ബാറില്‍ മുടങ്ങാതെ ഒരേ സമയത്ത് എത്തുന്നവര്‍ എന്ന നിലയിലാണ് ആന്റണിയും അബുവും പരിചയക്കാരായത്. ആന്റണി സിംഹളനാണ്. ശ്രീലങ്കയില്‍നിന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് തമിഴ്‌നാട്ടിലെത്തി കോയമ്പത്തൂരിലെ കുറിക്കമ്പനിയില്‍ ക്ലര്‍ക്കിന്റെ ജോലി ചെയ്യുന്നു. കുടുംബമില്ല. വളരെ മെലിഞ്ഞ ശരീരം. കട്ടിക്കണ്ണട. പാതി മാത്രം തുറക്കുന്ന കണ്ണ്. അതിനാല്‍ തല പിന്നോട്ട് ആഞ്ഞാണ് നോട്ടവും സംസാരവും. വെളുത്ത വളരെ അയഞ്ഞ മുഴുക്കയ്യന്‍ ഷര്‍ട്ടും ചാരനിറത്തിലുള്ള പാന്റുമാണ് എപ്പോഴും വേഷം. പതിഞ്ഞ സംസാരം. അബു മലയാളിയാണ്. തമിഴ്‌നാടിന്റെ പാതി മേഖലയില്‍ മലയാള പത്രത്തിനായുള്ള ലേഖകന്‍. ചെറുപ്പത്തിന്റെ ആവേശമുണ്ട് പ്രവര്‍ത്തനത്തിലും സംസാരത്തിലും. കോയമ്പത്തൂര്‍ ആസ്ഥാനമാക്കിയാണ് പ്രവര്‍ത്തനം. കമ്പനി വക ഓഫീസുണ്ട്. താമസവും ഓഫീസില്‍ത്തന്നെ.

നിരന്തരമുള്ള കണ്ടുമുട്ടലും രണ്ടെണ്ണം വീശുമ്പോഴുള്ള ഹൃദയവിശാലതയും രണ്ട് പേരേയും നല്ല കൂട്ടുകാരാക്കി. സിംഹളനായ ആന്റണിക്ക് കേരളം കണാന്‍ മോഹം. മലയാളിയായ അബുവിന് ശ്രീലങ്ക കാണാനും. ഇവരുടെ ബാര്‍ ചര്‍ച്ചകളില്‍ എപ്പോഴും കടന്ന് വരിക അവരവരുടെ  സ്വന്തം നാടിനെക്കുറിച്ചായിരിക്കും. കല്യാണം കഴിക്കാനുള്ള നീക്കത്തിലാണ് അബു എന്ന് മനസിലാക്കിയ ആന്റണി  ഒരു ചിട്ടിയില്‍ ചേരാന്‍  നിര്‍ബന്ധിച്ചു. അത് നടന്നു. അതോടെ സൗഹൃദം ദൃഢമായി. 

പത്രപ്രവര്‍ത്തകനെന്ന നിലയില്‍ അബുവിന് കാട്ടുകള്ളന്‍ വീരപ്പനെ നേരില്‍ക്കാണാന്‍ ആഗ്രഹമുണ്ടോയെന്ന് ആന്റണി ഒരു ദിവസം ചോദിച്ചു.  വീരപ്പന്‍ കലിപൂണ്ട് നില്‍ക്കുന്ന കാലം. കാട്ടുകള്ളനും പോലീസുമായുള്ള ഏറ്റുമുട്ടലുകളുടെ വാര്‍ത്തയായിരുന്നു അന്നെല്ലാം. അത് റിപ്പോര്‍ട്ട് ചെയ്യലായിരുന്നു അബുവിന്റെ പ്രധാന ജോലി. അതിനായുള്ള യാത്രകള്‍. അതെല്ലാം നിരന്തരം റിപ്പോര്‍ട്ട് ചെയ്യുന്നയോളോടാണ് ആന്റണിയുടെ ചോദ്യം. ഒരു സംസ്ഥാനം ശ്രമിച്ചിട്ട് പിടിക്കാനാകുന്നില്ല. രാജ്യം വീരപ്പന്റെ തലയ്ക്ക് വലിയ വിലയിട്ടിരിക്കുകയാണ്. എന്നിട്ടും ആളെവിടെയെന്ന് പോലും കണ്ടെത്താനാകുന്നില്ല. അങ്ങിനെയൊരാളെയാണ് നേരില്‍ കാണണോ എന്ന ആന്റണിയുടെ ചോദ്യം. ചോദ്യം ആദ്യം തമാശയായി തോന്നിയെങ്കിലും പിന്നീട് ചില കാര്യങ്ങളിലൂടെ ആന്റണി മോശക്കാരനല്ലെന്ന് അബുവിന് മനസിലായി.

ഒരു ദിവസം ആന്റണി ബാറില്‍ എത്തുമ്പോള്‍ കൂടെ ഒരാള്‍ക്കൂടി ഉണ്ടായിരുന്നു. കറുത്ത് ഉയരം കുറഞ്ഞയാള്‍. ആര്‍ക്കോ വേണ്ടി ധരിച്ചതെന്ന് തോന്നിപ്പിക്കുന്ന വൃത്തിയില്ലാത്ത വേഷം. ആരേയും കൂസാത്ത പ്രകൃതമുള്ളയാള്‍. ആന്റണിയുമായി കൂടുതല്‍ അടുത്തതിനാല്‍ പുതിയ ആളെ മറയൊന്നും കൂടാതെ അബുവിന് പരിയചപ്പെടുത്തി. ശ്രീലങ്കയില്‍നിന്ന് മത്സ്യബന്ധന ബോട്ടില്‍  ഒളിച്ച് തമിഴ്‌നാട്ടിലെത്തിയ ആളാണ്, പേര് കുപ്പു. ഇദ്ദേഹത്തിന്റെ മകളെ ശ്രീലങ്കയില്‍നിന്ന് തട്ടിക്കൊണ്ട് വന്ന് കോയമ്പത്തൂരിലെ ശിരുമുഖൈയില്‍ കാമുകന്‍ പാര്‍പ്പിച്ചിരിക്കുകയാണ്. തട്ടിക്കൊണ്ടു വന്നവരോട് പ്രതികാരം തീര്‍ക്കാനാണ് ഇയാള്‍ വന്നത്. അത് സാധിച്ചു, മടങ്ങാനുള്ള ഒരുക്കമാണ്.

മകളെ തട്ടിക്കൊണ്ട് വന്നയാളുടെ വീട് ഏറെ നാളത്തെ ശ്രമത്തിനിടെ കണ്ടെത്തി. അയാളുടെ വീടിന്റെ  സമീപത്തെ മരത്തില്‍ രാത്രി കയറിപ്പറ്റി  ജലപാനം പോലുമില്ലാതെ ഒരു നാള്‍ ഒളിച്ചിരുന്ന്  മകളുടെ കാമുകനെ അമ്പെയ്ത് വീഴ്ത്തി. ആ യത്‌നം കഴിഞ്ഞ് മടങ്ങുകയാണ്. രാത്രിവണ്ടിക്ക് രാമേശ്വരം പിടിക്കാനുള്ള പോക്കിനിടെ പദ്ധതി സൂത്രധാരനായ ആന്റണിയെ കണ്ട് ബാറില്‍ രണ്ടെണ്ണം വീശി ആഘോഷിക്കാന്‍ വന്നതാണ്.

