ഹരോള്‍ഡ് ഇവാന്‍സ് എന്ന മാധ്യമപ്രവര്‍ത്തകന്‍ ഈ ഭൂമിയിലെ തന്റെ സത്യാന്വേഷണം തീര്‍ത്ത് മടങ്ങിയപ്പോള്‍ കാലിയായത്, ഒരു പത്രം സ്വന്തമായനിലയില്‍ പോരാട്ടങ്ങള്‍ നടത്തുമ്പോഴാണ് ജനങ്ങള്‍ അതിനെ ശ്രദ്ധിച്ചുതുടങ്ങുകയെന്ന തിരിച്ചറിവോടെ പ്രവര്‍ത്തിച്ച പത്രാധിപരുടെ കസേരയാണ്. 'ദ ന്യൂയോര്‍ക്കര്‍' എഴുതിയ ഈ കുറിപ്പ് മഹാനായ പത്രാധിപരോടുള്ള മനസ്സുതൊട്ടുള്ള വിടപറച്ചിലാണ്
റിപ്പോര്‍ട്ടറായുള്ള ആദ്യജോലിയില്‍ ചേരാനായി മാഞ്ചെസ്റ്ററിലെ വീടുവിട്ട് ആഷ്ടണ്‍ അണ്ടര്‍ലൈനിലെത്തിയ ചെറുപ്പക്കാരനായ ഇവാന്‍സിനോട് പരുക്കനായ എഡിറ്റര്‍ ഒരു ചോദ്യം ചോദിച്ചു. ഒരു സൈക്കിളിന്റെ ചക്രത്തില്‍ എത്ര ഇല്ലികളുണ്ട്? (ആ വരണ്ട യുദ്ധകാലത്ത് 14 മൈല്‍ സൈക്കിള്‍ ചവിട്ടിയാണ് ഇവാന്‍സ് ജോലിക്കെത്തിയിരുന്നത്). ''അറിയില്ല, സര്‍'' -എന്നായിരുന്നു തുടക്കക്കാരനായ ആ റിപ്പോര്‍ട്ടറുടെ മറുപടി. ''കണ്ടുപിടിക്കൂ! ജിജ്ഞാസയാണ് പത്രപ്രവര്‍ത്തനത്തിന്റെ അടിസ്ഥാനം. കൗതുകം! ചോദ്യങ്ങള്‍ ചോദിക്കുക, ഇവാന്‍സ്!'' -കടുപ്പക്കാരനായ എഡിറ്റര്‍ നിര്‍ബന്ധബുദ്ധിയോടെ ആവര്‍ത്തിച്ചു.
ആ പയ്യന്‍ അത് അതേപടി അനുസരിക്കുകയും ചെയ്തു. സെപ്റ്റംബര്‍ 23-ന് 92-ാം വയസ്സില്‍ അന്തരിച്ച ഹാരോള്‍ഡ് ഇവാന്‍സിനെപ്പറ്റിയുള്ള അവിസ്മരണീയമായ എല്ലാ കാര്യങ്ങളിലുംവെച്ച് ഏറ്റവും പ്രധാനം അദ്ദേഹത്തിന്റെ ജിജ്ഞാസയുടെ മഹത്ത്വവും സ്ഥിരതയുമായിരുന്നു. മര്യാദ, കൃത്യനിഷ്ഠ തുടങ്ങിയ ഗുണങ്ങള്‍പോലെ വലിയ പ്രാധാന്യമൊന്നും കണക്കാക്കാനില്ലാത്ത ഒന്നാണ് ജിജ്ഞാസ. എന്നാല്‍, ശരിയായ വ്യക്തികളിലോ ശരിയായ മനസ്സിലോ കൗതുകം നാമ്പിടുമ്പോള്‍ അത് ഏറ്റവും പ്രധാനപ്പെട്ടതായിമാറും എന്ന ഓര്‍മപ്പെടുത്തലാണ് ഹാരിയുടെ ജീവിതം. പത്രത്തിലും മാസികകളിലും പ്രവര്‍ത്തിക്കുന്നവരെ സംബന്ധിച്ച് ധൈര്യത്തോടൊപ്പംതന്നെ ജിജ്ഞാസയും ഏറ്റവും പ്രധാനപ്പെട്ടതാണ്. ഹാരിക്ക് സര്‍വതിനോടും കൗതുകമായിരുന്നു. ആകര്‍ഷകമായ കൗതുകം. എല്ലാത്തിനോടും എല്ലാത്തിലും കൗതുകം. അദ്ദേഹത്തിനുവേണ്ടി ജോലിചെയ്തവരെ സംബന്ധിച്ച് ചിലപ്പോഴെല്ലാം അത് ആയാസകരമായി. രാഷ്ട്രീയം, എഴുത്ത്, പ്രണയം... കൗതുകത്തോടെയാണ് ഹാരി എല്ലാത്തിനെയും സമീപിച്ചത്. ലോകത്തെച്ചൊല്ലിയും. എല്ലാത്തിലുമുപരിയായി, കാര്യങ്ങള്‍ക്കുപിന്നിലുള്ള സത്യമറിയാനുള്ള കൗതുകം. ഔദ്യോഗിക സത്യമോ സ്വീകാര്യമായ സത്യമോ മോടിപിടിപ്പിച്ച സത്യമോ അല്ല, സുപ്രധാന സംഭവങ്ങളുടെ അവ്യക്തമായ യാഥാര്‍ഥ്യം അറിയാനുള്ള കൗതുകത്തിന് പിറകെയായിരുന്നു ഹാരി എന്നും. നിര്‍ഭയം, നിരന്തരം അത് അന്വേഷിച്ചു. സൈക്കിള്‍ച്ചക്രത്തിലെ ഇല്ലികളെക്കുറിച്ചാവട്ടെ, കുഴിച്ചുമൂടിയ രഹസ്യങ്ങളെക്കുറിച്ചാവട്ടെ അറിയുകയെന്നത് ജീവിതത്തിലെ തന്റെ ജോലിയാണെന്ന് വിശ്വസിച്ചു. കുട്ടികളെപ്പോലെ നിഷ്‌കളങ്കമായും മനോഹരമായും പെരുമാറുന്ന വ്യക്തിത്വത്തിന്റെ മറയില്‍ അത് ഹാരിയില്‍ പെറ്റുപെരുകി.
തന്റെ എണ്‍പതുകളിലാണ് പത്രപ്രവര്‍ത്തനജീവിതത്തിലെ ഓര്‍മക്കുറിപ്പുകള്‍, 'മൈ പേപ്പര്‍ ചെയ്സ്' എന്ന പേരില്‍ ഹാരി പ്രസിദ്ധീകരിച്ചുതുടങ്ങുന്നത്. ആ പ്രായത്തിലും ഏറ്റവും വിസ്മയാവഹമായും, ശൈലിയിലും അവതരണത്തിലും ഉദ്വേഗം ജനിപ്പിച്ചുകൊണ്ടുമാണ് കടല്‍ത്തീരത്ത് ക്ഷീണിതനായി കാണപ്പെട്ട പട്ടാളക്കാരനെ അദ്ദേഹം അവതരിപ്പിച്ചത്. ഡണ്‍കിര്‍ക്കില്‍നിന്ന് കുടിയൊഴിപ്പിക്കപ്പെട്ടയാളുടെ വേദനയും യുദ്ധത്തിന്റെ പിന്നാമ്പുറക്കാഴ്ചകളും കുട്ടിയായിരിക്കെത്തന്നെ ഹാരി മനസ്സിലാക്കിയിരുന്നു. മനോവീര്യം ഉയര്‍ത്തുന്ന വിജയഗാഥകളിലൂടെ പുറംലോകംകണ്ട ഡണ്‍കിര്‍ക്കല്ല യഥാര്‍ഥ യുദ്ധഭൂമി എന്ന സത്യം അദ്ദേഹം തിരിച്ചറിഞ്ഞു. ഔദ്യോഗികഭാഷ്യം യഥാര്‍ഥ കഥ ആകണമെന്നോ ആകുമെന്നോ പറയാനാകില്ലെന്നും ഔദ്യോഗിക കഥയില്‍ സത്യത്തിന്റെ ഘടകങ്ങള്‍ മാറ്റിമറിക്കപ്പെട്ടിട്ടുണ്ടാകാമെന്നും കടല്‍ത്തീരത്തുകണ്ട രംഗം ഹാരിയുടെ ജീവിതത്തോട് ആത്മവിശ്വാസത്തോടെ പറഞ്ഞുകൊണ്ടേയിരുന്നു.
