1960 നവംബര്‍ 14. അമേരിക്കയിലെ ലൂസിയാനയിലെ ഓള്‍ വൈറ്റ് എലമെന്ററി സ്‌കൂള്‍. ആയുധധാരികളായ നാല് ഫെഡറല്‍ മാര്‍ഷലുകളുടെ അകമ്പടിയില്‍ റൂബി ബ്രിഡ്ജസ് എന്ന കറുത്തവര്‍ഗക്കാരിയായ ആറു വയസ്സുകാരി സ്‌കൂളിന് മുന്നിലെത്തി. അവളെ കണ്ടപ്പോള്‍ അവിടെ തടിച്ചുകൂടിയ നൂറുകണക്കിന് വെള്ളക്കാര്‍ ഇളകി മറിഞ്ഞു. അവരെ നിയന്ത്രിക്കാന്‍ പോലീസ് പാടുപെട്ടു. അവര്‍ അവള്‍ക്ക് നേരെ കാര്‍ക്കിച്ച് തുപ്പി. അവളെ വിഷം കൊടുത്ത് കൊല്ലുമെന്ന് അവര്‍ ആക്രോശിച്ചു. കറുപ്പ് നിറത്തിലുള്ള കുഞ്ഞു പാവയെ അടക്കം ചെയ്ത ശവപ്പെട്ടികളും ചുമന്നായിരുന്നു ചിലര്‍ എത്തിയിരുന്നത്. അവര്‍ അവള്‍ക്ക് നേരെ അതുയര്‍ത്തി കാണിച്ചു. അവരെയൊന്നും കൂസാതെ നിര്‍ഭയമായി റൂബി ബ്രിഡ്ജസ് സ്‌കൂളിലേക്ക് നടന്നുകയറി. അതൊരു ചരിത്രത്തിന്റെ പിറവി കൂടിയായിരുന്നു..

Ruby

1954 സെപ്തംബര്‍ 8 നാണ് മിസിസ്സിപ്പിയിലെ ടൈലര്‍ ടൗണില്‍ ഏബണ്‍, ലൂസ്ലി ബ്രിഡ്‌ജെസ് എന്നിവരുടെ മകളായി റൂബി ബ്രിഡ്‌ജെസ് ജനിച്ചത്. ഗ്യാസ് സ്റ്റേഷന്‍ ജീവനക്കാരനായ അച്ഛനും മറ്റ് ചെറിയ ജോലികള്‍ ചെയ്ത് അവളുടെ അമ്മയും കുടുംബത്തെ മെച്ചപ്പെട്ട സാമ്പത്തികസ്ഥിതിയിലേക്ക് എത്തിക്കാനുള്ള കഠിനാധ്വാനത്തിലായിരുന്നു. റൂബി ജനിച്ച വര്‍ഷം തന്നെയായിരുന്നു പൊതു സ്‌കൂളുകളില്‍ വംശീയ വേര്‍തിരിവ് അവസാനിപ്പിക്കാനുള്ള യുഎസ് സുപ്രീം കോടതിയുടെ സുപ്രധാന വിധി വന്നതും. എന്നാല്‍ തെക്കന്‍ സംസ്ഥാനങ്ങള്‍ ഇത് അംഗീകരിക്കാന്‍ തയ്യാറായില്ല. അവിടെ ഈ വിവേചനം തുടര്‍ന്നു. പിന്നീട് ഫെഡറല്‍ കോടതിയുടെ ഉത്തരവിലൂടെ ഓള്‍-വൈറ്റ് സ്‌കൂള്‍ ആഫ്രിക്കന്‍ അമേരിക്കന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശന പരീക്ഷ ഒരുക്കി. റൂബി ഉള്‍പ്പടെ ആറ് കുട്ടികള്‍ ഈ പരീക്ഷ വിജയിച്ചു. 

