നിലമ്പൂരിനപ്പുറത്തെ കവളമുക്കട്ട എന്ന ഏകാന്തഗ്രാമത്തില്‍നിന്നും കറുത്ത ഒരു പെട്ടിയും തൂക്കി അലഞ്ഞലഞ്ഞ് ഒരു മാന്ത്രികന്‍ എത്തിച്ചേര്‍ന്ന ഇടങ്ങളുടെ ഓര്‍മകളാണിത്. മാജിക് എന്ന കലയെയും ശാസ്ത്രത്തെയും അതിന്റെ പരമ്പരാഗത-യാഥാസ്ഥിതിക ചുറ്റുപാടില്‍നിന്ന് പുറത്തുകൊണ്ടുവന്ന് ജനകീയമാക്കിയതിന്റെ പിറകിലെ സമര്‍പ്പണത്തിന്റെ ചൂടും വേദനകളും ഈ വാക്കുകളില്‍ അനുഭവിക്കാം. തിരുവനന്തപുരത്തെ മാജിക് അക്കാദമി അതിന്റെ 25-ാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ ഓര്‍മകള്‍ പ്രവഹിക്കുകയാണ്

ബെംഗളൂരുവിലെ വിശ്വേശരയ്യ ലോകോളേജിലെ പഠനമുപേക്ഷിച്ച് കവളമുക്കട്ടയെന്ന എന്റെ ഗ്രാമത്തില്‍ തിരിച്ചെത്തിയ കാലത്തുനിന്ന് ഞാനീ കുറിപ്പ് തുടങ്ങുകയാണ്. ഡിഗ്രി മാര്‍ക്ക് ലിസ്റ്റ് പോലും കോളേജില്‍നിന്നും തിരിച്ചുവാങ്ങാതെയായിരുന്നു ബെംഗളൂരുവില്‍നിന്നുള്ള എന്റെ മടക്കം. ഈ ജീവിതം മാജിക്കിനുവേണ്ടി എന്ന് ഞാന്‍ എപ്പോഴൊക്കെയോ ഉറപ്പിച്ചിരുന്നു. നാട്ടുകാരും വീട്ടുകാരുമെല്ലാം എന്റെ തീരുമാനങ്ങള്‍ തെറ്റായിരുന്നു എന്ന് വിലയിരുത്തിയ ദിനങ്ങളാണ് അത്. അക്കാലത്ത് പരിഷ്‌കാരങ്ങളൊന്നും കടന്നുവന്നിട്ടില്ലാത്ത, നിലമ്പൂരിനപ്പുറത്തെ കവളമുക്കട്ടയെപ്പോലുള്ള ഒരു ഗ്രാമത്തില്‍നിന്ന് ബെംഗളൂരുവിലെ പ്രശസ്തമായ കോളേജില്‍ ഒരാള്‍ പഠിക്കാന്‍പോകുക എന്നതുതന്നെ മുന്‍മാതൃകകളില്ലാത്തതാണ്. അച്ഛന്റെ അദമ്യമായ ആഗ്രഹമായിരുന്നു ഞാന്‍ ഒരു വക്കീലായി കാണുക എന്നത്. അതിനായി ഒരുപാട് പണവും അച്ഛന്‍ മുടക്കിയിരുന്നു. ഞങ്ങളുടെ ഗ്രാമത്തില്‍നിന്ന് ഒരു വക്കീലിനെ ഉയര്‍ത്തിക്കാണിക്കാന്‍ എന്റെ നാട്ടുകാരും കാത്തിരുന്നിട്ടുണ്ടാവണം. അതുകൊണ്ടുതന്നെ എന്റെ മടങ്ങിവരവ് വീട്ടില്‍ മാത്രമല്ല നാട്ടുകാരിലും മടുപ്പുണ്ടാക്കിയെങ്കില്‍ അതിന് ആരെയും കുറ്റംപറയാനാവില്ല.

