ഇന്ത്യകണ്ട പ്രഗല്ഭനായ ഒരു സിനിമാ ശബ്ദലേഖകന്റെ ഓര്‍മക്കുറിപ്പാണിത്. താന്‍ അടുത്തു പരിചയിച്ച ജോണ്‍ എബ്രഹാമിന്റെ ചിത്രമാണ് അദ്ദേഹം ഇവിടെ കുറിച്ചിടുന്നത്. സുഹൃത്തിന്റെ വാക്കുകളില്‍ ജോണ്‍ വീണ്ടും ഉയിര്‍ക്കുന്നു

രു പക്ഷേ, മലയാള സമാന്തരചലച്ചിത്ര മേഖലയ്ക്കു സംഭവിച്ച ഏറ്റവും വലിയ നഷ്ടം ജോണ്‍ എബ്രഹാമിന്റെ വേര്‍പാട് ആയിരുന്നു എന്നു പറയാം. സിനിമയിലെ, പറഞ്ഞുെവച്ച വഴികളിലൂടെ അല്ലാതെ, വേറിട്ട വഴികളിലൂടെ സഞ്ചരിക്കാന്‍ ശ്രമിച്ച ഒരാള്‍. ഇന്നും ജോണിനെപ്പറ്റി ഓര്‍ക്കുമ്പോള്‍ മനസ്സില്‍ ഒരു നീറ്റല്‍ ആണ്. ഇങ്ങനെ ആയിരുന്നോ അദ്ദേഹം വിരമിക്കേണ്ടിയിരുന്നത്. എന്തുകൊണ്ട് ഇങ്ങനെയെല്ലാം സംഭവിച്ചു?

പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വെച്ചാണു ഞാന്‍ ജോണിനെ പരിചയപ്പെടുന്നത്. ഞാന്‍ അവിടെ ചേര്‍ന്ന് ഒരാഴ്ചയോ മറ്റോ ആയിട്ടേയുള്ളൂ. ഒരു ദിവസം രാവിലെ ഒരു പത്തു മണിയായിക്കാണും മുറിയുടെ വാതില്‍ക്കല്‍ ഒരു മുട്ട്. തുറന്നു നോക്കിയപ്പോള്‍ തികച്ചും ഒരു അവധൂതനെപ്പോലൊരാള്‍. ഞാന്‍ എന്തെങ്കിലും പറയുന്നതിനു മുന്‍പ് അയാള്‍ പറഞ്ഞു: ''നീ എന്റെ കൂടെ വാ'', എന്റെ റൂം മേറ്റായിരുന്ന, കെ.കെ. ചന്ദ്രന്‍, ശബ്ദംകേട്ട് അപ്പോഴാണുര്‍ന്നത്.

''ഇതാരു ജോണൊ? എപ്പെത്തി?''-ചന്ദ്രന്‍ ചോദിച്ചു. ചന്ദ്രന്‍ അദ്ദേഹത്തെ നേരത്തേ എവിടേയോെവച്ചു പരിചയപ്പെട്ടിട്ടുണ്ടായിരുന്നു എന്നു തോന്നുന്നു.

''ഉണ്ണിക്കു ജ്യോണ്‍ അബ്രഹാമിനെ അറിയില്ലേ'' -ചന്ദ്രന്‍ എന്നോടു ചോദിച്ചു. ''ധാരാളം കേട്ടിട്ടുണ്ട്. പരിചയപ്പെടാന്‍ അവസരം ഉണ്ടായിട്ടില്ല'' -ഞാന്‍ പറഞ്ഞു.

''നീ എന്താണു എന്നെക്കുറിച്ചു കേട്ടത്, പറ'' -എന്നായി ജോണ്‍. ഞാന്‍ എന്തു പറയാനാണ്. പലതും കേട്ടിട്ടുണ്ട്. പക്ഷേ, അതൊന്നും മുഖത്തുനോക്കി പറയാനുള്ള ധൈര്യം ഒന്നും എനിക്കന്നും ഇല്ല.