എതിര്‍പ്പുകളോട് മുഖാമുഖം പൊരുതി സത്യംതേടിയുള്ള അന്വേഷണമാണ് ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാംപാതിയില്‍ ഏറ്റവും പ്രശസ്തനായ ബ്രിട്ടീഷ് പത്രപ്രവര്‍ത്തകനായി അദ്ദേഹത്തെ മാറ്റിയത്. പത്രാധിപര്‍ എന്നനിലയില്‍ അദ്ദേഹം ഇതിഹാസമായിരുന്നു. അമേരിക്കയില്‍ വാഷിങ്ടണ്‍ പോസ്റ്റിലെ ബെന്‍ ബ്രാഡ്ലീയെ മാത്രമാണ് കുറച്ചെങ്കിലും അദ്ദേഹത്തിനൊപ്പം ചേര്‍ത്തുപറയാനുള്ളൂ. പത്രാധിപജീവിത്തിന്റെ തുടക്കത്തില്‍ ഡാര്‍ളിങ്ടണിലെ നോര്‍തേണ്‍ ഇക്കോയില്‍ പ്രവര്‍ത്തിച്ചുവരുമ്പോള്‍ കൊലക്കേസില്‍ തെറ്റായി പ്രതിചേര്‍ക്കപ്പെട്ട് വധശിക്ഷയ്ക്ക് വിധിച്ച തിമോത്തി ഇവാന്‍സ് എന്ന ചെറുപ്പക്കാരന്റെ നിരപരാധിത്വം തെളിയിക്കാന്‍ അസാമാന്യ പോരാട്ടമാണ് ഹാരി നടത്തിയത്. ബ്രിട്ടനില്‍ വധശിക്ഷ നടപ്പാക്കുന്നതിനെതിരേയുള്ള പോരാട്ടത്തിന് ആ റിപ്പോര്‍ട്ടുകള്‍ വഴിതെളിച്ചു. മാത്രമല്ല, ഒരു പത്രം സ്വന്തമായനിലയില്‍ പോരാട്ടങ്ങള്‍ നടത്തുമ്പോഴാണ് ജനങ്ങള്‍ അതിനെ ശ്രദ്ധിച്ചുതുടങ്ങുകയെന്ന തിരിച്ചറിവും ആ സംഭവം ഇവാന്‍സിനു നല്‍കി. വടക്കന്‍ ഇംഗ്ലണ്ടില്‍ അദ്ദേഹത്തിനുണ്ടായിരുന്ന സത്പേര് 38-ാമത്തെ വയസ്സില്‍ സണ്‍ഡേ ടൈംസിന്റെ പത്രാധിപസ്ഥാനത്തെത്തിച്ചു. ഇവിടെനിന്നാണ് ഇവാന്‍സ് തന്റെ അന്വേഷണാത്മക പത്രപ്രവര്‍ത്തനസംഘം വാര്‍ത്തെടുക്കുന്നത്. ഗര്‍ഭകാലത്ത് താലിഡോമൈഡ് എന്ന മരുന്ന് കഴിച്ചതിന്റെ ഫലമായി ശാരീരിക വൈകല്യങ്ങളുമായിപ്പിറന്ന കുഞ്ഞുങ്ങള്‍ക്ക് നീതിലഭിക്കാനും നഷ്ടപരിഹാരം നേടിക്കൊടുക്കാനുമായത് ഈ സംഘത്തിന്റെ നേട്ടങ്ങളില്‍ ഒന്നുമാത്രമാണ് (അറ്റാക്കിങ് ദ ഡെവിള്‍ എന്ന പേരില്‍ ഈ സംഭവം പിന്നീട് ഡോക്യുമെന്ററിയുമായി). സോവിയറ്റ് യൂണിയനുവേണ്ടി കിം ഫില്‍ബി നടത്തിയ ചാരപ്രവൃത്തിയുടെ അന്തരാഴങ്ങളും സ്ഥാപനങ്ങളുടെ എതിര്‍പ്പ് മറികടന്നുകൊണ്ട് ഇവാന്‍സും കൂട്ടരും പുറത്തുകൊണ്ടുവന്നു.
