യശ:ശരീരയായ കെ.ആര്‍. ഗൗരിയമ്മയെക്കുറിച്ചുള്ള വ്യക്തിപരവും വ്യത്യസ്തവുമായ കുറിപ്പിന്റെ ആദ്യഭാഗമാണിത്. ഗൗരിയമ്മയെ വളരെ അടുത്തുനിന്ന്് കാണുകയും അവരുമായിച്ചേര്‍ന്ന് രാഷ്ട്രീയപ്രവര്‍ത്തനം നടത്തുകയും ചെയ്ത ഒരു വ്യക്തിയുടെ ഓര്‍മകളും അനുഭവങ്ങളും ഇതിലുണ്ട്. ഗൗരിയമ്മയുടെ ജീവിതത്തിലെ തിരസ്‌കാരകാലച്ചവര്‍പ്പുകളും രണ്ടാഴ്ചകളിലായി തുടരുന്ന ഈ കുറിപ്പുകളില്‍ രുചിക്കാം...

ണ്ടു ദശകക്കാലത്തെ നക്‌സലൈറ്റ് രാഷ്ട്രീയത്തില്‍നിന്ന് ഞാന്‍ പൂര്‍ണമായും വിടുതല്‍ നേടിയത് 1991-ലായിരുന്നു. തുടര്‍ന്ന് പൊതുവായ ചില സാമൂഹികപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുമ്പോഴാണ് 1993 അവസാനം സി.പി.എം. നേതൃത്വം നിസ്സാര പ്രശ്‌നങ്ങളുടെ പേരില്‍ ഗൗരിയമ്മയെ ആലപ്പുഴ ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയ റിപ്പോര്‍ട്ട് വരുന്നത്. ആ സമയത്താണ് അജിത, ഗൗരിയമ്മയുമായി ഒരു ദീര്‍ഘ സംഭാഷണം നടത്തി മാതൃഭൂമിയില്‍ തുടര്‍ച്ചയായി പ്രസിദ്ധീകരിച്ചുകൊണ്ടിരുന്നത്. ഗൗരിയമ്മയെ സി.പി.എം. അവരുടെ താമസസ്ഥലത്തുതന്നെ വല്ലാതെ ഒറ്റപ്പെടുത്തിയിരിക്കുകയാണെന്ന് അജിതയ്ക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞു. ഗൗരിയമ്മ താമസിച്ചിരുന്ന ചാത്തനാട്ടെ വീട്ടിലേക്ക് ഓട്ടോറിക്ഷ വിളിച്ചാല്‍ അധികം ഓട്ടോക്കാരും വരാന്‍ തയ്യാറാവുകയില്ലായിരുന്നുവത്രേ. ഗൗരിയമ്മയുടെ വീട്ടില്‍നിന്ന് നടക്കാനുള്ള ദൂരത്തില്‍ താമസിച്ചിരുന്ന ഞങ്ങളുടെ സുഹൃത്തും ഗാന്ധിയനുമായ കെ.ജി. ജഗദീശന്റെ വീട്ടില്‍ താമസിച്ചുകൊണ്ടാണ് അജിത ഈ സംഭാഷണം നടത്തിയത്. ഗൗരിയമ്മയെപ്പോലുള്ള ഒരു ചരിത്രവനിതയെ ഇങ്ങനെ ഒറ്റപ്പെടുത്തുന്നത് അനുവദിച്ചുകൂടെന്നും ആ അവസ്ഥ മറികടക്കപ്പെടേണ്ടതുണ്ടെന്നും അജിത ചിന്തിച്ചത് സ്വാഭാവികമായിരുന്നു. അത്തരമൊരു ധാരണയില്‍ അതെക്കുറിച്ച് ആലോചിക്കാന്‍ അജിത എന്നോട് ആലപ്പുഴയിലേക്ക് എത്താന്‍ ആവശ്യപ്പെട്ടു. ചെറിയൊരു അസുഖം കാരണം യാത്രചെയ്യാന്‍ പറ്റുന്ന അവസ്ഥയിലായിരുന്നില്ല ഞാന്‍. തന്മൂലം അജിത, ജഗദീശനെയും പ്രമുഖ മത്സ്യത്തൊഴിലാളി യൂണിയന്‍ നേതാവായിരുന്ന ലാല്‍ കോയിപ്പറമ്പിലിനെയും കൂട്ടി തൃശ്ശൂരില്‍ എന്റെ വീട്ടില്‍ എത്തി.

അന്നത്തെ സാഹചര്യത്തില്‍ നിലവിലുള്ള രണ്ട് രാഷ്ട്രീയമുന്നണികളുമായും ഗൗരിയമ്മയ്ക്ക് പൊരുത്തപ്പെട്ടു പോകാനാകുമായിരുന്നില്ല. ഒരു മൂന്നാം മുന്നണിയെക്കുറിച്ച് അപ്പോള്‍ ചിന്തിക്കാനാകുമായിരുന്നില്ലെങ്കിലും ഒരു മൂന്നാംചേരി രാഷ്ട്രീയത്തിന്റെ സാധ്യതയെക്കുറിച്ച് ഗൗരിയമ്മയുമായി ചര്‍ച്ചചെയ്യണം എന്ന ദിശയിലാണ് ചര്‍ച്ചകള്‍ നീങ്ങിയത്. ഞാന്‍ വ്യക്തിപരമായി അപ്പോള്‍ ഒരു പ്രതിസന്ധി നേരിടുന്നുണ്ടായിരുന്നു. വിപ്ലവരാഷ്ട്രീയം ഉപേക്ഷിച്ചതിനുശേഷം പാര്‍ലമെന്ററി രാഷ്ട്രീയവുമായി പൊരുത്തപ്പെടാന്‍ തീരുമാനിച്ചിരുന്നെങ്കിലും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നേരിട്ട് പങ്കാളിയാവേണ്ടെന്നായിരുന്നു സുചിന്തിതമായ ധാരണ.

മൂന്നാംമുന്നണി ചര്‍ച്ചകള്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളിലേക്ക് നീങ്ങുമെന്നതുകൊണ്ട് ആരംഭകാര്യങ്ങളില്‍ മാത്രമേ ഞാന്‍ സഹകരിക്കൂ എന്ന ധാരണയോടു കൂടിയാണ് ചര്‍ച്ചകള്‍ മുന്നോട്ടുപോയത്. ഏതായാലും ഗൗരിയമ്മയുടെ മുന്‍കൈയില്‍ ഒരു മൂന്നാംചേരി രാഷ്ട്രീയത്തിന്റെ സാധ്യതകള്‍ വ്യക്തമാക്കുന്ന ഒരു പ്രസ്താവനയുടെ കരട് ഞാന്‍ തയ്യാറാക്കി. അജിതയും മറ്റും അത് ഗൗരിയമ്മയെ കാണിച്ച്് ചര്‍ച്ച ചെയ്തു. അതെഴുതിയത് ഞാനാണെന്ന് പറഞ്ഞപ്പോള്‍ എന്നെ കാണണമെന്ന് ആവശ്യപ്പെട്ടു. അടുത്ത ദിവസംതന്നെ ഞാന്‍ ആലപ്പുഴയില്‍ എത്തി. ഗൗരിയമ്മയോട് താത്പര്യമുള്ള സി.പി.എമ്മിലെ ചില പ്രാദേശിക നേതാക്കളും അവിടെയുണ്ടായിരുന്നു. ഞങ്ങളെല്ലാവരും ചേര്‍ന്ന് സാഹചര്യത്തെക്കുറിച്ച് വിശദമായി ചര്‍ച്ചനടത്തി. അപ്പോഴേക്കും ഗൗരിയമ്മയെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കാന്‍ പോകുന്നു എന്ന വാര്‍ത്ത പ്രചരിച്ചിരുന്നു. പുറത്താക്കിയാലും ഇല്ലെങ്കിലും ഗൗരിയമ്മ പത്രസമ്മേളനം നടത്തി നിലപാടു വ്യക്തമാക്കണമെന്നായിരുന്നു ഞങ്ങള്‍ക്കിടയിലെ ധാരണ. ഗൗരിയമ്മയും അതിനോട് യോജിച്ചിരുന്നു.

