കേരള സാഹിത്യ അക്കാദമി നൽകിയ പുരസ്കാരം ഡോ. എം. ലീലാവതിടീച്ചർ സാദരം സമർപ്പിച്ചത് വി.ടി ഭട്ടതിരിപ്പാടിനാണ്. അനവധിപേരുടെ സ്മൃതികളിൽ ജീവിക്കുന്നു എന്നതിനാൽ അദ്ദേഹം മൃതിപ്പെട്ടുവെന്ന് കരുതുന്നില്ല എന്നു പറയുകയാണ് മലയാളത്തിന്റെ അമ്മയായി സാംസ്കാരികലോകം ആദരിക്കുന്ന ലീലാവതി ടീച്ചർ.

വി.ടി ഭട്ടതിരിപ്പാട്. ചാതുർവർണ്യത്തിന്റെ സങ്കുചിതത്വത്തിന്നെതിരെ പോരാടിയ ബ്രാഹ്മണരിൽ എല്ലാവിധത്തിലും അശ്രുപൂജ അർഹിക്കുന്നു. എന്റെ അമ്മയ്ക്ക് പുരാഗമനപരമായ ജീവിതവീക്ഷണം ഉണ്ടാക്കിക്കൊടുത്തത് വി.ടി ഭട്ടതിരിപ്പാടും എം.ആർ.ബിയും മറ്റുമാണ്. അതിനാൽ എനിക്കെന്നപോലെ എന്റെ ഗുരുജനങ്ങൾക്കും അദ്ദേഹം ഗുരുവാണ്- അതുകൊണ്ട് കേരളസാഹിത്യ അക്കാദമിയുടെ ഒരു പുരസ്കാരം ലഭിച്ചപ്പോൾ അത് ഗുരുദക്ഷിണയായി സമർപ്പിക്കാൻ ഞാൻ ആഗ്രഹിച്ചു. ഗുരുദക്ഷിണ സ്വീകരിക്കാമെന്ന് അദ്ദേഹം സമ്മതിച്ചത് എന്റെ ജീവിതത്തെ ധന്യമാക്കിയ ഏറ്റവും വലിയ വരദാനമായി ഞാൻ കരുതുന്നു. ഇങ്ങനെ ശിഷ്യപ്പെടുന്ന നൂറുകണക്കിനുള്ളവർ എല്ലാകാലത്തും ഉണ്ടാകും. അവരുടെ സ്മൃതികളിൽ എക്കാലവും ജീവിക്കുമെന്നതിനാൽ അദ്ദേഹത്തിന് മൃതിയോ, മൃതിപ്പെട്ടുവെന്നു നാം കരുതുന്ന ഒരു ദിനമോ ഇല്ല.

വി.ടി ഭട്ടതിരിപ്പാട് അവതരിച്ചില്ലെങ്കിൽ കേരളത്തിലെ നമ്പൂതിരി സമുദായത്തിലെ സ്ത്രീകൾ ഇന്നനുഭവിക്കുന്ന സ്വാതന്ത്ര്യവും സ്വച്ഛദാമ്പത്യവും അവർക്കു ലഭിക്കുമായിരുന്നില്ല. വി.ടിയുടെ സമർപ്പിത ജീവിതത്തിന്റെ മഹത്വമെന്തന്നറിയാൻ ഇന്നത്തെ തലമുറ അന്യർക്കു വേണ്ടി ചൊരിഞ്ഞ കണ്ണീരിൽ കുതിർന്നു ശീതളമായ അദ്ദേഹത്തിന്റെ ആത്മകഥ വായിക്കട്ടെ. വെറും അനുസ്മരണം കൊണ്ടല്ല അദ്ദേഹത്തിന്റെ കൃതികളുടെ പാരായണം കൊണ്ടാണ് അദ്ദേഹത്തെ ആദരിക്കേണ്ടത്. അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് പോലുള്ള നാടകങ്ങൾ കാണാൻ കഴിഞ്ഞില്ലെങ്കിലും അത് പാരായണം ചെയ്താൽ ഇന്നത്തെ തലമുറയ്ക്കു മനസ്സിലാവും എത്രയേറെ ശൈലതുല്യമായ പ്രതിബന്ധങ്ങളെയാണ് അദ്ദേഹം വാക്കിന്റെ ശക്തികൊണ്ട് അടിപുഴക്കിയെറിഞ്ഞതെന്ന്!

Content Highlights: Dr M Leelavathi Remembers strong Memory Social Reformer VT Bhattathirippad