ഘോരവനത്തിന് സമീപമാണ് സംഭവം എന്നതിനാല്‍ പോലീസ് അറിഞ്ഞ് എത്തുന്നതേയുള്ളൂ. അതിന് മുമ്പ് ഇയാള്‍ ജില്ല വിടും. എയ്ത അമ്പിന്റെ അറ്റത്ത് ഒരു കടലാസില്‍ ഇങ്ങനെ എഴുതി കെട്ടി വെച്ചിരുന്നു- "വീരപ്പനോടാണോ കളി?" വീരപ്പന്‍ പോലീസിന് പോലും പേടിസ്വപ്നമായിരിക്കുന്ന സമയത്ത് അമ്പെയ്ത്ത് അന്വേഷണം വഴി തിരിച്ചുവിടാന്‍ ആന്റണി പറഞ്ഞു കൊടുത്ത നമ്പറായിരുന്നു അത്.

ശ്രീലങ്കയില്‍നിന്ന് പകപോക്കാനെത്തിയ കൂട്ടുകാരനെപ്പറ്റി ആന്റണി പറഞ്ഞതില്‍ നൂറ് ശതമാനം സത്യമുണ്ടെന്ന് അബു കരുതിയില്ലെങ്കിലും ഏറെ വൈകാതെ മൊബൈല്‍ ഫോണിലേക്ക് എത്തിയ എസ്.എം.എസ്.അത് തിരുത്തി. 'കാട്ടുകള്ളന്‍ വീരപ്പന്‍ അമ്പെയ്ത് യുവാവിനെ കൊന്നു. പോലീസിന് ഒറ്റിക്കൊടുത്തതിന്റെ പ്രതികാരം വീരപ്പന്‍ വീട്ടി.'

കാട്ടുകള്ളനെ കാണണോ എന്ന ആന്റണിയുടെ ചോദ്യം ദിവസങ്ങളേറെ കഴിഞ്ഞിട്ടും അബുവിന്റെ മനസില്‍ മായാതെ കിടന്നു. ഒരുനാള്‍ ആന്റണിയോട് ആഗ്രഹം അറിയിച്ചു. അടുത്ത ഞായറാഴ്ച രാത്രി എട്ടിന് വിമാനത്താവളത്തിന് സമീപം എത്താനായിരുന്നു നിര്‍ദ്ദേശം. ഫോണിലൂടെ ഇക്കാര്യമൊന്നും ചര്‍ച്ച ചെയ്യരുതെന്നും കര്‍ശനമായി പറഞ്ഞു. അത്യാവശ്യമെങ്കില്‍ എസ്.എം.എസ്. ആകാം.

രാത്രി കൃത്യം എട്ടിന് അബു വിമാനത്താവളത്തിന് സമീപമെത്തി. ആന്റണി ഫോണില്‍ എസ്.എം.എസിലൂടെ വഴി പറഞ്ഞ് തന്നു. വിമാനത്താവളത്തിന്റെ ചുറ്റുമതിലിന്  പിന്നിലൂടെ ചെറിയൊരു വഴി. അത് കാട് നിറഞ്ഞ ഊടുവഴിയായി പരിണമിച്ചു. കുറ്റിക്കാടും കൂരിരിട്ടും. ഏറെ മുന്നോട്ടെത്തിയപ്പോള്‍ വഴി നിലച്ചു. എന്ത് ചെയ്യണമെന്നറിയാതെ ആന്റണിയെ ബന്ധപ്പെട്ടു.  വീണ്ടും മുന്നോട്ട് നടക്കാനായിരുന്നു എസ്.എം.എസ്. നിര്‍ദ്ദേശം. 

മൊബൈല്‍ ഫോണിന്റെ ടോര്‍ച്ച് വെളിച്ചത്തില്‍ അര കിലോ മീറ്ററോളം മുന്നോട്ട് നടന്നു. അവിടെയൊരു പൊട്ടിപ്പൊളിഞ്ഞ വീട്. അകത്ത് മങ്ങിയ വെളിച്ചമുണ്ട്. ആന്റണി ഇറങ്ങി വന്നു. അബുവിനെ വീടിനകത്തേക്ക് കൂട്ടിക്കൊണ്ട് പോയി. വീടിനകത്ത് വലിയ പല്ലു കാണിച്ചുള്ള ചിരിയും കൊമ്പന്‍ മീശയുമുള്ള കട്ടക്കറുമ്പനായ ഒരാള്‍. കാട്ടുകള്ളനെ കാണുന്നതിനുള്ള കാര്യങ്ങളെല്ലാം വിശദീകരിച്ചു. കൊമ്പന്‍ മീശക്കാരനും കാട്ടുകള്ളനും പരസ്പരം തോളില്‍ കയ്യിട്ട് നില്കുന്ന ചിത്രങ്ങളും വീഡിയോകളും കാണിച്ചു. ആളും പത്രമാസികയുടെ പ്രതിനിധി തന്നെ. കാട്ടുകള്ളനെ കാണാന്‍ ഒറ്റ നിബന്ധന മാത്രം. മീശക്കാരന് ഒരു ലക്ഷം നല്കണം. കൂലിയും കൈക്കൂലിയുമായി. നല്കാമെന്നേറ്റ് അബു പോന്നു.

നഗരപ്രാന്തത്തില്‍ വിമാനത്താവളത്തിന് സമീപം ആരാലും ശ്രദ്ധിക്കപ്പെടാതെ ഒരു കാടും അതിലൊരു വീടും. അതായിരുന്നു അബു ചിന്തിച്ചത്. പിന്നെ, ഒരു ലക്ഷം സംഘടിപ്പിക്കുന്നതിനെപ്പറ്റിയും. അക്കൗണ്ടിലുണ്ടായിരുന്ന അമ്പതിനായിരം എടുത്തു. ഇനിയും അമ്പതിനായിരം വേണം. കല്യാണമുറപ്പിച്ച പെണ്‍കുട്ടിയോട് കടം ചോദിച്ചു. പണം നല്കാന്‍ അവള്‍ നൂറുവട്ടം തയ്യാര്‍. പണം എന്തിനാണെന്ന് അവള്‍ ചോദിച്ചു. കെട്ടാന്‍ പോകുന്ന പെണ്ണിനോട് തുടക്കത്തിലേ നുണ പറയരുതല്ലോ. അബു സത്യം പറഞ്ഞു. അത് കേട്ട് അവള്‍ പൊട്ടിക്കരഞ്ഞു. കാട്ടുകള്ളനെ കാണാന്‍ പോകരുതെന്ന് കരഞ്ഞ് പറഞ്ഞു. നാട്ടിന്‍പുറത്തുകാരിയുടെ പേടിയും പരാക്രമവും. പ്രതിശ്രുത വധു 'ചാവ് പണം' കൊടുത്തില്ല.

