വിഖ്യാത ഇന്ത്യന്‍ നോവലിസ്റ്റ് അമൃതാപ്രീതത്തിന്റെ ആത്മകഥയുടെ രണ്ടാം ഭാഗമാണ് 'അക്ഷരങ്ങളുടെ നിഴലില്‍'. യാഥാര്‍ഥ്യവും ഫാന്റസിയും ഇടകലര്‍ന്ന് പരക്കുന്നു ഈ രചനയില്‍. അതില്‍നിന്നുള്ള ചില ഭാഗങ്ങളാണിത്
എന്റെ ജനനസമയത്ത് വീടിന്റെ ചുമരുകളിലാകെ മരണത്തിന്റെ നിഴല്‍ വ്യാപിച്ചിരുന്നു. എനിക്കു കഷ്ടിച്ച് മൂന്നു വയസ്സാകുമ്പോഴേക്ക് മുട്ടുകുത്തി നടക്കാന്‍ മാത്രം പ്രായമുണ്ടായിരുന്ന അനിയന്‍ മരിച്ചു. എനിക്കു പതിനൊന്നു വയസ്സു തികയുന്നതിനുമുമ്പ് അമ്മയും. ഏറെത്താമസിയാതെ എന്റെ കൈയില്‍ പേന പിടിപ്പിച്ച അച്ഛനും മണ്മറഞ്ഞു... എന്റേതെന്നു പറയാന്‍ ആരുമില്ലാതെ ഈ ലോകത്ത് ഞാന്‍ ഒറ്റയ്ക്കായി. ഈ ഭൂമിയില്‍ എന്റെ കൂടെയുണ്ടാവാനായിരുന്നില്ലെങ്കില്‍ പിന്നെന്തിനാണ് എനിക്കൊരു സഹോദരനെ തന്നതെന്ന് എനിക്കൊരിക്കലും മനസ്സിലായില്ല. ഒരുപക്ഷേ, അബദ്ധത്തില്‍ അവനെ പെട്ടെന്ന് തിരിച്ചുവിളിച്ചതാവാം. എത്രയോ വഴിപാടുകള്‍ നേര്‍ന്നിട്ടാണ് അമ്മയ്ക്ക് എന്നെ കിട്ടിയതെന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. ഇങ്ങനെ നേര്‍ച്ച നേര്‍ന്ന് സ്വന്തമാക്കിയിട്ട് അമ്മയ്ക്ക് എന്തു നേട്ടമുണ്ടായെന്നും മനസ്സിലായില്ല. ഇത്ര പെട്ടെന്ന് ഭൂമിയില്‍ ഒറ്റയ്ക്കാക്കി പോകാനായിരുന്നെങ്കില്‍ എന്തിനാണ് സ്വന്തമാക്കിയത്? അമ്മയുടെ ഗര്‍ഭപാത്രത്തില്‍നിന്ന് ഒരു തീജ്ജ്വാല കണക്കേ ഞാന്‍ പിറന്നുവീണപ്പോള്‍ ഏതോ നിഴല്‍ എന്നെ പുകപിടിച്ചൊരു കഷായം കുടിപ്പിച്ചിരിക്കണം. ഏറെക്കാലം കഴിഞ്ഞ് ഉല്‍ക്ക എന്ന് വാക്കു കേട്ടപ്പോള്‍ എനിക്കു തോന്നി- സൂര്യന്റെ സമീപത്തുള്ള ഉല്‍ക്കസമൂഹത്തില്‍നിന്ന് വേര്‍പെട്ട് തീജ്ജ്വാലകണക്കേ താഴെവീണ ഉല്‍ക്കയാണ് ഞാന്‍. ഈ ജ്വാല അണയുംവരെ ജീവിച്ചേ മതിയാവൂ.
