ഇത് ഒരു ജോര്‍ദാന്‍ യാത്രയുടെ ഓര്‍മ അവശേഷിപ്പിച്ച അനുഭവത്തിന്റെ കുറിപ്പാണ്. വാഡി റം മരുഭൂമിയില്‍ ഔദ എന്ന വഴികാട്ടിയുടെ ജീവിതകഥ കേട്ടിരുന്ന രാത്രി. അതിലേക്ക് കടന്നു വന്ന ലോറന്‍സ് ഓഫ് അറേബ്യ, അയാള്‍ പാര്‍ത്ത ഗുഹ, വിശ്വാസത്തിന്റെ ഒരു തൂണില്‍പ്പോലും പിടിക്കാന്‍ സാധിക്കാതെ ഉയരത്തുനിന്നും ചാടിമരിച്ച ഔദയുടെ ബാപ്പ, പിന്നെ മരുഭൂമിയെ പ്രളയമാക്കാന്‍പോന്ന ഉമ്മയുടെ കണ്ണീര്‍...

കാലം: മൂന്നുവര്‍ഷങ്ങള്‍ക്കുമുമ്പുള്ള ഒക്ടോബര്‍. സ്ഥലം ജോര്‍ദാന്‍. ആ ദിവസം പകല്‍ ഞാനുണ്ടായിരുന്നത് അമ്മാന്‍ നഗരഹൃദയത്തിലുള്ള, രണ്ടാം നൂറ്റാണ്ടിലെ പണിതീരാത്ത ഹെര്‍ക്കുലീസ് ക്ഷേത്രത്തിലായിരുന്നു. ശാരദാകാശത്തിലേക്ക് കൈയുയര്‍ത്തിനില്‍ക്കുന്ന ആറു റോമന്‍ മാര്‍ബിള്‍ത്തൂണുകളും നൂറ്റാണ്ടുകള്‍ക്കുമുന്നേ ഭൂചലനത്തില്‍ തകര്‍ന്ന ഹെര്‍ക്കുലീസ് ദേവന്റെ പ്രതിമയും മാത്രം അവിടെ ശേഷിപ്പ്... അറ്റ്ലസ് ദേവതയെ വിമോചിതയാക്കാന്‍ ആകാശത്തെ സ്വന്തം കൈയാല്‍ ഉയര്‍ത്തിയ പരാശക്തിയായ ഹെര്‍ക്കുലീസ് ഏതോ ചെറിയ ഭൂകമ്പത്തില്‍ അങ്ങനെ തകര്‍ന്നുകിടക്കുമ്പോള്‍ അദ്ദേഹത്തിന്റെ കോവില്‍ത്തൂണുകള്‍ ആകാശത്തെ താങ്ങി ഒരു പ്രായശ്ചിത്തം ചെയ്യുമ്പോലെ. വരാന്‍പോകുന്ന രാത്രി എനിക്കായി കരുതിവെച്ചിരുന്ന വിസ്മയം ചിറകിലൊതുക്കിയതുപോല്‍ റോമാത്തൂണില്‍ ഇനിയും തകരാതെ, രണ്ടായിരം കൊല്ലം പഴക്കമുള്ള ഒരു വെണ്ണക്കല്‍ഹംസം. കബീര്‍ ചോദിക്കുമ്പോലെ,

'പ്രിയ ഹംസമേ പറക
പഴയ കാര്യങ്ങള്‍.
എവിടുന്നു വന്നു നീ
എവിടെനീയണയുന്നു
കര, എവിടെയൊക്കെയോ
പൂകി നീ വിശ്രമം
എവിടെ നിന്‍ ഹൃത്തിന്റെ
ലക്ഷ്യമാം പാര്‍പ്പിടം?'
 (സച്ചിദാനന്ദന്‍)

രണ്ടാം നൂറ്റാണ്ടിന്റെ തൂണുകള്‍ക്കിടയില്‍ കാലത്തിന് പിഞ്ചാന്‍കഴിയാത്ത തിരശ്ശീലയിളക്കി ആകാശത്തിന്റെ വിജയവൈജയന്തി. നഗ്‌നമാണ് അമ്മാനിലെ റോമാവിശേഷം. സമുച്ചയത്തിന്റെ പുറംതൂണില്‍ പുരാവസ്തുവകുപ്പിന്റെ ഒരു മങ്ങിയ പതിപ്പ്: 'റോമന്‍ സെനറ്ററും റോമന്‍ അധീനതയിലെ അറേബ്യന്‍ പ്രവിശ്യയില്‍ ഗവര്‍ണറും ആയിരുന്ന ഉത്തര ആഫ്രിക്കന്‍ വംശജന്‍ ജെമിനസ് മാര്‍ഷേനിയസ് പണിതത്'

