1975 ജൂണ്‍ 25-ന് അര്‍ദ്ധരാത്രി പ്രധാനമന്ത്രി ഇന്ദിരഗാന്ധി, ദേശീയ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത് മലയാളത്തില്‍ ആദ്യമായി പ്രസിദ്ധീകരിച്ച പത്രമേതാണെന്നത് സംബന്ധിച്ച് തര്‍ക്കം ഉണ്ട്. അടുത്ത ദിവസം ഇത് റിപ്പോര്‍ട്ട് ചെയ്യാന്‍ പ്രഭാത പത്രങ്ങള്‍ക്ക് കഴിഞ്ഞില്ല. മലയാളത്തില്‍ ഈ വാര്‍ത്ത ആദ്യമായി തലസ്ഥാനത്ത് എത്തിച്ചത് 'കേരളാ ഡീലക്‌സ് ' എന്ന ദ്വൈവാരികയുടെ പ്രത്യേക പതിപ്പാണ്. അടിയന്തിരാവസ്ഥ വാര്‍ത്ത മലയാളത്തില്‍ പ്രസിദ്ധീകരിച്ച ആദ്യ പത്രം ഇതാണെന്നും അഭിപ്രായമുണ്ട്. 1975 ജൂണ്‍ 26-ന് രാവിലെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി നടത്തിയ റേഡിയോ പ്രസംഗത്തിലൂടെയാണ് ജനം അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത്‌ അറിയുന്നത്. വളരെ ലഘൂകരിച്ചാണ് ഇന്ദിരാഗാന്ധി അടിയന്തിരാവസ്ഥയെപ്പറ്റി പറഞ്ഞത്. എന്നാല്‍ അതിന്റെ കാഠിന്യം പിന്നീടുള്ള ദിവസങ്ങളിലേ അറിഞ്ഞുള്ളൂ. അന്ന് പത്രങ്ങളും റേഡിയോയും മാത്രമായിരുന്നു വാര്‍ത്താമാധ്യമങ്ങള്‍.

kovalam chandran
കോവളം ചന്ദ്രന്‍

പ്രധാനമന്ത്രിയുടെ ഇംഗ്ലീഷ് പ്രസംഗം കേട്ട പലര്‍ക്കും ഗൗരവം മനസിലായില്ല. അവര്‍ ടെലിഫോണിലൂടെ രാഷ്ട്രീയ കേന്ദ്രങ്ങളുമായി ചര്‍ച്ച ചെയ്തു. മുമ്പ് ചൈനീസ് ആക്രമണകാലത്തും പാകിസ്ഥാന്‍ ആക്രമണകാലത്തും പ്രഖ്യാപിച്ച അടിയന്തിരാവസ്ഥ പോലെയല്ല ഇതെന്നും മൗലീകാവകാശങ്ങളും പത്രസ്വാതന്ത്രവും എല്ലാം നഷ്ടപ്പെട്ടുവെന്ന് മനസിലാക്കിയ നേതാക്കള്‍ വിശദവിവരങ്ങള്‍ അറിയാന്‍ ടെലിഫോണിലൂടെ കേന്ദ്രനേതാക്കളെ ബന്ധപ്പെട്ടു. അപ്പോഴേക്കും ട്രങ്ക്‌കോളുകള്‍ കഷ്ടിച്ചേ കിട്ടുന്നുണ്ടായിരുന്നുള്ളു.  ജയപ്രകാശ് നാരായണന്‍, മൊറാര്‍ജി ദേശായി, ചരണ്‍സിംഗ്, രാജ്‌നാരായണന്‍ തുടങ്ങിയവരെ അറസ്റ്റ്‌ചെയ്തുവെന്നും ഇ.എം.എസ്, എ.കെ.ജി എന്നിവരെ ഉടന്‍ അറസ്റ്റു ചെയുമെന്നും വാര്‍ത്ത പരന്നു. ഇതിനിയിലാണ് പുളിമൂട്ടിലുണ്ടായിരുന്ന ദേശാഭിമാനി ബുക്ക് ഹൗസില്‍ പലരും അന്വേഷണവുമായി എത്തിയത്. ഇ.എം.എസിന്റെ മകന്‍ ഇ.എം ശ്രീധരന്‍(അനിയന്‍) അയിരുന്നു മാനേജര്‍.

