിക്കുന്നത് പത്രങ്ങള്‍ സ്ഥിരം ശൈലിയാക്കിയിരുന്നു. ആ മുദ്ര ഒഴിവാക്കി കിട്ടാനായി സാഹചര്യങ്ങള്‍ക്കനുസരിച്ച് മുന്‍ തീരുമാനത്തില്‍ മാറ്റം വരുത്തുന്നതിനെക്കുറിച്ചാണ് ചിന്തിക്കാന്‍ തുടങ്ങിയത്.

അക്കാലത്ത് കോണ്‍ഗ്രസില്‍ എ.കെ. ആന്റണിയുടെ അടുത്ത സഹചാരിയായിരുന്ന ചെറിയാന്‍ ഫിലിപ്പുമായി എനിക്ക് സുഹൃദ് ബന്ധമുണ്ടായിരുന്നു. ഒരിക്കല്‍ ഞങ്ങള്‍ തമ്മില്‍ കാണാനിടയായപ്പോള്‍ ജെ.എസ്.എസ്. ബാനറില്‍ മത്സരിച്ചു കൂടെ എന്നും ഏതെങ്കിലും മണ്ഡലത്തില്‍ താത്പര്യമുണ്ടോ എന്നും ചോദിക്കുകയുണ്ടായി. തീരുമാനം എടുത്തിട്ടില്ലെന്നും അഥവാ മത്സരിക്കുകയാണെങ്കില്‍ ജന്മനാടായ കൊടുങ്ങല്ലൂരില്‍ മാത്രമേ മത്സരിക്കൂ എന്നും ഞാന്‍ പറയുകയുണ്ടായി. ഇടതു കോട്ടയായ കൊടുങ്ങല്ലൂരില്‍ത്തന്നെ വേണോ എന്ന് ചെറിയാന്‍ ചോദിച്ചപ്പോള്‍ ജയിക്കാനല്ല മത്സരിക്കുന്നതെന്നും പറഞ്ഞു.