അതിനിടയ്ക്ക് ഉത്തര്‍പ്രദേശില്‍ പിന്നാക്ക രാഷ്ടീയത്തിന്റെ അടിസ്ഥാനത്തില്‍ മുലായം സിങ് യാദവ് അധികാരത്തില്‍ വന്നപ്പോള്‍ ഇവിടെ എസ്.എന്‍.ഡി.പി. നേതാവ് എം.കെ. രാഘവന്‍ പറഞ്ഞു, യു.പി. മോഡല്‍ ഇവിടെ ആവര്‍ത്തിക്കുമെന്ന്. അതിന് ഇ.കെ. നായനാരുടെ മറുപടി വന്നു: ''യു.പി. മോഡല്‍ കേരളത്തില്‍ ക്ലച്ച് പിടിക്കില്ല.'' ഞങ്ങള്‍ അത് ചര്‍ച്ച ചെയ്യുകയും രണ്ടുപേര്‍ക്കും മറുപടി കൊടുക്കണമെന്ന് തീരുമാനിക്കുകയും ചെയ്തു. ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ഞാന്‍ ഒരു പ്രസ്താവന എഴുതിത്തയ്യാറാക്കി. യു.പി.യില്‍ സവര്‍ണമേധാവിത്വത്തിനെതിരായ പിന്നാക്കവിഭാഗങ്ങളുടെ മുന്നേറ്റം ന്യായവും പുരോഗമനപരവും ആയിരിക്കുമ്പോള്‍ത്തന്നെ അവര്‍ വര്‍ഗ സമരത്തെ പാടേ അവഗണിക്കുന്നത് ശരിയല്ല. കേരളത്തിലാകട്ടെ കമ്യൂണിസ്റ്റുകാര്‍ വര്‍ഗസമരത്തില്‍ ഏകപക്ഷീയമായി ഊന്നുകയും ജാതി വിവേചനം ഉള്‍പ്പെടെ എല്ലാം അതിലൂടെ പരിഹരിക്കപ്പെടും എന്ന് നിലപാടെടുക്കുന്നതും ശരിയല്ല. വര്‍ഗ സമരത്തില്‍ ഊന്നിനിന്നുകൊണ്ടുതന്നെ ജാതി വിവേചനങ്ങള്‍ക്കെതിരായി സാമൂഹികനീതിക്കുവേണ്ടിയുള്ള ഒരു പ്രസ്ഥാനമാണ് ഇവിടെ ആവശ്യം. ഈ ദൗത്യത്തില്‍ സി.പി.എം. പരാജയപ്പെട്ടതിനാലാണ് പുതിയ പ്രസ്ഥാനം ആവശ്യമായിട്ടുള്ളത്. -ഇതായിരുന്നു ഉള്ളടക്കം.

പുറത്താക്കപ്പെടുന്നു

അപ്പോഴേക്കും 1994 ജനുവരി ആദ്യം ഗൗരിയമ്മയെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്ന് പുറത്താക്കിക്കൊണ്ടുള്ള തീരുമാനം പ്രഖ്യാപിക്കപ്പെട്ടു. അതിനോടുള്ള പ്രതികരണം എന്ന നിലയ്ക്ക് അടുത്തദിവസം തന്നെ ഗൗരിയമ്മ പത്രസമ്മേളനം വിളിച്ചുചേര്‍ത്തു. പുറത്താക്കല്‍ പ്രത്രീക്ഷിച്ചിരുന്നതു കൊണ്ട് അതേക്കുറിച്ച് ഒന്നും പറയാനില്ലെന്നും തന്റെ നിലപാടുകള്‍ ഇതിലുണ്ടെന്നും പറഞ്ഞുകൊണ്ട് ആ പ്രസ്താവന പത്രക്കാര്‍ക്ക് നല്‍കുകയാണ് ഗൗരിയമ്മ ചെയ്തത്. പത്രക്കാരുടെ ചെറു ചോദ്യങ്ങള്‍ക്കു മറുപടി നല്‍കുകയും ചെയ്തു. മുഖ്യധാരാ പത്രങ്ങളിലെല്ലാം ഈ പ്രസ്താവന പൂര്‍ണ രൂപത്തില്‍ത്തന്നെ വന്നതുകൊണ്ട് അടുത്തദിവസംതന്നെ ഇ.എം.എസ്. ദേശാഭിമാനിയില്‍ രണ്ടു ദിവസം തുടര്‍ന്ന നീണ്ട മറുപടി എഴുതുകയുണ്ടായി. ആ മറുപടിയില്‍ ഗൗരിയമ്മ എന്ന് ഒരിക്കല്‍പ്പോലും പരാമര്‍ശിക്കാതെ അജിതയുടെയും വേണുവിന്റെയും പഴയകാല നിലപാടുകളെ വിമര്‍ശിക്കാനാണ് അദ്ദേഹം ശ്രമിച്ചത്. ഗൗരിയമ്മയുടെ പേരില്‍ പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്നു വരാനിടയുള്ള കലാപത്തെ നക്‌സലൈറ്റ് മുദ്രകുത്തി തടയാമെന്നാണ് ഇ.എം.എസ്. കണക്കുകൂട്ടിയത്. പക്ഷേ, അദ്ദേഹത്തിന്റെ ചാണക്യതന്ത്രം ഫലിച്ചില്ലെന്നത് ചരിത്രം.