ആന്റണിയുടെ സ്ഥാപനത്തില്‍ ചേര്‍ന്നിരുന്ന ചിട്ടി പിടിച്ച് അബു ഒരു ലക്ഷം തികച്ചു. ആന്റണി വഴി തുക മീശക്കാരന് നല്കി. വര്‍ഷത്തിലൊരിക്കല്‍ ശിരുവാണി അടിവാരത്തിലെ പൂണ്ടി മലനിരകളിലെ ഏഴു മലകള്‍ താണ്ടിയുള്ള ഭക്തരുടെ യാത്രയുണ്ട്. ആ ദിവസം കാട്ടുകള്ളനെ കാണാന്‍ തയ്യാറായിക്കൊള്ളാന്‍ അബുവിന് നിര്‍ദ്ദേശം കിട്ടി. പറഞ്ഞ ദിവസം പൂണ്ടിയിലെത്തി. അടിവാരത്തെ ക്ഷേത്രത്തില്‍ തൊഴുത് കാവിമുണ്ടുടുത്ത് തോള്‍ സഞ്ചിയുമായി ഭക്തരോടൊപ്പം മല കയറി. സഞ്ചിയില്‍ സ്റ്റില്‍ ക്യാമറയും മൂവി ക്യാമറയും പേനയും ഒരു  കടലാസും  മാത്രം.

കര്‍ശന നിര്‍ദ്ദേശമുള്ളതിനാല്‍ മൊബൈല്‍ ഫോണ്‍ എടുത്തില്ല. ആറ് മലകള്‍ കയറി ഏഴാം മല കണ്ട് തുടങ്ങിയപ്പോള്‍ ഒരു  ചെറുപ്പക്കാരനെത്തി അബുവിന്റെ കയ്യില്‍ പിടിച്ചു. ഭക്തരാരും കാണാത്ത രീതിയില്‍ മറ്റൊരിടത്തിലേക്ക് വഴിമാറാന്‍ നിര്‍ദ്ദേശിച്ചു. ചെറുപ്പക്കാരനോടൊപ്പം നടന്ന് പടുകൂറ്റന്‍ കരിമ്പാറ മലയുടെ വശത്തെത്തി. സാധാരണ മലയെ വെല്ലുന്ന ഒറ്റക്കരിമ്പാറ. അടിയില്‍ മണ്ണുള്ള ഭാഗത്ത് മാളങ്ങള്‍, വലുതും ചെറുതും. അങ്ങകലെ മുഴങ്ങുന്ന കാട്ടാനയുടെ ചിന്നം വിളി. അബുവിന് ചെറിയ ഭയം തോന്നിത്തുടങ്ങി. ഭയമൊന്നുമില്ലാതെ ഒന്നും മിണ്ടാതെ ചെറുപ്പക്കാരന്‍ പാറമല കയറുകയാണ്. അബുവിന്റെ ഭയപ്പാട് കണ്ട് ചെറുപ്പക്കാരന്‍ പറഞ്ഞു- പേടിക്കേണ്ട.  കാട്ടുമൃഗങ്ങളും വനപാലകരും ഒന്നും ചെയ്യില്ല. അതിന് ഞാന്‍ ഗ്യാരണ്ടി. ഞാന്‍ സര്‍ക്കാര്‍ ശമ്പളം പറ്റുന്ന വനപാലകനാണ്. പൂണ്ടി മല കയറുന്ന  ഭക്തരുടെ സംരക്ഷണച്ചുമതലയ്ക്കായി എത്തിയതാണ്. 

കാട്ടിലെ വിവരങ്ങള്‍ ഒറ്റിക്കൊടുത്ത് അണ്ണന്റെ (വീരപ്പന്റെ) കിമ്പളം പറ്റുന്നയാളും കൂടിയാണ് ഞാന്‍. അത് പറയുന്നതില്‍ അഭിമാനമേയുള്ളു. കാരണം അണ്ണന്‍  അരേയും അകാരണമായി ഉപദ്രവിക്കാറില്ല. സഹായിക്കാറേയുള്ളൂ. അരക്കെട്ടില്‍നിന്ന് പിസ്റ്റള്‍ എടുത്ത് കാണിച്ച് ചെറുപ്പക്കാരന്‍ പറഞ്ഞു- മൃഗങ്ങള്‍ വന്നാല്‍ രക്ഷയ്ക്ക് ഇതുണ്ട്. അണ്ണന്റെ സമ്മാനമാണ്. ധൈര്യമായി പോന്നോളൂ. നടന്ന് പാറമലയുടെ ഉച്ചിയിലെത്തിയപ്പോഴേക്കും ഉച്ചയായി. മല കഴിയുന്നില്ല. ഒരു ഭാഗത്ത് മലയുടെ  ഭാഗമായി കാട്  തുടരുകയാണ്. കാടിന്റെ ഭാഗത്തേക്ക് നീങ്ങി അവിടെ വിശ്രമിച്ചു. ചെറുപ്പക്കാരന്‍ പറഞ്ഞു- ഇവിടെ നില്‍ക്കാനാണ് അണ്ണന്‍ പറഞ്ഞിരിക്കുന്നത്.

ഏറെ നേരം ഇരുന്നപ്പോള്‍ പാറമലയുടെ മറുഭാഗത്ത് ഇറക്കമുള്ളയിടത്ത് ഒരു ഇരുമ്പ് കൂട് അബുവിന്റെ ശ്രദ്ധയില്‍പ്പെട്ടു. അബുവിന്റെ ആകാംക്ഷ കണ്ട യുവാവ് ചോദിച്ചു- ആ കൂട് എന്താണെന്ന് മനസിലായോ. ഇല്ല എന്ന് പറഞ്ഞപ്പോള്‍ അബുവിനെക്കൂട്ടി ചെറുപ്പക്കാരന്‍ ആ പാറമലയുടെ ഇറക്കമുള്ള ഭാഗത്തേക്ക് പോയി. അവിടെ ഒരു  കൂട്ടം ഇരുമ്പ് കൂടുകള്‍ പാറയില്‍ തമിരടിച്ചുറപ്പിച്ച കമ്പിയില്‍ കൊളുത്തി താഴേക്ക് ഇട്ടിരിക്കുന്നു. ഒന്നും മനസിലാകാതെ നിന്ന അബുവിനോട് ചെറുപ്പക്കാരന്‍ ഇതിന്റെ കഥ വിവരിച്ചു.

വീരപ്പനെ പിടിക്കാന്‍ നിയോഗിച്ച സംഘത്തിന്റെ തലവന്‍ വീരപ്പന്റെ കൂട്ടാളികളെന്ന്  മുദ്രകുത്തി പിടികൂടിയ 17 പേരെ ശിക്ഷിക്കാനായി ഒരുക്കിയ ഇരുമ്പ് കൂടാണിത്. എലിപ്പെട്ടി കണക്കെ ഇരുമ്പ് കമ്പികള്‍ വെല്‍ഡ് ചെയ്ത് നിര്‍മിച്ച കൂടിന് മൂന്നടിനീളവും വീതിയും. പിടികൂടിയ 17 പേരേയും ഓരോ  കൂട്ടിലേക്ക് ഇടിച്ച് മടക്കി കയറ്റി പൂട്ടി. എന്നിട്ട് ഈ കൂടിന് ചങ്ങല കൊളുത്തി പാറമലയില്‍ തമിരടിച്ച് കമ്പി നാട്ടി ബന്ധിച്ചു. ഒന്ന് തിരിയാന്‍ പോലുമാകാതെ വെയിലും മഞ്ഞുമേറ്റ് 17 പേരും മരിച്ചു. രാത്രിയില്‍ ഈ കൂട്ടില്‍ക്കിടന്നവരെ നരികള്‍ ആക്രമിച്ച് മാസം തിന്നു.