കൊടുങ്ങല്ലൂരിലെ സ്ഥാനാര്‍ഥി

ആ വര്‍ഷം ('95) അവസാനമായപ്പോഴേക്കും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിച്ചുകഴിഞ്ഞിരുന്നു. ഗൗരിയമ്മ ജെ.എസ്.എസിന് കിട്ടേണ്ട സീറ്റുകളെക്കുറിച്ച് യു.ഡി.എഫ്. നേതാക്കളുമായി ചര്‍ച്ച ആരംഭിച്ചിരുന്നു. ആ സമയത്ത് ജെ.എസ്.എസ്. യു.ഡി.എഫിലെ ഘടകകക്ഷി ആയിരുന്നില്ല. യു.ഡി.എഫിനൊപ്പം നില്‍ക്കുന്ന ഒരു പാര്‍ട്ടി എന്ന ബന്ധമാണു നിലനിര്‍ത്തിയിരുന്നത്. ഗൗരിയമ്മയുടെ അരൂര്‍ മണ്ഡലത്തില്‍ യു.ഡി.എഫ്. പിന്തുണ ഇല്ലാതെത്തന്നെ അവര്‍ക്കു ജയിക്കാന്‍ കഴിയുമെന്നുള്ള ആത്മവിശ്വാസം ഉണ്ടായിരുന്നു. ആ സീറ്റു കൂട്ടാതെ അഞ്ചില്‍ കുറയാത്ത സീറ്റുകള്‍ ലഭിക്കുമെന്നായിരുന്നു ധാരണ. തിരഞ്ഞെടുപ്പു പ്രഖ്യാപനത്തെത്തുടര്‍ന്ന് സീറ്റുവിഭജന തീരുമാനങ്ങള്‍ വന്നപ്പോള്‍ ജെ.എസ്.എസിന് ആകെ അഞ്ചു സീറ്റാണ് യു.ഡി.എഫ്. അനുവദിച്ചത്. മണ്ഡലങ്ങളുടെ പട്ടികയില്‍ കൊടുങ്ങല്ലൂര്‍ ജെ.എസ്.എസിന്റെ കണക്കില്‍ വരുകയും അവിടത്തെ സ്ഥാനാര്‍ഥി ഞാനായിരിക്കും എന്ന തീരുമാനം ഉള്‍പ്പെട്ടതും ഗൗരിയമ്മയെ അസ്വസ്ഥയാക്കുകയുണ്ടായി. രാഷ്ട്രീയ കേന്ദ്രങ്ങളുമായി ബന്ധം സ്ഥാപിക്കാന്‍ താത്പര്യപ്പെടുന്ന ആളല്ല ഞാന്‍ എന്ന് അവര്‍ മനസ്സിലാക്കിയിരുന്നതുകൊണ്ട് എന്നെ സംശയിച്ചിരുന്നില്ലെന്നാണ് തോന്നിയത്. ഗൗരിയമ്മയുമായി നേരിട്ടു സംസാരിക്കാന്‍ അവസരം കിട്ടിയ ആദ്യ സന്ദര്‍ഭത്തില്‍ത്തന്നെ ചെറിയാന്‍ ഫിലിപ്പുമായി ഉണ്ടായ സംസാരത്തെക്കുറിച്ച് ഞാന്‍ പറഞ്ഞു. അവര്‍ക്കത് മുഴുവന്‍ ബോധ്യപ്പെട്ടതായി തോന്നിയില്ല. തൃശ്ശൂരിലെ കോണ്‍ഗ്രസ് നേതൃത്വത്തിനും അവരറിയാതെ ജില്ലയിലെ ഒരു മണ്ഡലത്തില്‍ സ്ഥാനാര്‍ഥിനിര്‍ണയം നടന്നത് ഉള്‍ക്കൊള്ളാന്‍ പ്രയാസമായിരുന്നു. നക്‌സലൈറ്റു രാഷ്ട്രീയത്തില്‍ സജീവമായിരുന്ന് തിരഞ്ഞടുപ്പ് ബഹിഷ്‌കരണം പ്രചരിപ്പിച്ചിരുന്ന ഒരാള്‍ മൂന്നാലു വര്‍ഷത്തിനുള്ളില്‍ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായി പ്രത്യക്ഷപ്പെട്ടാല്‍ ജനങ്ങള്‍ എങ്ങനെയാണ് പ്രതികരിക്കുക എന്ന ആശങ്ക ബന്ധപ്പെട്ടവര്‍ക്കെല്ലാം ഉണ്ടായിരുന്നു. യു.ഡി.എഫിന്റെ കൊടുങ്ങല്ലൂര്‍ മണ്ഡലം കമ്മിറ്റിയുടെ ആദ്യ മീറ്റിങ്ങില്‍ ഞാനിക്കാര്യം വിശദീകരിച്ചു ബോധ്യപ്പെടുത്താന്‍ ശ്രമിക്കുകയുണ്ടായി. അവിടെ പാര്‍ലമെന്റ് സ്ഥാനാര്‍ഥിയായിരുന്ന പി.സി. ചാക്കോയെ ഗൗരിയമ്മ ബന്ധപ്പെട്ട് എനിക്കുവേണ്ട സഹായങ്ങള്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. ആവശ്യമായ പോസ്റ്ററുകളെല്ലാം പ്രിന്റ് ചെയ്യാന്‍ ഏര്‍പ്പാട് ചെയ്തത് ചാക്കോ ആയിരുന്നു. മണ്ഡലം കമ്മിറ്റിയെ ചലിപ്പിക്കുകയും ചെയ്തിരുന്നു.