വിവരം അറിഞ്ഞെത്തിയവരില്‍ അക്കാലത്ത്‌ പുളിമൂട്ടില്‍ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന ദ്വൈവാരികയായ 'കേരളാ ഡീലക്‌സ്'ന്റെ പത്രാധിപര്‍ കോവളം ചന്ദ്രനും ഉണ്ടായിരുന്നു. അവിടെ അനിയന്‍ ഉള്‍പ്പെടെയുള്ളവര്‍, ചന്ദ്രനോട് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതു സംബന്ധിച്ച് ജനങ്ങളെ അറിയിച്ചുകൊണ്ട് ഒരു സപ്ലീമെന്റ് പ്രസിദ്ധീകരിക്കാന്‍ പറഞ്ഞു. അതിന് ദേശാഭിമാനി ബുക്‌സിന്റെ ഒരു പരസ്യം നല്‍കാമെന്ന് ശ്രീധരന്‍ സമ്മതിച്ചു. പത്രത്തിനുള്ള മാറ്റര്‍ തയ്യാറാക്കന്‍ പത്രപ്രവര്‍ത്തകനായ മലയിന്‍കീഴ് ഗോപാലകൃഷ്ണനെ ചുമതലപ്പെടുത്തി. കുറെ കഴിഞ്ഞതോടെ അടിയന്തിരാവസ്ഥയുടെ കാഠിന്യം അനുഭവപ്പെട്ടു തുടങ്ങി. പുളിമൂട് ഉള്‍പ്പെടെ പല ജംഗ്ഷനിലും പോലീസ് കാവല്‍ ഏര്‍പ്പെടുത്തി. തൈക്കാട് ഗാന്ധിഭവനില്‍ പ്രശസ്ത സ്വാതന്ത്ര്യ സമരസേനാനിയും പത്രാധിപരുമായ സി. നാരായണപിള്ളയും മദ്യനിരോധന സമിതി നേതാവും ഗാന്ധിയനുമായ എം.പി.മന്മഥനും ഉണ്ടെന്ന് അറിഞ്ഞ് മലയിന്‍കീഴ് ഗോപാലകൃഷ്ണനും കോവളം ചന്ദ്രനും അവരെ ഇന്റര്‍വ്യു ചെയ്യാന്‍ അവിടേക്ക് പോയി. വിവരങ്ങള്‍ കുടുതല്‍ അറിഞ്ഞാലെ എന്തെങ്കിലും പറയാന്‍ പറ്റുകയുള്ളുവെന്ന് സി. നാരായണപിള്ള പറഞ്ഞു. ഇതിനിടയില്‍ ഗാന്ധിഭവന്റെ മുറ്റത്ത് കുറെ കുട്ടികളെ നിര്‍ത്തി അടിയന്തിരാവസ്ഥക്ക് എതിരെ എം.പി. മന്മഥന്‍ മുദ്രാവാക്യം വിളിക്കാന്‍ തുടങ്ങി. അദ്ദേഹം ജാഥ നടത്താനുള്ള ശ്രമമായിരുന്നു.

kerala deluxഇന്ത്യയെ  ഏകാധിപത്യത്തിലേക്ക്  അടിയന്തിരാവസ്ഥ എത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു. തന്റെ ശത്രുക്കളെ മുഴുവന്‍ തടവിലാക്കാനുള്ള പ്രധാനമന്ത്രിയുടെ നടപടിയാണ് ഇതെന്ന് പ്രമുഖ ഗാന്ധിയനായ കെ. ജനാര്‍ദ്ദനന്‍ പിള്ള അഭിപ്രായപ്പെട്ടു. ഇതിനിടയില്‍ വൈകുന്നേരം നഗരസഭാ മേയര്‍ എം.പി. പത്മനാഭന്റെ നേതൃത്വത്തില്‍ തമ്പാനൂര്‍ മൈതാനത്ത് പ്രതിഷേധ പ്രകടനം നടക്കുമെന്ന വാര്‍ത്ത ലഭിച്ചു. എല്ലാം ഉള്‍പ്പെടുത്തി  കേരളാ ഡീലക്‌സ് ഉച്ചക്ക് മുമ്പു തന്നെ പ്രത്യേക സപ്ലിമെന്റായി  ഇറക്കി. ഇതുവഴിയാണ് പലേടത്തും അടിയന്തിരാവസ്ഥ വാര്‍ത്ത എത്തിയത്. 'ഇന്ദിരാ ഫാസിസം ആരംഭിച്ചു' എന്നായിരുന്നു ഇതിന്റെ മെയിന്‍ ന്യൂസ്. ജയപ്രകാശ് നാരായണന്‍, മൊറാര്‍ജി ദേശായി തുടങ്ങിയ നേതാക്കളെ അറസ്റ്റ് ചെയ്തതും  അദ്യ പേജില്‍ ഉണ്ടായിരുന്നു. അടിയന്തിരാവസ്ഥ കൊടുമ്പിരി കൊള്ളുകയും നാട്ടില്‍ ഭീകരാന്തരീക്ഷം ആരംഭിക്കുകയും ചെയ്തപ്പോള്‍ കോവളം ചന്ദ്രനെ അറസ്റ്റ് ചെയ്യുമെന്ന വാര്‍ത്ത വന്നെങ്കിലും അത് ഉണ്ടായില്ല.  അടിയന്തിരാവസ്ഥയെപ്പറ്റി ആദ്യം വാര്‍ത്ത പ്രസിദ്ധീകരിക്കാന്‍ തയ്യാറായ കോവളം ചന്ദ്രന്‍ 2017 ഫെബ്രുവരി 10ന് അപകടത്തിലാണ് അന്തരിച്ചത്. 

 

Content highlights : emergency news published first malayalam newspaper