തുടര്‍ന്നുള്ള ദിവസങ്ങളില്‍ അങ്ങാടിയിലേക്കിറങ്ങാന്‍തന്നെ എനിക്ക് മടിയായിരുന്നു. കുറ്റപ്പെടുത്തലുകളുടെ കൂരമ്പുകളാണ് ഓരോ നാവിലും. നാട്ടില്‍നിന്നും വിട്ടുനില്‍ക്കാന്‍ ഞാന്‍ കൊതിച്ചു. പരിസരങ്ങളിലെ സ്‌കൂളുകളില്‍ മാജിക് ഷോ നടത്തിക്കിട്ടുന്ന ഇത്തിരി പണം കൈയില്‍വന്നാല്‍ ഞാന്‍ യാത്രതുടങ്ങും. കോട്ടയമാണ് ഇഷ്ടനഗരം. കുറേയധികം മാധ്യമങ്ങളും ഫൈന്‍ ആര്‍ട്സ് സൊസൈറ്റികളും ഉള്ളതുകൊണ്ട് രാവിലെമുതല്‍ രാത്രിവരെ കയറിയിറങ്ങാനുള്ള സ്ഥലങ്ങള്‍ക്ക് ഒരു കുറവുമില്ല. നിലമ്പൂരില്‍നിന്ന് രാത്രിയിലുള്ള കെ.എസ്.ആര്‍.ടി.സി. ബസില്‍ കയറിയാല്‍ അതിരാവിലെ കോട്ടയത്തെത്തും. ബോട്ട് ജെട്ടിക്കടുത്തുള്ള റെസ്റ്റ് ഹൗസിലെ വാച്ച്മാന് പത്തുരൂപ കൊടുത്താല്‍ ഒരു മുറിതുറന്നുതരും. പിന്നെ പെട്ടിയും തൂക്കി അവിടെയുള്ള മാസികകളുടെയും വാരികകളുടെയുമൊക്കെ ഓഫീസിലേക്കുള്ള യാത്ര തുടങ്ങുകയായി. എന്നെക്കുറിച്ച് ഒരു ലേഖനം... അതാണ് അവരോടുള്ള അഭ്യര്‍ഥന. കൂട്ടത്തില്‍ മാജിക് ഷോ നടത്താനുള്ള വേദികള്‍ കിട്ടാനായി ഫൈന്‍ ആര്‍ട്സ് സൊസൈറ്റികളുടെ പ്രസിഡന്റിനെയും സെക്രട്ടറിയെയുമൊക്കെ കാണാനുള്ള അലച്ചിലുകള്‍. ചിലര്‍ക്ക് എന്നോട് സഹതാപം തോന്നി. അതോടെ ചില വേദികള്‍ തരപ്പെട്ടു. ആ യാത്രകള്‍ പിന്നെ കോഴിക്കോട്ടേക്കും എറണാകുളത്തേക്കും തിരുവനന്തപുരത്തേക്കുമൊക്കെ വളര്‍ന്നു. ഞാന്‍ മാജിക്കിന്റെ മേഖലയില്‍ വിജയിക്കുന്നു എന്ന് നാട്ടുകാരുടെയും വീട്ടുകാരുടെയും മുമ്പില്‍ കാണിച്ചുകൊടുക്കലായിരുന്നു അക്കാലത്തെ പ്രധാനലക്ഷ്യം. പക്ഷേ, ഞാന്‍ വിജയിക്കുകയായിരുന്നില്ല.

ആ കാലത്ത് എന്റെ കൈയില്‍ ചുവന്ന ചട്ടയുള്ള ഒരു നോട്ടുബുക്കുണ്ടായിരുന്നു. വല്ലപ്പോഴുമൊരിക്കല്‍ കിട്ടുന്ന മാജിക് ഷോയുടെ ലാഭനഷ്ടക്കണക്കുകള്‍ എഴുതിവെക്കാനുള്ളതായിരുന്നു പുസ്തകം. അതിനരികില്‍തന്നെ ചുവപ്പും പച്ചയും നിറമുള്ള മഷിപ്പേനകള്‍ വെച്ചിരുന്നു. പരിപാടി കഴിഞ്ഞുവന്നാല്‍ കണക്കെഴുതിവെക്കാനുള്ള പുസ്തകമാണത്. വല്ലതും ബാക്കിയുണ്ടെങ്കില്‍ പച്ചമഷികൊണ്ടും നഷ്ടമാണെങ്കില്‍ ചുവന്നമഷികൊണ്ടും ആ പുസ്തകത്താളില്‍ കുറിച്ചുവെക്കും. സത്യം പറയട്ടെ, വളരെ വിരളമായേ പച്ചമഷിപ്പേന തുറക്കേണ്ടിവരാറുള്ളൂ. ട്രൂപ്പിന് യാത്രചെയ്യാനായി വന്‍ തുക ലോണെടുത്ത് ഒരു പഴയ ബസ് കൂടി വാങ്ങിയതോടെ കാര്യങ്ങള്‍ കൂടുതല്‍ അവതാളത്തിലായി. വീട്ടില്‍നിന്നും നാട്ടില്‍നിന്നും അകന്നുനില്‍ക്കാന്‍ ഞാന്‍ കൊതിച്ചു. നിലമ്പൂര്‍ അങ്ങാടിയിലെ കോവിലകം റോഡില്‍, എന്റെ മൂത്തസഹോദരങ്ങളായ ഉണ്ണ്യേട്ടന്റെയും സുന്ദരേട്ടന്റെയുമൊക്കെ അടുത്തസുഹൃത്തായ രാധാകൃഷ്‌ണേട്ടന്റെ റബ്ബര്‍ക്കടയ്ക്കുമുകളിലെ മുറിയില്‍ അങ്ങനെ 'മുതുകാട് മാജിക് എന്റെര്‍ടെയ്നേഴ്സി'നായി ഒരു ഓഫീസ് തുറന്നു. മാജിക്കിന്റെ പുതിയ പരീക്ഷണങ്ങളുമായി രാവും പകലും ഞാന്‍ കഷ്ടപ്പെട്ടു. അക്കാലത്ത് അപൂര്‍വമായിമാത്രം കിട്ടിയിരുന്ന വിദേശമാന്ത്രികരുടെ പുസ്തകങ്ങളും വീഡിയോ കാസറ്റുകളും അന്വേഷിച്ചുനടന്നു. അതുവരെയുണ്ടായിരുന്ന മാജിക്കിന്റെ ശൈലിയില്‍ കാതലായ മാറ്റംവരുത്താനും ഓരോ വിസ്മയത്തിലും ഓരോ സന്ദേശത്തെ കോര്‍ത്തുകെട്ടാനുമൊക്കെയുള്ള തുടര്‍ച്ചയായ റിഹേഴ്സലുകള്‍ ഒരു ഭാഗത്ത്. വേദികള്‍ കിട്ടാനായുള്ള നെട്ടോട്ടം മറുഭാഗത്ത്. 