പൊതുവേ ശാന്തവും ആധുനികവും എന്നാല്‍, ചെറുതും വിനീതവുമായ അമ്മാന്‍ നഗരത്തിന് ചേരാത്തതാണ് ആ വലിയ റോമന്‍ എടുപ്പുകള്‍ എന്നുതോന്നി. വെറുതേയല്ല അരികെയുള്ള ചുവരില്‍ ഒരു അരാജക എഴുത്ത് ചുവന്നുകിടന്നിരുന്നത്: 'മാര്‍ബിള്‍ എന്നാല്‍ വേഷംകെട്ടിയ വെറും കുമ്മായക്കല്ല്'

അവിടെനിന്ന് യാത്രപുറപ്പെട്ടപ്പോള്‍, വഴിയരികെ, എന്നെക്കാള്‍ രണ്ടുവയസ്സിളപ്പമുള്ള അബ്ദുല്ല രണ്ടാമന്‍ കറുത്ത കോട്ടും ചുവന്ന ടൈയും അണിഞ്ഞ ഭീമന്‍ ഡിജിറ്റല്‍ ചിത്രം. അദ്ദേഹമാണ് ഇപ്പോള്‍ രാജാവ്. ഹുസൈന്‍ രാജാവിന് ബ്രിട്ടീഷുകാരിയായ രണ്ടാം ഭാര്യയില്‍ ഉളവായ മകന്‍. ഇടക്കിടയ്ക്ക് സിഗരറ്റ് വലിക്കുന്ന ഡ്രൈവര്‍ എനിക്ക് അസൗകര്യം ഉണ്ടാക്കിയിരുന്നെങ്കിലും ഞാന്‍ അയാളോട് ക്ഷമിച്ചത് അയാള്‍തന്ന ഒറ്റ അറിവിനാലാണ്: 'ഹുസൈന്‍ രാജാവ് വലിച്ചുതള്ളിയ പുകയാണ് ജോര്‍ദാനിലെ മേഘങ്ങള്‍... വലിയ പോരാളി കീഴടങ്ങിയത് ശ്വാസകോശത്തില്‍ അര്‍ബുദം വന്നാണ്'. എന്റെ ഡ്രൈവര്‍ ഞാന്‍ ജോര്‍ദാനില്‍ ഉണ്ടായിരുന്ന അഞ്ചുദിവസവും ഒരിക്കല്‍പ്പോലും ചുമച്ചില്ല. എന്റെ മനസ്സില്‍ പഴയ ഒരു വാര്‍ത്താചിത്രം തെളിഞ്ഞു, ബില്‍ ക്ലിന്റണ്‍ അമേരിക്കന്‍ പ്രസിഡന്റായിരുന്നപ്പോള്‍ അരാഫത്തിനെയും നെതന്യാഹുവിനെയും സന്ധിസംഭാഷണത്തിനു വിളിച്ചയിടത്തേക്ക് അര്‍ബുദചികിത്സയ്ക്ക് മയോ ആശുപത്രിയില്‍ ഉണ്ടായിരുന്ന ഹുസൈന്‍ രാജാവിനെ കൊണ്ടുവന്നത്. കീമോക്രിയയില്‍ മുടിമുഴുവന്‍ പോയി, വിളറി, മെലിഞ്ഞ രാജാവ്. പക്ഷേ, അന്നത്തെ സന്ധിസംഭാഷണം വിജയിച്ചതിന്റെ ഒരേ കാരണം മരണാസന്നനായ ആ ഇടനിലക്കാരന്റെ പ്രക്ഷീണശരീരത്തിന്റെ സാന്നിധ്യം മാത്രമായിരുന്നു. മൂന്നുമാസങ്ങള്‍ക്കകം രാജാവ് മരിച്ചു.