ഞാന്‍ ഒന്നും പറയാനാവാതെ നിന്നപ്പോള്‍ കാര്യം പിടികിട്ടിയപോലെ ജോണ്‍ പറഞ്ഞു: ''കുഴപ്പം ഇല്ല. ഐ ഡോണ്ട് കേര്‍. നീ വാ.''

എങ്ങോട്ടേക്ക് എന്നറിയാതെ ഞാന്‍ അദ്ദേഹത്തിന്റെ കൂടെ നടപ്പു തുടങ്ങി. ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഗേറ്റ് കടന്നു പുറത്തേക്ക്. ഏകദേശം രണ്ടു കിലോമീറ്റര്‍ നടന്നപ്പോള്‍ ഒരു ചേരിപ്രദേശത്തെത്തി. അവിടെ ഒരു കുടിലിനുമുന്നില്‍ നിന്ന ജോണ്‍ അവരോട് മറാത്തിയില്‍ എന്തോ പറഞ്ഞു. കൈയില്‍ ഒരു ഗ്ലാസ് നിറയെ മദ്യമായി ഒരാള്‍ പുറത്തുവന്നു. ''നിനക്കു വേണൊ?'' -ജോണ്‍ എന്നോടു ചോദിച്ചു.

''വേണ്ട'' ഞാന്‍ പറഞ്ഞു.

''നീ കഴിക്കില്ലെന്നു കണ്ടാലേ അറിയാം. നീ ഒരമ്പത് പൈസ കൊട്, ഭാഗ്യത്തിന് എന്റെ കൈയില്‍ അമ്പതു പൈസ ഉണ്ടായിരുന്നു. അതു ഞാന്‍ അയാള്‍ക്കു കൊടുത്തു. ''ഇനി നീ പൊയ്ക്കൊ. ഇതൊരു റാഗിങ്ങായി കണക്കാക്കിയാല്‍ മതി''.

''ശരി'' എന്നും പറഞ്ഞു ഞാന്‍ തിരിച്ചു നടന്നു.

എത്ര വലിയ ഒരു കലാകാരനെയാണ്, കഥാകൃത്തിനെയാണ് അതിബുദ്ധിശാലിയെയാണ് അന്നു ഞാന്‍ പരിചയപ്പെട്ടതെന്നു എനിക്കു പിന്നീടാണു മനസ്സിലായത്.

കുറച്ചുദിവസം ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചെലവഴിച്ചശേഷം അദ്ദേഹം ചെന്നൈയിലേക്കു മടങ്ങി എന്നറിഞ്ഞു. അതിനിടയില്‍ ഒന്നുരണ്ടു വട്ടം നേരില്‍ കാണുകയും പരിചയം പുതുക്കുകയും ചെയ്തു.

പിന്നീടു വളരെക്കാലം കഴിഞ്ഞു, ചിത്രാഞ്ജലി സ്റ്റുഡിയോയില്‍വെച്ചാണു ഞങ്ങള്‍ വീണ്ടും കാണുന്നത്. തെയ്യത്തെ കുറിച്ചുള്ള ഒരു ഡോക്യുമെന്ററിയുമായാണ് അദ്ദേഹം വരുന്നത്. ദേവദാസിനോട് സംസാരിച്ച ശേഷം എന്നോടു പറഞ്ഞു: ''ദാസിനു മറ്റു പടങ്ങളുടെ തിരക്കുണ്ട്. നീ ഇതു മിക്സ് ചെയ്തു തരണം.''