1970-ല്‍ തിരുവനന്തപുരത്ത് പഴയ വി.ജെ.ടി. ഹാളില്‍ നടന്ന ലെനിന്‍ ശതാബ്ദി പരിപാടിയില്‍ ഞാന്‍ ഇ.എം.എസിനെ വിമര്‍ശിച്ച് സംസാരിച്ചതിനെ വളച്ചൊടിച്ച് അവതരിപ്പിക്കാന്‍പോലും അദ്ദേഹം തയ്യാറായി. അവസാനം വര്‍ഗ സമരത്തിന്റെ പേരില്‍ ജാതിപ്രശ്‌നം കൈകാര്യം ചെയ്യുന്നതില്‍ കമ്യൂണിസ്റ്റുകാര്‍ പരാജയപ്പെട്ടു എന്ന ഗൗരിയമ്മയുടെ വിമര്‍ശനത്തിന് അടുത്തദിവസം മറുപടി പറയാമെന്ന വാഗ്ദാനത്തോടെയാണ് രണ്ടാം ദിവസത്തെ ലേഖനം ഇ.എം.എസ്. അവസാനിപ്പിച്ചത്. എങ്കിലും അതുണ്ടായില്ല. പിന്നീടൊരിക്കലും അദ്ദഹം ആ വിഷയം ചര്‍ച്ചചെയ്തിട്ടില്ല. എല്ലാ സാമൂഹികപ്രശ്‌നങ്ങളെയും വര്‍ഗ സമീപനത്തിലൂടെ മാത്രം കൈകാര്യം ചെയ്യാനാകും എന്ന സമീപനം യാഥാര്‍ഥ്യത്തിന് നിരക്കുന്നതല്ലെന്ന് അദ്ദേഹത്തിന് ബോധ്യപ്പെട്ടുവോ എന്നറിയില്ല. സാധ്യതയില്ല. ഗൗരിയമ്മയെ പുറത്താക്കിയ വാര്‍ത്ത പാര്‍ട്ടിക്കുള്ളില്‍ കലാപമൊന്നും ഉണ്ടാക്കിയില്ലെങ്കിലും കുറെ പാര്‍ട്ടി പ്രവര്‍ത്തകര്‍ രാജി വെക്കുകയും പലയിടത്തും പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുകയുമുണ്ടായി. ആലപ്പുഴയില്‍ വ്യാപകമായിത്തന്നെ ഇതെല്ലാം നടക്കുകയുണ്ടായി. സി.പി.എമ്മിനുള്ളിലും ജനങ്ങള്‍ക്കിടയിലും ഗണ്യമായ പിന്തുണ ഗൗരിയമ്മയ്ക്കുണ്ടെന്നാണ് അന്നത്തെ അന്തരീക്ഷം സൂചിപ്പിച്ചത്. ആ അവസ്ഥയ്ക്കു സംഘടനാപരമായ രൂപം നല്‍കിയില്ലെങ്കില്‍ അതെല്ലാം കൊഴിഞ്ഞുപോകുമെന്നും വ്യക്തമായിരുന്നു. പെട്ടെന്നൊരു സംഘടന ഉണ്ടാക്കുക എന്നത് എളുപ്പം സാധ്യമാവുന്ന കാര്യമല്ല. അപ്പോള്‍ ഉണ്ടായിരുന്ന പ്രധാന പ്രവര്‍ത്തകരെല്ലാം ഉള്‍പ്പെടുന്ന ഒരു താത്കാലിക സംഘാടക സമിതി രൂപവത്കരിക്കുകയാണ് ആദ്യം ചെയ്തത്. ഞാനും അതില്‍ ഉള്‍പ്പെട്ടിരുന്നു. അതൊരു കമ്മിറ്റി ആയിട്ടൊന്നും പ്രവര്‍ത്തിച്ചിരുന്നില്ല. ഗൗരിയമ്മ തന്നെയാണ് എല്ലാം തീരുമാനിച്ചിരുന്നത്.