Muthukad

ഇന്നും ഓര്‍മയില്‍പ്പോലും നീറ്റലുണ്ടാക്കുന്ന ഒരു സംഭവം പറയാം. കോട്ടയം ഫൈന്‍ ആര്‍ട്സ് സൊസൈറ്റിയുടെ പ്രസിഡന്റ് ജോണ്‍ മാത്യു സാര്‍ വിളിച്ചുപറഞ്ഞതനുസരിച്ചാണ് ഞാന്‍ കറുകച്ചാല്‍ ഫൈന്‍ ആര്‍ട്സ് സൊസൈറ്റിയുടെ പ്രസിഡന്റിനെ കാണാന്‍ ബസ് കയറിയത്. കറുകച്ചാലില്‍ ബസിറങ്ങുമ്പോള്‍ നേരം ഇരുട്ടിയിരുന്നു. പ്രസിഡന്റിന്റെ വീട്ടിലേക്ക് പെട്ടിയും തൂക്കി ഞാന്‍ നടന്നു. ഒരു പട്ടി എന്റെനേരെ കുരച്ചുകൊണ്ട് ഓടിവന്നതും ഞാന്‍ തിരിഞ്ഞോടി. ഒരു മരത്തിന്റെ വേരില്‍ കാലുകുടുങ്ങി കമിഴ്ന്നടിച്ചു വീണു. താടിയും നെറ്റിയുമെല്ലാം പൊട്ടി ചോരയൊഴുകുന്നുണ്ടായിരുന്നു. ആ ഇരുട്ടില്‍ ഞാന്‍ ഒറ്റയ്ക്കിരുന്ന് ഒരുപാട് കരഞ്ഞു. എന്റെ മനസ്സിന്റെ രണ്ടു തലങ്ങള്‍ തമ്മില്‍ പടവെട്ടാന്‍ തുടങ്ങി: ഗോപി എന്ന ബോധമനസ്സും മുതുകാട് എന്ന ഉപബോധമനസ്സും. എന്തിനാണ് ഇങ്ങനെ അലയുന്നത് എന്ന ഗോപിയുടെ ചോദ്യത്തിന് മുതുകാടിന്റെ മറുപടി ദൃഢമായിരുന്നു: എന്നെങ്കിലുമൊരിക്കല്‍ സ്വപ്നം സാക്ഷാത്കരിക്കപ്പെടുമെന്ന നിശ്ചയദാര്‍ഢ്യം.