അങ്ങനെ ഞാന്‍ ആ ഡോക്യുമെന്ററി മിക്‌സ് ചെയ്യാന്‍ തയ്യാറായി. അദ്ഭുതം എന്നു പറയട്ടെ ആ പടത്തിന്റെ എല്ലാ സൗണ്ട് ട്രാക്കുകളും അദ്ദേഹത്തിന്റെ കൈവശം ഉണ്ടായിരുന്നു. അത്രയ്ക്കു വെല്‍ പ്രിപ്പേര്‍ഡ് ആയിട്ടാണു അദ്ദേഹം വന്നത്. ആ മിക്‌സിങ് എനിക്കൊരു പഠനം കൂടിയായിരുന്നു. പല തരം തെയ്യത്തെ കുറിച്ചുള്ള വിശേഷങ്ങള്‍ ജോണ്‍ എബ്രഹാം ഇടയ്ക്കിടയ്ക്കു വിവരിക്കും. ഷൂട്ടിങ് സമയത്തുണ്ടായ പല രസകരമായ അനുഭവങ്ങളും പറഞ്ഞു ഞങ്ങളെ രസിപ്പിക്കും. അദ്ദേഹത്തിന്റെ നര്‍മം പ്രസിദ്ധമാണല്ലോ. ഒരുപക്ഷേ, പവിത്രനു മാത്രമേ അത്രയ്ക്കു നര്‍മബോധം ഉണ്ടായിരുന്നുള്ളൂ.

ഓരോ ശബ്ദരേഖയും എങ്ങനെ വിന്യസിക്കണം എന്ന് അദ്ദേഹത്തിനു നല്ല ഉറപ്പുണ്ടായിരുന്നു. അദ്ദേഹം ഉദ്ദേശിച്ച റിസള്‍ട്ട് കിട്ടുമ്പോള്‍ അനുമോദിക്കാനും പലപ്പോഴും ഒരു പൊട്ടിച്ചിരിയിലൂടെ തന്റെ സന്തോഷം അറിയിക്കാനും മറന്നില്ല. എന്തായാലും വളരെ സന്തുഷ്ടി പ്രദാനം ചെയ്ത ഒരു ജോലിയായിരുന്നു അത്. അതുകഴിഞ്ഞു വര്‍ഷങ്ങള്‍ക്കു ശേഷമാണ് പിന്നീടു അദ്ദേഹം റെക്കോഡിങ് സ്റ്റുഡിയോയില്‍ വരുന്നത്. പലപ്പോഴും മറ്റു പല ആവശ്യങ്ങള്‍ക്കുമായി സ്റ്റുഡിയോ സന്ദര്‍ശിക്കുമായിരുന്നെങ്കിലും ശബ്ദലേഖനത്തിനായി വരുന്നത് പിന്നീടാണ്.

അത് അദ്ദേഹത്തിന്റെ 'അമ്മ അറിയാന്‍' എന്ന പടത്തിന്റെ ശബ്ദലേഖനത്തിനു വേണ്ടി. ഞാന്‍ എന്തോ ജോലിയിലായിരുന്നപ്പോഴാണു ജോണിന്റെ ''ഉണ്ണി'' എന്ന വിളി പിന്നില്‍ നിന്നു കേള്‍ക്കുന്നത്, സ്റ്റുഡിയോയിലെ ഉപകരണങ്ങളുടെ എന്തോ പ്രശ്‌നം പരിഹരിക്കാന്‍ ഉപകരണങ്ങളുടെ പിന്നില്‍ നില്‍ക്കുകയായിരുന്നു ഞാന്‍. വിളികേട്ടപ്പോള്‍ത്തന്നെ എനിക്കു മനസ്സിലായി ആ ശബ്ദം ജോണിന്റെ തന്നെ എന്ന്. തിരിഞ്ഞു നോക്കിയപ്പോള്‍ ഉണ്ട് അദ്ദേഹം തൊട്ടുമുന്നില്‍. ''എന്താ കാര്യം, ജോണ്‍?'' എന്നു ചോദിച്ചു.

ഞാന്‍ ''കുറച്ച് കാര്യമുണ്ട്. നീ വാ'' ജോണ്‍ മദ്യത്തിന്റെ മണം അവിടെയെല്ലാം ഒഴുകി നടക്കുന്നുണ്ട്. മറ്റുള്ള സ്റ്റാഫ് എല്ലാം സോഷ്യല്‍ ഡിസ്റ്റന്‍സിങ് പാലിച്ചു ദൂരെയും.

''പറയൂ'' - എന്ന് ഞാന്‍

എടാ, ഞാന്‍ ഒരു പടം എടുത്തിട്ടുണ്ട്. അതിന്റെ ശബ്ദലേഖനം നീ ചെയ്തു തരണം.''