സംഭവം കേട്ട് അബു അത്ഭുതപ്പെട്ടു. അബുവിനെ നോക്കി ചെറുപ്പക്കാരന്‍ ചോദിച്ചു- അണ്ണന്‍ സത്യമംഗലത്ത് പിടികൂടിയ ഏഴ് പോലീസുകാരെ വലിയ പാത്രത്തിലിട്ട് പുഴുങ്ങിക്കൊന്നത് അറിഞ്ഞിരുന്നോ.

അറിഞ്ഞിരുന്നു എന്ന് അബു പറഞ്ഞു. അത് വലിയ വാര്‍ത്തയായ സംഭവവുമാണ്. 17 പേരെ ഇങ്ങനെ കൊന്നതിന് അണ്ണന്‍ പകരം വീട്ടിയതാണത്. ഈ പച്ചപ്പാവങ്ങളെ പെട്ടിയിലിട്ട്  കൊന്നത് പുറമേ ആരും അറിഞ്ഞില്ല. അണ്ണന്‍ പാലീസുകാരെ കൊന്നത്  മാധ്യമങ്ങള്‍ വലിയ വാര്‍ത്തയാക്കി.- ചെറുപ്പക്കാരന്‍ പറഞ്ഞു.

കൊടുംക്രൂരതയുടെ കൂടുകള്‍ ഇനിയും കാണാനായി അബു മലയുടെ താഴേക്ക് ഇറങ്ങിയെങ്കിലും ചെറുപ്പക്കാരന്‍ വിലക്കി. കാല്‍ വഴുതിയാല്‍ ചെന്നെത്തുക കൊടും കൊക്കയിലാണ്. തിരിടച്ചിറങ്ങുമ്പോള്‍ വേറൊരു വഴിക്ക് പോകാം. അകലെനിന്ന് ഈ കൂടുകള്‍ എല്ലാം കാണാം. പാറപ്പുറത്ത് എലിപ്പെട്ടികള്‍ നിരത്തി വെച്ചത് പോലെ കാണാം.ചങ്ങലയ്ക്ക് നീളം കൂടിയവ പാറയില്‍ നിന്ന് കിളിക്കൂട് പോലെ കൊക്കയിലേക്ക്  തൂങ്ങിക്കിടക്കുന്നുമുണ്ട് , അതും കാണാം.

മണിക്കൂറുകളുടെ കാത്തിരിപ്പിനൊടുവില്‍ കാട്ടില്‍ നിന്ന് രണ്ട് നായകള്‍ പാഞ്ഞെത്തി മണം പിടിച്ച് തിരികെ പോയി. അല്പം കഴിഞ്ഞ് കൂറ്റന്‍ തോക്ക് ചുമലില്‍ വെച്ച് പച്ച നിറത്തിലുള്ള പാന്റും ഷര്‍ട്ടുമിട്ട ഒരാളെത്തി. അയാള്‍ ചെറുപ്പക്കാരനെ മാറ്റി നിര്‍ത്തി സംസാരിച്ചു. എന്നിട്ട് കാട്ടില്‍ മറഞ്ഞു.

മടങ്ങിയെത്തിയ ചെറുപ്പക്കാരന്‍  പറഞ്ഞു.- അണ്ണനെ ഇന്ന് കാണാന്‍ പറ്റില്ല, മടങ്ങാം. തിരിച്ചിറക്കത്തില്‍ അബുവിന് നിരാശ തോന്നിയില്ല. കരിമ്പാറപ്പുറത്തെ ഇരുമ്പ് കൂടുകളായിരുന്നു മനസ് നിറയെ. അണ്ണനെ ഉടന്‍ കാണാനാകും എന്ന് ചെറുപ്പക്കാരന്‍ സമാധാനിപ്പിച്ച് കൊണ്ടേയിരുന്നു.

കുന്നിറങ്ങി പൂണ്ടി ആറാം മലയുടെ അടുത്തെത്തിയപ്പോള്‍ അവിടെക്കണ്ട മരത്തിലേക്ക് ചെറുപ്പക്കാരന്‍ വലിഞ്ഞു കയറി. മരം കവല തിരിയുന്ന അവിടെയുള്ള പൊത്തില്‍ പിസ്റ്റള്‍ ഒളിപ്പിച്ച് തിരിച്ചിറങ്ങി.ഏഴ് മല ദര്‍ശനം കഴിഞ്ഞ് മടങ്ങുന്ന ഭക്തരുടെ സംഘത്തോടൊപ്പം ചെറുപ്പക്കാരന്‍ അബുവിനെ ചേര്‍ത്തു. ഭക്തരോടൊപ്പം ആറ് മലകളും ഇറങ്ങി തിരികെ പൂണ്ടിയിലെത്തിയപ്പോള്‍ രാത്രി 12.

പിറ്റേന്ന് അബുവിനെ കാണാന്‍  ആന്റണി ഓഫീസിലെത്തി. നിരാശപ്പെടേണ്ടന്ന് ആന്റണി സമാധാനിപ്പിച്ചു. അടുത്ത യാത്രാദിനം അറിയിക്കും.ചിലപ്പോള്‍ മൂന്നോ നാലോ യാത്രകള്‍ വേണ്ടി വരും വീരപ്പനെ കാണാന്‍. കാത്തിരിക്കാന്‍ അബു തയ്യാറായിരുന്നു.

തമിഴ്‌നാട്ടുകാര്‍ ദേശീയ ഉത്സവമായ പൊങ്കല്‍ ആഘോഷിക്കുന്ന ദിനമെത്തുന്നു. അന്ന് ഗൂഡല്ലൂരിലെ പഞ്ചപാണ്ഡവര്‍ പാറയുടെ സമീപം എത്താനായിരുന്നു അബുവിന് കിട്ടിയ നിര്‍ദ്ദേശം. വീരപ്പനെ കാണാനുള്ള രണ്ടാമൂഴമാണ്. 

ഇത്തവണ ഒരു നിര്‍ദ്ദേശം കൂടെയുണ്ട്. പേനയും പേപ്പറും മാത്രമേ കയ്യിലുണ്ടാകാവൂ. ക്യാമറ പാടില്ല. മൊബൈല്‍ ഫോണ്‍ എടുക്കാം. ക്യാമറയുമായി ഒരാള്‍ വരും. ഫോട്ടോ  അയാള്‍ എടുക്കും. അയാള്‍ക്ക് അബുവിന്റെ സ്ഥാപനത്തിന്റെ ഒരു വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് തയ്യറാക്കിക്കൊടുക്കണം. അത് നിര്‍ബന്ധമാണ്. അയാളോടൊപ്പമായിരിക്കണം ഗൂഡല്ലൂരിലെ പഞ്ചപാണ്ഡവര്‍ പാറയുടെ സമീപം എത്തേണ്ടത്. വ്യാജ ഐ.ഡി.കാര്‍ഡ് ഉണ്ടാക്കുന്നതിനായി ഫോട്ടോഗ്രാഫറുടെ ഫോട്ടോയും നല്കി.