പക്ഷേ, ഒന്നും എളുപ്പമുള്ള കാര്യങ്ങളായിരുന്നില്ല. ഓരോ യാത്രയും കഴിഞ്ഞുവന്നാല്‍ പരിചയപ്പെട്ട ആളുകള്‍ക്കെല്ലാം ഒരു ഷോ തരപ്പെടുത്തിത്തരണമെന്ന് അഭ്യര്‍ഥിച്ചുകൊണ്ടുള്ള കത്തെഴുത്താണ് പണി. പിന്നെ ആ അഭ്യര്‍ഥനകള്‍ക്ക് ആരെങ്കിലുമൊക്കെ പോസിറ്റീവ് ആയി മറുപടിതരുമെന്ന പ്രതീക്ഷയോടെ റോഡിലേക്കും നോക്കി ഒരു കാത്തുനില്‍പ്പുണ്ട്. കാക്കി വസ്ത്രം ധരിച്ച് കൈയില്‍ ഒരുകെട്ട് കത്തുകളുമായി നടന്നുവരുന്ന പോസ്റ്റ്മാനെ അങ്ങകലെനിന്നേ കാണാം. ഓരോ കടയിലും കയറിക്കയറിയാണ് അയാളുടെ വരവ്. ആ നേരമെല്ലാം ഞാന്‍ എന്റെ മനസ്സില്‍ സ്വപ്നങ്ങള്‍ നെയ്തുകൊണ്ടിരിക്കും. ഒരാഴ്ചമുമ്പ് ഞാന്‍ കത്തയച്ച ഫൈന്‍ ആര്‍ട്സ് സൊസൈറ്റിക്കാര്‍ തീരുമാനമെടുത്തുകാണും, അവരുടെ പോസിറ്റീവ് ആയ മറുപടി ഇന്നു കിട്ടുമായിരിക്കും ഇതൊക്കെയാവും പ്രതീക്ഷകള്‍... പക്ഷേ, ഒന്ന് തിരിഞ്ഞുനോക്കുകപോലും ചെയ്യാതെ പോസ്റ്റ്മാന്‍ കടന്നുപോകുന്നതോടെ ആ പ്രതീക്ഷകള്‍ അസ്ഥാനത്താവും. വീണ്ടും യാത്ര.

പലരെയും നേരിട്ടുകാണുമ്പോഴാണ് ആ ബന്ധങ്ങളിലൂടെ ചില വേദികള്‍ കിട്ടാന്‍ തുടങ്ങിയത്. അക്കാലത്ത് എഴുത്തുകാരെ പരിചയപ്പെടുക എന്നതിലായിരുന്നു എനിക്ക് ഹരം. മാധവിക്കുട്ടിച്ചേച്ചി, ഒ.എന്‍.വി. സാര്‍, അഷിതച്ചേച്ചി, പെരുമ്പടവം ശ്രീധരന്‍ സാര്‍ തുടങ്ങി ഓരോരുത്തരെയും പലതവണ വീടുകളില്‍പ്പോയി കണ്ടു. ഒരു ദിവസം ചെമ്മനം ചാക്കോ സാറിന്റെ വീട്ടിലിരിക്കുമ്പോള്‍ അദ്ദേഹത്തിനുവന്ന ഒരു ഫോണ്‍ കോളിന്റെ തുടര്‍ച്ചയായാണ് എന്റെ ജീവിതനദിയുടെ ഗതിതന്നെ മാറ്റിമറിച്ചത്. ഫോണ്‍ റിസീവര്‍ താഴെവെച്ച് ചെമ്മനം പറഞ്ഞു: ''മലയാറ്റൂരാണ്''. വേരുകളും യന്ത്രവും യക്ഷിയുമൊക്കെ വായിച്ച് മലയാറ്റൂര്‍ രാമകൃഷ്ണന്‍ എന്ന എഴുത്തുകാരനോട് ആരാധനമൂത്ത് നടക്കുന്ന കാലമാണ്. 'അയ്യര്‍ ദ ഗ്രേറ്റ്' എന്ന സിനിമകൂടി കണ്ടതോടെ മലയാറ്റൂര്‍ സാറിനെ കാണാനുള്ള മോഹം വല്ലാതെ വര്‍ധിച്ചിരുന്നു. ചെമ്മനം ചാക്കോ സാര്‍ ചോദിച്ചു: ''ഗോപി മലയാറ്റൂരിനെ പരിചയപ്പെട്ടിട്ടില്ലേ''. ഇല്ലെന്ന് ഞാന്‍ പറയുമ്പോള്‍ അദ്ദേഹം തുടര്‍ന്നു. ഒരു മാന്ത്രികനായ നിങ്ങള്‍ ആദ്യം പരിചപ്പെടേണ്ട എഴുത്തുകാരന്‍ മലയാറ്റൂരാണ്.

