'ചിത്രകൂടത്തില്‍ ചെന്നല്ലാതെ ഞാന്‍ കിരീടം വെയ്ക്കില്ല. ഇത് സത്യം സത്യം സത്യം....' കൊച്ചി മഹാരാജാവായി സ്ഥാനമേറ്റ രാമവര്‍മയുടെ (രണ്ടാമന്‍) ശപഥം കേട്ട് കൊട്ടാരം ഞെട്ടി. സാമൂതിരിയില്‍നിന്ന് 'ചിത്രകൂടം' കൊട്ടാരം തിരിച്ചുപിടിക്കുകയോ, അസാധ്യം... രാജസദസ്സിലും അന്തപ്പുരത്തിലും മുറുമുറുപ്പുകള്‍ ഉയര്‍ന്നു. രവിവര്‍മ മഹാരാജാവ് (രണ്ടാമന്‍) 1697-ല്‍ തിരുവിതാംകൂറിലെ തിരുവല്ലയില്‍ തീപ്പെട്ടപ്പോഴാണ് രാമവര്‍മ പിന്‍ഗാമിയായി സിംഹാസനത്തിലെത്തിയത്. പക്ഷേ, കിരീടധാരണ ചടങ്ങിനൊരുങ്ങിയവരെ രാജാവ് തടഞ്ഞു.

കൊച്ചി രാജവംശമായ പെരുമ്പടപ്പ് സ്വരൂപത്തിന്റെ ആസ്ഥാനം ഇപ്പോഴത്തെ മലപ്പുറം-തൃശ്ശൂര്‍ അതിര്‍ത്തിയിലുള്ള വന്നേരി പെരുമ്പടപ്പ് ദേശത്തായിരുന്നു. അവിടെ 'ചിത്രകൂടം' കൊട്ടാരമായിരുന്നു കൊച്ചി രാജവംശത്തിന്റെ ആദ്യ സ്ഥാനം. പെരുമ്പടപ്പ് സ്വരൂപത്തില്‍ രാജാവായി സ്ഥാനമേല്‍ക്കുന്നവരുടെ പട്ടാഭിഷേകവും കിരീടധാരണവും ചിത്രകൂടത്തിലാണു നടത്തിയിരുന്നത്. കോഴിക്കോട് സാമൂതിരി ശക്തനായി മാറിയതോടെ ആക്രമണം ഭയന്ന് പെരുമ്പടപ്പ് സ്വരൂപത്തിന്റെ ആസ്ഥാനം കൊച്ചിയിലേക്ക് മാറ്റുകയായിരുന്നു. രാജവംശം ഭയന്നതുപോലെ തന്നെ പെരുമ്പടപ്പ് ദേശവും ചിത്രകൂടം കൊട്ടാരവും സാമൂതിരി ആക്രമിച്ചു കീഴ്പ്പെടുത്തി. അതോടെ പട്ടാഭിഷേകത്തിനും കിരീടധാരണത്തിനുമായി ചിത്രകൂടത്തിലേക്കുള്ള കൊച്ചി മഹാരാജാക്കന്‍മാരുടെ എഴുന്നള്ളത്ത് അവസാനിച്ചു. കൊച്ചി രാജവംശത്തിന്റെ അധീനതയിലിരുന്ന പല പ്രദേശങ്ങളും സാമൂതിരിക്ക് സ്വന്തമായി.

സാമൂതിരി പിടിച്ചെടുത്ത ദേശങ്ങളും ചിത്രകൂടം കൊട്ടാരവും തിരിച്ചുപിടിക്കാന്‍ നിശ്ചയിച്ചാണ് രാമവര്‍മ സിംഹാസനമേറിയത്. രാജാവ് അതിനു കണ്ട ഉപായം സാമൂതിരിയേയും കൊച്ചിയില്‍ താവളമുറപ്പിച്ച ഡച്ചുകാരേയും തമ്മില്‍ തെറ്റിക്കുക എന്നതായിരുന്നു. ഇതിനുവേണ്ട എല്ലാ കുതന്ത്രങ്ങളും പയറ്റി. നീണ്ട പതിനാറു വര്‍ഷം സാമൂതിരിയും ഡച്ചുകാരും തമ്മില്‍ ചെറുതും വലുതുമായ യുദ്ധങ്ങള്‍. അതിന്റെയെല്ലാം ഗുണം കിട്ടിയത് രാമവര്‍മയ്ക്കും. ഡച്ച് ചരിത്രകാരന്‍മാര്‍ രാമവര്‍മയെ വിശേഷിപ്പിച്ചത് 'കാപട്യം നിറഞ്ഞ സൂത്രശാലി' എന്നാണ്. 'യുദ്ധങ്ങളില്‍ ആനന്ദിക്കുന്ന രാജാവ്, പക്ഷേ സ്വന്തം പടയെ കുരുതികൊടുത്തില്ല. എല്ലാ പാപഭാരവും ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് മേല്‍ കെട്ടിവെച്ചു' - ഡച്ച് രേഖകളില്‍ ഇങ്ങനെയും കാണുന്നു.