ദിവസേന ജനങ്ങളെ സമീപിച്ച് വോട്ടു ചോദിക്കുന്ന ജോലിയാണ് സ്ഥാനാര്‍ഥിയെന്ന നിലയ്ക്ക് എനിക്ക് ചെയ്യാനുണ്ടായിരുന്നത് അതിനുള്ള വണ്ടിച്ചെലവുപോലും എടുക്കാനുള്ള സാമ്പത്തികശേഷി എനിക്കുണ്ടായിരുന്നില്ല. പതിവ് പ്രവര്‍ത്തനം ഒരു വിധം നീങ്ങിക്കൊണ്ടിരിക്കുമ്പോള്‍ ഒരു ദിവസം എന്റെ കാറിന് മുന്നില്‍ മറ്റൊരു കാര്‍ കയറ്റിനിര്‍ത്തുന്നതു കണ്ടു. എന്താണ് കാര്യം എന്ന് അന്വേഷിക്കുമ്പോഴേക്കും ആ കാറില്‍നിന്ന് ഗൗരിയമ്മ തല പുറത്തേക്കിട്ട് കൈകൊണ്ട് എന്നെ വിളിക്കുകയായിരുന്നു. ആ വണ്ടിയില്‍ അവരോടൊപ്പം ഇരുത്തി പ്രവര്‍ത്തനത്തെക്കുറിച്ച് ചോദിച്ചറിയുകയും ചില ഉപദേശങ്ങള്‍ തരുകയും അവസാനം ഒരു പൊതിക്കെട്ട് ഒരു സഞ്ചിയിലാക്കി തരുകയും ചെയ്തു, കുറച്ചു പണമാണെന്ന് പറഞ്ഞുകൊണ്ട്. കടബാധ്യതയില്‍പ്പെടാതെ ഞാന്‍ രക്ഷപ്പെട്ടത് ഗൗരിയമ്മയുടെ ആ ഇടപെടല്‍ കൊണ്ടാണ്. തൃശ്ശൂരിലെ പ്രസ് ക്ലബ്ബ് പുതിയ സ്ഥാനാര്‍ഥികള്‍ക്കായി നടത്തുന്ന മീറ്റ് ദ പ്രസ് പരിപാടിയിലേക്ക് ഒരുദിവസം എന്നെ ക്ഷണിക്കുകയുണ്ടായി. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന സവര്‍ണ വിഭാഗങ്ങള്‍ക്ക് പത്തുശതമാനം സംവരണം എന്ന നയതീരുമാനം യു.ഡി.എഫ്. പ്രഖ്യാപിച്ച സന്ദര്‍ഭമായിരുന്നു അത്. ഞാനാകട്ടെ ഈ സാമ്പത്തികസംവരണം സാമൂഹിക സംവരണത്തെ ദുര്‍ബലപ്പെടുത്തുന്നതും അതുകൊണ്ട് എതിര്‍ക്കപ്പെടണ്ടതും ആണെന്ന് എല്ലാ വേദികളിലും പ്രചരിപ്പിച്ചു കൊണ്ടിരുന്ന ആളും. എന്റെ ഈ നിലപാടിനെക്കുറിച്ച് അറിയാവുന്ന പത്രക്കാര്‍ യു.ഡി.എഫ്. നിലപാടുമായുള്ള വൈരുധ്യത്തെക്കുറിച്ച് ചോദിക്കുമെന്നും പാര്‍ട്ടി തീരുമാനം വന്നിട്ടില്ലെന്നോ മറ്റോ പറഞ്ഞ് ഒഴിഞ്ഞു മാറണമെന്നും പലരും ഉപദേശിച്ചിരുന്നു.

നിലപാടില്‍ ഉറച്ചുനിന്നപ്പോള്‍...