ചാക്കോ സാറിന്റെ വിളിയെത്തുടര്‍ന്ന് ഞാന്‍ മലയാറ്റൂരിന്റെ വീടായ 'വൈദേഹി'യുടെ ഗേറ്റ് പതുക്കെ തള്ളിത്തുറന്നു. പൂമുഖത്തിനോടുചേര്‍ന്ന മുറിക്കുള്ളിലെ കസേരയില്‍ പുറത്തേക്ക് നോക്കിയിരിക്കുകയായിരുന്നു അദ്ദേഹം. ഞാന്‍ പടികള്‍ കയറുമ്പോള്‍ ഘനഗംഭീരമായ ശബ്ദത്തില്‍ ഒരു ചോദ്യം കേട്ടു: ''മുതുകാടല്ലേ? അകത്തേക്ക് വരാം''. അന്നുമുതല്‍ ആ ബന്ധം വളര്‍ന്നു... പുത്രവാത്സല്യംപോലെ... പിന്നെ ഓരോ തിരുവനന്തപുരം യാത്രയിലും ഞാന്‍ വൈദേഹിയിലെ വീട്ടുകാരനായി.

ആയിടയ്ക്കാണ് എന്റെ അച്ഛന്റെ മരണം സംഭവിക്കുന്നത്. അച്ഛന്‍ അവസാനശ്വാസമെടുക്കുന്ന നേരത്ത് ഞാന്‍ ഇരിങ്ങാലക്കുടയിലെ പാരിഷ്ഹാളില്‍ ഒന്നുമറിയാതെ നിറഞ്ഞാടുകയായിരുന്നു. നിലമ്പൂരിലേക്കുള്ള കാര്‍ യാത്രയില്‍ എത്രയോ ഓര്‍മച്ചിത്രങ്ങള്‍ എന്റെ മനസ്സിലൂടെ കടന്നുപോയി. ഞാന്‍ ഒരു ജലവിദ്യക്കാരനല്ലായിരുന്നെങ്കില്‍ മരണസമയത്ത് അച്ഛനരികില്‍ എനിക്കുണ്ടാകാമായിരുന്നല്ലോ എന്നൊരു കുറ്റബോധംപോലും മനസ്സിനെ മഥിച്ചു. കാരണം അച്ഛനായിരുന്നു എനിക്കെല്ലാം. കുഞ്ഞുനാളില്‍ എന്റെ മനസ്സുനിറയെ ഇന്ദ്രജാലത്തിന്റെ വിത്തുവിതറിയത് ആ പാവം കര്‍ഷകനായിരുന്നു. അച്ഛനായിരുന്നു എന്നും എന്റെ റോള്‍ മോഡല്‍... ജാലവിദ്യയുടെ അരങ്ങേറ്റത്തില്‍ പരാജയപ്പെട്ട് തളര്‍ന്നടിഞ്ഞ എന്റെ മനസ്സില്‍ ആത്മവിശ്വാസത്തിന്റെ തൈകള്‍ നട്ട് അതിജീവനത്തിന്റെ മരം നട്ടുനനച്ചു വളര്‍ത്തിയതും അച്ഛനായിരുന്നു. അച്ഛന്‍ അകന്നുപോയതോടെ അതുവരെയുണ്ടായിരുന്ന എന്റെ ധൈര്യമെല്ലാം പൊഴിഞ്ഞുപോകാന്‍ തുടങ്ങി.

മായാജാലലോകത്തുനിന്ന് പിന്‍വലിയണോ എന്നുപോലും ചിലഘട്ടങ്ങളില്‍ ചിന്തിച്ചു. അതുവരെ മറ്റൊരു ജോലിക്കും ഞാന്‍ പരിശ്രമിച്ചിട്ടില്ലായിരുന്നു. ആയിടയ്ക്കാണ് എന്റെ കല്യാണക്കാര്യം വീട്ടില്‍ ചര്‍ച്ചയാവാന്‍ തുടങ്ങിയത്. എന്റെ ജീവിതത്തിന് ഒരടുക്കും ചിട്ടയും വേണമെന്ന ചിന്തയാവാം വീട്ടുകാരെ പ്രേരിപ്പിച്ചത്. പെണ്ണുകാണലുകള്‍ പലതും നടന്നു. മറ്റൊരു ജോലിയുമില്ലാത്ത വെറുമൊരു മായാജാലക്കാരന് വധുവിനെത്തരാന്‍ പലരും മടിച്ചു. ഒരു ദിവസം പെരിന്തല്‍മണ്ണ കമ്യൂണിറ്റി ഹാളില്‍ ഷോ നടത്താന്‍ പോകുമ്പോഴാണ് മേലാറ്റൂരിലെ ഒരു വീട്ടില്‍പ്പോയി കവിതയെ കാണുന്നത്. അന്നത്തെ ആ ഷോ കാണാന്‍ കവിതയുടെ വീട്ടുകാരെ ക്ഷണിക്കുകയും ചെയ്തു. അവര്‍ വന്നു. വേദിയിലേക്ക് കാണികളില്‍നിന്നും ഒരാളെ ക്ഷണിച്ചപ്പോള്‍ കവിത ഓടിവന്നു. അടുത്തനാളില്‍ അവളുടെ വീട്ടുകാരുടെ സമ്മതവും അറിയിച്ചു.