യാത്രയുടെ തലേന്ന് രാവിലെയോടെ അബുവിന്റെ ഓഫീസിലേക്ക് ഒരു ചെറുപ്പക്കാരനെത്തി. മുറുക്കിച്ചുവപ്പിച്ച ചുണ്ടുമായി അലസമായിട്ട മുടിയുമായി മെലിഞ്ഞ ഒരാള്‍. അയാള്‍ സ്വയം പരിചയപ്പെടുത്തി. ഞാന്‍ അണ്ണന്റെ ആളാണ്. ഞാനാണ് നിങ്ങള്‍ക്കൊപ്പം ഫോട്ടോഗ്രാഫറെ അയക്കുന്നത്. ആ ഫോട്ടോഗ്രാഫറുടെ ഐ.ഡി.കാര്‍ഡ് റെഡിയല്ലേ. ആണെന്ന് അബു പറഞ്ഞു. കാണട്ടെ എന്നായി മെലിഞ്ഞ  ചെറുപ്പക്കാരന്‍. 

വ്യാജ ഐ.ഡി.കാര്‍ഡ് എടുത്ത് കാണിച്ചപ്പോള്‍ തിരിച്ചും മറിച്ചും നോക്കി. അയാള്‍ പാന്റിന്റെ പോക്കറ്റിലിട്ടിരുന്ന ചെറിയ ക്യാമറയെടുത്ത് ഐ.ഡി. കാര്‍ഡിന്റെ ഫോട്ടോയെടുത്ത ശേഷം അബുവിനെ തിരികെയേല്‍പ്പിച്ചു. എന്നിട്ട് നിര്‍ദ്ദേശങ്ങള്‍ നല്കി- രാത്രിയിലാണ് പഞ്ചപാണ്ഡവര്‍ പാറയുടെ സമീപം എത്തേണ്ടത്. അതിനാല്‍ ഉച്ചയോടെ പുറപ്പെട്ടാല്‍ മതി. പൊങ്കല്‍ ആയതിനാല്‍ റോഡില്‍  തിരക്കു കുറയും. തിരക്കുണ്ടെങ്കിലും സമയത്ത് എത്തും. വണ്ടി ഞാന്‍ അയക്കുന്നുണ്ട്. ഫോട്ടോഗ്രാഫര്‍ വരും. വണ്ടിയില്‍ കയറുക, പോകുക. ഡ്രൈവര്‍ ഒന്നും അറിയരുത്. അതിനാല്‍ അധികം സംസാരം വേണ്ട. സ്ഥലമെത്തിയാല്‍ ഡ്രൈവറെ തിരിച്ചയക്കുക.

യാത്ര പറഞ്ഞിറങ്ങിയ മെലിഞ്ഞ ചെറുപ്പക്കാരന്‍ തിരികെ വന്ന് അബുവിനോട് ചോദിച്ചു- മൊബൈലില്‍ കണക്ഷന്‍ ഏതാണ്. എയര്‍സെല്‍ എന്ന് അബുവിന്റെ മറുപടി. അത് പറ്റില്ലെന്ന രീതിയില്‍ മെലിഞ്ഞ ചെറുപ്പക്കാരന്‍ തലയാട്ടി. എന്നിട്ട് പറഞ്ഞു- കാട്ടില്‍ അത് കിട്ടില്ല. ഞാന്‍ ഒരു പണി ചെയ്യാം. കാട്ടിലും കിട്ടുന്ന ഒരു സിം കാര്‍ഡ് തരാം. അത് മൊബൈല്‍ ഫോണില്‍ ഇടുക. തിരികെ വന്നിട്ട് തന്നാല്‍ മതി. ഒരു സിം കാര്‍ഡ് തന്നിട്ട് അയാള്‍ ഓഫീസില്‍ നിന്ന് പോയി. പിറ്റേന്ന് ഉച്ചയോടെ അബുവിന്റെ ഓഫീസിന് സമീപം വണ്ടി വന്നു. അല്പ നേരത്തിനകം ഫോട്ടോഗ്രാഫറുെമത്തി.

കാറില്‍ കയറി പോകുന്നതിനിടെ ഫോട്ടോഗ്രാഫര്‍ ചോദിച്ചു- ഇത് തന്നെയാണോ കാര്‍. സംശയത്തിന്റെ മുനയുള്ള ചോദ്യമായിരുന്നെങ്കിലും അബു വിലക്കി. കാറില്‍ ഒട്ടും സംസാരിക്കരുതെന്ന് നിര്‍ദ്ദേശമുണ്ട്. ഫോട്ടോഗ്രാഫര്‍ ചോദ്യം അവസാനിപ്പിച്ചു. ഊട്ടിയിലൂടെ കാര്‍ പാഞ്ഞു. കുന്നും മലകളുമിറങ്ങി കാര്‍ ഗൂഡല്ലൂരിലെ പഞ്ചപാണ്ഡവര്‍ പാറയുടെ അടുത്തെത്തിയപ്പോള്‍ സന്ധ്യ ഇരുട്ടിന് വഴിമാറുന്നു. ഇരുവരുമിറങ്ങിയതോടെ യാത്ര പോലും പറയാതെ ഡ്രൈവര്‍ കാറുമായി പോയി.

പൊങ്കല്‍ ആഘോഷത്തിന്റെ വെളിച്ചവും ശബ്ദകോലാഹലങ്ങളും എവിടേയും. ഫോട്ടോഗ്രാഫര്‍ ആര്‍ക്കെല്ലാമോ ഫോണ്‍ ചെയ്യുന്നു. ചില ഫോണുകള്‍ കിട്ടാതെ നിരാശനായി സ്വയം ദേഷ്യപ്പെടുന്നു. ഒടുവില്‍  അബുവിനേയും കൂട്ടി റോഡിലൂടെ ഒട്ടേറെ ദൂരം നടന്ന ശേഷം പൊടുന്നനെ കാട്ടിലേക്ക് കയറി. 

ഫോട്ടോഗ്രാഫറെ അബു പിന്തുടര്‍ന്നു. കൊടുംകാട്. അമാവാസിയുടെ പിറ്റേന്നത്തെ കൂരിരുട്ട്. വെളിച്ചമില്ലാതെ ഏറെ നേരം നടന്നു. പലയിടത്തും തപ്പിത്തടഞ്ഞു. ഉള്‍ക്കാട്ടിലേക്ക് എത്തിയതോടെ ഫോട്ടോഗ്രാഫര്‍ ബാഗില്‍നിന്ന് രണ്ട് വസ്തുക്കളെടുത്തു- ടോര്‍ച്ചും ഒരു കൈത്തോക്കും. ടോര്‍ച്ച് വെളിച്ചത്തില്‍ നടന്നു. തോടുകള്‍ താണ്ടി. കയറ്റം കയറി. ഇടുങ്ങിയ -മലയിടുക്കുകളിലൂടെയും  പോയി. അരുവിയുടെ തീരമെത്തിയപ്പോല്‍ ഫോട്ടോഗ്രാഫര്‍ അബുവിനോട് പറഞ്ഞു. ആ  തഴക്കാട്ടിലേക്ക് മാറി ഇരുന്നു കൊള്ളുക. സ്ഥലം എത്താറായി. ഞാന്‍ അണ്ണനെ ബന്ധപ്പെട്ടിട്ട് വരാം. അതിന് ശേഷം കൂട്ടിക്കൊണ്ട് പോകാം.

