ലയാളസാഹിത്യത്തിലെ ഏറ്റവും ബൃഹത്തായ നോവലിന്റെ ഉടമ, ലോക​സാഹിത്യത്തിലുള്ള അസാമാന്യ പാണ്ഡിത്യം, ബൗദ്ധികതയിലൂന്നിയ ആഖ്യാനമികവ്, ഗണിതശാസ്ത്രം തോറ്റുപോകുന്നത്രയും കൃത്യതയുള്ള പാത്രസൃഷ്ടി... വിലാസിനി എന്ന എഴുത്തുകാരന്റെ ലോകപരിജ്ഞാനത്തിന്റെ ഉത്തമോദാഹരണങ്ങളാണ് അദ്ദേഹത്തിന്റെ ഓരോ നോവലുകളും. മൂർക്കനാട്ട് കൃഷ്ണൻകുട്ടി മേനോൻ എന്ന വിലാസിനിയുടെ ഇരുപത്തിയേഴാം ചരമവാർഷികത്തിൽ അദ്ദേഹത്തെ അനുസ്മരിക്കുകയാണ് ഡോ. എം. ലീലാവതി ടീച്ചർ.

മലയാളത്തിലുണ്ടായിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ നോവലാണ് അവകാശികൾ. നാല് വാല്യങ്ങളായിട്ടാണ് അതിറക്കിയിരിക്കുന്നത്. മലേഷ്യ-സിങ്കപ്പൂർ ദേശങ്ങളിലെ ജീവിതമാണ് അദ്ദേഹം അതിൽ ചിത്രീകരിച്ചിരിക്കുന്നതെങ്കിലും മഹാഭാരതത്തിലെ ചില കഥാപാത്രങ്ങളെ ഓർമ്മിപ്പിക്കുന്ന കഥാപാത്രങ്ങളാൽ സമ്പന്നമാണ് ആ ബൃഹദ് നോവൽ. മറ്റൊരു മഹാഭാരതം പോലെ സംഭവബഹുലമായ ഒരു നോവലാണ് അവകാശികൾ. അത്രയും വലിയൊരു (ഐതിഹാസികം എന്നുതന്നെ പറയാം) വിഭാവനം മലയാളത്തിൽ പിന്നെ ഉണ്ടായിട്ടില്ല.

ഒരുപാട് നോവലുകൾ എഴുതിയിട്ടുണ്ട് അദ്ദേഹം. അതിൽ ഭൂരിഭാഗവും മന:ശാസ്ത്രപരമായിട്ടുള്ളവയായിരുന്നു. മന:ശാസ്ത്രപരമായിട്ടുള്ള നോവലുകൾ അക്കാലത്ത് മലയാളത്തിൽ സജീവമായിരുന്നില്ല. തകഴി, ദേവ്, ഉറൂബ് തുടങ്ങിയ എഴുത്തുകാരുടെ നിലവാരത്തിൽ അദ്ദേഹം പെടുന്നില്ല എന്നായിരുന്നു നിരൂപകരുടെ അന്നത്തെ ധാരണ. എന്നാൽ അങ്ങനെയല്ല, അവർക്കും മുകളിലാണ് അദ്ദേഹത്തിന്റെ സാഹിത്യസ്ഥാനം. നോവലുകൾ എഴുതുന്നവർക്ക് ഉദ്ഗ്രഥനത്തിനുള്ള കഴിവുപോലെ അപഗ്രഥനത്തിന് കഴിവുണ്ടായിക്കൊള്ളണമെന്നില്ല. എന്നാൽ ഉദാത്തമായ നിരൂപണദൃഷ്ടികൂടി അദ്ദേഹത്തിനുണ്ടായിരുന്നു. പാശ്ചാത്യനോവലുകൾ ധാരാളം വായിക്കുക വഴി വളരെ ഉയർന്നതലത്തിലുള്ള പ്രതിപാദനശൈലിയ്ക്കുടമയായിരുന്നു വിലാസിനി. ബൗദ്ധികവിചാരപരമായിട്ടുള്ള ഘടകങ്ങൾ ധാരാളമായി അദ്ദേഹത്തിന്റെ കൃതികളിൽ കാണാം. ഉറൂബ്, തകഴി, ദേവ് എന്നിവർ സാമൂഹിക ഉദ്ധാരണം ലക്ഷ്യമിട്ട് എഴുതിയപ്പോൾ വിലാസിനി വേറിട്ടുനിന്നു സാഹിത്യത്തിൽ.

