കേരളത്തിലെ ജനപ്രിയ ശാസ്ത്രരചനാ പ്രസ്ഥാനത്തിന്റെ സ്ഥാപകരിൽ പ്രമുഖനും ശാസ്ത്രഗ്രന്ഥങ്ങളുടെ വിവർത്തകനുമായിരുന്ന മൂതിരിങ്ങോട് ചിത്രഭാനു നമ്പൂതിരിപ്പാട് എന്ന എം സി നമ്പൂതിരിപ്പാട് ഓർമയായിട്ട് എട്ടുവർഷം തികയുന്നു. കേരള ശാസ്ത്രസാഹിത്യസമിതിയുടെ സ്ഥാപകനായ എം സി നമ്പൂതിരിപ്പാട് നിരവധി ശാസ്ത്രലേഖനങ്ങൾ പൊതുഅറിവിലേക്കായി ശേഖരിക്കുകയും ലളിതമായ ഭാഷയിൽ മലയാളത്തിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. 1957 മുതൽ ശാസ്ത്രസാഹിത്യ പരിഷത്ത് എന്നറിയപ്പെട്ട ശാസ്ത്രസമിതി പ്രസിദ്ധീകരിച്ച ശാസ്ത്രമാസികകളായ ശാസ്ത്രഗതിയും യുറീക്കയും കൈകാര്യം ചെയ്തിരുന്നത് എംസിയായിരുന്നു. മുഖ്യധാരാ മലയാള പ്രസിദ്ധീകരണങ്ങളിലെ പ്രഗത്ഭനായ ശാസ്ത്രലേഖകനായും അദ്ദേഹം തിളങ്ങി. സയൻസിന്റെ വികാസം, ശാസ്ത്രദൃഷ്ടിയിലൂടെ, ഭൂമിയുടെ ആത്മകഥ, സയൻസിന്റെ വെളിച്ചത്തിൽ, ശാസ്ത്രസമീക്ഷ, കോപ്പർനിക്കസും കൂട്ടുകാരും, ചൊവ്വാമനുഷ്യൻ തുടങ്ങിയ ഗ്രന്ഥങ്ങൾ രചിച്ചു. നിരവധി പാശ്ചാത്യശാസ്ത്രകുതുകികളുടെ പുസ്തകങ്ങൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്തു. മികച്ച വിവർത്തകനുള്ള കേരളസാഹിത്യഅക്കാദമി അവാർഡ് ലഭിച്ചു.
1919 പെബ്രുവരി രണ്ടിന് പട്ടാമ്പിയിലാണ് എംസി നമ്പൂതിരിപ്പാട് ജനിച്ചത്. അക്കാലത്തെ രീതിയനുസരിച്ച് ആദ്യത്തെ ആറുവർഷം വേദമഭ്യസിച്ചു. കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജ്, തിരുച്ചിറപ്പള്ളി സെന്റ് ജോസഫ് കോളേജ്, എന്നിവിടങ്ങളിലെ പഠനത്തിനുശേഷം ജനപ്രിയ ശാസ്ത്രരചനയിലേക്ക് ശ്രദ്ധ തിരിക്കുകയായിരുന്നു. അന്ധവിശ്വാസങ്ങളിൽ നിന്നും മനുഷ്യരെ പിന്തിരിപ്പിക്കുകയും ശാസ്ത്രത്തിന്റെ സാധ്യതയും സ്വാധീനവും സാധാരണക്കാരുടെ ജീവിതത്തിൽ എത്രകണ്ട് പതിഞ്ഞിരിക്കുന്നു എന്നുള്ളതിന്റെ വിശദീകരണവുമായിരുന്നു തന്റെ അറിവുകൾ ലളിതമായി പങ്കുവെക്കുന്നതിലൂടെ അദ്ദേഹം പരിശ്രമിച്ചിരുന്നത്. 2012 നവംബർ ഇരുപത്തിയാറിന്, തൊണ്ണൂറ്റിമൂന്നാം വയസ്സിലാണ് എംസി നമ്പൂതിരിപ്പാട് അന്തരിച്ചത്.
Content highlighrs:Eight Death Anniversary of MC Namboothirippad popular science writing translation