ഫോട്ടോഗ്രാഫര്‍ നടന്ന് നീങ്ങി. അബു തഴക്കാട്ടില്‍ ആരും കാണാതെ കയറിയിരുന്നു. കാല്‍ മണിക്കൂറിലെ കാത്തിരിപ്പ്. ഫോട്ടോഗ്രാഫര്‍ക്ക് പകരം വേറൊരാളാണ് അബുവിനെ തേടി വന്നത്. അണ്ണനെ ഇന്ന് കാണാനാകില്ലെന്നും തിരിച്ച് പോകാമെന്നും വന്നയാള്‍ അബുവിനോട് പറഞ്ഞു. ഫോട്ടോഗ്രാഫര്‍ പിന്നീട് വരുമെന്നും ഇനിയിവിടെ നില്കുന്നത് അപകടമാണെന്നും കാട്ടാനയിറങ്ങിയിട്ടുണ്ടെന്നും പറഞ്ഞ് അയാള്‍ അബുവിനെ നിര്‍ബന്ധപൂര്‍വ്വം കൂട്ടിക്കൊണ്ടുപോയി.

മടക്കയാത്രയില്‍ ചെറിയൊരു പുഴ കടക്കവേ കാട്ടില്‍ പടക്കം പൊട്ടുന്ന ശബ്ദം കേട്ടു. വെടിയൊച്ച പോലെ നിര്‍ത്താതെ മുഴങ്ങുന്നത് കേട്ട് സംശയിച്ച് നിന്ന അബുവിനോട് കൂടെയുള്ളയാള്‍ പറഞ്ഞു- കാട്ടാനയെ തുരത്താന്‍ ആദിവാസികള്‍ പടക്കമെറിയുന്നതാണ്. കാട്ടിലൂടെ നടന്ന് തിരികെ പഞ്ചപാണ്ഡവര്‍ പാറയുടെ അടുത്തെത്തിയപ്പോള്‍ അവിടെ കാര്‍ നിര്‍ത്തിയിട്ടിട്ടുണ്ട്. 

ഫോട്ടോഗ്രാഫറും അബുവും വന്ന അതേ കാര്‍. അതില്‍ അബുവും കൂടെ ഉണ്ടായിരുന്നയാളും കയറി. പുലര്‍ച്ചയോടെ കോയമ്പത്തൂരിലെ ഓഫീസില്‍ അബുവിനെ ഇറക്കി. ക്ഷീണം കാരണം ഉറങ്ങി എണീറ്റപ്പോള്‍ ഉച്ചയായി. 

മൊബൈല്‍ ഫോണില്‍ രണ്ട് സന്ദേശം വന്ന് കിടക്കുന്നു. വീരപ്പന്റെ മൂന്ന് കൂട്ടാളികളെ പോലീസ് വെടിവെച്ച് കൊന്നിരിക്കുന്നു. വിശദീകരിക്കുന്ന പോലീസിന്റെ പത്രസമ്മേളനമുണ്ട്. രണ്ടരയ്ക്ക് പോലീസ് കമ്മീഷണറുടെ ഓഫീസിലാണ്. 

കുളിച്ച് റെഡിയായി അബു കൃത്യസമയത്ത് പോലീസ് കമ്മീഷണറുടെ ഓഫീസിലെത്തി. പത്രസമ്മേളനത്തില്‍ വിതരണം ചെയ്ത കുറിപ്പിനൊപ്പം കൊല്ലപ്പെട്ട വീരപ്പന്‍ കൂട്ടാളികളുടെ ചിത്രവുമുണ്ട്. അത് തുറന്നുനോക്കിയപ്പോള്‍  അബു ഞെട്ടിത്തരിച്ചു പോയി. വീരപ്പനെ കാണിച്ചുതരാന്‍ തന്നോടൊപ്പം പഞ്ചപാണ്ഡവര്‍ പാറക്കാട്ടിലേക്ക് വന്ന ഫോട്ടോഗ്രാഫറാണ് മരിച്ചതില്‍ ഒരാള്‍. ഒന്നും മനസിലാകാെത അബുവിരുന്നു.

വീരപ്പന്റെ കൂട്ടാളികളെ വധിക്കാന്‍ വഴിയൊരുക്കിയ പോലീസ് സംഘത്തോട് വരാന്‍ കമ്മീഷണര്‍ പറഞ്ഞു. കമ്മീഷണറുടെ പിന്നില്‍ ഫോട്ടോയ്ക്കായി നിരന്ന പത്തിലേറെ പേരില്‍ ഒരാളെക്കണ്ട് അബു വീണ്ടും ഞെട്ടി. തന്നോടൊപ്പം വീരപ്പനെ കാണാന്‍ വരുന്ന ഫോട്ടോഗ്രാഫറുടെ ഐ.ഡി.കാര്‍ഡ് കാണാനായി അബുവിന്റെ ഓഫീസിലേക്ക് വന്ന മുറുക്കിച്ചുവപ്പിച്ച ചുണ്ടും അലസമായിട്ട മുടിയുമുള്ള മെലിഞ്ഞയാള്‍. അയാള്‍ തന്നെ. 

ഫോട്ടോയെടുക്കല്‍ ചടങ്ങ് പൂര്‍ത്തിയായ ശേഷം ആ മഫ്തി പോലീസുകാരന്‍ അബുവിന്റെ അടുത്തേക്ക് വന്നു. അയാള്‍ അപ്പോഴും മുറിക്കിയിട്ടുണ്ടായിരുന്നു. ചുവന്ന പല്ല് കാണിച്ച് ചിരിച്ചു. അബുവിന് നേരെ കൈ നീട്ടി. അര്‍ധബോധത്തിലായിരുന്ന അബു തിരികെ കൈനീട്ടി ഹസ്തദാനം നടത്തി. അന്തംവിട്ടിരിക്കുന്ന അബുവിനോട് ആ മഫ്തിക്കാരന്‍ പറഞ്ഞു- സംശയിക്കേണ്ട, ഞാന്‍ തന്നെ. താങ്കളുടെ സഹായത്തിന് നന്ദി. ഞാന്‍ തന്ന സിം കാര്‍ഡ് കയ്യിലില്ലേ. അതെനിക്ക് തിരികെ വേണം. ഞാന്‍ ഓഫീസിലേക്ക് വരാം. പിന്നെ, ഈ സംഭവം മറ്റാരും അറിയേണ്ട. പുറത്താരോടും പറയരുത്. നിന്നെ കാട്ടില്‍നിന്ന് തടിക്ക് കേടുകൂടാതെ ഓഫീസിലെത്തിച്ചത് എന്റെ ഇടപെടലിനാലാണ്. അല്ലെങ്കില്‍ തമിഴ്നാട് പോലീസിന് ഒരു വെടിയുണ്ട കൂടി ചെലവാകുമായിരുന്നു എന്ന് മാത്രം. ആ മൂന്ന് ഫോട്ടോകളില്‍ ഒരു ഫോട്ടോ നിന്റേതാകുമായിരുന്നു. മുറുക്കിച്ചുവപ്പിച്ച പല്ല് കാണിച്ച് ചിരിച്ച് മഫ്തിക്കാരന്‍ പോയി. പിറ്റേന്ന് അയാള്‍ ഓഫീസിലെത്തി അബുവില്‍നിന്ന് സിംകാര്‍ഡ് വാങ്ങി. ഇനി ഇത്തരം സാഹസങ്ങള്‍ക്ക് മുതിരരുതെന്ന് ഉപദേശിച്ച്  തിരികെ പോയി.