''അതിനെന്താ. ഒരു പ്രശ്‌നവുമില്ല. പടം കൊണ്ടുവരൂ.'' -ഞാന്‍ പറഞ്ഞു.

''പക്ഷേ, ഒരു കാര്യം. ഇതില്‍ ഡയലോഗുകള്‍ എല്ലാം, ഞാന്‍ കഴിയുന്നതും അഭിനേതാക്കളുടെ മുഖം കാണിക്കാതെയാണ് എടുത്തിരിക്കുന്നത്. കാരണം അല്ലെങ്കില്‍ ഡബ്ബ് ചെയ്യുമ്പോള്‍ സിംക്രണൈസേഷന്‍ വലിയ വിഷമം ആയിരിക്കുമ?േല്ലാ. എല്ലാം പുതുമുഖ അഭിനേതാക്കളാണ്. അതുകൊണ്ടു നിനക്കു ജോലി എളുപ്പം ആയിരിക്കും.'' ജോണ്‍ ഇതു പറഞ്ഞപ്പോള്‍ത്തന്നെ എനിക്ക് മനസ്സിലായി അതു ഒരു തമാശയാണെന്ന്. ഞാന്‍ ഒരു ചിരിയില്‍ മറുപടി ഒതുക്കി. അതോ എന്നെ കളിയാക്കിയതോ? പരിഹാസം അദ്ദേഹത്തിനു നന്നായി വഴങ്ങിയിരുന്നു.

അധികം താമസിയാതെ അദ്ദേഹം വീണ്ടും വന്നു. ഡബ്ബിങ്ങിനായി. കോഴിക്കോട് നിന്നു ബൈക്കിലാണത്രേ വന്നത്. എനിക്ക് അദ്ഭുതം തോന്നി. കോഴിക്കോട് നിന്നു തിരുവനന്തപുരം വരെ ബൈക്കിലോ? കൂടെ ഉണ്ടായിരുന്ന ശോഭീന്ദ്രന്‍ മാഷ് പറഞ്ഞപ്പോള്‍ ആണ് വിശ്വാസമായത്, അവര്‍ രണ്ടുപേരും കൂടിയാണുപോലും വന്നത്. വഴിയില്‍ പലയിടത്തു ഇറങ്ങി 'റിഫ്രെഷ്' ചെയ്തിരുന്നു എന്നും പറഞ്ഞു.

എന്തായാലും അടുത്ത ദിവസം തന്നെ ഡബ്ബിങ് തുടങ്ങി. ഓരോ സംഭാഷണവും അദ്ദേഹത്തിനു കാണാപ്പാഠമായിരുന്നു. ഡബ്ബിങ് തുടങ്ങിയ ആദ്യദിവസം തന്നെ ഇടയ്ക്കിടയ്ക്കു ജോണ്‍ അപ്രത്യക്ഷ നാവുമായിരുന്നു. അക്കാലത്ത്, പല പടങ്ങള്‍ക്കും സംവിധായകന്‍ ചിലപ്പോള്‍ ഡബ്ബിങ്ങിനു വന്നില്ലെന്നു വരും. അയാള്‍ അയാളുടെ അടുത്ത പടത്തിന്റെ വര്‍ക്കിലോ അല്ലെങ്കില്‍ അടുത്ത പടത്തിന്റെ സ്‌ക്രിപ്റ്റ് ഡിസ്‌കഷനിലോ മറ്റോ ആയിരിക്കും. അതു ഞങ്ങള്‍ക്കു പുത്തരിയല്ല. സംവിധാന സഹായികള്‍ പലപ്പോഴും ഡബ്ബിങ് വളരെ നന്നായി നിര്‍വഹിക്കുന്നവരുമായിരുന്നു. പക്ഷേ, ജോണിന്റെ പടം ആ ഗണത്തില്‍ പെട്ടതല്ല. സഹസംവിധായകര്‍ അത്രയ്ക്കു പ്രവൃത്തിപരിചയം ഉള്ളവരുമല്ല. അതു കൊണ്ട് ഞാന്‍, റെക്കോഡ് ചെയ്ത സംഭാഷണം ഓക്കെ ആണോ എന്നറിയാന്‍ ജോണിനെ പ്രതീക്ഷിച്ചു കൊണ്ടിരുന്നു. എന്റെ പിറകിലത്തെ സീറ്റിലാണ് അദ്ദേഹം സാധാരണ ഇരിക്കാറ്. ടേക്ക് എടുത്തു തിരിഞ്ഞു നോക്കുമ്പോള്‍ പലപ്പോഴും ആ കസേര കാലി. എന്തായാലും ജോലി തുടര്‍ന്നു കൊണ്ടേയിരുന്നു. ഇടയ്ക്കു പ്രത്യക്ഷപ്പെടുമ്പോള്‍ നല്ല ലഹരിയില്‍. അപ്പോള്‍ എടുത്ത ടേക്ക് കേള്‍പ്പിച്ചു കൊടുത്താല്‍ ആ ലഹരിയിലും അദ്ദേഹം അതു ഓകെ എന്നോ എന്‍.ജി. എന്നോ കണിശമായി പറയുമായിരുന്നു.