രാമവര്‍മ അധികാരമേറ്റതു മുതല്‍ സാമൂതിരിപ്പടയുമായി നിരന്തരം കലഹത്തിലായിരുന്നു. ചിലതിലെല്ലാം മനസ്സില്ലാ മനസ്സോടെയെങ്കിലും ഡച്ചുകാര്‍ക്ക് ഇടപെടേണ്ടി വന്നു. കലഹങ്ങള്‍ യുദ്ധത്തിലേക്ക് നീങ്ങുമെന്ന് കണ്ടപ്പോള്‍ തന്ത്രപ്രധാന ഭാഗമായ ചേറ്റുവയില്‍ കോട്ട കെട്ടാന്‍ 1714-ല്‍ ഡച്ചുകാര്‍ തീരുമാനിച്ചു. കോട്ട നിര്‍മാണം തുടങ്ങിയതറിഞ്ഞ സാമൂതിരി അപകടം മണത്തു. കുറച്ചു നായര്‍ പടയാളികളെ കല്‍പ്പണിക്കാരുടെ വേഷത്തില്‍ ചേറ്റുവയിലേക്കയച്ചു. കോട്ടയിലെ പാറാവുകാരെയെല്ലാം നായര്‍പടയാളികള്‍ കൊന്നു. കോട്ടയ്ക്ക് അധികം അകലെയല്ലാതെ തമ്പടിച്ചിരുന്ന സാമൂതിരിയുടെ മന്ത്രിയായിരുന്ന ധര്‍മോത്ത് പണിക്കരുടെ പടയാളി സംഘത്തിന് കൊടികെട്ടിയുയര്‍ത്തി അടയാളം കാട്ടി. ആ സംഘം കോട്ട ആക്രമിച്ചു. അവസാനഘട്ട നിര്‍മാണത്തിലിരുന്ന ആ കോട്ട 1715-ല്‍ സാമൂതിരിക്ക് കീഴിലായി. കോട്ടയുടെ ചുമതലയുണ്ടായിരുന്ന രണ്ടു ഡച്ച് ലെഫ്റ്റനന്റുമാരിലൊരാള്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. മറ്റേയാള്‍ ബാക്കി പടയുമായി കൊച്ചിയിലേക്ക് രക്ഷപ്പെട്ടു.

കൊച്ചിയിലെ ഡച്ച് ഗവര്‍ണറായിരുന്ന ബാരന്റ് കെറ്റല്‍ ചേറ്റുവ കോട്ടപിടിക്കാന്‍ പടയുമായി പുറപ്പെട്ടെങ്കിലും നിരാശനായി മടങ്ങി. ഇതോടെ ചേറ്റുവയ്ക്കടുത്ത പാപ്പിനിവട്ടവും സാമൂതിരി പിടിച്ചടക്കി. ഈ അവസരം മുതലാക്കി രാമവര്‍മ രാജാവ്, സാമൂതിരിയെ തോല്‍പ്പിക്കണമെങ്കില്‍ കൂടുതല്‍ പടയാളികളും തോക്കും പീരങ്കിയുമെല്ലാം കൊണ്ടുവരണമെന്നു ഡച്ചുകാരോട് ആവശ്യപ്പെട്ടു. അങ്ങനെ 1716-ല്‍ വില്യം ബേക്കര്‍ ജേക്കബ്സിന്റെ നേതൃത്വത്തില്‍ ഡച്ചില്‍നിന്ന് വലിയൊരു പട കൊച്ചിയിലെത്തി. യൂറോപ്യന്‍മാര്‍ക്കു പുറമേ ജാവക്കാര്‍, ബാലിക്കാര്‍ തുടങ്ങിയ വിഭാഗങ്ങളും ആ പടയിലുണ്ടായിരുന്നു. രാമവര്‍മയുടെ പടയ്‌ക്കൊപ്പം ചേര്‍ന്നതോടെ എന്തിനുംപോന്ന വലിയ പടയായി അതുമാറി.