പത്രക്കാര്‍ അതുതന്നെ ചോദിക്കുകയും ഞാന്‍ മുന്‍ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നു എന്ന് മറുപടി നല്‍കുകയും ചെയ്തു. എല്ലാ പത്രങ്ങളും അത് റിപ്പോര്‍ട്ടു ചെയ്തു. ഒരു പ്രമുഖ പത്രം 'സാമ്പത്തിക സംവരണത്തെ കെ. വേണു ശക്തമായി എതിര്‍ക്കുന്നു' എന്ന തലക്കെട്ടോടു കൂടിയ ബോക്‌സ് ന്യൂസ് തന്നെ നല്‍കി. ഇടതുപക്ഷക്കാര്‍ ആ ബോക്‌സ് ന്യൂസ് മാത്രം കോപ്പികളെടുത്ത് എല്ലാ സവര്‍ണ വീടുകളിലും എത്തിക്കുകയും ചെയ്തു. സവര്‍ണര്‍ പൊതുവില്‍ യു.ഡി.എഫിന് വോട്ടുചെയ്യുന്നവരാണ് അവരില്‍ ഒരു വിഭാഗത്തെയെങ്കിലും എന്റെ നിലപാടുകള്‍ എതിരായി സ്വാധീനിച്ചിട്ടുണ്ടാകാം. എന്റെ കടുംബക്കാരും അയല്‍ക്കാരുമായവര്‍ സ്വാഭാവികമായും രാഷ്ട്രീയംനോക്കാതെ എനിക്കു വോട്ടുചെയ്യുമായിരുന്നവര്‍ ഈ പ്രസ്താവന നിമിത്തം വോട്ടുചെയ്തില്ലെന്ന് പിന്നീട് പറയുകയുണ്ടായി. സവര്‍ണര്‍ക്ക് എതിരായി ഞാന്‍ അനുകൂലിച്ച പിന്നാക്കക്കാരുടെ വോട്ടും എതിക്ക് കിട്ടിയില്ലെന്നതാണ് യാഥാര്‍ഥ്യം. ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ വോട്ടുബാങ്കാണ് കേരളത്തിലെ പിന്നാക്കക്കാര്‍ പൊതുവില്‍. വ്യക്തിപരമായി എനിക്കു കിട്ടുമായിരുന്ന അധിക വോട്ടിലും കൂടുതല്‍ സവര്‍ണ വോട്ടുകള്‍ എനിക്ക് നഷ്ടപ്പെടുകയാണുണ്ടായത്. മുന്‍ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥിക്ക് ലഭിച്ചതിലും കുറവ് വോട്ടാണ് എനിക്കു ലഭിച്ചത്. ആ തിരഞ്ഞെടുപ്പ് അനുഭവത്തില്‍ ഏറ്റവും പ്രധാനം എന്റെ ധാരണയില്‍വന്ന ഒരു പൊളിച്ചെഴുത്താണ്. എന്നെപ്പോലെ കമ്യൂണിസ്റ്റ് പശ്ചാത്തലം ഉണ്ടായിരുന്നവര്‍ പൊതുവില്‍ കരുതുന്നത് കോണ്‍ഗ്രസ് ഒരു ബൂര്‍ഷ്വാ പാര്‍ട്ടിയാണെന്നാണ്. സമ്പന്നരുടെ പാര്‍ട്ടി എന്നര്‍ഥം. വോട്ടു ചോദിക്കാന്‍ എല്ലാ വീടുകളിലും കയറിയിറങ്ങിയപ്പോള്‍ കണ്ട കാഴ്ച മറ്റൊന്നാണ്. ദരിദ്രവിഭാഗങ്ങള്‍ തിങ്ങിപ്പാര്‍ത്തിരുന്ന എല്ലാ മേഖലകളിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുണ്ടായിരുന്ന ബന്ധങ്ങളും സ്വാധീനവും തികച്ചും ജനകീയമായിരുന്നു. രണ്ടുമുന്നണികളുടെയും സാമൂഹികാടിത്തറ ഏറക്കുറെ സമാസമമാണ്. ചെറിയ വോട്ടു വ്യത്യാസത്തിലാണ് അവര്‍ മാറിമാറി അധികാരത്തില്‍ വരുന്നത്. ഗൗരിയമ്മ മാത്രമാണ് അരൂരില്‍നിന്ന് ജയിച്ച് അസംബ്ലിയിലെത്തുന്നത്. തനതായ സാമൂഹികാടിത്തറ ശക്തിപ്പെടുത്തിയാലേ പാര്‍ട്ടിക്ക് നിലനില്‍ക്കാനാവൂ എന്ന് എല്ലവര്‍ക്കും ബോധ്യമായി. സംഘടനാ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതോടൊപ്പം പ്രവര്‍ത്തകരുടെ രാഷ്ട്രീയ വിദ്യാഭ്യാസത്തിനുള്ള പദ്ധതികളും തീരുമാനിച്ചു. ഞാനുള്‍പ്പെടെ ഏതാനും പേരെ പഠനക്ലാസുകള്‍ നടത്താന്‍ ചുമതലപ്പെടുത്തി. തിരഞ്ഞെടുപ്പിന് മുമ്പുതന്നെ രാഷ്ട്രീയ വിശദീകരണ യോഗങ്ങളില്‍ ഞാന്‍ പങ്കെടുക്കുമ്പോള്‍ വര്‍ഗസമരവും സാമൂഹികനീതിക്കു വേണ്ടിയുള്ള സമരവും ഒരുമിപ്പിച്ച് കൊണ്ടുപോകുന്ന ജെ.എസ്.എസ്. രാഷ്ട്രീയത്തിന്റെ പ്രധാന്യവും പുതുമയുംവിശദീകരിക്കാറുണ്ട്. അത് കേട്ടിട്ടുള്ള പലരും ക്ലാസെടുക്കാന്‍ ഞാന്‍ തന്നെ ചെല്ലണമെന്ന് ആവശ്യപ്പെടാന്‍ തുടങ്ങി. ആലപ്പുഴ, കൊല്ലം ജില്ലകളിലെ മിക്ക പഞ്ചായത്തു കമ്മിറ്റികളും ഈ ആവശ്യം ആവര്‍ത്തിച്ചുകൊണ്ടിരുന്നു. 