വിവാഹശേഷം ഒരു മേയില്‍ തിരുവനന്തപുരത്ത് പുത്തരിക്കണ്ടം മൈതാനത്ത് നടത്തിയ ഫയര്‍ എസ്‌കേപ് ആക്ടാണ് എന്റെ മന്ത്രികജീവിതത്തിന്റെ ഉറച്ച വഴികളിലേക്കുള്ള വാതിലുകള്‍ തുറന്നത്. മൈതാനത്തേക്ക് പോകുംമുമ്പ് മലയാറ്റൂര്‍ സാറിന്റെ അനുഗ്രഹം വാങ്ങാന്‍ ഞാന്‍ വൈദേഹിയിലെത്തിയപ്പോള്‍ അദ്ദേഹം പറഞ്ഞു: ''ശ്രദ്ധിക്കണം, മായാജാലമാണെങ്കിലും അവതരിപ്പിക്കുന്നത് മനുഷ്യനാണെന്ന് മറക്കരുത്... തീയില്‍നിന്ന് പുറത്തെത്തിയാലുടനെ വിളിക്കണം...'' അത്തരം ഒരു ജാലവിദ്യ കേരളക്കരയില്‍ ആദ്യമായി അരങ്ങേറുകയായിരുന്നു. പിന്നെപ്പിന്നെ മലയാറ്റൂര്‍ സാറിനോട് ഞാന്‍ കൂടുതല്‍ക്കൂടുതല്‍ അടുക്കുകയായിരുന്നു. അക്കാലത്ത് മാതൃഭൂമി വാരാന്തപ്പതിപ്പില്‍ അദ്ദേഹത്തിന്റെ 'ഓര്‍മകളുടെ ആല്‍ബം' എന്ന ആത്മകഥ പ്രസിദ്ധീകരിച്ചുവരുന്ന കാലമാണ്. അപ്രതീക്ഷിതമായി ഒരു ഞായറാഴ്ച എന്റെ മായാജാലലോകത്തെ പ്രതിപാദിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ എഴുത്ത്. ഒരു ദിവസത്തെ ഞങ്ങളുടെ ചര്‍ച്ചയ്ക്കിടയില്‍ അദ്ദേഹത്തിന്റെ ഐ.എ.എസ്. ബുദ്ധിയിലുദിച്ച ആശയമായിരുന്നു മാജിക് അക്കാദമി. അന്നുവരെ മാജിക്കിനെക്കുറിച്ച് ആളുകള്‍ക്കുണ്ടായിരുന്ന അബദ്ധധാരണകള്‍ മാറ്റിമറിക്കാനായി ഒരു അക്കാദമി. മാജിക് ഒരു ശാസ്ത്രവും കലയുമാണെന്ന് വിളിച്ചുപറയാനും ഈ കലയെ അടുത്ത തലമുറയിലേക്ക് കൈമാറാനുമായി ഏഷ്യയിലാദ്യമായി ഒരു ആസ്ഥാനം വേണമെന്ന് അദ്ദേഹം എന്നെ ബോധ്യപ്പെടുത്തി. 'The academy of magical sciences' എന്ന് സ്ഥാപനത്തിന് പേരിട്ടതും ശാസ്ത്രത്തെ ഉയര്‍ത്തിപ്പിടിക്കുക എന്ന ഉദ്ദേശ്യത്തോടെ തന്നെയായിരുന്നു. നിലമ്പൂരില്‍നിന്നും പ്രവര്‍ത്തനമേഖല തലസ്ഥാനനഗരിയിലേക്ക് മാറ്റണമെന്ന് എന്റെ ഉള്ള് പറഞ്ഞുകൊണ്ടേയിരുന്നു. അങ്ങനെ 1996 മേയിലെ ഒരു സന്ധ്യക്ക് നിലമ്പൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന് തിരുവനന്തപുരത്തേക്ക് ഞാന്‍ വണ്ടികയറി. പോരുമ്പോള്‍ മനസ്സുനിറയെ മലയാറ്റൂര്‍ സാര്‍ പാകിയ കുറെ സ്വപ്നങ്ങളുടെ വിത്തുകള്‍ മാത്രമായിരുന്നു.