ജെ.എസ്.എസ്. പിറക്കുന്നു

സംഘാടക സമിതിയുടെ മേല്‍നോട്ടത്തില്‍ ജില്ലാ കമ്മിറ്റികളും കീഴ്ഘടകങ്ങളും രൂപവത്കരിക്കാന്‍ തുടങ്ങിയതോടെ അന്തരീക്ഷം മാറി. സംഘടനയ്‌ക്കൊരു പേരും പരിപാടിയും ഭരണഘടനയും ഇല്ലാതെ മുന്നോട്ടു പോകാനാവില്ലെന്ന സ്ഥിതി വന്നു. മറ്റൊരു കമ്യൂണിസ്റ്റു പാര്‍ട്ടി രൂപവത്കരിക്കരുതെന്നായിരുന്നു എന്റെ ശക്തമായ നിലപാട്. കമ്യൂണിസ്റ്റ് പാര്‍ട്ടി ഭരിച്ച നാടുകളിലെല്ലാം സോഷ്യല്‍ ഫാസിസം മേധാവിത്വത്തില്‍ വന്ന ചരിത്രം ഞാന്‍ വിശദീകരിക്കുകയുണ്ടായി. ജനാധിപത്യത്തില്‍ ഊന്നുന്ന ഒരു പ്രസ്ഥാനം എന്ന ചിന്തയില്‍നിന്നാണ് ജനാധിപത്യസംരക്ഷണസമിതി (ജെ.എസ്.എസ്.) എന്ന പേരിലേക്ക് എത്തിയത്. ഗൗരിയമ്മ അത് അംഗീകരിച്ചുവെങ്കിലും തൃപ്തയായിരുന്നില്ല. ഉച്ചസമയത്ത് ഗൗരിയമ്മയുടെ വീട്ടില്‍ എത്തിപ്പെട്ടാല്‍ ഊണുകഴിക്കാതെ വിടില്ലായിരുന്നു. ഒരുദിവസം ഞാനും ഗൗരിയമ്മയും മാത്രമായി ഊണു കഴിക്കുന്നതിനിടയില്‍ അവര്‍ പറഞ്ഞു: ''എഡോ വേണൂ ഞാന്‍ ഒരു കാര്യം പറയട്ടെ. ജെ.എസ്.എസ്. ഒക്കെ ശരി തന്നെ. ഞാന്‍ അംഗീകരിക്കുകയും ചെയ്യുന്നു. പക്ഷേ, ഞാന്‍ ഇപ്പോഴും ഒരു കമ്യൂണിസ്റ്റുകാരി തന്നെയാണ്. മരിക്കുമ്പോള്‍ കമ്യൂണിസ്റ്റ് പതാകയില്‍ സംസ്‌കരിക്കപ്പെടണം എന്നും ഞാന്‍ ആഗ്രഹിക്കുന്നു.'' ''ആ വികാരം മനസ്സിലാകുന്നു, മാനിക്കുന്നു'' എന്ന് ഞാനും പറഞ്ഞു. പാര്‍ട്ടി തിരിച്ചുവിളിച്ചാല്‍ അവര്‍ പോകുമെന്ന് ഉറപ്പായിരുന്നു. തിരിച്ചുവിളിക്കല്‍ പെട്ടെന്നൊന്നും ഉണ്ടാകില്ലെന്ന് അവര്‍ക്കും അറിയാമായിരുന്നു. അതു കൊണ്ട് തന്നെ ജെ.എസ്.