ഒരു ദിവസവും ഒഴിവില്ലാത്ത വിധം ഞാന്‍ ക്ലാസെടുക്കേണ്ടി വന്നു. ഗൗരിയമ്മയ്ക്കു ചുറ്റും കൂടിയിരുന്ന ഉപജാപകസംഘം ഇതില്‍ അസ്വസ്ഥരായിരുന്നു. പാര്‍ട്ടിക്കുള്ളില്‍ എന്റെ സ്വാധീനം വര്‍ധിക്കുകയാണെന്നും ഇങ്ങനെ പോയാല്‍ ഞാന്‍ പാര്‍ട്ടി പിടിച്ചെടുക്കു മെന്നും മറ്റും ഗൗരിയമ്മയ്ക്ക് ഓതിക്കൊടുക്കാന്‍ തുടങ്ങി. എന്നെ തടയിടാനെന്ന പേരില്‍ ഞാന്‍ മറ്റു ജില്ലകളില്‍ ക്ലാസെടുക്കാന്‍ പോകുന്നതിന് സംസ്ഥാനകമ്മിറ്റിയുടെ അനുവാദം വാങ്ങണമെന്ന ഒരു പുതിയചട്ടം ഗൗരിയമ്മ പ്രഖ്യാപിച്ചു. പ്രസിഡന്റ് കുമാരപിള്ള, സെക്രട്ടറി പി. രാമകൃഷ്ണന്‍ തുടങ്ങിയ മറ്റു നേതാക്കന്മാരെല്ലാം ഈ ഉപജാപകസംഘത്തിന്റെ നീക്കങ്ങളില്‍ അസ്വസ്ഥരായിരുന്നു. അവര്‍ എനിക്കെതിരായ നീക്കങ്ങളെ എതിര്‍ത്തുവെങ്കിലും പ്രയോജനമുണ്ടായില്ല. ഗൗരിയമ്മയും അവര്‍ക്കുചുറ്റുമുള്ളവരും ഒരു വശത്തും ബാക്കിയുള്ള പ്രധാനനേതാക്കന്മാരെല്ലാം മറുവശത്തും എന്ന രീതിയില്‍ നേതൃത്വം രണ്ടു ചേരിയായി മാറി. ആ അവസ്ഥയില്‍ സംഘടനയ്ക്ക് മുന്നോട്ടു പോകാനാവില്ലെന്ന് വ്യക്തമായിരുന്നു. ഈ സാഹചര്യത്തിലാണ് വൈസ് പ്രസിഡന്റ് ഡോ. രാധാകൃഷ്ണന്റെ മുന്‍ൈകയില്‍ അദ്ദേഹത്തിന്റെ നാടായ കായംകുളത്ത് വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ വെച്ച് പ്രസിഡന്റുമാരും സെക്രട്ടറിമാരും ഉള്‍പ്പെടെ ആറ് പ്രധാന ഭാരവാഹികള്‍ ജെ.എസ്.എസില്‍നിന്ന് രാജിവെച്ചതായി പ്രഖ്യാപിച്ചത്. ഒട്ടേറെ നിയമ നിര്‍മാണങ്ങള്‍ക്ക് സമര്‍ഥമായ നേതൃത്വം നല്‍കുകയും ശക്തയായ ഭരണാധികാരി എന്ന് തെളിയിക്കുകയും ചെയ്ത ഗൗരിയമ്മ കേരളത്തിന്റെ രാഷ്ട്രീയചരിത്രത്തില്‍ തന്റേതായ ഇടംനേടിക്കഴിഞ്ഞിട്ടുണ്ട്. എന്നാല്‍, സംഘടന കെട്ടിപ്പടുക്കുന്നതിലും നേതൃത്വം നല്‍കുന്നതിലും അനുഭവസമ്പത്ത് ഒട്ടുമില്ലാതിരുന്നതുകൊണ്ട് ജെ.എസ്.എസിനെ മുന്നോട്ടു കൊണ്ടുപോകുന്നതില്‍ അവര്‍ പരാജയപ്പെടുകയായിരുന്നു. നേതൃപാടവം ഉണ്ടായിരുന്നുവെങ്കില്‍ കേരളത്തില്‍ മോശമല്ലാത്ത രാഷ്ടീയ സാന്നിധ്യം ഉറപ്പിക്കാര്‍ അവര്‍ക്കു കഴിയുമായിരുന്നു. ഒരു നാമമാത്ര സംഘടനയുമായിട്ടാണ് അവര്‍ കാലം കഴിച്ചത്. ഞങ്ങള്‍ പിരിഞ്ഞതിനുശേഷം വര്‍ഷങ്ങള്‍ കഴിഞ്ഞ് അവരുടെ അടുത്ത അനുയായി ആയ ഒരു ചെറുപ്പക്കാരന്‍ എന്നെ വിളിച്ച് ജെ.എസ്.എസ്. പുനഃസംഘടിപ്പിക്കാന്‍ സഹായിക്കുമോ എന്നു ചോദിക്കുകയുണ്ടായി. ഞാന്‍ ഒഴിഞ്ഞുമാറുകയാണ് ചെയ്തത്. ഗൗരിയമ്മയെപ്പോലുള്ള ഒരു സവിശേഷ വ്യക്തിത്വവുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ എനിക്കിപ്പോള്‍ ചാരിതാര്‍ഥ്യമുണ്ട്.

(അവസാനിച്ചു)

Content Highlights: K Venu remembers KR Gouri amma part two