മകളുടെ സുരക്ഷയെ കുറിച്ച് ആശങ്കപ്പെട്ടിരുന്ന റൂബിയുടെ പിതാവ് ആദ്യം ഇതിനെ എതിര്‍ത്തു. എന്നാല്‍ മകള്‍ക്ക് മികച്ച വിദ്യാഭ്യാസം നേടണമെന്ന മാതാവിന്റെ ആഗ്രഹത്തിന് അദ്ദേഹം സമ്മതം മൂളി. അഡ്മിഷന്‍ ലഭിച്ച ആറ് കുട്ടികളില്‍ റൂബി മാത്രമാണ് സ്‌കൂളില്‍ അഡ്മിഷന്‍ എടുക്കാന്‍ എത്തിയത്. പ്രതിഷേധങ്ങള്‍ക്ക് നടുവിലൂടെ ഫെഡറല്‍ മാര്‍ഷല്‍മാര്‍ അവളെ സ്‌കൂളിലേക്ക് കൊണ്ടുപോയി. അധ്യാപകരാരും അവളെ പഠിപ്പിക്കാന്‍ തയ്യാറായില്ല. ആദ്യ ദിവസം പ്രിന്‍സിപ്പളിന്റെ മുറിയില്‍ ചിലവഴിക്കേണ്ടി വന്നു. രണ്ടാം ദിവസം, ബാര്‍ബറ ഹെന്റി എന്ന യുവ അദ്ധ്യാപിക അവളെ പഠിപ്പിക്കാന്‍ തയ്യാറായി. ഒരു വര്‍ഷം മുഴുവന്‍ ഒറ്റക്കിരുന്നായിരുന്നു അവള്‍ പാഠങ്ങള്‍ പഠിച്ചിരുന്നത്. 

സ്‌കൂളിലേക്ക് പോകുന്ന വഴിയിലെല്ലാം വെള്ളക്കാര്‍ അവളെ അപമാനിക്കുന്നത് തുടര്‍ന്നുകൊണ്ടിരുന്നു. എന്നാല്‍ ഇതൊന്നും കുഞ്ഞു റൂബിയെ തളര്‍ത്തിയില്ല. ഒന്ന് കരയുക പോലും ചെയ്യാതെ ആക്രോശിക്കുന്ന ആള്‍ക്കൂട്ടത്തിന് നേരെ പുഞ്ചിരിച്ച് ആ ആറുവയസ്സുകാരി നടന്നുപോയി. ചരിത്രം ആരംഭിച്ചിട്ടേ ഉണ്ടായിരുന്നുവെന്ന് അന്ന് റൂബി അറിഞ്ഞില്ല. വര്‍ഷാവസാനത്തോടെ പ്രതിഷേധക്കാരുടെ എണ്ണം കുറഞ്ഞുവന്നു. അടുത്ത വര്‍ഷം നിരവധി കറുത്ത വര്‍ഗ്ഗക്കാരായ കുട്ടികള്‍ സ്‌കൂളില്‍ ചേരാനെത്തി. 

മാര്‍ഷലുകള്‍ക്കൊപ്പം നിര്‍ഭയയായി സ്‌കൂളില്‍ നിന്ന് ഇറങ്ങിവരുന്നു ആറ് വയസ്സുകാരി റൂബിയുടെ ചിത്രം ലോക പ്രശസ്തമായി. ലോകമെങ്ങുമുള്ള പൗരാവകാശ മുന്നേറ്റങ്ങള്‍ക്ക് ആ ചിത്രം ഊര്‍ജം പകര്‍ന്നു. നിരവധി പ്രശസ്തമായ പെയിന്റിങ്ങുകള്‍ ആ ചിത്രത്തെ ആധാരമാക്കി വരയ്ക്കപ്പെട്ടു. നിരവധി എഴുത്തുകാര്‍ റൂബിയെക്കുറിച്ച് പുസ്തകങ്ങളിറക്കി. അവളുടെ കഥ പറയുന്ന സിനിമകളിറങ്ങി. അവള്‍ പഠിച്ച് മിടുക്കിയായി വളര്‍ന്നു. പൗരാവകാശ വേദികളിലെ സജീവ സാന്നിദ്ധ്യമായി. 1999 ല്‍ അവളുടെ ഓര്‍മ്മക്കുറിപ്പുകളുടെ സമാഹാരമായ Through My Eyes പുറത്തിറങ്ങി. 46 വര്‍ഷങ്ങള്‍ക്ക് ശേഷം റൂബി തന്റെ സ്‌കൂളില്‍ വീണ്ടും എത്തി. കത്രീന കൊടുങ്കാറ്റില്‍ തകര്‍ന്നുപോയ സ്‌കൂളിന്റെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമാവാന്‍. ഭര്‍ത്താവിനും നാല് മക്കള്‍ക്കുമൊപ്പം ന്യൂഓര്‍ലിയാന്‍സില്‍ ജീവിക്കുന്ന റൂബി ബ്രിഡ്ജസ് എന്ന പോരാളിക്ക് ഇന്ന് 67 വയസ്സ് പൂര്‍ത്തിയാവുകയാണ്. Happy Birthday, Ruby Bridges.

Content Highlights: historic steps of ruby bridges