ഇനിയാണ് ആ ദിവസത്തെ മറക്കാനാവാത്ത ഒന്നാക്കിമാറ്റിയ മണിക്കൂറുകള്‍ വിരിയുന്നത്. തലസ്ഥാനനഗരിയില്‍നിന്നും ഇരുനൂറു കിലോമീറ്റര്‍ ദൂരെയാണ് വാഡി റം മരുഭൂമി. ഹോളിവുഡ് പ്രശസ്തമാക്കിയ അവിടത്തെ ചുവന്ന മണലിന്റെ അനന്തവന്യത കാണാന്‍ തിടുക്കമായിരുന്നു. സാരഥി പറഞ്ഞിരുന്നു വാഡി റമ്മിലെ എന്റെ കാര്യങ്ങള്‍ നോക്കുന്നത് ഒരു ബദുയിന്‍ യുവാവ് ആണെന്ന്. വഴിയിടയില്‍ അയാള്‍ കാറില്‍ കയറി. മെലിഞ്ഞ, ഉയരമുള്ള ശരീരം. തവിട്ടുനിറത്തില്‍ അയഞ്ഞ കുപ്പായം. തലമൂടുന്ന ജോര്‍ദാനിയന്‍ ഷെമാഗ്. മീശപൊടിയാത്ത മുഖം. സ്‌നേഹം തോന്നിപ്പിക്കുംവിധമുള്ള ചിരി. അയാള്‍ മുന്നിലെ സീറ്റിലിരുന്നു. അയാള്‍ എന്നോടായി ചിരിച്ചുകൊണ്ടു പറഞ്ഞു: ''ഞാന്‍ ഔദ''

അമ്മാന്‍-അക്കാബ ഹൈവേയുടെ ഇരുവശവും അരുണാഭമായിരുന്നു. ചുവപ്പിന്റെ വ്യത്യസ്ത ആഴങ്ങളില്‍ പര്‍വതങ്ങള്‍, എണ്ണിയാലൊടുങ്ങാത്ത താഴ്വരകള്‍, മണലിന്റെ നദികള്‍, ഗര്‍ത്തങ്ങള്‍. അറേബ്യന്‍ മരുപ്രദേശത്തിന്റെ പടിഞ്ഞാറന്‍ അറ്റത്തെ ചെമ്മണല്‍ പീഠഭൂമിയാണിത്. ഒരു വാങ്മയത്തിലും പറഞ്ഞോ എഴുതിയോ ഫലിപ്പിക്കാനാകാത്ത മണ്മയം. ദൈവം ആകാശവും ഭൂമിയും ഉണ്ടാക്കുന്നതിനുംമുമ്പേ ഉണ്ടായത് എന്നുതോന്നുമാറുള്ള അചരപുരാതനത്വം. ഞങ്ങളുടെ വണ്ടി മണലിലേക്കു കയറി. ഔദ പറയുന്നുണ്ടായിരുന്നു സൂര്യാസ്തമയത്തിനുമുമ്പേ ജബല്‍ അല്‍ മാംസാറില്‍ ചെല്ലണം എന്ന്... എന്നിട്ട് ഇംഗ്ലീഷില്‍ സ്ഥലനാമം പറഞ്ഞു, പ്ലേഗിന്റെ മലകള്‍.