ഇദ്ദേഹം മദ്യം എവിടെന്നു സംഘടിപ്പിക്കുന്നു എന്ന് ഞങ്ങള്‍ക്ക് അദ്ഭുതം തോന്നാറുണ്ട്. അപ്പോഴാണറിഞ്ഞത് ചിത്രാഞ്ജലിയുടെ വേലിക്കു തൊട്ടുപുറത്ത് ഒരു പുതിയ ചാരായക്കട തുറന്ന കാര്യം. ജോണ്‍ ഇവിടെ വരുന്ന കാര്യം ആ കടയുടമസ്ഥന്‍ എങ്ങനെ മനസ്സിലാക്കി എന്നു ഞങ്ങള്‍ അദ്ഭുതത്തോടെ പരസ്പരം ചോദിക്കാറുണ്ടായിരുന്നു.

പക്ഷേ, ഡബ്ബിങ് കഴിഞ്ഞ് എഡിറ്റിങ്ങില്‍ കയറിയപ്പോള്‍ അദ്ദേഹം ആകെ മാറി. സിനിമ ഉണ്ടാവുന്നത് എഡിറ്റിങ് ടേബിളില്‍ നിന്നാണല്ലോ. അത് അദ്ദേഹത്തിനു നന്നായി അറിയാം. എല്ലാ ലഹരികളും നിര്‍ത്തിവെച്ച് അദ്ദേഹം എഡിറ്റിങ്ങില്‍ മുഴുകി. പിന്നീട് സൗണ്ട് മിക്‌സിങ് കഴിയുന്നതുവരെ ലഹരിമുക്തനായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ മരുമകള്‍ തന്നെ ആയിരുന്നു സിനിമയിലെ സംഗീത സംവിധാനം. ജോണ്‍ അവരെ എനിക്കു പരിചയപ്പെടുത്തിയ രീതി ഞാന്‍ ഇന്നും മറന്നിട്ടില്ല.

ജോണ്‍: ''ഇതാണു ഈ പടത്തിന്റെ ശബ്ദലേഖകന്‍. കൃഷ്ണനുണ്ണി. എഫ്.ടി.ഐ.ഐ. ആണ്. മുടിമുഴുവന്‍ വെള്ളയാണ്. അവന്‍ ചായം തേച്ചു വന്നിരിക്കയാ.''

ജോണ്‍ അബ്രഹാമിനെ അറിയുന്നത് കൊണ്ട് ഞാനും അവരും പുഞ്ചിരിച്ചു. ഒരു തരം നാട്യവും അദ്ദേഹം ഇഷ്ടപ്പെടുന്നില്ല. പക്ഷേ, എന്റെ മുഴുവന്‍ നരച്ച മുടി പുറത്തുകാണിക്കാന്‍ അന്ന് എനിക്കാവില്ലായിരുന്നു. എനിക്ക് മുപ്പത്താറു വയസ്സാണ്.