കുട്ടിക്കാലത്ത് സന്ധ്യാവേളകളില്‍ ജനലിനരികില്‍ ചെന്നുനിന്ന് വിറയാര്‍ന്ന ചുണ്ടുകളാല്‍ ഞാന്‍ എന്നെത്തന്നെ വിളിക്കാറുണ്ടായിരുന്നു: അമൃതാ, എന്റടുത്തേക്കു വാ... ജനലിലൂടെ ആകാശത്തേക്കു നോക്കുമ്പോള്‍ ധാരാളം പക്ഷികള്‍ പറന്നകലുന്നത് കാണാമായിരുന്നു. സ്വന്തം കൂടുകളിലേക്കു മടങ്ങിപ്പോകുന്ന പക്ഷികള്‍. അതു കാണുമ്പോള്‍ ചുണ്ടുകള്‍ താനേ മന്ത്രിക്കും: അമൃതാ, എന്റടുത്തേക്കു വാ... മനസ്സെന്ന പക്ഷി എങ്ങോ പറന്നുപോയിരിക്കുന്നു. സന്ധ്യമയങ്ങുമ്പോള്‍ തിരിച്ചുവരേണ്ടതാണ്, സ്വന്തം കൂട്ടിലേക്ക്-വീട്ടിലേക്ക്-എന്റടുത്തേക്ക്... അങ്ങനെ ജനലരികില്‍ നില്‍ക്കുമ്പോള്‍ മനസ്സില്‍ കവിത തോന്നി. ഒരുപക്ഷേ, കടലാസിലേക്കു പകര്‍ത്തിയിരിക്കാം. പക്ഷേ, ആ കടലാസെവിടെ വെച്ചെന്ന് ഓര്‍മയില്ല. എങ്കിലും ഒരു വരി ചുണ്ടുകളില്‍ തങ്ങിനില്‍ക്കുന്നുണ്ട്, മനസ്സിലുണ്ട് ഇന്നും, 'സന്ധ്യമയങ്ങുന്നു, പറവകള്‍ കൂടുകളിലേക്കു മടങ്ങുന്നു. മനസ്സേ, നീയും പറന്നുവാ...' ഇതെല്ലാം ഓര്‍മവരുമ്പോള്‍ ആശ്ചര്യം തോന്നുന്നു. എങ്ങനെയാണ് ഒരു കൊച്ചുകുട്ടിക്ക് തന്റെ മനസ്സ് പക്ഷിയെപ്പോലെ ആകാശത്തെവിടെയോ പറന്നുനടക്കുകയാണെന്നും ശരീരം ശാന്തമായി ജനലരികില്‍ നിന്നുകൊണ്ട് മനസ്സിനെ മടക്കിവിളിക്കുകയാണെന്നും തോന്നുക? വരുംകാലത്തിന്റെ സൂചനയായിരുന്നു അതെന്ന് ഇപ്പോള്‍ പറയാന്‍ കഴിയും. മാലോകര്‍ അമൃതയുടെ ഉള്ളു പൊള്ളിക്കുമ്പോള്‍ അവളെ അടുത്തേക്കു വിളിച്ച് ആശ്ലേഷിച്ചാശ്വസിപ്പിക്കുന്ന മറ്റൊരമൃത. അമൃതാ, എന്റടുത്തേക്കു വാ... എന്നു പറയുന്ന അമൃത.