വീരപ്പനെ കാണുകയെന്ന മോഹം അബു ഉപേക്ഷിച്ചു. ഉറ്റതോഴനായ ആന്റണിയുമായുള്ള ബന്ധമറ്റു. ഫോണ്‍ വിളിച്ചാല്‍ പോലും ആന്റണി എടുക്കില്ലെന്ന അവസ്ഥയായി. വീരപ്പനെ കാണാന്‍ നല്കിയ ഒരു ലക്ഷം നഷ്ടമായി. കാലം പെട്ടെന്നോടി. വീരപ്പനും പോലീസുകാരുമായുള്ള ഏറ്റുമുട്ടല്‍ ഇടതടവില്ലാതെ തുടര്‍ന്നു. അബുവിന്റെ വിവാഹവും അതിനിടെ നടന്നു. ഭാര്യയോടൊപ്പം വാടകയ്ക്ക് വീടെടുത്ത് താമസം തുടങ്ങി. പുതുവീട്ടില്‍ താമസമാക്കിയ യുവദമ്പതിമാരെ പരിചയപ്പെടാന്‍ അയല്‍വാസി എത്തി. 

അയാള്‍ സ്വയം പരിചയപ്പെടുത്തി- ഞാന്‍ വെള്ളിങ്കിരി. വിദേശത്തായിരുന്നു. ഇപ്പോള്‍ പണിയൊന്നുമില്ല. ചുമ്മാതിരിക്കുന്നു. ചിലപ്പോള്‍ രണ്ട് സ്‌മോള്‍ അടിക്കും. അത് മാത്രം ദുശീലം. വീട്ടില്‍ ഭാര്യയുണ്ട്. മക്കളില്ല.

അബുവും സ്വയം പരിചയപ്പെടുത്തി. അവധി ദിവസങ്ങളില്‍ അബുവും വെള്ളിങ്കിരിയും  ഒത്തുകൂടുക പതിവായി. വൈകുന്നേരം ബാറില്‍ പോയി രണ്ട് സ്‌മോള്‍ കഴിച്ച് മടങ്ങി വരും. അങ്ങിനെ കൂടുതല്‍ അടുത്തപ്പോള്‍ അബു വീരപ്പനെ കാണാന്‍ ശ്രമിച്ച കഥയും ഒരു ലക്ഷം നഷ്ടമായ കാര്യവും വെള്ളിങ്കിരിയോടെ പറഞ്ഞു. അത് കേട്ട് വെള്ളിങ്കിരി കുറേ ചിരിച്ചു.

ദിവസങ്ങള്‍ കടന്ന് പോയി. വീരപ്പനും പോലീസും തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ കുറഞ്ഞു. ഒരു ഞായറാഴ്ച ബാറില്‍ നിന്നിറങ്ങി വീട്ടിലേക്ക് വരും വഴി വെള്ളിങ്കിരി അബുവിനോട് ചോദിച്ചു- വീരപ്പനെ കാണാന്‍ മോഹം ബാക്കിയുണ്ടോ?, ഇല്ലെന്ന് അബു പറഞ്ഞു. എങ്കില്‍ നാളെ വൈകീട്ട് എന്റെ വീട്ടിലേക്ക് വരണമെന്ന് വെള്ളിങ്കിരി അബുവിനെ ക്ഷണിച്ചു. 

വെള്ളിങ്കിരി മിക്കപ്പോഴും അബുവിന്റെ വീട്ടില്‍ വരുമായിരുന്നെങ്കിലും വെള്ളിങ്കിരിയുടെ വീട്ടില്‍ അതേ വരെ അബു പോയിരുന്നില്ല. ആദ്യമായിട്ടാണ് അബുവിനെ വെള്ളിങ്കിരി ക്ഷണിച്ചത്. പിറ്റേന്ന് വൈകീട്ട് അബു വെള്ളിങ്കിരിയുടെ വീട്ടിലെത്തി. വെള്ളിങ്കിരി ഭാര്യയെ വിളിച്ച് പരിചയപ്പെടുത്തി. തടിച്ച് നാണം കുണുങ്ങിയായ വീട്ടമ്മ. വെള്ളിങ്കിരി  അബുവിനെ പരിചയപ്പെടുത്തിയത് ഇങ്ങനെ- വീരപ്പന്റെ ഫാനാണ്. കടുത്ത ഫാന്‍. കാണാന്‍ ശ്രമിച്ചിട്ട് ഒരു ലക്ഷം കളഞ്ഞയാളാണ്. വെള്ളിങ്കിരിയും ഭാര്യയും ചിരിച്ചു.

അതിനിടെ ഭാര്യ അകത്തേക്ക് വിളിച്ചു പറഞ്ഞു- കനകം, രണ്ട് ചായ.  അല്പം കഴിഞ്ഞ് ചായയുമായി വീട്ടുപണിക്കാരിയെത്തി. പണിക്കാരിയോട് അബുവിനെ പരിചയപ്പെടുത്തിയതിങ്ങനെ- വലിയ പത്രക്കാരനാണ്. കേരളക്കാരന്‍. നിന്റെ കഥ പത്രത്തില്‍ എഴുതട്ടേ. അത് കേട്ട്  കനകം ചിരിച്ചു. അബുവിനെ തൊഴുതു.

കനകത്തിന്റെ മുഖം എവിടെയോ  സുപരിചിതമായി തോന്നി. കനകം അകത്തേക്ക് പോയി.അബുവും വെള്ളിങ്കിരിയും പുറത്തിറങ്ങി. കനകം ആരെന്ന് മനസിലായോ എന്ന് വെള്ളിങ്കിരി അബുവിനോട് ചോദിച്ചു. എവിടേയോ കണ്ട് മറന്ന മുഖം എന്ന് അബു മറുപടി പറഞ്ഞു. വീരപ്പന്റെ ഭാര്യ മുത്തുലക്ഷ്മിയെ അറിയുമോ എന്നായി വെള്ളിങ്കിരി. അബു ഞെട്ടിപ്പോയി. വെള്ളിങ്കിരിയുടെ വീട്ടില്‍ കണ്ടത് വീരപ്പന്റെ  ഭാര്യ മുത്തുലക്ഷ്മി ആയിരുന്നു. ഞെട്ടല്‍ കണ്ട് വെള്ളിങ്കിരി പൊട്ടിച്ചിരിച്ചു. എന്നിട്ട് പറഞ്ഞു- വീരപ്പനെ നിനക്ക് കാണണോ. അടുത്ത ചൊവ്വാഴ്ച റെഡിയാകുക. രാവിലെ ധര്‍മപുരിയില്‍ എത്തണം. ചൊവ്വാഴ്ച എന്ന ദിനവും വീരപ്പന്‍ എന്ന ആളും ഉണ്ടെങ്കില്‍ അന്ന് നീ അയാളെ കണ്ടിരിക്കും. മുത്തുലക്ഷ്മി എന്റെ വീട്ടിലുണ്ടെന്ന് നിനക്കറിയാമല്ലോ. അപ്പോള്‍ ഞാന്‍ വെറുംവാക്ക് പറയില്ലെന്ന് നിനക്ക് ഉറപ്പിക്കാമല്ലോ. ഇന്ന് നടന്ന കാര്യം പുറത്താരും അറിയരുത്. വീരപ്പനെ കാണേണ്ട ആവശ്യക്കാരന്‍ നീയാണ്. നീയായിട്ട് ഇല്ലാതാക്കരുത്.