ഔദ എത്ര പെട്ടെന്നാണ് ഞങ്ങള്‍ക്കുള്ള തമ്പുയര്‍ത്തിയത്. മൂന്നു മെത്തകള്‍ വിരിച്ചു. വണ്ടിയില്‍നിന്നും അത്യുത്സാഹിയായ ആ ചെറുപ്പക്കാരന്‍ ആ വൈകുന്നേരത്തിനും രാത്രിക്കും വേണ്ട എല്ലാ ചേരുവകളും അടുപ്പിക്കുകയായിരുന്നു. അതിനിടയില്‍ അയാള്‍ തീകൂട്ടി ചായ ഉണ്ടാക്കുകയും ചെയ്തു. ഔദ തൊട്ടുമുന്നില്‍ നിവര്‍ന്നുനില്‍ക്കുന്ന ഏഴു തൂണുകള്‍ പോലെയുള്ള മലനിരകളെ നോക്കി പറഞ്ഞു... ഇസ്ലാമിന്റെ വിശ്വാസത്തിന്റെ തൂണുകളാണിവ... അതിനപ്പുറം സൂര്യനസ്തമിക്കുന്നതാണ് വാഡി റമ്മിലെ ഏറ്റവും മനോഹരമായ കാഴ്ച. അസ്തമയത്തിനു മുമ്പുതന്നെ പ്രധാനയിടങ്ങളിലൊക്കെ അയാള്‍ എന്നെ കൊണ്ടുപോയി. അവ വിശദമാക്കാനല്ല ഈ കുറിപ്പ് ഞാന്‍ എഴുതുന്നത്. അതിനാല്‍ അവ മൂന്നുനാലു വാചകങ്ങളില്‍ ചുരുക്കിപ്പറയാം: ന്യൂയോര്‍ക്ക് നഗരത്തിന്റെ വലുപ്പമുള്ള മരുപ്രദേശം. പന്തീരായിരം വര്‍ഷങ്ങള്‍ പഴക്കമുള്ള ശിലാലിഖിതങ്ങള്‍ കണ്ടു. താമൂഡ് വംശീയരുടെ പ്രാചീനലിപിയും ഒട്ടകചിത്രങ്ങളും. 1917-'18 അറബ് കലാപകാലത്ത് ബ്രിട്ടീഷ് സൈനികനും പുരാഗവേഷകനും എഴുത്തുകാരനുമായിരുന്ന തോമസ് എഡ്വേര്‍ഡ് ലോറന്‍സ് എന്ന Lawrence of Arabia യുദ്ധകാലത്ത് താമസിച്ചിരുന്ന ഗുഹയില്‍ കൊണ്ടുപോയി. കുറേയധികം വിചിത്ര പാറക്കെട്ടുകളിലും മലയോരങ്ങളിലും കൊണ്ടുപോയി. അതവിടെ നില്‍ക്കട്ടെ. ആ മരുഭൂമിയില്‍ യാത്രചെയ്ത ഏതു യാത്രികനും എഴുതാവുന്നതേയുള്ളൂ അതൊക്കെ. ഔദ എന്ന സലാബി യുവാവും സുഗതകുമാരിയും കണ്ടുമുട്ടിയ ഒരു വിചിത്രാനുഭവമാണ് പക്ഷേ, എനിക്ക് പറയാനുള്ളത്.

ഔദയുടെ വലത്തെ കണങ്കാലില്‍ ഒരു പാട് ഞാന്‍ കണ്ടു. അത് അയാള്‍ ഉടുത്തിരുന്ന നീളന്‍ ഉടുപ്പിനുകീഴെ കാലില്‍ കണ്ടത് ചങ്ങലപ്പാടുപോലെ എനിക്കുതോന്നി. എന്താണെന്നു ചോദിച്ചില്ല. ജോര്‍ദാനില്‍ തെല്ലുമധുരമുള്ള പെരിഞ്ചീരകം വാറ്റിയെടുക്കുന്ന മദ്യമുണ്ട്. ഔദ അത് വൈകുന്നേരത്തിനുവേണ്ടി സംഘടിപ്പിച്ചിരുന്നു. ജബല്‍ അല്‍-മാംസാറിനെ സൗവര്‍ണമാക്കി അസ്തമയം നടന്നു. ഔദയുടെ തുറന്ന ചിരി എന്നെപ്പോലെ ഒരപരിചിതനെ നിരുപാധികം സ്വീകരിക്കുന്നതായിരുന്നു. അയാള്‍ വീട്ടില്‍നിന്നും തയ്യാറാക്കി കൊണ്ടുവന്നിരുന്ന ആട്ടിറച്ചിയും ശ്രാക് എന്ന നേരിയ റോട്ടിയും പെരിഞ്ചീരകനീരയുമായിരുന്നു ഞങ്ങളുടെ ഭക്ഷണം. അലസമായി ഔദ ഇരുന്നു. സലാബി നാടോടിഗാനങ്ങള്‍ പാടി. കുറെ കഴിഞ്ഞപ്പോള്‍ ഞാന്‍ ചോദിച്ചു: ''ഔദ എന്ന പേരിന് എന്തെങ്കിലും അര്‍ഥമുണ്ടോ?''