എന്റെ മുന്നിലൂടെ ഒരു നദി ബഹളംകൂട്ടി ഒഴുകുന്നു. ഓളക്കൈകളുയര്‍ത്തി ശാന്തമായുറങ്ങുന്ന തീരത്തെ തട്ടിയുണര്‍ത്തുന്നു. ഓളങ്ങളുടെ ചുണ്ടില്‍ പതഞ്ഞ രഹസ്യം തീരത്തിനു കൈമാറുന്നു... തീരം അതു മനസ്സിലാക്കിയോ എന്തോ? ഓളങ്ങള്‍ ഭാരമുള്ള ഒരു വസ്തു തീരത്തേക്കടുപ്പിക്കുന്നു. തീരം ആ വസ്തുവിനെ കൈകളില്‍ കോരിയെടുക്കുന്നു. അത് പൂങ്കുലപോലൊരു മനുഷ്യശരീരം. തീരം അതിനെ തന്റെ നെഞ്ചിലെടുത്തുവെച്ചു. ഉയര്‍ന്നുവന്ന സൂര്യവെളിച്ചം തന്റെ കൈകളാല്‍ അതിനെ വിടര്‍ത്തുകയും ലാളിക്കുകയും ചെയ്തു. ഞാന്‍ ഞെട്ടിയുണര്‍ന്നു. ആശ്ചര്യംപൂണ്ടു. എന്തുകൊണ്ട് ഇങ്ങനെയൊരു സ്വപ്നം? അപ്പോള്‍ ആ ചരിത്രസംഭവം എന്റെ അബോധമനസ്സില്‍നിന്ന് ബോധമനസ്സിലേക്കെത്തി. ബോധമനസ്സു പറഞ്ഞു: മഹാഭാരതത്തില്‍ ഒരു കഥയുണ്ട്. മകന്‍ മരിച്ച ദുഃഖത്തില്‍ ജീവിതം അര്‍ഥഹീനമെന്നു കണ്ട് വസിഷ്ഠമഹര്‍ഷി പുഴയില്‍ ചാടി ജീവിതമവസാനിപ്പിക്കാന്‍ തുനിഞ്ഞു. കൈകാലുകള്‍ കയറുകൊണ്ട് ബന്ധിച്ചു രാത്രിയുടെ അന്ധകാരത്തില്‍ തന്നെ നദിക്കു സമര്‍പ്പിച്ചു. പക്ഷേ, നദി പരിഭ്രമിച്ചു. തന്റെ ജലത്തില്‍ വസിഷ്ഠമഹര്‍ഷി മുങ്ങിപ്പോയാല്‍ ബ്രഹ്മഹത്യാപാപം തനിക്കു വന്നുചേരും. വെള്ളം ഓളക്കൈകളില്‍ ഉലച്ചുലച്ച് കൈകാലുകളിലെ ബന്ധനമഴിച്ച് മഹര്‍ഷിയെ തീരത്തിനു കൈമാറി.
നൂറ്റാണ്ടുകള്‍ക്കു മുമ്പ് മഹാഭാരതകാലത്തു നടന്ന ആ സംഭവം അക്ഷരങ്ങളില്‍നിന്നു പുറത്തുകടന്ന് എന്റെ മുന്നില്‍ പ്രത്യക്ഷമായതെങ്ങനെയെന്നായിരുന്നു ഞാന്‍ ആശ്ചര്യപ്പെട്ടത്. എങ്ങനെയെന്നതിന് ഉത്തരം കിട്ടിയില്ലെങ്കിലും എന്തുകൊണ്ട് എന്ന ചോദ്യത്തിനുത്തരം കിട്ടാന്‍ തുടങ്ങി. ഇതെന്റെ ഉള്ളിലമര്‍ന്ന ദുഃഖമാണ്. മഹാമുനിമാരും പണ്ഡിതന്മാരും തങ്ങളുടെ ചിന്തകളാല്‍ ഉര്‍വരമാക്കിയ പഞ്ചാബിന്റെ മണ്ണ് സ്വന്തം മക്കളുടെ ചോരയാല്‍ നനയുന്നതെന്തുകൊണ്ട്? ചരിത്രത്തില്‍നിന്ന് അനേകം സാക്ഷ്യങ്ങള്‍ എന്റെയുള്ളില്‍ വന്നുനിരന്നു.
