സ്വാതന്ത്ര്യാനന്തര ഭാരതത്തിന്റെ ശാസ്ത്രചരിത്രത്തിലെ ഏറ്റവും ആഹ്ലാദകരമായ അഭിമാനമുഹൂര്‍ത്തമായിരുന്നു രാകേഷ് ശര്‍മ എന്ന ഭാരതീയന്റെ ബഹിരാകാശ സഞ്ചാരം. ബഹിരാകാശത്തെത്തിയ ആദ്യ ഭാരതീയനായിരുന്നു അദ്ദേഹം. 1984 ഏപ്രില്‍ രണ്ടിനായിരുന്നു അദ്ദേഹം ബഹിരാകാശ നിലയത്തില്‍ എത്തിയത്. ഭാരതത്തിന്റെ അഭിമാനമായി മാറിയ രാകേഷ് ശര്‍മയുടെ ജന്മദിനമാണ് ജനുവരി 13.

1949 ജനുവരി 13-ന് പഞ്ചാബിലെ പട്യാലയില്‍ ജനിച്ച രാകേഷ് ശര്‍മ്മ 1966-ല്‍ ഒരു കേഡറ്റായി ഇന്ത്യന്‍ വ്യോമസേനയില്‍ ചേര്‍ന്നു. നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ ശര്‍മ്മ 1970-ല്‍ പൈലറ്റായി ഔദ്യോഗിക ജീവിതമാരംഭിച്ചു. 1971-ലെ ബംഗ്ലാദേശ് യുദ്ധസമയത്ത് മിഗ് 21 വിമാനങ്ങളില്‍ സ്തുത്യര്‍ഹമായ സേവനമനുഷ്ഠിച്ചു. സോവിയറ്റ് യൂണിയന്റെ ഇന്റര്‍കോസ്മോസ് ബഹിരാകാശ പദ്ധതിയുടെ ഭാഗമായി സുഹൃത്രാജ്യങ്ങളിലെ ബഹിരാകാശ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായസഹകരണങ്ങള്‍ നല്‍കിയിരുന്നു. ഈ പദ്ധതിയുടെ ഭാഗമായാണ് 1982-ല്‍ ഇന്ത്യന്‍ ബഹിരാകാശ ഗവേഷണകേന്ദ്രത്തിന്റെ പദ്ധതിപ്രകാരം സ്‌ക്വാഡ്രന്‍ ലീഡര്‍ രാകേഷ് ശര്‍മ്മയെ തിരഞ്ഞെടുക്കുന്നത്. 

രാകേശ് ശര്‍മ്മയോടൊപ്പം തിരഞ്ഞെടുക്കപ്പെട്ട രവീഷ് മല്‍ഹോത്ര വ്യോമസേനയിലെ എയര്‍ കമ്മഡോറായിരുന്നു. സോവിയറ്റ് യൂണിയനിലെ ബഹിരാകാശ നിലയത്തിലെ നിരന്തര പരിശീലനങ്ങള്‍ക്ക് ശേഷം 1984 ഏപ്രില്‍ 3-ന് ബഹിരാകാശ യാത്രയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടത് രാകേഷ് ശര്‍മ്മയായിരുന്നു. റഷ്യയിലെ കസാഖിസ്ഥാനിലെ ബൈക്കനൂര്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നായിരുന്നു ഒരു ജനതയെയാകെ ആവേശത്തിലാക്കിയ ആ യാത്ര. ഏഴ് കുതിരകളെ പൂട്ടിയ സുവര്‍ണരഥം വലിക്കുന്ന സൂര്യന്റെ ചിത്രം ആലേഖനം ചെയ്ത പ്രത്യേകവസ്ത്രം ധരിച്ച രാകേഷ് ശര്‍മ്മയോടൊപ്പം കമാന്‍ഡറായി യൂറിമലേഷേവും എന്‍ജിനീയറായി ഗെന്നഡി സ്ട്രക്കലോവുമുണ്ടായിരുന്നു. സല്യൂട്ട് 7 ബഹിരാകാശ നിലയവുമായി ബന്ധിപ്പിക്കപ്പെട്ട സല്യൂട്ട് കക നോടൊപ്പം ഇന്തോ-സോവിയറ്റ് ബന്ധവും ശക്തമാവുകയായിരുന്നു. 