ആദ്യം അവര്‍ പാപ്പിനിവട്ടം പിടിച്ചടക്കി. സാമൂതിരിപ്പടയ്ക്ക് കനത്ത നഷ്ടമാണ് ഉണ്ടായത്. പാപ്പിനിവട്ടം കോട്ട തകര്‍ത്ത ശേഷം അവര്‍ ചേറ്റുവയ്ക്ക് പുറപ്പെട്ടു. കടലില്‍നിന്ന് ആക്രമിക്കാന്‍ ഡച്ചുകാരുടെ കപ്പലുകളും ചേറ്റുവ തീരത്തെത്തി. അപകടം മുന്‍കൂട്ടിയറിഞ്ഞ സാമൂതിരിപ്പട കോട്ടയില്‍ നിന്നു പിന്‍വാങ്ങി. അതോടെ ഡച്ചുപടയും കൊച്ചിപടയും സാമൂതിരി സ്വന്തമാക്കിയ പഴയ കൊച്ചി ദേശങ്ങളായ തൃക്കുന്നത്ത്, അകംതുരുത്ത്, മാപ്രാണം, ആറാട്ടുപുഴ, മൂത്തകുന്നത്ത്, പുത്തന്‍പാടം എന്നിവിടങ്ങള്‍ പിടിച്ചെടുത്തു. ഊരകത്ത് സാമൂതിരിപ്പട ശക്തമായി പ്രതിരോധിച്ചെങ്കിലും കൊച്ചിപടയ്ക്കായിരുന്നു ജയം.

അങ്ങനെ ഡച്ചുകാരേയും സാമൂതിരിയേയും തമ്മിലടിപ്പിച്ച് രാമവര്‍മ മഹാരാജാവ് ഒരുകാലത്ത് കൊച്ചിക്ക് നഷ്ടമായ പ്രദേശങ്ങളെല്ലാം തിരിച്ചുപിടിച്ചു. പക്ഷേ, വന്നേരിയിലെ ചിത്രകൂടം കൊട്ടാരം മാത്രം സാമൂതിരി വിട്ടുകൊടുത്തില്ല. കൊച്ചി രാജകുടുംബത്തിന്റെ അഭിമാനപ്രശ്‌നമാണതെന്ന് സാമൂതിരിക്കും അറിയാമായിരുന്നു. ചിത്രകൂടം തിരിച്ചുകിട്ടാതായതോടെ രാമവര്‍മയുടെ കിരീടധാരണം മരണം വരെ നടന്നില്ല. ശേഷം സിംഹാസനമേറിയവരെല്ലാം രാമവര്‍മയുടെ ശപഥം പിന്‍തുടര്‍ന്നു. അങ്ങനെ കൊച്ചി രാജാക്കന്‍മാര്‍ കിരീടമില്ലാത്ത രാജാക്കന്‍മാരായി മാറി..!

പെരുമ്പടപ്പ് സ്വരൂപത്തിന്റെ അടയാളമായി വന്നേരിയില്‍ അവശേഷിക്കുന്നത് ഒരു കിണര്‍ മാത്രമാണ്. 'പെരുമ്പടപ്പ് വലിയ കിണര്‍' എന്നറിയപ്പെടുന്ന ഇത് ഏതാനും വര്‍ഷം മുമ്പ് പുരാവസ്തു വകുപ്പ് ഏറ്റെടുത്തു. കൊട്ടാരത്തിന്റെ അന്തപ്പുരത്തിനോടു ചേര്‍ന്നുള്ള വലിയ ചെങ്കല്‍ കിണറായിരുന്നു ഇത്. എണ്ണൂറു വര്‍ഷത്തെ പഴക്കമുണ്ടെന്നു പറയപ്പെടുന്നു. പന്ത്രണ്ട് മീറ്റര്‍ വ്യാസമുള്ള കിണറിന്റെ ഒരു പടിക്കെട്ടിനു തന്നെ ഒന്നേകാല്‍ മീറ്റര്‍ നീളമുണ്ട്. ഇത്തരം 25 പടിക്കെട്ടുകളെങ്കിലും ഉണ്ടാകുമെന്നാണ് ചരിത്രകാരന്‍മാര്‍ പറയുന്നത്. ചിത്രകൂടം കൊട്ടാരത്തിന്റെ അവശിഷ്ടങ്ങളൊന്നും തന്നെയില്ല. 1911-ല്‍ ഇറങ്ങിയ സി. അച്യുത മേനോന്റെ 'കൊച്ചിന്‍ സ്റ്റേറ്റ് മാനുവലി'ല്‍ കൊട്ടാരത്തിന്റെ അവശിഷ്ടങ്ങള്‍ കാണാമെന്നു പറയുന്നു. ഈ കാലഘട്ടത്തിനു ശേഷമായിരിക്കണം കൊട്ടാരത്തിന്റെ അംശം പോലുമില്ലാതെ നശിപ്പിച്ചു കളഞ്ഞിട്ടുണ്ടാവുക.

Content Highlights: history of kochi, dynasty Ramavarma second