സൗണ്ട് മിക്‌സിങ് ശബ്ദലേഖകന്റെ മാത്രം കലയല്ല. സംവിധായകന്റേതു കൂടിയാണ്. ഇന്നു പല സംവിധായകരും മിക്‌സിങ് അറ്റന്‍ഡ് ചെയ്യാറില്ല എന്നു പറഞ്ഞു കേട്ടിട്ടുണ്ട്. അതു ശബ്ദമിശ്രണം ചെയ്യുന്ന എന്‍ജിനിയറുടെ മാത്രം ജോലിയാണെന്നു ധരിച്ച്, പക്ഷേ, അന്നത്തെക്കാലത്ത് അതു ഒരിക്കലും സംഭവിച്ചിരുന്നില്ല. സംവിധായകന്‍ ഇല്ലാതെ ഞങ്ങള്‍ ഒരു സീന്‍പോലും മിക്‌സ് ചെയ്യില്ലായിരുന്നു. കാരണം മിക്‌സിങ് എന്നാല്‍, അന്ന് ആ സിനിമയുടെ സൃഷ്ടിയില്‍ സര്‍ഗാത്മകമായി ഇടപെടാനുള്ള അവസാന ചവിട്ടുപടിയായിരുന്നു. ഇന്ന് അങ്ങനെയല്ല. സാങ്കേതികവിദ്യ എന്തും എപ്പോഴും ചെയ്യാം എന്ന നില വന്നിരിക്കുന്നു.

ഏതായാലും 'അമ്മ അറിയാന്‍' എന്ന സിനിമയുടെ ശബ്ദമിശ്രണം എനിക്കു ഒരു പഠനം കൂടിയായിരുന്നു. നിശ്ശബ്ദതയെ ഇത്രയധികം ക്രിയാത്മകമായി ഉപയോഗിച്ച മലയാളം പടങ്ങള്‍ കുറവാണ്. അന്ന് കൂടുതല്‍ ശബ്ദരേഖകള്‍ വിന്യസിക്കാനുള്ള സാങ്കേതികവിദ്യ ഇല്ലായിരുന്നു എന്നതും ഒരു കാരണം ആയിരിക്കാം. ഒരോ സീന്‍ മിക്‌സ് ചെയ്യുമ്പോഴും ജോണ്‍ എന്റെ അടുത്തിരുന്ന് അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ പറയുമായിരുന്നു. എന്റെ അഭിപ്രായങ്ങളെ പരിപൂര്‍ണമായും മാനിച്ചുകൊണ്ടുതന്നെ.

ഏതായാലും പറഞ്ഞ സമയത്തുതന്നെ പടം പൂര്‍ത്തിയായി.

'അമ്മ അറിയാ'ന്റെ ആദ്യത്തെ പ്രിന്റ് കാണാന്‍ ജോണിന്റെ കുറച്ച് സുഹൃത്തുക്കളും ഉണ്ടായിരുന്നു. എല്ലാവര്‍ക്കും പടം നന്നായി ഇഷ്ടപ്പെട്ടു. അതിന്റെ ആഘോഷങ്ങളും തുടങ്ങി. ആ ആഘോഷങ്ങള്‍ അവസാനിച്ചത് കോഴിക്കോട്ടുവെച്ച് ജോണ്‍ എബ്രഹാമിന്റെ മരണത്തിലായിരുന്നു.

മൊൈബല്‍ഫോണ്‍ ഒന്നും ഇല്ലാതിരുന്ന അക്കാലത്ത് രാവിലെ പത്രത്തില്‍ നിന്നാണ് ആ വാര്‍ത്ത അറിഞ്ഞത്. ജോണ്‍ എബ്രഹാം നമ്മെ വിട്ടുപോയെന്ന്. എന്തൊരു ജീവിതം... എന്തൊരന്ത്യം...

ജോണ്‍ എബ്രഹാമിന്റെ കഥകള്‍ വാങ്ങാം

Content Highlights: John Abraham memory T Krishnanunni