പടിഞ്ഞാറുഭാഗത്ത് സിന്ധുനദിയുണ്ടായിരുന്നു, കിഴക്കുഭാഗത്ത് സരസ്വതിയും. ഈ പ്രദേശം മുഴുവനായി സപ്തസിന്ധു എന്നറിയപ്പെട്ടിരുന്നു. ഇതിനിടയിലൂടെ അഞ്ചു നദികള്‍ ഒഴുകിയിരുന്നു. ഝലംനദിക്കു വിതസ്ത എന്നായിരുന്നു പേര്. ഇന്നത്തെ ഛനാബ് അസ്‌കിനും ചന്ദ്രഭാഗയും രാവി ആരൂഷ്ണിയും ഇരാവതിയും. സത്ലജ് ശതദ്രു ആയിരുന്നു, ഇന്നത്തെ വ്യാസ് നദി വിപാഷയും. വസിഷ്ഠമഹര്‍ഷിയെ പാശമുക്തനാക്കിയതിനാല്‍ വിപാഷ എന്ന പേരു ലഭിച്ചു. ഇങ്ങനെ അഞ്ചു നദികളുടെ പ്രദേശമാണ് പഞ്ചാബ്. അഞ്ചു നദികളുടെ ദേശം എന്ന അര്‍ഥത്തില്‍ ലഭിച്ച പേരാണ് പഞ്ചാബ്. ഈ നദീതീരങ്ങളിലാണ് ലോകത്തിലെ ആദ്യത്തെ പുസ്തകമായി അറിയപ്പെടുന്ന ഋഗ്വേദം രചിച്ച മുനിമാരെല്ലാം ജനിച്ചത്. രാവിനദിയുടെയും വ്യാസ്നദിയുടെയും ഇടയ്ക്കുള്ള പ്രദേശത്തെ രാജാവായിരുന്ന സുദാസിന്റെ രാജപുരോഹിതനായിരുന്നു ഋഗ്വേദത്തിലെ അനേകം സൂക്തങ്ങളെഴുതിയ വസിഷ്ഠമഹര്‍ഷി. മനസ്സിലെ ആഗ്രഹങ്ങളെല്ലാം സഫലമാക്കിത്തരുന്ന കാമധേനു വസിഷ്ഠമഹര്‍ഷിയുടെ ആശ്രമത്തിലെ പശുവായിരുന്നു. ഗായത്രീമന്ത്രം രചിച്ച മഹര്‍ഷി വിശ്വാമിത്രനും സുദാസ് രാജാവിന്റെ പുരോഹിതനായിരുന്നു.
മിത്രാവരുണന്റെയും ഉര്‍വശിയുടെയും സന്താനമായ അഗസ്ത്യമഹര്‍ഷി വിശ്വാമിത്രന്റെ ഇരട്ടസഹോദരനും ഋഗ്വേദത്തിലെ അനേകം സൂക്തങ്ങള്‍ക്കു പുറമേ ബ്രഹ്മപുരാണവും രചിച്ച പണ്ഡിതനുമായിരുന്നു. ഋഗ്വേദസൂക്തങ്ങള്‍ രചിച്ച ഇരുപത്തേഴു ബ്രഹ്മവാദിനിമാരില്‍ ലോപാമുദ്ര എന്ന സുന്ദരി, അഗസ്ത്യമുനിയുടെ പത്നിയായിരുന്നു. ഇന്ന് ഝംഗ് എന്നും ശോട് കോട് എന്നും അറിയപ്പെടുന്ന പ്രദേശത്തായിരുന്നു ഋഗ്വേദസൂക്തങ്ങള്‍ രചിച്ച മഹര്‍ഷി ശിവി ജീവിച്ചത്. പഞ്ചാബിലെ ചന്ദ്രഭാഗ നദിക്കരയില്‍ ശാംബന്‍ പണികഴിപ്പിച്ച സൂര്യദേവാലയമാണ് ഭാരതത്തിലെ ആദ്യ സൂര്യദേവാലയം. പട്യാലയില്‍നിന്ന് ഏതാനും കാതങ്ങള്‍ക്കപ്പുറത്തുള്ള ഗുരാം നഗരത്തിലാണ് ശ്രീരാമനെപ്പോലൊരു മകനു ജന്മം കൊടുത്ത കൗസല്യ ജനിച്ചത്.