രണ്ടാം ലോകയുദ്ധത്തിനുശേഷം ആദ്യ ലേബര്‍ സര്‍ക്കാര്‍ അധികാരത്തിലേറിയ കാലത്തെ യഥാര്‍ഥ ബ്രിട്ടീഷ് തൊഴിലാളിവര്‍ഗവീരരുടെ ഇടയില്‍ വളര്‍ന്നുവന്ന തലമുറയില്‍പ്പെട്ടയാളാണ് ഇവാന്‍സ്. ആ കാലത്ത് ഒരു വടക്കന്‍ ഇംഗ്ലീഷ് തൊഴിലാളിവര്‍ഗത്തിലെ ആണ്‍കുട്ടി സര്‍വകലാശാലയില്‍ ചേരണമെന്ന് പറയുന്നത് ബെറ്റി ഗ്രാബിളിനെ (അക്കാലത്തെ പ്രശസ്ത അമേരിക്കന്‍ നടി) വിവാഹം കഴിക്കണമെന്നു മോഹിക്കുന്നതിന് തുല്യമായിരുന്നു എന്ന് ലളിതമായി അദ്ദേഹം പറയുമായിരുന്നു. രാഷ്ട്രീയത്തില്‍ തരിമ്പും പക്ഷപാതപരമായി പെരുമാറിയില്ല എന്നത് ഇവാന്‍സിന്റെ മനസ്സിന്റെ തെളിമയുടെ പ്രതിഫലനമാണ്. യുദ്ധത്തില്‍ തികഞ്ഞ സോവിയറ്റ് യൂണിയന്‍ അനുഭാവിയായിരുന്ന ഇടതുപക്ഷക്കാരനായ അച്ഛന്റെ മകനായ ഇവാന്‍സ്, ബ്രിട്ടീഷ് അധികൃതരുമായുള്ള പോരാട്ടങ്ങളിലും മാധ്യമ ഭീമന്‍ റുപര്‍ട്ട് മര്‍ഡോക്കുമായുള്ള സംഘര്‍ഷങ്ങളിലും തൊഴിലാളിവര്‍ഗത്തിന്റെ ചൊടിയും ചുണയും ജ്വലിപ്പിച്ചു. ടൈംസിന്റെ പത്രാധിപസ്ഥാനത്തേക്ക് ഉയര്‍ത്തിയ മര്‍ഡോക് തന്നെ പിന്നീട് ബ്രിട്ടീഷ് പ്രധാനമന്ത്രി മാര്‍ഗരറ്റ് താച്ചറെ പിന്‍താങ്ങുന്നതില്‍ കൂട്ടുനില്‍ക്കാന്‍ വിസമ്മതിച്ചതിന് ഇവാന്‍സിനെ പുറത്താക്കുകയും ചെയ്തു.