''ഔദ അബു തായി എന്നു കേട്ടിട്ടുണ്ടോ? അദ്ദേഹത്തിന്റെ പേരാണ് ബാപ്പ എനിക്കിട്ടത്. ഒന്നാം ലോകയുദ്ധകാലത്തുണ്ടായ അറബ് വിപ്ലവത്തിന്റെ നേതാവ്'', പെട്ടെന്നാണ് ആ യുവാവ് അലസസായാഹ്നത്തെ ഉണര്‍ത്തിയത്. ''നമ്മള്‍ ഇപ്പോള്‍ പോയില്ലേ, ലോറന്‍സ് ഓഫ് അറേബ്യ താമസിച്ച ഗുഹയില്‍. എഡ്വേര്‍ഡ് ലോറന്‍സ് ഔദയെക്കുറിച്ച് പറഞ്ഞത് ഇത്രയും ധൈര്യമുള്ള ഒരു മനുഷ്യനെ കണ്ടിട്ടേയില്ല എന്നാണ്. പക്ഷേ, എന്റെ ബാപ്പ പിന്നീട് കമ്യൂണിസ്റ്റായി. അത് വേറേ കഥ''. മരുഭൂമിയുടെ തെക്കുകിഴക്കേ വാനില്‍ ചന്ദ്രനെ കാണാമായിരുന്നു. ഞങ്ങള്‍ തമ്പില്‍നിന്നു പുറത്തുവന്ന് മണലില്‍ കിടന്നു. ഔദ വിറകുകൂട്ടി തീ കത്തിച്ചിരുന്നു. ചന്ദ്രികയില്‍ വാഡി റം ഏതോ അന്യഗ്രഹംപോലെ തോന്നിച്ചു. വാഡി റം എന്ന വാക്കിന് ചന്ദ്രന്റെ താഴ്വര എന്നാണ് അര്‍ഥം.

ഔദ ഒരു ജോര്‍ദാനിയന്‍ കഥ പറഞ്ഞു തുടങ്ങി: ''ഞങ്ങള്‍ അല്‍ സലാബി എന്ന ജാതിയാണ്. ഈ മരുപ്രദേശത്തുള്ളവര്‍. ഉപ്പാപ്പ ചെറുപ്പത്തിലേ പടിഞ്ഞാറന്‍ ജോര്‍ദാനിലേക്കുപോയി. കൃഷിയായിരുന്നു. 1957-ല്‍ എന്റെ ഉപ്പാപ്പ ജയിലിലായി. 20 കൊല്ലത്തേക്ക്. അന്ന് എന്റെ ബാപ്പായ്ക്ക് 5 വയസ്സ്. ഉപ്പാപ്പ കമ്യൂണിസ്റ്റ് പാര്‍ട്ടി ജോര്‍ദാനിലും പലസ്തീനിലും ഉണ്ടാക്കിയവരുടെ കൂടെയായിരുന്നു. ഉപ്പാപ്പ ഒരിക്കലും തിരിച്ചുവന്നില്ല. 1967-ല്‍ കുടുംബത്തിന് കൃഷിയിടം മുഴുവന്‍ നഷ്ടപ്പെട്ടു, ആ പ്രദേശങ്ങള്‍ വെസ്റ്റ് ബാങ്കിലേക്ക് പോയി. പിന്നെ ബാപ്പ അമ്മാന്‍ പ്രദേശത്ത്, ഗോതമ്പും ബാര്‍ലിയും കൃഷിചെയ്തുപോന്ന ഒരു നിലമുടമയുടെ കൂടെയായി. അക്കാലത്താണ് വിവാഹം. വിവാഹം നടത്തിക്കൊടുത്തത് കമ്യൂണിസ്റ്റുകാരാണ്. എന്റെ ഉമ്മയുടെ ബാപ്പയും ജോര്‍ദാനിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി 1951-ല്‍ ഉണ്ടാക്കുമ്പോള്‍ അതില്‍ അംഗമായിരുന്നു.''

പെരിഞ്ചീരകം വാറ്റിയ ലഹരിയും ചൊവ്വാഗ്രഹംപോലെ തോന്നുന്ന ചുവന്ന പാറക്കെട്ടുകളും മുകളില്‍ ശാരദചന്ദ്രനും ഔദയുടെ രാഷ്ട്രീയകഥനവും ആ രാത്രിയെ അഭൗമമാക്കുകയായിരുന്നു. 1957-ല്‍ ഹുസ്സൈന്‍ രാജാവ് എല്ലാ കമ്യൂണിസ്റ്റുകാരെയും ജയിലിലടച്ചത് ജോര്‍ദാനിലേക്ക് യാത്രപോകുന്നതിനുമുമ്പ് ഡല്‍ഹിയിലിരുന്ന് ഞാന്‍ ചെയ്ത ഗൃഹപാഠമായിരുന്നു. എങ്കിലും ഒരിക്കലും കരുതിയില്ല രാഷ്ട്രീയഭൂതം ആവേശിച്ച ഒരു വര്‍ത്തമാനവുമായി ഒരു ചെറുപ്പക്കാരന്‍ ഈ അന്യദേശത്ത്, മരുഭൂമിയില്‍, രാത്രിയില്‍, എന്നെ നിര്‍നിദ്രനാക്കുമെന്ന്.