ലക്ഷ്മണനു ജന്മം കൊടുത്ത സുമിത്ര ഹോശിയാര്‍പുരിനടുത്തുള്ള ദസൂയ ഗ്രാമത്തില്‍ ജനിച്ചവളാണ്. എല്ലാ ശാസ്ത്രങ്ങളും പഠിപ്പിച്ചിരുന്ന തക്ഷശില സിന്ധുനദിയുടെ കിഴക്കുഭാഗത്തായിരുന്നു. ലോകം മുഴുവനുമുള്ള ഭാഷാശാസ്ത്രജ്ഞന്മാര്‍ പ്രണമിക്കുന്ന വ്യാകരണശാസ്ത്രമെഴുതിയ പാണിനി തക്ഷശിലയ്ക്കടുത്തുള്ള ശാലാതുര്‍ ഗ്രാമത്തില്‍ ജനിച്ച വൈയാകരണനാണ്, പിംഗളമുനിയുടെ പേരിലാണ് വൃത്തശാസ്ത്രത്തിനു പിംഗള-ശാസ്ത്രം എന്ന പേരു ലഭിച്ചത്. പാണിനിയുടെ ഇളയ സഹോദരനായ പിംഗളമുനിയും ശാലാതുര്‍ ഗ്രാമത്തിലാണ് ജനിച്ചത്. ദാര്‍ശനികതത്ത്വങ്ങളെ വ്യാഖ്യാനിക്കാന്‍ ആദ്യമായി മഹാഭാഷ്യം എന്ന ഗ്രന്ഥം രചിച്ച പതഞ്ജലി വാഹീക ജനപദത്തില്‍നിന്നുള്ള വ്യക്തിയായിരുന്നു. പ്രാചീനകാലത്തെ വാഹീക ജനപദം പഞ്ചാബിന്റെതന്നെ വംശാനുക്രമത്തിലുള്ള പേരാണ്. ഇന്നത്തെ പേഷാവര്‍ കനിഷ്‌കരാജാവിന്റെ കാലത്ത് 'പുരുഷപുര'മായിരുന്നപ്പോള്‍ പേരുകേട്ട വിദ്യാകേന്ദ്രമായിരുന്നു. ബൗദ്ധദാര്‍ശനികനായ വസുമിത്രനും നാഗാര്‍ജുന്‍, മാതൃചേട് തുടങ്ങിയ ചിന്തകരും ഇവിടെ ജീവിച്ചിരുന്നു. കാദംബരി, ഹര്‍ഷചരിതം തുടങ്ങിയ ഗ്രന്ഥങ്ങളുടെ കര്‍ത്താവായ ബാണഭട്ടന്‍ മുമ്പ് സ്ഥാനീശ്വര്‍ എന്നു പേരുണ്ടായിരുന്ന ഇന്നത്തെ ഥാണേസറിലാണ് ജനിച്ചത്. വ്യാസനെന്ന പരില്‍ പുകള്‍പെറ്റ മഹാഭാരത കര്‍ത്താവായ കൃഷ്ണദ്വൈപായന്‍ ജനിച്ച ബാസാനാ ഗ്രാമം കര്‍നാല്‍ ജില്ലയിലായിരുന്നു. ചരിത്രപ്രസിദ്ധമായ 'ചാണക്യനീതി'യുടെ ഉപജ്ഞാതാവ് ചാണക്യനെന്ന വിഷ്ണുഗുപ്തന്‍ തക്ഷശിലയിലാണ് ജനിച്ചത്. ഭാരതത്തിലെ ആദ്യത്തെ ശസ്ത്രക്രിയാവിദ്യ 'കപാലമോചനിവിദ്യ'യില്‍ മിടുക്കനായ ജീവന്‍ കുമാര്‍ ഭൃത്യ രാജ്ഗഢില്‍ ജനിച്ച ആളാണ്. നാട്യശാസ്ത്രത്തിന്റെ പിതാവായി അറിയപ്പെടുന്ന ചരിത്രപ്രസിദ്ധനായ ഭരതമുനി ജനിച്ച ഭരത് ജനപദമാണ് ഇന്നത്തെ ഥാണേസര്‍, കൈഥല്‍, കര്‍നാല്‍, പാനിപ്പത്ത് എന്നീ പ്രദേശങ്ങള്‍. ഗണിതശാസ്ത്രവിശാരദനായ ബ്രഹ്മഗുപ്തന്‍ മുല്‍താനിനടുത്തുള്ള ഭില്‍മല്‍ ഗ്രാമത്തിലാണ് ജനിച്ചത്. ഋഗ്വാണി, കൃഷ്ണവാണി, ഗോരഖ് വാണി, നാനക് വാണി തുടങ്ങിയവയും സൂര്യനെപ്പോലെ ഉദിച്ചുയര്‍ന്ന് മരങ്ങളെപ്പോലെ വളര്‍ന്നത് ഈ മണ്ണില്‍ത്തന്നെയാണല്ലോ എന്നോര്‍ത്ത് ഞാന്‍ സങ്കടപ്പെട്ടു. ജനങ്ങള്‍ ആ വാക്കുകളുടെ വെയിലില്‍ തപിക്കുകയും നിഴലില്‍ തണുക്കുകയും ചെയ്തിരുന്നു. പക്ഷേ, ആ വാക്കുകളുടെ വെയിലും തണലും ഇന്നെവിടെ പോയ്മറഞ്ഞു? ഇന്ന് പഞ്ചാബിലെ വായു മനുഷ്യരുടെ ശ്വാസങ്ങളില്‍ വെറുപ്പിന്റെ വിഷം കലര്‍ത്തുന്നതെന്തിനാണ്? ഞാന്‍ ആ സ്വപ്നം ഓര്‍ക്കുന്നു. ബ്രഹ്മഹത്യാ പാപത്തില്‍നിന്ന് സ്വയം മോചിതയാവാനായി മഹാമുനിയെ പാശമുക്തനാക്കി കരയ്‌ക്കെത്തിച്ച ആ ജലം, ഇന്ന് രക്തപങ്കിലമായിത്തീര്‍ന്ന അതേജലം എനിക്കാ സ്വപ്നദര്‍ശനം തന്നതെന്തിനായിരുന്നു? ഉറക്കത്തില്‍ കണ്ട ആ സ്വപ്നം ഉണര്‍ന്നിരിക്കുമ്പോള്‍ എന്റെ കണ്ണുകളില്‍ ജലമായി നിറയുന്നു. ഞാന്‍ പാതി ഉറക്കത്തിലും പാതി ഉണര്‍വിലുമെന്നപോലെ ഉയരുന്ന സൂര്യനെ നോക്കി ചോദിച്ചു: ''വസിഷ്ഠമഹര്‍ഷിയെ കൈകളാല്‍ തഴുകി മരണത്തില്‍നിന്ന് രക്ഷിച്ച നിന്റെയാ ഭൂമി ഇന്നെവിടെ?'' എനിക്കുത്തരം കിട്ടിയില്ല. എന്റെ വാക്കുകളില്‍ സൂര്യവെളിച്ചം നഷ്ടപ്പെട്ടു, അതിന്റെ തണലും...
ജീവിതത്തില്‍ സംഭവിച്ചതെല്ലാം രണ്ടു നദികളുടെ കരയില്‍ ഇരുന്നവളുടെ അഥവാ നിന്നവളുടെ അനുഭവങ്ങളാണ്. ഒരു നദിയുടെ കരയിലെത്തിയപ്പോഴേക്ക് നാല്പതു കൊല്ലം കഴിഞ്ഞു. കരയില്‍ നിന്നവള്‍ പറഞ്ഞു: ''ഈ ഹൃദയ നദിയുടെ അക്കരെയെത്തുകതന്നെ വേണം.'' ഒരു കാര്യംകൂടി പറഞ്ഞു: ''ലൗകികമായ ഈ പാവാട ചുരുട്ടിപ്പിടിക്കുകതന്നെ. ഈ വരി ലോകത്തിലെ എന്റെ ഗതകാല അനുഭവങ്ങളുടെ വിവരണമായതുകൊണ്ട്, അതിന്റെ പേരില്‍ എന്നില്‍ പല കുറ്റങ്ങളും ചുമത്തപ്പെട്ടു. എന്റെ മുഴുവന്‍ ദുഃഖഗീതങ്ങളുടെയും ചരിത്രം തന്റെ ഹൃദയനദിയുടെ തീരം തേടുന്നവളുടെയും ആ തീരത്തു ചെന്നെത്തുന്നവളുടെയും ചരിത്രമാണ്.
