കേരളത്തിന്റെ മുന്‍ വിദ്യാഭ്യാസ മന്ത്രിയും എഴുത്തുകാരനും പ്രഭാഷകനുമായ പ്രൊഫ. ജോസഫ് മുണ്ടശ്ശേരിയുടെ ജന്മവാര്‍ഷിക ദിനമാണ് ജൂലൈ 17.  തൃശ്ശൂരിലെ കണ്ടശ്ശാംകടവില്‍ ജനിച്ച് വളര്‍ന്ന് വിദ്യാഭ്യാസംകൊണ്ട് കരുത്തുനേടിയ ഒരു സാധാരണക്കാരന്റെ അസാധാരണ ജീവിതമെന്ന് ജോസഫ് മുണ്ടശ്ശേരിയെ അടയാളപ്പെടുത്താം. അച്ഛന്റെ പേര് കുഞ്ഞുവറീത്. അമ്മയുടെ പേര് ഇളച്ചി. കണ്ടശ്ശാംകടവ് ഹൈസ്‌കൂള്‍, തൃശ്ശൂര്‍ സെന്റ് തോമസ് കോളേജ്, തിരുച്ചിറപ്പള്ളി സെന്റ് ജോസഫ് കോളേജ് എന്നിവിടങ്ങളിലായിരുന്നു അദ്ദേഹത്തിന്റെ വിദ്യാഭ്യാസം.

മുമ്പേ പോയവരുടെ ജീവിതങ്ങളെ ഉള്‍ക്കൊണ്ട് അതില്‍ തിരുത്തലുകള്‍ക്കിടം തിരഞ്ഞാണ് അദ്ദേഹം കാഴ്ചപ്പാടുകള്‍ രൂപപ്പെടുത്തിയത്. വിദ്യാഭ്യാസം നേടുക എന്നത് പാവപ്പെട്ടവന്റെ ധിക്കാരമായി കണക്കാക്കപ്പെട്ടിരുന്ന ഒരു കാലത്ത് ധിക്കാരിയാവാന്‍ ഇറങ്ങിത്തിരിച്ച ഒരു വിദ്യാര്‍ത്ഥി. പഠനത്തിന്റെ ഓരോ നാളിലും ഓരോഘട്ടത്തിലും വിദ്യാഭ്യാസം അര്‍ഹതപ്പെട്ടവര്‍ക്ക് പണം മാനദണ്ഡമാകാതെ ലഭ്യമാകണമെന്ന ബോധ്യമാണ് അദ്ദേഹത്തെ നയിച്ചത്.

പഠിക്കാന്‍ പൈസയില്ലാതെ അധ്യാപകന്റെ സഹായംകൊണ്ടു മാത്രം സ്‌കൂളില്‍പോയ വിദ്യാര്‍ഥിയായിരുന്നു കുഞ്ഞു ജോസഫ്. ആ ദിനങ്ങളെ കളിയാക്കിയ സമ്പന്നന്റെ നേര്‍ക്ക് തിരിഞ്ഞുനിന്ന് മറുപടി പറയാന്‍ കഴിയാതിരുന്നതിലുള്ള സങ്കടം പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പഠനസാഹചര്യമുണ്ടാക്കി നല്‍കുന്നതിലൂടെ പരിഹരിക്കാമെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു.

പിന്നീട് കേരളത്തിന്റെ വിദ്യാഭ്യാസമന്ത്രിയായി അദ്ദേഹം കൊണ്ടുവന്ന വിദ്യാഭ്യാസ ബില്ലിന്റെ ലക്ഷ്യവും അതുതന്നെയായിരുന്നു. വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും ആത്മാഭിമാനവും അവകാശങ്ങളും സംരക്ഷിക്കപ്പെടുക. ഇന്നിപ്പോള്‍ ഉയര്‍ന്ന സാക്ഷരതാ നിരക്കും വിദ്യാഭ്യാസ സാഹചര്യവുമെല്ലാം ചര്‍ച്ചയാകുമ്പോള്‍ അതിന്റെയെല്ലാം അടിത്തറ മുണ്ടശ്ശേരിയും ഇ.എം.എസ് സര്‍ക്കാരും കെട്ടിപ്പൊക്കിയ വിദ്യാഭ്യാസ ബില്ലാണെന്നത് മറക്കാനാകാത്ത വസ്തുത.

ജോസഫ് മുണ്ടശ്ശേരിയും കേസരി ബാലകൃഷ്ണപിള്ളയും എം.പി.പോളുമായിരുന്നു മലയാളത്തിലെ പ്രശസ്തമായ സാഹിത്യവിമര്‍ശകത്രയം. 1940കളിലെ പുരോഗമന സാഹിത്യ പ്രസ്ഥാനം അതിന്റെ സ്ഥാപനത്തിനും നിലനില്‍പ്പിനും മുണ്ടശ്ശേരിയോട് കടപ്പെട്ടിരിക്കുന്നു. പൗരസ്ത്യകാവ്യമീമാംസയും പാശ്ചാത്യ സാഹിത്യ തത്ത്വങ്ങളും ഒരുപോലെ അദ്ദേഹത്തിന്റെ സൗന്ദര്യചിന്തയില്‍ സ്വാധീനം ചെലുത്തി. കേരള സാഹിത്യ അക്കാദമി ആസ്ഥാനം തിരുവനന്തപുരത്തുനിന്ന് തൃശ്ശൂരിലേക്ക് മാറ്റി സ്ഥാപിച്ചതിനും കേരള സംഗീത നാടക അക്കാദമിക്ക് തൃശ്ശൂരില്‍ ആസ്ഥാനമൊരുക്കിയതിനും പിന്നില്‍ ജോസഫ് മുണ്ടശ്ശേരിയുടെ നിരന്തര പരിശ്രമമുണ്ട്. 

അദ്ദേഹത്തിന്റെ ആത്മകഥയായ കൊഴിഞ്ഞ ഇലകള്‍ മലയാളത്തിലെ സാഹിത്യ, സാസ്തകാരിക, വിദ്യാഭ്യാസ മേഖലകളുടെ നവോത്ഥാന ചരിത്രം കൂടിയാണ്. നോവലുകളും ചെറുകഥകളും സാഹിത്യ വിമര്‍ശന കൃതികളുള്‍പ്പടെ നിരവധി പുസ്തകങ്ങളുടെ രചയിതാവ് കൂടിയാണ് മുണ്ടശ്ശേരി.

Content Highlights: Joseph Mundassery Birth Anniversary