സാഹസികമാര്‍ഗങ്ങളിലൂടെ ശത്രുരാജ്യങ്ങളുടെ രഹസ്യങ്ങള്‍ കണ്ടെത്തുന്ന ചാരനെ ജനപ്രിയനായകനായി അവതരിപ്പിക്കുന്ന നോവല്‍ ലോകത്തിനു നല്‍കിയത് ബ്രിട്ടീഷ് എഴുത്തുകാരന്‍ ഇയാന്‍ ഫ്‌ളെമിങ്ങാണ്. അദ്ദേഹത്തിന്റെ നായകന്‍ ജെയിംസ് ബോണ്ട് പില്‍ക്കാലത്ത് ഇന്റലിജന്‍സ് ഉദ്യോഗസ്ഥരുടെ ആഗോളവാര്‍പ്പുമാതൃകയായിമാറി.
ജോണ്‍ ലെ കാരെ എന്ന തൂലികാനാമത്തില്‍ ചാരന്മാരുടെ കഥകളെഴുതുന്ന ഡേവിഡ് ജോണ്‍ മൂര്‍ കോണ്‍വെല്ലിന്റെ നായകന്മാര്‍ പക്ഷേ, ജെയിംസ് ബോണ്ടിന്റെ വിപരീതരൂപങ്ങളാണ്. അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തനായ നായകന്‍ ജോര്‍ജ് സ്മൈലി അല്പം പൊണ്ണത്തടിയും ഹ്രസ്വദൃഷ്ടിയുമുള്ള മധ്യവയസ്‌കനാണ്. ഒരു നോവലില്‍പ്പോലും അദ്ദേഹം ബോണ്ടിനെപ്പോലെ ശത്രുക്കളുമായി ആയുധങ്ങളുമായി ഏറ്റമുട്ടുന്നത് കാണാനാവില്ല. ആകെ ഒരു നോവലിലാണ് സ്മൈലി ഒരു റിവോള്‍വര്‍ കൈയിലെടുത്തുനോക്കുന്നതുതന്നെ. അപ്പോള്‍പ്പോലും ഒരു മനുഷ്യനുനേരെ തനിക്കത് ഉപയോഗിക്കാനാവുമോ എന്ന ആശങ്കയോടെയാണത് ചെയ്യുന്നതും.
ലെ കാരെയെ വെറുമൊരു പൈങ്കിളി നേവലിസ്റ്റായല്ല, ഇരുപതാം നൂറ്റാണ്ടിലെ പ്രമുഖ ഇംഗ്ലീഷ് സാഹിത്യകാരനായാണ് ലോകം കാണുന്നത്. അദ്ദേഹത്തിന്റെ മരണവാര്‍ത്ത കേട്ടപ്പോള്‍ 'ലെ കാരെ ഒരു നോവലിസ്റ്റ് മാത്രമല്ല മഹാനായ ദാര്‍ശനികന്‍ കൂടിയാണ്' എന്ന് ബ്രസീലിയന്‍ നോവലിസ്റ്റ് പൗലോ കോയ്ലോ പ്രതികരിച്ചത് അതുകൊണ്ടാണ്.
രണ്ടാം ലോകയുദ്ധാനന്തര ലോകത്തിലെ ശീതയുദ്ധത്തിന്റെ മൂര്‍ധന്യകാലത്ത്, 1950-കള്‍ മുതല്‍ 1960-കള്‍ വരെയുള്ള സമയത്ത് ലെ കാരെ ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജന്‍സികളായ എംഐ-5-ലും എംഐ-6-ലും ഉദ്യോഗസ്ഥനായിരുന്നു. ആ ജോലിക്കിടയില്‍ ലഭിച്ച അനുഭവപരിജ്ഞാനം തന്നെയാണ് നോവലുകള്‍ക്കുവേണ്ട അസംസ്‌കൃതവിഭവമായി ഉപയോഗിച്ചത്. രഹസ്യാന്വേഷണ ഉദ്യോഗസ്ഥനായി ജോലിചെയ്യുന്ന കാലത്ത് സ്വന്തം പേരില്‍ നോവലെഴുതാന്‍ പറ്റില്ലാത്തതിനാലാണ് ഡേവിഡ് കോണ്‍വെല്‍ ജോണ്‍ ലെ കാരെയെന്ന തൂലികാനാമത്തില്‍ എഴുതാന്‍ തുടങ്ങിയതും. ആദ്യത്തെ രണ്ടു നോവലുകള്‍ -കാള്‍ ഫോര്‍ ദ ഡെഡും എ മര്‍ഡര്‍ ഓഫ് ക്വാളിറ്റിയും ചാരപ്രവര്‍ത്തനത്തെപ്പറ്റിയുള്ള കഥകളായിരുന്നില്ല, സാധാരണ കുറ്റാന്വേഷണ നോവലുകളായിരുന്നു. 1963-ല്‍ പുറത്തുവന്ന എ സ്പൈ ഹൂ കെയിം ഇന്‍ ഫ്രം ദ കോള്‍ഡ് ആയിരുന്നു അദ്ദേഹം എഴുതിയ ആദ്യത്തെ ചാരപ്രവര്‍ത്തനം സംബന്ധിച്ച നോവല്‍. അത് ആ വര്‍ഷത്തെ അന്തര്‍ദേശീയ ബെസ്റ്റ് സെല്ലറായിമാറി. വിപണിയില്‍ വിജയിച്ചു എന്നു മാത്രമല്ല അത് വലിയ നിരൂപകപ്രശംസയും നേടി. ആ നോവലിന്റെ വിജയമാണ് ഉദ്യോഗം ഉപേക്ഷിച്ച് മുഴുവന്‍സമയ എഴുത്തുകാരനായി ജീവക്കാം എന്ന തീരുമാനമെടുക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്.
ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജന്‍സിയുടെ തലപ്പത്തെത്തിയ സോവിയറ്റ് ഡബിള്‍ ഏജന്റ് (ഒരു രാജ്യത്തിന്റെ രഹസ്യാന്വേഷണ ഉദ്യോഗസ്ഥനായി അഭിനയിച്ചുകൊണ്ട് ശത്രുരാജ്യത്തിന് വിവരങ്ങള്‍ നല്‍കുന്ന വ്യക്തി) കിം ഫില്‍ബിയെ പിടികൂടുന്നതിനെപ്പറ്റിയുള്ള ടിങ്കര്‍ ടെയ്ലര്‍ സോള്‍ജര്‍ സ്പൈ ആയിരുന്നു അദ്ദേഹത്തിന്റെ അടുത്ത പ്രധാന നോവല്‍. അതും അന്തര്‍ദേശീയ ബെസ്റ്റ്സെല്ലറായിരുന്നു. ഇതിന്റെ തുടര്‍ച്ചയായിവന്ന ദ ഓണറബിള്‍ സ്‌കൂള്‍ ബോയ്,സ്മൈലീസ് പീപ്പിള്‍ എന്നീ രണ്ട് നോവലുകളും ബെസ്റ്റ് സെല്ലറുകളായിമാറി. ഇവയിലെല്ലാം സോവിയറ്റ് യൂണിയനുമായി രഹസ്യാന്വേഷണരംഗത്ത് ബ്രിട്ടന്റെ യുദ്ധമായിരുന്നു ഇതിവൃത്തം. സോവിയറ്റ് യൂണിയനും അവരുടെ രഹസ്യാന്വേഷണ ഏജന്‍സിയായ കെ.ജി.ബി.യും 1991-ല്‍ ഇല്ലാതായി. അതിനും രണ്ടുവര്‍ഷം മുമ്പുതന്നെ ഇതിന്റെ സൂചനകള്‍ നല്‍കുന്ന നോവലായ റഷ്യ ഹൗസ്, ലെ കാരെ എഴുതി.
സാധാരണ ജനപ്രിയനോവലുകളില്‍ നായകന്റെ രാജ്യം നന്മകള്‍ മാത്രവും ശത്രുവും അവന്റെ രാജ്യവും തിന്മകള്‍ മാത്രവുമായിരിക്കും ചെയ്യുക. പക്ഷേ, ലെ കാരെയുടെ നോവലുകളില്‍ കഥ അങ്ങനെയല്ല. അദ്ദേഹത്തിന്റെ നോവലുകളിലെ നായകന്മാര്‍ പലപ്പോഴും സ്വന്തം പക്ഷത്തിന്റെ പ്രവൃത്തികളിലെ അധാര്‍മികതകളെപ്പറ്റി വേവലാതിപ്പെടുന്നവരാണ്.
മറ്റ് പല എഴുത്തുകാരില്‍നിന്നും വിഭിന്നമായി വ്യക്തമായ രാഷ്ട്രീയനിലപാടുകളുള്ള മനുഷ്യനായിരുന്നു ലെ കാരെ. സല്‍മാന്‍ റുഷ്ദി സാറ്റാനിക് വേഴ്സസ് എഴുതിയപ്പോള്‍ ഒരു മഹത്തായ മതത്തെ അവഹേളിക്കുന്ന വൃത്തികെട്ട പണിയാണ് റുഷ്ദി ചെയ്തതെന്ന് തുറന്നടിക്കാന്‍ അദ്ദേഹം മടിച്ചില്ല. 2003-ല്‍ അമേരിക്ക ഇറാഖ് യുദ്ധം ആരംഭിച്ചപ്പോള്‍ ഒസാമ ബിന്‍ലാദന് തന്റെ ഏറ്റവും ഹീനമായ സ്വപ്നത്തില്‍പ്പോലും സാധിക്കുമെന്ന് പ്രതീക്ഷിക്കാന്‍പറ്റാത്ത കാര്യമാണ് ബുഷ് ചെയ്തുകൊടുത്തതെന്ന് അദ്ദേഹം എഴുതി. ഏറ്റവും ഒടുവിലത്തെ നോവലായ ഏജന്റ് റണ്ണിങ് ഇന്‍ ദ ഫീല്‍ഡിലെ കഥാപാത്രങ്ങള്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുതിനെ വെറും അഞ്ചാംകിട ചാരന്‍ എന്നും ഡൊണാള്‍ഡ് ട്രംപിനെ പുതിന്റെ കക്കൂസ് കഴുകുന്നവന്‍ എന്നുമൊക്കെയാണ് വിശേഷിപ്പിക്കുന്നത്.
Content Highlights: John le Carré, Best-Selling Author of Cold War Thrillers