ചെറിയ കുട്ടിയായിരുന്നപ്പോള്‍ എന്റെ കാതുകളില്‍ അലകളിളകുന്ന സ്വരം കേള്‍ക്കുമായിരുന്നു. അലകളുടെ സ്വരം എവിടെനിന്നെന്നറിയില്ല, അലകളിലൂടെ എങ്ങോട്ടെങ്കിലും പോകേണ്ടതുണ്ടോ എന്നുമറിയില്ല. പക്ഷേ, തീരത്തേക്കു മുഖംതിരിച്ച് ആശ്ചര്യപ്പെട്ട് അന്നു ഞാനെഴുതി: നീ എന്റെ ബന്ധനം അഴിച്ചുതരൂ, എനിക്കീ അലകള്‍ മുറിച്ചുകടക്കേണ്ടതുണ്ട്. 1960 മേയ് 8-ന് ആ ചരിത്രദിനം വീണ്ടുമെത്തി. ഞാന്‍ തീരത്തു നിന്നു, നദിയിലേക്കിറങ്ങി, പലപ്പോഴും നദിയില്‍ ഒഴുകിപ്പോവുകയാണെന്നു തോന്നി. പക്ഷേ, നദിയുടെ മറുകര അലകളില്‍ മുങ്ങിത്താഴുന്ന എന്നെ കൈനീട്ടി രക്ഷിച്ചു. ഓളങ്ങളുടെ ഗാഥ പിന്നീട് പല ഗീതങ്ങളിലും കഥകളിലും നോവലുകളിലും പ്രത്യക്ഷപ്പെട്ടു. വീണ്ടും ഏകദേശം നാല്പതുകൊല്ലം കഴിഞ്ഞു. ഞാന്‍ നദീതീരത്തു നില്‍ക്കുന്നു.
ഇതു ചേതനാ നദീതീരം.
ഏതു കാലത്തായിരുന്നു, ഏതു പര്‍വതത്തിന്റെ
നെഞ്ചില്‍നിന്നായിരുന്നു ചോദ്യങ്ങളുടെ
ഈ നദി ഒഴുകിയിറങ്ങിയത്?
വര്‍ധിതവേഗത്തോടെ, കൂലംകുത്തി ഒഴുകിയത്?
രാത്രിയില്‍ ആകാശത്തിലെ താരകള്‍
മാറത്ത് കളിച്ചപ്പോള്‍
അവയെ ഓളങ്ങളിലൂടെ ഒഴുക്കിയത്?
ഞാന്‍ പേടിച്ച് ഇമകള്‍ പൂട്ടുമ്പോള്‍
ഒരു തിരവന്ന് എന്റെ സ്വപ്നങ്ങളെപ്പോലും നനയ്ക്കുന്നു.
ഞാനുണര്‍ന്ന് സ്വപ്നങ്ങള്‍ പിഴിഞ്ഞെടുക്കുന്നു.
എന്റെ കൈകള്‍ ശൂന്യമെന്നറിയുന്നു.
ശരീരം വിറകൊള്ളുന്നു
എന്റെ ദൈവമേ, തീരത്തു നില്‍ക്കുന്നവളുടെ ജന്മം കഴിയുന്നു.
എഴുന്നേറ്റു നില്‍ക്കാന്‍പോലും കഴിയുന്നില്ല.
നീ നദിയിലെ വഴികാട്ടിയാണല്ലോ?
രക്ഷകന്റെ കാര്യം രക്ഷകനു മാത്രമറിയാം.
എനിക്കിന്നീ നദിയിലിറങ്ങണം
എല്ലാ ചോദ്യങ്ങള്‍ക്കുമപ്പുറത്തെത്തണം.
1995 മേയ് 24-നാണ് ഈ തോന്നലുണ്ടായത്. പക്ഷേ, ഇന്നും ഞാന്‍ തീരത്തുതന്നെ നില്‍ക്കുന്നു.
അജ്ഞാതന്റെ സന്ദേശങ്ങള്‍ എന്നെ തേടിയെത്തുന്നു, പക്ഷേ, വഴി തെളിയുന്നില്ല. അതിനാല്‍ അലകളെപ്പോലെ ഉയരുന്ന ചോദ്യങ്ങള്‍ എന്നെ നനയ്ക്കുന്നു. ചോദ്യങ്ങള്‍ക്കപ്പുറത്തെത്താന്‍ ഭാഗ്യമുണ്ടോ എന്നറിയില്ല. എന്നാലും ഞാന്‍ വേദനയോടെ പറയുന്നു:
''എനിക്ക് എല്ലാ ചോദ്യങ്ങളുടെയും മറുകരയിലെത്തണം.''
പരിഭാഷ- പി.കെ രാധാമണി
(അക്ഷരങ്ങളുടെ നിഴലില്‍ മാതൃഭൂമി ബുക്‌സ് ഉടന്‍ പ്രസിദ്ധീകരിക്കും)
Content Highlights: Indian writer Amrita Pritam autobiography Malayalam