എസുമായി മുന്നോട്ടു പോവുകയാണ് പ്രായോഗികം എന്നും മനസ്സിലാക്കിയിരുന്നു. സംഘടനാ പ്രവര്‍ത്തനത്തിന്റെ അനുഭവ സമ്പത്ത് എന്നുപറയാന്‍ അവര്‍ക്കൊന്നുമുണ്ടായിരുന്നില്ലെങ്കിലും വിവിധ ജില്ലകളില്‍ അവര്‍ സഞ്ചരിക്കുകയും അവരുടെ സാന്നിധ്യം സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകമാവുകയും ചെയ്തു. വിവിധ ജില്ലകളില്‍ കമ്മിറ്റികള്‍ രൂപവത്കരിക്കാനും സംഘടനയുടെ രാഷ്ട്രീയം വിശദീകരിക്കാനും ഞാന്‍തന്നെ പോകേണ്ടി വന്നു. പത്തനംതിട്ടയില്‍ സി.പി.എം. ജില്ലാ സെക്രട്ടറി ആയിരുന്ന പി. രാമകൃഷ്ണന്‍ ഗൗരിയമ്മയ്ക്ക് പിന്തുണ പ്രഖ്യാപിച്ചത് ഏറെ സഹായകമാവുകയുണ്ടായി. കണ്ണൂരില്‍ പയ്യന്നൂര്‍ കേന്ദ്രമാക്കി സി. പി.എമ്മില്‍ നിന്ന് നേരത്തേത്തന്നെ കലാപം നടത്തി ഒരു യുവജന സംഘടനയൊക്കെയുണ്ടാക്കി പ്രവര്‍ത്തിച്ചിരുന്ന പുരുഷോത്തമനും ഗൗരിയമ്മയോടൊപ്പം ചേര്‍ന്നത് ഗുണകരമായിത്തീര്‍ന്നു. സംഘടന രൂപവത്കരിച്ച് ഒരു വര്‍ഷത്തിനു ശേഷം, '95 മാര്‍ച്ചില്‍ സംസ്ഥാനസമ്മേളനം നടത്തുക എന്ന ലക്ഷ്യത്തോടെയാണ് പ്രവര്‍ത്തനങ്ങള്‍ നീങ്ങിയിരുന്നത്.

ഇതിനിടയ്ക്ക് ഗുരുവായൂരില്‍ ഒരു ഉപതിരഞ്ഞെടുപ്പ് വരുകയുണ്ടായി. രണ്ടു മുന്നണികളുമായും ചേരാതെ ഒരു സ്വതന്ത്രസ്ഥാനാര്‍ഥിയെ നിര്‍ത്തി മത്സരിപ്പിക്കണമെന്നായിരുന്നു എന്റെയും മറ്റു പലരുടെയും അഭിപ്രായം. ആദ്യം ആശങ്ക പ്രകടിപ്പിച്ചെങ്കിലും പിന്നീട് ഗൗരിയമ്മയും അതിനോട് യോജിച്ചു. ജെ.എസ്.എസ്. അനുഭാവിയായ തൃശൂരിലെ പ്രമുഖ അഭിഭാഷകരിലൊരാളായ പ്രകാശനെയാണ് സ്ഥാനാര്‍ഥിയാക്കിയത്. ഒരു മാസത്തിലധികം ഗൗരിയമ്മയും ഞാന്‍ ഉള്‍പ്പെടെ ഒട്ടേറെ പേരും ഗുരുവായൂരില്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചു. ഗൗരിയമ്മ ഒട്ടേറെ കുടുംബയോഗങ്ങളില്‍ പങ്കെടുത്തു. പക്ഷേ, വെറും ആയിരത്തില്‍പ്പരം വോട്ടാണ് ലഭിച്ചത്. കേരളത്തിലെ തിരഞ്ഞടുപ്പു രാഷ്ട്രീയത്തില്‍ രണ്ടു മുന്നണികള്‍ക്ക് പുറത്ത് വോട്ടു പിടിക്കുക ദുഷ്‌കരം തന്നെയാണെന്നാണ് ഗുരുവായൂര്‍ അനുഭവം ബോധ്യപ്പെടുത്തിത്തന്നത്.