ബഹിരാകാശത്തെത്തുന്ന 138-ാമത്തെ മനുഷ്യനാണ് രാകേഷ് ശര്‍മ്മ. ബഹിരാകാശത്ത് മനുഷ്യനെ എത്തിച്ച പതിനാലാമത്തെ രാജ്യമാവുകയായിരുന്നു ഇന്ത്യ. എട്ടു ദിവസത്തോളം സല്യൂട്ട് 7-ല്‍ ചെലവഴിച്ച ശര്‍മ്മ നിരവധി പരീക്ഷണങ്ങള്‍ നടത്തി. ഇതിലേറ്റവും ശ്രദ്ധേയമായ ഒന്നായിരുന്നു യോഗയുമായി ബന്ധപ്പെട്ടുള്ള അദ്ദേഹത്തിന്റെ പരീക്ഷണങ്ങള്‍. ബഹിരാകാശത്തുണ്ടാകാവുന്ന ഭാരക്കുറവ് മൂലമുള്ള പേശികളുടെ സ്തംഭനാവസ്ഥയ്ക്ക് യോഗ പരിഹാരമാകുമോ എന്നതായിരുന്നു അന്വേഷണം. റിമോട്ട് സെന്‍സിങ്, ബയോ - മെഡിസിന്‍ തുടങ്ങിയ മേഖലകള്‍ കേന്ദ്രമാക്കിയും പരീക്ഷണങ്ങള്‍ നടന്നു. ഇന്ത്യയ്ക്ക് മുകളിലൂടെ പേടകം കടന്നുപോയ അവസരങ്ങളില്‍ ഭൂപ്രകൃതിയെ അടിസ്ഥാനമാക്കി ഉജ്ജ്വലമായ ചിത്രങ്ങള്‍ പകര്‍ത്തിയ രാകേഷ് ശര്‍മ്മ മ്യാന്‍മറിലെ കാട്ടുതീ കാണുകയും അത് അറിയിച്ചതിനെത്തുടര്‍ന്ന് മ്യാന്‍മര്‍ സര്‍ക്കാരിന് കാര്യക്ഷമമായി ഇടപെടാന്‍ സാധിക്കുകയും ചെയ്തു. എവറസ്റ്റ് കൊടുമുടി കയറുന്ന പര്‍വ്വതാരോഹകരെപ്പോലും തന്റെ ക്യാമറക്കണ്ണിലൂടെ ഒപ്പിയെടുത്തു രാകേഷ് ശര്‍മ്മ. 

പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുമായുള്ള സംവാദവും ചരിത്രത്തിലെ അപൂര്‍വമനോഹരമായ ഓര്‍മയാക്കി രാകേഷ് ശര്‍മ്മ. താന്‍ ആരോഗ്യവാനാണെന്ന് ഇന്ദിരയ്ക്ക് മറുപടി നല്‍കിയ രാകേഷ് ശര്‍മ്മ, ഇന്ത്യയെങ്ങനെ കാണപ്പെടുന്നു എന്ന ചോദ്യത്തിന് നല്‍കിയ ഉത്തരം അവിസ്മരണീയമാണ് - 'സാരേ ജഹാം സേ അച്ചാ'. 

അശോകചക്രം നല്‍കി രാകേഷ് ശര്‍മ്മയെ ഇന്ത്യ ആദരിച്ചപ്പോള്‍ സോവിയറ്റ് യൂണിയന്‍ 'ഹീറോ ഓഫ് ദ സോവിയറ്റ് യൂണിയന്‍' പദവി നല്‍കി തങ്ങളുടെ ബഹുമാനം രേഖപ്പെടുത്തി. ഹിന്ദുസ്ഥാന്‍ ഏറോനോട്ടിക്കല്‍സ് ലിമിറ്റഡില്‍ ചീഫ് ടെസ്റ്റ് പൈലറ്റായി സേവനമനുഷ്ഠിച്ച രാകേഷ് ശര്‍മ്മയുടെ ബഹിരാകാശയാത്ര രാജ്യത്തിന്റെ ശാസ്ത്ര സാങ്കേതിക രംഗത്തിനും  യുവജനതയ്ക്കും ദിശാസൂചകമായി എന്നത് രാജ്യത്തിന്റെ ബഹിരാകാശ നേട്ടങ്ങള്‍ ചൂണ്ടിക്കാട്ടി പറയാന്‍ ഓരോ ഭാരതീയനും സാധിക്കും.

Content Highlights: first Indian astronaut Rakesh Sharma birthday