'ഫ്‌ളീറ്റ് സ്ട്രീറ്റിലെ ജെയിംസ് ബോണ്ട്' എന്ന് ചിലര്‍ ആരാധനയോടെ വിശേഷിപ്പിച്ച ഇവാന്‍സ് എണ്‍പതുകളില്‍ അമേരിക്കയിലേക്ക് പറന്നത് മറ്റൊരു മനുഷ്യനായാണ്. പ്രമുഖ അമേരിക്കന്‍ മാസികയായ 'വാനിറ്റി ഫെയറി'ന്റെ പത്രാധിപയായ ടീനാ ബ്രൗണിന്റെ ഭര്‍ത്താവ് എന്നനിലയില്‍ പ്രശസ്തിയുടെ മറ്റൊരു കുപ്പായവും അദ്ദേഹമവിടെ അണിഞ്ഞു. സത്യത്തില്‍, അമേരിക്കയില്‍ ഇവാന്‍സിന്റെ പ്രയത്നങ്ങള്‍ അവയുടേതായ രീതിയില്‍ മികച്ചതായിരുന്നു. റാന്‍ഡം ഹൗസില്‍ പബ്ലിഷറായി പ്രവര്‍ത്തിക്കെ ഉദാത്തമായ അസംഖ്യം പുസ്തകങ്ങളാണ് അദ്ദേഹത്തിലൂടെ അച്ചടിപുരണ്ടത്. സാവധാനത്തില്‍ വിറ്റുപോകുന്ന എഴുത്തുകാര്‍ക്കും അദ്ദേഹം അസാമാന്യ പിന്തുണ നല്‍കി. അമേരിക്കന്‍ പത്രാധിപ എന്നനിലയിലുള്ള തന്റെ രണ്ടാം ഭാര്യയുടെ ഉയര്‍ച്ചയിലും പ്രശസ്തിയിലും ഇവാന്‍സ് തരിമ്പും അസൂയ പ്രകടമാക്കിയില്ല. മാത്രമല്ല, ജന്മനാ ഫെമിനിസ്റ്റായ അദ്ദേഹം അവരുടെ വിജയങ്ങളില്‍ തന്റെ ജയങ്ങളിലെന്നതിനേക്കാള്‍ അഭിമാനിക്കുകയും ചെയ്തു.
ശ്രദ്ധിക്കപ്പെട്ട എഡിറ്റോറിയല്‍ സംഭാവനകളെക്കാള്‍ ശ്രേഷ്ഠവും മഹനീയവുമായിരുന്നു ഔദ്യോഗിക ജീവിതത്തിനുശേഷം അദ്ദേഹം രചിച്ച പുസ്തകങ്ങള്‍ -അമേരിക്കന്‍ ചരിത്രം, എങ്ങനെ നന്നായി എഴുതാമെന്നതിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍, അച്ചടിയുടെ ചൂരും ചൂടും അനുഭവിച്ചറിഞ്ഞ പത്രപ്രവര്‍ത്തനത്തിലെ മനോഹരങ്ങളായ ഓര്‍മക്കുറിപ്പുകള്‍. ജിജ്ഞാസുവും ധീരനും ഉത്സാഹിയുമായിരുന്നു ഇവാന്‍സ്. ആര്‍ക്കും ഇഷ്ടംതോന്നിപ്പിക്കുന്ന പ്രകൃതം. പരിചയമുള്ളവര്‍ എപ്പോഴും കാണാന്‍ കൊതിച്ചുക്കൊണ്ടിരിക്കുന്ന അപൂര്‍വം വ്യക്തിത്വങ്ങളില്‍ ഒരാള്‍. പ്രത്യേകിച്ച് വാത്സല്യമോ ദേഷ്യമോ പ്രകടമാക്കാതെ കാര്യങ്ങളുടെ നിലവിലെ സ്ഥിതിയെക്കുറിച്ചും അവയുടെ നിജസ്ഥിതിയെക്കുറിച്ചും മുന്നോട്ടും പിന്നോട്ടും സഞ്ചരിച്ച് ചോദ്യങ്ങള്‍ തൊടുത്തുകൊണ്ടിരിക്കും. അവസാനം എത്തിപ്പെടുന്ന നിഗമനങ്ങളും അവ എന്തു ചിന്തിപ്പിച്ചുവെന്നും തേടാന്‍ പ്രേരിപ്പിക്കും. തന്റെ തൊണ്ണൂറുകളിലും ഇവാന്‍സ് സൈക്കിള്‍ച്ചക്ര ഇല്ലികള്‍ എണ്ണുകയും നക്ഷത്രങ്ങളെ പിന്തുടരുകയുമായിരുന്നു.
പരിഭാഷ: സൗമ്യ ഭൂഷണ്‍
Content Highlights: Harold Evans: Legendary journalist