വേണ്ടത്ര അംഗീകാരം അദ്ദേഹത്തിന് സാഹിത്യത്തിൽ ലഭിച്ചിട്ടില്ല എന്നുതന്നെയാണ് എന്റെ പക്ഷം. ഓടക്കുഴൽ അവാർഡ് ലഭിച്ച വേളയിൽ അദ്ദേഹം പ്രസംഗിക്കുമ്പോൾ പറഞ്ഞതോർക്കുന്നു, കക്കാടിന്റെ ഒരു പുഴ ഒഴുകുന്നു എന്ന കവിതയെ എന്തുകൊണ്ടോ പൂർണമായും ഉൾക്കൊള്ളാൻ കഴിയാത്തത് അദ്ദേഹത്തിന് ഒരു വിഷമമുള്ള കാര്യമായിരുന്നത്രേ. എങ്ങനെ വായിച്ചിട്ടും ഒരു പ്രശ്നമുള്ളതുപോലെ. അപ്പോൾ ആ കവിത പൂർണമായും മനസ്സിലാക്കിക്കൊണ്ട് ആ കവിതയുടെ അന്ത:സത്ത ഉൾക്കൊള്ളാൻ സാധിച്ചത് ഞാൻ എഴുതിയ നിരൂപണക്കുറിപ്പിലൂടെയാണെന്നു പറഞ്ഞപ്പോൾ ഏറെ അഭിമാനം തോന്നി. ഒരെഴുത്തുകാരനും അങ്ങനെ മറ്റൊരാൾ ചെയ്തത് അംഗീകരിക്കില്ല. അതദ്ദേഹം പരസ്യമായി പറഞ്ഞപ്പോൾ കൂടുതൽ ആദരവ് തോന്നി.

സാഹിത്യഅക്കാദമിയുടെ വിലാസിനി അവാർഡ് നോവൽ നിരൂപണത്തിനായി മാത്രം നീക്കി വച്ചിട്ടുള്ളതാണ്. സി. രാധാകൃഷ്ണന്റെ ഒമ്പതുനോവലുകളുടെ ഞാനെഴുതിയ പഠനത്തിനു ലഭിച്ചപ്പോൾ, അദ്ദേഹം മരിച്ചുകഴിഞ്ഞിട്ടാണെങ്കിലും,ആ പേരിലൊരു പുരസ്കാരം ലഭിച്ചത് എനിക്കേറെ സന്തോഷമുളളതാണ്.

തകഴി, ദേവ് ,ഉറൂബ് തുടങ്ങിയവരുടെസാമൂഹിക പരിഷ്കരണത്തിന്റെ എഴുത്തുകളും ഒ. വി. വിജയൻ, എം. മുകുന്ദൻ,സക്കറിയ, തുടങ്ങിയവർ ആധുനികതയെ പുൽകിക്കൊണ്ട് മറ്റൊരു ആസ്വാദനതലം സൃഷ്ടിച്ചു. ഈ രണ്ട് പ്രസ്ഥാനങ്ങളുടെയും ഇടയിൽപെടാതെ നിലനിന്നവരാണ് ബൗദ്ധികതലത്തിലിരുന്നുകൊണ്ട്, മനുഷ്യജീവിതത്തെ കേന്ദ്രീകരിച്ചുകൊണ്ട് നോവലുകളെഴുതിയ കെ. സുരേന്ദ്രൻ, മലയാറ്റൂർ, പാറപ്പുറത്ത്, വിലാസിനി തുടങ്ങിയവർ.

വിലാസിനിയുടെ നോവലുകളെക്കുറിച്ചുള്ള നിരൂപണകാഴ്ചപ്പാടുകൾ അർഹിക്കുന്ന തരത്തിൽ ഇതുവരെ ഉണ്ടായിട്ടില്ല. തന്റെ കൃതികൾ വേണ്ടപോലെ പഠിക്കപ്പെട്ടിട്ടില്ല എന്ന ബോധ്യം അദ്ദേഹത്തിന് നല്ലവണ്ണമുണ്ടായിരുന്നു. അതുകൊണ്ടാണ് അദ്ദേഹം വിലാസിനി അവാർഡ് മികച്ച നോവൽ പഠനങ്ങൾക്കായി മാത്രം ഏർപ്പെടുത്താൻ നിർദ്ദേശിച്ചത്. അവകാശികൾക്ക് ഞാനൊരു പഠനമെഴുതിയെങ്കിലും പ്രസിദ്ധീകരിക്കപ്പെട്ടിട്ടില്ല. ബോധധാരാമണ്ഡലങ്ങളുടെ കുത്തൊഴുക്കിലൂടെയിറങ്ങിവന്ന അദ്ദേഹത്തിന്റെ കഥാപാത്രങ്ങളെ ഈ ദിനത്തിൽ ഓർമയിലേക്കെടുത്തുവക്കുന്നു.

Content Highlights: Dr M Leelavathi Remembers Great Malayalam Writer Vilasini Alias MK Menon on his Death Anniversary