ചൊവ്വാഴ്ചത്തേക്കുള്ള വസ്തുക്കള്‍ അബു തിങ്കളാഴ്ച വൈകീട്ടോടെ  ശരിയാക്കി വെച്ചു. എവിടേയ്ക്കാണ് യാത്ര എന്ന് ഭാര്യയോട് പറഞ്ഞില്ല. ബാഗില്‍ ഒരു ജോഡി വസ്ത്രവും പേനയും ബുക്കും ക്യാമറയും വെച്ച് ബാഗടച്ച് വെക്കുമ്പോള്‍ മൊബൈലില്‍ ഒരു മെസേജെത്തിയ ശബ്ദം. വെള്ളിങ്കിരിയുടെ മെസേജാണ്. വിശ്വസിക്കാനായില്ല- മേസേജ് ഇതായിരുന്നു- വീരപ്പന്‍ കൊല്ലപ്പെട്ടു. ധര്‍മപുരിയില്‍. ധര്‍മം ജയിച്ചു.

വെള്ളിങ്കിരിയെ ഫോണില്‍ വിളിച്ചെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു. വീരപ്പന്‍ വേട്ടയ്ക്ക് നേതൃത്വം കൊടുത്തിരുന്ന മലയാളിയായ എസ്.ടി.എഫ്. മേധാവിയുടെ അനിയന്‍ കുമാറുമായി അബു അടുപ്പത്തിലായിരുന്നു. വീരപ്പന്റെ മരണം ഉറപ്പിക്കാനായി കുമാറിനെ വിളിച്ചു. വീരപ്പന്‍ കൊല്ലപ്പെട്ട സന്തോഷവാര്‍ത്ത അറിയിക്കാനായി ചേട്ടന്‍ വീട്ടിലേക്ക് വിളിച്ചിരുന്നതായി കുമാര്‍ പറഞ്ഞു.

വീരപ്പന്‍ കൊല്ലപ്പെട്ട വാര്‍ത്ത പത്രത്തിന് നല്കി തുടര്‍വാര്‍ത്തയ്ക്കായി അബു ധര്‍മപുരിക്ക് പുറപ്പെട്ടു. രാജ്യത്തെ സകലമാന പത്രപ്രതിനിധികളും അവിടെയുണ്ട്. വീരപ്പനെ കൊലപ്പെടുത്തിയ വിവരം ജനങ്ങളെ അറിയിക്കാനായി പത്രസമ്മേളനം വിളിച്ചിരിക്കുകയാണ് വേട്ടയ്ക്ക് നേതൃത്വം കൊടുത്ത എസ്.ടി.എഫ്. മേധാവി. പത്രസമ്മേളനത്തിന് ശേഷം സംഘാംഗങ്ങളെ അഭിനന്ദിക്കാന്‍ എസ്.ടി.എഫ്. മേധാവി അവരെ വിളിച്ചു.

അക്കൂട്ടത്തില്‍ കമാണ്ടോ വേഷത്തില്‍ വെള്ളിങ്കിരിയും ഭാര്യയും. അബുവിന് വിശ്വസിക്കാനായില്ല. ചടങ്ങിന് ശേഷം വെള്ളിങ്കിരിയും ഭാര്യയും അബുവിന്റെ അടുത്തെത്തി ചോദിച്ചു- വിശ്വസിക്കാനാകുന്നില്ല അല്ലേ. ഇല്ലെന്ന് അബു പറഞ്ഞു. എങ്കില്‍ വിശ്വസിക്കാനാകാത്ത കുറച്ച് കാര്യങ്ങള്‍ കൂടി അക്കമിട്ട് പറയാം. ഒന്ന്-  ഞാനും ഇവളും ഭാര്യാഭര്‍ത്താക്കന്മാരല്ല. ഞങ്ങള്‍ തമിഴ്‌നാട് പോലീസിലെ രഹസ്യപ്പോലീസ് അംഗങ്ങള്‍. ഭാര്യാഭര്‍ത്താക്കന്മാര്‍ ചമഞ്ഞ് ഇടനിലക്കാരുടെ സഹായത്തോടെ മുത്തുലക്ഷ്മിയെ വീട്ടുജോലിക്കെത്തിച്ചു.

മുത്തുലക്ഷ്മി ആദ്യം കള്ളം പറഞ്ഞിരുന്നു. പിന്നീട് ഞങ്ങളില്‍ നല്ല വിശ്വാസമായതോടെയാണ് സ്വന്തം ഐഡന്റിറ്റി വെളുപ്പെടുത്തിയത്. ആരോടും പുറത്ത് പറയരുതെന്ന് പറഞ്ഞ് ഞങ്ങള്‍ മുത്തുലക്ഷ്മിയുടെ കൂടുതല്‍ വിശ്വാസം നേടി. അവള്‍ക്ക് ഭര്‍ത്താവ് വീരപ്പനെ രഹസ്യമായി കാണാന്‍ സഹായം നല്കാമെന്ന് വാക്ക് നല്കി. അവള്‍ വീരപ്പനെ കാണാന്‍ പോകുമ്പോള്‍ വീരപ്പന് നല്കാന്‍ ഞങ്ങള്‍ പലഹാരങ്ങളും നല്കി. ആദ്യം സംശയത്തിന്റെ പേരില്‍ വീരപ്പന്‍ പലഹാരങ്ങള്‍ കഴിച്ചില്ല. പിന്നീട് വീരപ്പനും ഞങ്ങളെ വിശ്വാസമായി. ഇതിന് കുറേ നാളെടുത്തു. 

ഇപ്പോള്‍ അവള്‍ വീരപ്പനെ കാണാന്‍ പോയപ്പോള്‍ ഞങ്ങള്‍ നല്കിയത് ലഡുവായിരുന്നു. അതില്‍ അല്പം സയനൈഡ് വെച്ചിരുന്നുവെന്ന് മാത്രം. അത് തിന്ന് അവന്‍ വീണു. അവിടെച്ചെന്ന് ഞങ്ങള്‍ വെടിവെച്ചു. വെച്ചത് വെറും മൃതദേഹത്തിലാണ്. അതെല്ലാം ഞങ്ങളുടെ രഹസ്യം. അന്ന് ഞാന്‍ പറഞ്ഞിരുന്നില്ലേ,ചൊവ്വാഴ്ച ധര്‍മപുരിയിലെത്താനും വീരപ്പനെ കാണിച്ച് തരാമെന്നും- ഇത് പറഞ്ഞ് വെള്ളിങ്കിരി ചിരിച്ചു.

ഭാര്യയായി ചമഞ്ഞ പോലീസുകാരി സല്യൂട്ട് അടിച്ച് അവിടെ നിന്ന്  പോയി. വെള്ളിങ്കിരി അബുവിനെക്കൂട്ടി ധര്‍മപുരി ആശുപത്രയിലെ മോര്‍ച്ചറിയിലെത്തി. അവിടെ തലയില്‍ വെടിയേറ്റ തുളകളുമായി വീരപ്പന്റെ മൃതദേഹം. തിരിച്ചിറങ്ങിയപ്പോള്‍ വെള്ളിങ്കിരി പറഞ്ഞു-എല്ലാം രഹസ്യമായിരിക്കണം. ഇനിയും തമിഴ്‌നാട് പോലീസിന്റെ തോക്കിലുണ്ട്, കേട്ടോ മലയാളീ.. കൂട്ടുകാരാ


കഥാഭാഷ്യം നല്‍കിയിരിക്കുന്ന ഈ അനുഭവക്കുറിപ്പിലെ പേരുകള്‍ യഥാര്‍ഥമല്ല