ബ്രിയേല്‍ ഗാര്‍ഷ്യാ മര്‍ക്വേസ് എന്ന മാന്ത്രിക മനുഷ്യന്റെ ഭാവനയില്‍ വിരിഞ്ഞ ''കോളറക്കാലത്തെ പ്രണയം'' എന്ന നോവല്‍ ഈ കൊറോണക്കാലത്ത് വീണ്ടും പ്രണയവും വിരഹവും വിടവാങ്ങലുകളും ഓര്‍മിപ്പിക്കുന്നതാണ്. വഴങ്ങിക്കൊടുക്കുന്നു എന്ന ഗുണമാണ് താന്‍ സ്ത്രീയില്‍ കാണുന്ന ഏറ്റവും വലിയ സവിശേഷത എന്നു പറഞ്ഞ മാര്‍ക്കേസ് പുരുഷന്റെ പ്രത്യേകതയായി ചൂണ്ടിക്കാണിക്കുന്നതാവട്ടെ കരുണാര്‍ദ്രതയും. ''കോളറക്കാലത്തെ പ്രണയ''ത്തിലെ നായിക ഫെര്‍മിന ഡാസ പ്രണയത്തിനു മുന്നില്‍ രണ്ടുതവണ വഴങ്ങിക്കൊടുത്തവളാണ്. ആദ്യത്തേത് ഫ്ളോറന്റിനോ അരിസയോടുള്ള മതിഭ്രമമായിരുന്നെങ്കില്‍ അഞ്ചു പതിറ്റാണ്ടുകള്‍ക്കു ശേഷമുളള വഴങ്ങിക്കൊടുക്കലില്‍ തന്നോട് പ്രണയി കാണിച്ച വിധേയത്വവും ആത്മാര്‍ഥതയുമായിരുന്നു നിഴലിച്ചിരുന്നത്.

ഈ കൊറോണക്കാലത്ത് മുമ്പേ പിരിഞ്ഞവര്‍ കുട്ടികളുടെ സുരക്ഷിതത്വത്തിനുവേണ്ടി താത്ക്കാലികമായിട്ടാണെങ്കിലും ഒന്നിക്കുമ്പോള്‍ ഒരു മഹാമാരി പ്രണയത്തില്‍ എങ്ങനെയാണ് പ്രായോഗികത കൈവരിച്ചിരിക്കുന്നതെന്ന് കാണാന്‍ കഴിയുന്നു. കോളറയെ തുരത്താനുള്ള വഴികളില്‍ വ്യാപൃതനായിരിക്കുന്ന ഫെര്‍മിനാ ഡാസയുടെ ഭര്‍ത്താവ് അര്‍ബിനോയുടെ വൈദ്യശാസ്ത്രമികവുകളെ അംഗീകരിക്കുകയും അതിലൂടെ തനിക്കുവന്നുചേരുന്ന സാമൂഹ്യസമ്മതിയില്‍ അഭിമാനിക്കുകയും ചെയ്യുന്ന ഒരു ശരാശരി ഭാര്യയുടെ പ്രതിനിധിയാണ് ഇവിടെ ഫെര്‍മിന. കോളറാനിര്‍മാര്‍ജ്ജനമാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. തന്റെ ജീവിതത്തില്‍ കൃത്യമായ പദ്ധതികളുള്ള, യുക്തിബോധമുള്ള മനുഷ്യനായി അര്‍ബിനോയെ അവതരിപ്പിക്കുമ്പോള്‍ ഫെര്‍ണാന്റോ ഒരു തലമുറയുടെ പ്രതിനിധിയാണ്. വൈകാരികതെയെ അങ്ങേയറ്റം കാത്തുസൂക്ഷിക്കുന്നവരുടെ പ്രതിനിധി. അതാണല്ലോ അര്‍ബിനോ അപ്രതീക്ഷതമായി ഏണിപ്പടിയില്‍ നിന്നും വീണുമരിക്കുമ്പോള്‍ ഫെര്‍ണാന്റോ വീണ്ടും ഫെര്‍മിനാ ഡാസയോട് തന്റെ കാത്തിരിപ്പിനെക്കുറിച്ച് ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നതും വിജയിക്കുന്നതും.

ചരിത്രത്തില്‍ ഏറ്റവും വെറുക്കുന്നത് ആരെയാണ് എന്ന് പ്രശസ്ത എഴുത്തുകാരന്‍ ഡങ്കന്‍ ഫാലോവെല്‍ മാര്‍ക്കേസിനോട് ചോദിക്കുമ്പോള്‍ ഉത്തരം കൊളമ്പസ് എന്നാണ്. എന്തുകൊണ്ടായിരിക്കാം ലോകം വാഴ്ത്തിയ ഈ നാവികനെ മാര്‍ക്കേസ് വെറുത്തത്? വാണിജ്യം തേടിയുള്ള പുതിയ നാടുകളെ കണ്ടെത്തിയപ്പോള്‍ വിടുത്തെ സ്വത്തിലും സ്വത്വത്തിലും ഒരു പോലെ കൈ കടത്തിയതിനാലാവുമോ? പിന്നെ താന്‍ ഏറ്റവും കൂടുതലായി ഇഷ്ടപ്പെടുന്ന നന്മ എന്നത് മരണം വരെ രഹസ്യം സൂക്ഷിക്കാനുള്ള കഴിവാണെന്നും അദ്ദേഹം പറയുന്നു. അത് ഒരു വെല്ലുവിളിയാണ്. അവനവനിലെ നന്മയെ നമ്മള്‍ എത്രമാത്രം കാത്തുസൂക്ഷിക്കുന്നു എന്ന വെല്ലുവിളി.

ലാറ്റിനമേരിക്കയുടെ ഗാബോ വിട പറഞ്ഞിട്ട് ഇന്നേക്ക് ആറുവര്‍ഷം തികഞ്ഞിരിക്കുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ എഴുത്തുകാരന്‍ എന്ന് ലോകം മുഴുവന്‍ വാഴ്ത്തപ്പെട്ട ഗാബോയിലേക്ക് സാഹിത്യം സ്വയമേ വന്നുചേരുകയായിരുന്നു. ലാറ്റിനമേരിക്കയുടെയോ കൊളമ്പിയയുടെയോ എഴുത്തുകാരനായി അവകാളപ്പെടുമ്പോളും ഏറ്റവും കൂടുതല്‍ ഭാഷകളിലേക്ക് കൃതികള്‍ വിവര്‍ത്തനം ചെയ്യപ്പെട്ടത് ഗാബോയുടേതാണ്.

Content Highlights: Gabriel García Márquez memories, Books