എന്റെ ഏട്ടന്‍ സുന്ദരന്‍ നിലമ്പൂരിലെ കനറാബാങ്കില്‍ സ്റ്റാഫായതുകൊണ്ട്, ആ കെയര്‍ ഓഫില്‍ കുറെ പൈസ ലോണെടുത്ത് പൂജപ്പുരയില്‍ ബില്‍ഡിങ്ങോടുകൂടിയ എട്ട് സെന്റ് സ്ഥലം വാങ്ങി. മലയാറ്റൂര്‍ സാര്‍ തന്നെയായിരുന്നു എല്ലാത്തിനും നേതൃത്വം കൊടുത്തത്. ഓരോ ദിവസവും അദ്ദേഹം ഓരോ പുതിയ പാഠങ്ങള്‍ എന്റെ മുന്നില്‍ നിവര്‍ത്തിവെച്ചു. അനുകരിക്കാന്‍ ഞങ്ങളുടെ മുന്നില്‍ ഒരു മാതൃകയുണ്ടായിരുന്നില്ല. ക്ലാസുകള്‍ക്കായുള്ള സിലബസുകള്‍ തയ്യാറാക്കലും ലൈബ്രറിയിലേക്കുള്ള റഫറന്‍സ് ഗ്രന്ഥങ്ങള്‍ സംഘടിപ്പിക്കലുമെല്ലാം ഇക്കാലത്തെപ്പോലെ അന്ന് എളുപ്പമുള്ള കാര്യമായിരുന്നില്ല. ഉദ്ഘാടനദിവസംവരെയുള്ള ഒരു മാസം മുഴുവന്‍, ഒരു മാജിക് അക്കാദമി തുടങ്ങുന്നു എന്ന വിവരം ജനങ്ങളിലേക്ക് എത്തിക്കാനുള്ള നെട്ടോട്ടത്തിലായിരുന്നു ഞങ്ങള്‍... നിലമ്പൂരുകാരായ തോമസും മാമ എന്നു ഞങ്ങള്‍ സ്‌നേഹപൂര്‍വം വിളിക്കുന്ന നാരായണനും ഞാനും അര്‍ധരാത്രിവരെ പോസ്റ്ററൊട്ടിക്കാനായി അലഞ്ഞുനടന്നു... അക്കാദമിയുടെ മുകളിലെ ഒരു മുറിയില്‍ തന്നെയാണ് ഭക്ഷണവും ഇത്തിരി നേരത്തെ ഉറക്കവും എല്ലാം. രാവിലെ നാലുമണിക്കെണീറ്റ് കുറെ നോട്ടീസുമായി ഞങ്ങള്‍ തമ്പാനൂര്‍ ബസ്സ്റ്റാന്‍ഡില്‍ പോകും. പത്രക്കെട്ടുകളില്‍ നോട്ടീസുകള്‍ മുഴുവന്‍ തിരുകിക്കയറ്റിവെക്കണം. സൈക്കിളിലാണ് അക്കാലത്ത് ഞങ്ങളുടെ യാത്ര. തിരിച്ചുവന്നാല്‍ എല്ലാം അടിച്ചു വൃത്തിയാക്കണം. കുളികഴിഞ്ഞാല്‍ പിന്നെ അക്കാദമിയുടെ എക്സിക്യുട്ടീവ് ഡയറക്ടറായിമാറും. ആരെങ്കിലും ക്ലാസില്‍ ജോയിന്‍ ചെയ്യാന്‍ വരുന്നുണ്ടോ എന്ന് റോഡിലേക്ക് നോക്കിയിരിക്കും. ആ കാലത്ത് മാജിക്കിനോട് ആര്‍ക്കും ഇന്നത്തെ ഭ്രമമൊന്നുമില്ല. ഒരു മജീഷ്യന്‍ ആവുക എന്നാല്‍, അത്രനല്ല കാര്യമായിട്ടൊന്നും പലരും കണ്ടിരുന്നുമില്ല. അതുകൊണ്ടുതന്നെ രണ്ടും കല്പിച്ചുള്ള ഈ തുടക്കം വെറുതേയാവുമോ എന്നുപോലും ഭയമായിരുന്നു.