സംസ്ഥാനസമ്മേളനത്തിലേക്കുള്ള പ്രതിനിധികളെ തിരഞ്ഞെടുക്കുന്നതിനുള്ള രീതി നിര്‍ദേശിച്ചിരുന്നു. പ്രാദേശികതല കമ്മിറ്റികള്‍ ഉള്ളിടത്ത് പ്രാദേശികതല സമ്മേളനങ്ങള്‍ നടത്തി പ്രതിനിധികളെ തിരഞ്ഞെടുത്ത് മുകളിലേക്കെത്തണം. പ്രാദേശിക കമ്മിറ്റികള്‍ ഇല്ലാത്തിടത്ത് ജില്ലാ സമ്മേളനങ്ങള്‍ക്ക് നേരിട്ട് പ്രതിനിധികളെ അയക്കാം. സംസ്ഥാന സമ്മേളനത്തില്‍ 500-ല്‍പ്പരം പ്രതിനിധികള്‍ എത്തുമെന്നാണ് കണക്കാക്കപ്പെട്ടിരുന്നത്. മറ്റു പല പാര്‍ട്ടികളുമായി ബന്ധപ്പെട്ടുനിന്നിരുന്ന പലരും ഈ പ്രതിനിധികളില്‍ ഉണ്ടായിരുന്നു. പക്ഷേ, ഭൂരിപക്ഷവും സി.പി.എം. പശ്ചാത്തലമുള്ളവര്‍ തന്നെയായിരുന്നു. പ്രസ്താവനകളും രേഖകളുമൊക്കെ തയ്യാറാക്കുന്നതിലൂടെ എനിക്കു ലഭിച്ചിരുന്ന മുന്‍ൈകയില്‍ അസഹിഷ്ണുക്കളായ പലരും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു.

ഗൗരിയമ്മയ്ക്കുള്ള പിന്തുണ വര്‍ധിച്ചുവരുന്നതു കണ്ടപ്പോള്‍ സി.പി.എമ്മിന്റെ പ്രാദേശിക നേതാക്കളില്‍ പലരും ഗൗരിയമ്മയ്ക്കു ചുറ്റും ഒരു വലയം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. ഒരുദിവസം കമ്മിറ്റി വിളിച്ചിട്ടുണ്ടെന്നും അതില്‍ പങ്കെടുക്കണമെന്നും പറയുന്ന ഗൗരിയമ്മയുടെ ഒരു സന്ദേശം എനിക്കു ലഭിച്ചു. തൃശ്ശൂരുനിന്ന് ഞാന്‍ ഗൗരിയമ്മയുടെ വീട്ടില്‍ എത്തുമ്പോള്‍ മുറിക്കുള്ളില്‍ സംസാരം കേള്‍ക്കാമായിരുന്നു. അത് എന്നെക്കുറിച്ചാണെന്നും വ്യക്തമായി. 'നക്‌സലൈറ്റ് പശ്ചാത്തലമുള്ള ആളെന്ന നിലയ്ക്ക് സൂക്ഷിക്കണം' എന്നാണ് കേട്ടത്. അത് കേള്‍ക്കാത്ത മട്ടില്‍ ഞാന്‍ അവരോടൊപ്പം ചേരുകയും ചെയ്തു. ഗൗരിയമ്മയുടെ ഭാഗത്തുനിന്ന് അത്തരമൊരു സമീപനം എനിക്ക് അനുഭവപ്പെട്ടിട്ടില്ല. അതുകൊണ്ട് മറ്റുള്ളവരുടെ ഇത്തരം അഭിപ്രായങ്ങള്‍ക്ക് ഞാന്‍ വലിയ പ്രാധാന്യം നല്‍കിയിരുന്നുമില്ല. സി.പി.എമ്മുകാരല്ലാത്ത പലരും സംഘടനയിലേക്ക് വന്നിരുന്നു. എങ്കിലും പ്രതിനിധികളില്‍ ഭൂരിപക്ഷവും പാര്‍ട്ടിക്കാര്‍ തന്നെ ആയിരുന്നു. രണ്ടുദിവസം നീണ്ടുനിന്ന സംസ്ഥാനസമ്മേളത്തില്‍ പുതിയ ഭാരവാഹികളുടെ പട്ടിക ഗൗരിയമ്മയാണ് അവതരിപ്പിച്ചത്. ആര്‍.എസ്.പി.