''എനിക്ക് പത്തു വയസ്സായപ്പോള്‍മുതല്‍ ബാപ്പയ്ക്ക് മനസ്സിന് സുഖമില്ലാതായി. പണിക്കുപോകില്ല. ഒരു ദിവസം ഇവിടെവന്ന് ഈ ജബല്‍ അല്‍-മാംസാറന്റെ മുകളില്‍നിന്നു ചാടിമരിച്ചു. ബാപ്പയ്ക്ക് വിശ്വാസത്തിന് ഏഴു തൂണുകളൊന്നുമില്ലായിരുന്നു. ഒറ്റ തൂണ്‍. അതില്‍നിന്നാണ് ചാടിമരിച്ചത്''. രാവിലെ റോമാക്ഷേത്രത്തില്‍ കണ്ട തൂണുകള്‍ വീണ്ടും ഓര്‍മയിലേക്കുവന്നു. ഞാന്‍ ഔദയോടു പറഞ്ഞു: ''ഒന്നു നടന്നാലോ?'' നിലാവെളിച്ചത്തില്‍ നിഴലുകള്‍ നെടുതാക്കി ഞങ്ങള്‍ വിശ്വാസത്തിന്റെ തൂണിലേക്കു നടന്നു. ഔദ ഒരു സഹോദരനായിക്കഴിഞ്ഞിരുന്നു. ഞാന്‍ ചോദിച്ചു: ''നിന്റെ കാലിലെ ഈ പാടെന്താണ്?'' ഔദ ഒന്നു നിന്നു. കൊടുങ്കാറ്റ് ഒരു ബിന്ദുവില്‍ കേന്ദ്രീകരിക്കുമ്പോലെ. ഞാന്‍ നാലുകൊല്ലം ചങ്ങലയിലായിരുന്നു. ഭ്രാന്ത്... മുഴുഭ്രാന്ത്. എന്നെ നോക്കിയതു മുഴുവന്‍ ഉമ്മയാണ്. ബാപ്പയെ നോക്കിയതുപോലെത്തന്നെ. ലോകത്തിലെ ഏറ്റവും നല്ല മനുഷ്യന്‍ എന്റെ ഉമ്മയാണ്. ഈ മരുഭൂമി പ്രളയമാക്കാന്‍ മാത്രം അവര്‍ കരഞ്ഞിട്ടുണ്ട്... ആ വൈകുന്നേരത്തിന്റെ ഓര്‍മകള്‍ ഇപ്പോള്‍ വീണ്ടും ഓര്‍ത്തെഴുതുമ്പോള്‍ മനസ്സിലേക്കുവരുന്നത് നാരായണഗുരുവിന്റെ വരികളാണ്: 'അധികവിശാലമരുപ്രദേശമൊന്നായ് നദി പെരുകുന്നതുപോലെ...'

പുലര്‍ച്ചെവരെ ഞങ്ങള്‍ ചന്ദ്രന്റെ താഴ്​വരയില്‍ കഴിഞ്ഞു... രാത്രിയില്‍ ശരത്ച്ഛന്ദ്രന്‍ വാഡി റമ്മിനെ വെളിച്ചത്താല്‍ പുണര്‍ന്നപ്പോള്‍ ഞാന്‍ ഔദയ്ക്ക് സുഗതകുമാരിയുടെ ഒരു കവിത ചൊല്ലിയിട്ട് അര്‍ഥം പറഞ്ഞുകൊടുത്തു:

എന്നെപ്പെറ്റ പെരുംനോവേ
കണ്‍മിഴിച്ച നിശാന്ധതേ
അന്നേരം പെയ്ത മഴതന്‍
മണ്ണുതിര്‍ത്ത സുഗന്ധമേ
കണ്ണി പൊട്ടാതെ പൊട്ടാതെ
പിന്നിലൂടെ വിടാതെ വ-
ന്നെന്നെക്കെട്ടിയിഴയ്ക്കുന്ന
ചങ്ങലപ്പാഴ്കിലുക്കമേ...

..............................

ഇളവെന്നാണെനിക്കെന്നു
നീ പറഞ്ഞു തരേണമേ
അറിവില്ലാനാളില്‍ അമ്മ
തെളിച്ച തിരുനാമമേ ...

Content Highlights: Jordan, S Gopalakrishnan, Sugathakumari