Magic Accademy
മാജിക്‌ അക്കാദമിയുടെ ഉദ്‌ഘാടച്ചടങ്ങ്‌

ഒരുഭാഗത്ത് ഭാരിച്ച ബാങ്ക് ലോണാണ്. പക്ഷേ, മലയാറ്റൂര്‍ സാറിന്റെ ഭാവനയില്‍വിരിഞ്ഞ ചില പബ്ലിസിറ്റി ടെക്നിക്കുകളിലൂടെ മാജിക് പഠനത്തിനായി ആളുകള്‍ അന്വേഷിച്ചുവരാന്‍ തുടങ്ങി. അങ്ങനെ മേയ് മുപ്പത്തിയൊന്നാം തീയതി അന്നത്തെ സാംസ്‌കാരിക വകുപ്പുമന്ത്രി ടി.കെ. രാമകൃഷ്ണന്‍ മാജിക് അക്കാദമി നാടിന് സമര്‍പ്പിച്ചു. വിജയന്‍ കാടാംകോട് എന്ന മാന്ത്രികനും ബെംഗളൂരുവിലെ പ്രഹ്ലാദ് ആചാര്യയുമാണ് അക്കാലത്ത് ക്ലാസുകള്‍ കൈകാര്യം ചെയ്തിരുന്നത്. കാരണം എനിക്ക് ഇടയ്ക്കിടയ്ക്ക് മാജിക് ഷോ നടത്താന്‍ പോകണമായിരുന്നു. പലദിവസങ്ങളിലും രണ്ടും മൂന്നും ഷോവരെ നടത്തി. കടം വീട്ടിത്തീര്‍ക്കാന്‍ അതേ മാര്‍ഗമുണ്ടായിരുന്നുള്ളൂ. തലസ്ഥാനനഗരിയിലെ എന്റെ താമസം ഒരുപാട് ആളുകളെ പരിചയപ്പെടാന്‍ അവസരമൊരുക്കി. മലയാറ്റൂര്‍ സാറിന്റെ ബന്ധങ്ങള്‍ അത്രമാത്രം വിശാലമായിരുന്നു. ആ കൂടിക്കാഴ്ചകള്‍ എന്റെ ചിന്തകളെ മാറ്റിമറിച്ചു. ക്ലാസുകളില്‍ മാത്രം ഒതുങ്ങിനിന്നിരുന്ന മാജിക് അക്കാദമി പുതിയ ആകാശങ്ങളിലേക്ക് പറന്നുയര്‍ന്നു. മലയാറ്റൂര്‍ സാറിന്റെ മരണശേഷം ഒ.എന്‍.വി. സാറും ഇപ്പോള്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ സാറും ഞങ്ങള്‍ക്ക് മാര്‍ഗദര്‍ശികളായി. തുടര്‍ച്ചയായ സന്ദേശപ്രചാരണ യാത്രകള്‍, ഭാരതത്തിന്റെ വിരിമാറിലൂടെ നടത്തിയ ദേശീയോദ്ഗ്രഥന യാത്രകള്‍, അന്താരാഷ്ട്ര മാജിക് കണ്‍വെന്‍ഷനുകള്‍, ലോകത്തിലെ ആദ്യത്തെ മാജിക് തീം പാര്‍ക്കായ മാജിക് പ്ലാനറ്റ്, ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് ജീവിതം നല്‍കുന്ന ഡിഫറന്റ് ആര്‍ട്ട് സെന്റര്‍ തുടങ്ങി വേദിയിലെ വിസ്മയംവിട്ട് തളര്‍ന്ന ജീവിതങ്ങള്‍ക്കായുള്ള വിസ്മയം തീര്‍ക്കാന്‍ മാജിക് അക്കാദമിയുടെ പുതിയ വാതിലുകള്‍ തുറന്നുവെച്ചു. ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്കുമുമ്പ് മലയാറ്റൂര്‍ സാര്‍ നട്ട ആ വിത്ത് ഇന്ന് വളര്‍ന്ന് ഇത്തിരി പൂക്കളും കായ്കളുമൊക്കെയായി നില്‍ക്കുകയാണ്. ഇനിയും ഒരുപാടൊരുപാട് പടര്‍ന്നുപന്തലിക്കാനുണ്ട്. മാജിക് അക്കാദമിയുടെ ഒരു വേദിയില്‍വെച്ച് ശ്രീകുമാരന്‍ തമ്പി സാര്‍ എഴുതിയതുപോലെ: 'ആകാശം നമ്മുടെ മനസ്സല്ലോ അതിനതിരുകളില്ലല്ലോ...

പുസ്തകങ്ങള്‍ ഓണ്‍ലൈനില്‍ വാങ്ങാം

Content Highlights: Gopinath Muthukad memory Malayattoor Ramakrishnan Magic Academy