യുടെ സ്ഥാപക നേതാക്കളില്‍ ഒരാളായിരുന്ന ജി. കുമാരപിള്ള പ്രസിഡന്റ്, ഗൗരിയമ്മ ജനറല്‍ സെക്രട്ടറി, ഞാനും പുരുഷോത്തമനും ഉള്‍പ്പെടെ അഞ്ച് സെക്രട്ടറിമാര്‍, വലിയൊരു സംസ്ഥാന കമ്മിറ്റി എന്നിങ്ങനെ ആയിരുന്നു ആ പട്ടിക. എന്നെ സെക്രട്ടറിമാരില്‍ ഉള്‍പ്പെടുത്തരുതെന്നു വാദിച്ചവര്‍ ഉണ്ടായിരുന്നുവത്രേ. പദവികളിലൊന്നും താത്പര്യമില്ലാതിരുന്നതുകൊണ്ട് അതൊന്നും ശ്രദ്ധിച്ചിരുന്നില്ല. രണ്ടാം ദിവസം സമ്മേളനം അവസാനിച്ചതിന് ശേഷം വൈകീട്ട് ആലപ്പുഴ കടപ്പുറത്ത് നടന്ന പൊതുയോഗം എല്ലാവരെയും അമ്പരപ്പിക്കുന്നതായിരുന്നു. നോക്കെത്താ ദൂരംവരെ കടപ്പുറത്ത് നിറഞ്ഞ ജനസഞ്ചയം ഗൗരിയമ്മയോടുള്ള ജനങ്ങളുടെ വൈകാരികബന്ധം പ്രതിഫലിപ്പിക്കുന്നതായിരുന്നു. ഗൗരിയമ്മ സംസാരിച്ചതിനുശേഷം മറ്റു നേതാക്കള്‍ സംസാരിച്ചു തുടങ്ങിയതിനിടയ്ക്ക് ശ്രോതാക്കളില്‍നിന്ന് ചിലര്‍ ഞാന്‍ സംസാരിക്കണമെന്ന് വിളിച്ചു പറയുന്നുണ്ടായിരുന്നു. ഇത്തരം വലിയ ജനക്കൂട്ടത്തിന്റെ ൈകയടിനേടാന്‍ പറ്റുംവിധം പ്രസംഗിക്കാന്‍ കഴിയുന്ന ആളല്ല ഞാന്‍. അതുകൊണ്ട് പ്രസംഗം ഒഴിവാക്കി എങ്ങനെയെങ്കിലും അവിടന്ന് രക്ഷപ്പെടാനാണ് ഞാന്‍ ശ്രമിച്ചുകൊണ്ടിരുന്നത്. പക്ഷേ, ഗൗരിയമ്മ എന്നോട് സംസാരിക്കാന്‍ പറഞ്ഞപ്പോള്‍ ഒഴിഞ്ഞുമാറാനായില്ല. അഞ്ചാറു മിനിറ്റുകൊണ്ട് സംഘടനയുടെ രാഷ്ട്രീയനിലപാടിന്റെ സത്ത അവതരിപ്പിച്ചുകൊണ്ട് അവിടന്ന് രക്ഷപ്പെടുകയാണ് ഞാന്‍ ചെയ്തത്.

സാധാരണരീതിയിലുള്ള പ്രവര്‍ത്തനങ്ങളുമായി കുറച്ചുകാലം പിന്നിട്ടപ്പോഴാണ് ഒരുദിവസം പെട്ടെന്ന് കാണണം എന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള ഗൗരിയമ്മയുടെ സന്ദേശം എത്തിയത്. ഞാന്‍ ഉടനെ പുറപ്പെടുകയും ചെയ്തു. കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി ഗൗരിയമ്മയെ നേരിട്ട് കണ്ട് യു.ഡി.എഫില്‍ ചേരാന്‍ അഭ്യര്‍ഥിച്ചിരിക്കുന്നു. മുന്നണികളില്‍ ചേരുന്നതിനെ എതിര്‍ക്കുന്ന ആളാണ് ഞാന്‍ എന്നതുകൊണ്ടാണ് എന്നെ വിളിപ്പിച്ചത്. ജെ.എസ്.എസിനെപ്പോലുള്ള ഒരു ചെറിയ പാര്‍ട്ടിക്ക് ഒറ്റയ്ക്ക് പിടിച്ചുനില്‍ക്കാനാവില്ലെന്ന് എല്ലാവരും തിരിച്ചറിഞ്ഞിട്ടുള്ള കാര്യമാണ്. ജെ.എസ്.എസ്. രാഷ്ട്രീയവുമായി ബന്ധിപ്പിക്കാന്‍ കഴിയുന്ന ഒരു രാഷ്ട്രീയധാരണയുടെ അടിസ്ഥാനത്തിലായിരിക്കണം ഏത് ബന്ധവും എന്നതായിരുന്നു എന്റെ നിലപാട്.

Content Highlights: K Venu, KR Gouri Amma, CPIM, JSS